
കവിയുടെ നരോപനിഷത്ത്

പ്രസാദ് കാക്കശ്ശേരി
”എൻറെ ജീവിതം കൊണ്ട് ഇന്നോളം ഈ കവിതകൾ അല്ലാതെ ഒന്നും ഞാൻ നേടിയിട്ടില്ല. ഇവയോരോന്നും എന്റെ തന്നെ പല പല ജന്മങ്ങളാണ്. ഈ ജന്‍മങ്ങളെടുക്കാൻ പലവട്ടം മരിച്ചവനാണ് ഞാൻ.”
– നെല്ലിക്കൽ മുരളീധരൻ

സാഹിത്യ സിദ്ധാന്തങ്ങളുടെയും പഠനങ്ങളുടെയും അധ്യാപനത്തിന്റെയും ലോകത്ത് വ്യാപൃതനാവുമ്പോഴും കവിതയിലാണ് തന്റെ ജന്മ സാർത്ഥകത എന്ന് വിശ്വസിച്ച കവിയാണ് നെല്ലിക്കൽ മുരളീധരൻ. എഴുപതുകളുടെ ആദ്യം തൊട്ടു തൊണ്ണൂറുകളുടെ അന്ത്യംവരെ അദ്ദേഹം എഴുതിയ കവിതകൾ ആഖ്യാന -പ്രമേയ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആത്മ ദുഃഖങ്ങളും രോഷവും അവബോധവും പമ്പാനദി പോലെ മലയാളകാവ്യസംസ്കൃതിയെ ശുദ്ധീകരിച്ചു. നിളയ്ക്കെന്ന പോലെ പമ്പയ്ക്കും മലയാളത്തിൽ ധ്യാന വേഗങ്ങളും പേരേടുകളും ഉണ്ടെന്ന് നെഞ്ചിൽ തൊട്ടുണർത്തി കവി. ആധുനികതയുടെ ആത്മബോധകേന്ദ്രിതത്വവും ആധുനികാനന്തരബഹുസ്വരരചനാ വിശേഷങ്ങളും കൊണ്ട് കാൽനൂറ്റാണ്ടുകാലം മലയാള കവിതയിൽ സ്വയം നവീകരിച്ച് നിന്നു. കവി സ്വഗതങ്ങളും പരഗതങ്ങളും ആയ ബോധ്യങ്ങൾ ലയിച്ചു കിടപ്പുണ്ട് ഓരോ കവിതയിലും. ബുദ്ധനും ക്രിസ്തുവും കൃഷ്ണനും ഉൾപ്പെടെ ഇതിഹാസ മാനമുള്ള ജൈവ സ്ഥലികളെ നിവേശിപ്പിപ്പിച്ച വാഗര്ത്ഥം. പദ്യത്തിലും ഗദ്യത്തിലും നാടകീയതയിലും ഉരുവാണ്ട കാവ്യവിനിമയം. വാക്കിന്റെ ധ്വനികളിൽ സ്വയം ബോധ്യം ഉണ്ടായിട്ടും യാന്ത്രികമാകാത്ത കാവ്യഭാഷ. സങ്കീർണതകളും ക്ളിഷ്ടതകളും ഇല്ലാത്ത ബിംബങ്ങളുടെ സഹജതീക്ഷ്ണത.
”കരളിലെപ്പൊഴും കാത്തിരിക്കുന്നൊരാൾ പൊരുളറിയാത്ത വാക്കുപോലങ്ങനെ”
ഇങ്ങനെ വാക്കിന്റെ പൊരുൾ തേടിയുള്ള കാത്തിരിപ്പിന്റെ വിഷാദ സംഭ്രമങ്ങളിൽ നിന്ന് ഉള്ളുലഞ്ഞ് അടയാളപ്പെട്ടു നെല്ലിക്കൽ മുരളീധരന്റെ കവിതകൾ.
വിരുദ്ധോക്തികളും ആത്മനിന്ദാഭാവങ്ങളും സമകാലമൂല്യ വിചാരങ്ങൾക്ക് വേണ്ടി സൂക്ഷ്മതയോടെ ആവിഷ്കരിച്ച കവിതകൾ ശ്രദ്ധേയമാണ്.

ദുഃഖ മുന്തിരിപ്പാത്രം ചുണ്ടത്ത് ചവര്‍ക്കുമ്പോൾ താൻ ക്രിസ്തുവാണെന്നും വെള്ളിത്തുട്ടുകൾ ചിരിക്കുമ്പോൾ താൻ യൂദാസ് ആണെന്നും രക്ഷകൻ ഉയിർത്തെഴുന്നേൽക്കുമ്പോൾ പള്ളി പണിയുന്ന താൻ സത്യവിശ്വാസി ആണെന്നും വിചാരിക്കുന്ന ഒരാളുടെ പ്രാർത്ഥന ഇങ്ങനെ ആവാനേ തരമുള്ളൂ ”കർത്താവേ നിനക്കെന്നും സ്തുതിയായിരിക്കട്ടെ; കട്ടിലിൽ എനിക്കെന്നും സുഖമായിരിക്കട്ടെ!”
എന്തിനാണോന്തേ എന്നെ തുറിച്ചു നോക്കുന്നത് എന്നു തുടങ്ങുന്നു ‘ഓന്ത്’എന്ന കവിത. മുറ്റത്തുലാത്തുമ്പോൾ കള്ളക്കാവിയിലും പച്ചപ്പടർപ്പിൽ പച്ചയിലും നിറം മാറുന്ന ഓന്ത്, ചോരയീമ്പുന്ന ദുര്മുഖമാണെന്ന് മുത്തശ്ശി പുലമ്പുമ്പോഴും
”നിന് നിറക്കുടമാറ്റം നിത്യവിസ്മയകരം നിന്നിൽ ഞാനസൂയാലു! വാനോളം വളർന്നിട്ടും കിം ഫലം? നിറം മാറാനിനിയും പഠിച്ചില്ല!”
പല നിറങ്ങളിലേക്ക് ചായുന്ന അവസരവാദ വിജയങ്ങളെ വിപരീതധ്വനി കൊണ്ട് നേരിടുന്നു. അതെ,”പട്ടി മനുഷ്യനല്ല, ജീവിച്ചിരിക്കുമ്പോൾചീഞ്ഞുനാറുന്നില്ല”(പട്ടി)എന്നും കവി.
നെല്ലിക്കൽ മുരളീധരന്റെ കവിതകൾക്ക് കെ.പി അപ്പൻ എഴുതിയ അവതാരിക ‘ക്രിയോന്മുഖമായ പ്രശാന്തത’ എന്നാണ്. ‘നരോപനിഷത്ത് ‘എന്ന കവിതയെ മുൻനിർത്തിയാണ് ഇങ്ങനെ പറയുന്നത്. പക്ഷേ പൊതുവെ കവിതകൾ കാലത്തിന്റെ അശാന്തതയാണ് ആലേഖനം ചെയ്യുന്നത്. പ്രശാന്തതയിൽ മുനിഞ്ഞുണർന്നു പുറത്തേക്ക് തീയുലയായി പടരുന്ന അഗ്നിമുഖമാണ് കവിതയെന്ന് വായനകളിൽ ബോധ്യപ്പെടും. അക്കാദമിക വിമർശനത്തെ സൗന്ദര്യാത്മകമായി തിരസ്കരിച്ച കെ.പി. അപ്പൻ കവിയുടെ പാണ്ഡിത്യം ഒരു ഭാരമായി മാറുന്നില്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ സൈദ്ധാന്തികവശങ്ങളും ദർശനങ്ങളും മുരളിക്ക് നന്നായറിയാം. എന്നാൽ തന്റെ കവിതയെ മുരളി ഇവയ്ക്ക് ബലി കൊടുക്കുന്നില്ല. പിന്നാലെ പോകുന്നില്ല. അങ്ങനെ നമ്മുടെ ചില പണ്ഡിത കവികളുടെ ദുഷ്ടപാരമ്പര്യത്തിന് സ്വന്തം പാരമ്പര്യം കൊണ്ട് മുരളി ഖണ്ഡനവിമർശനം എഴുതുന്നു” ഇത് വളരെ ശരിയുമാണ്.
”പമ്പ ചിലപ്പോഴെനിക്കുകുട്ടിക്കാലം; അൻപും പരാതിയുമായ് ചിലച്ചും കണ്ണുനീരൊലിപ്പിച്ചും വരും കളിത്തോഴി, യെന്പേർ ചൊല്ലിയെന്നെവിളിക്കുന്ന കൂട്ടുകാർ! പമ്പ ചിലപ്പോഴെനിക്കു താരുണ്യം; എൻ കെെയ്യിൽ ഞാൻ കോരിയെടുക്കവേ ചോർന്നു പോം പെൺമന, സ്സെന്നെയുപേക്ഷിച്ചു പോയവൾ.”
അക്കാദമിക് പാണ്ഡിത്യം സഹജമായ കവിപ്രതിഭക്ക് മങ്ങലേൽപ്പിക്കുന്നില്ലെന്ന നേരു കൊണ്ട് നെറുകതൊടുന്നു ഈ വരികളിലെ പുഴവെള്ളക്കുളിര്മ.
ആത്മഗീത, പ്രളയഗീത, യാത്രാഗീത, ബോധിഗീത എന്നിങ്ങനെ നാല് ഖണ്ഡങ്ങളായി നര ജീവിതത്തിന്റെ ഗതിവിഗതികൾ അർത്ഥ സാന്ദ്രമായി ബോധമനസ്സിൽ പ്രകാശിപ്പിക്കുന്നു ‘നരോപനിഷത്ത്’ എന്ന കവിത. ധർമ്മാർത്ഥകാമ മോക്ഷങ്ങളുടെ അടരുകൾ ചരിത്ര- പൗരാണിക -സ്മൃതികളുടെ പിൻബലത്തിൽ ധ്യാനാത്മകമായി വിചാരിക്കുന്നു എന്നത് ‘നരോപനിഷത്തി’നെ വ്യത്യസ്തമാക്കുന്നു.പുറപ്പാട്, ബലിഗാഥ, കിളിവാതിൽ, ചിതകടക്കുന്ന പക്ഷികൾ, ബോധിസത്ത്വന്റെ ജന്മങ്ങൾ,പാണ്ടി എന്നീ കവിതാസമാഹാരങ്ങളും വിശ്വസാഹിത്യദർശനങ്ങൾ, സാഹിത്യശബ്ദാകരം എന്നീ ശ്രദ്ധേയമായ അക്കാദമിക് ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്; ആശാന് കവിതാപഠനവും. കൂടാതെ പൂച്ചസന്ന്യാസി, കംസ വിജയം എന്നീ കാവ്യ നാടകങ്ങൾക്കും മലയാളസാഹിത്യത്തിൽ മൗലികമായ ഇടമുണ്ട്. 2004ല്‍ ‘നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍’എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2010 ഏപ്രില്‍ 25ന് കവി അന്തരിച്ചു.
പകലസ്തമിക്കുന്നു; വഴികളും മൊഴികളും. കതകടച്ചിന്നെന്റെ കണ്ണിൽ തറച്ച പകൽമുള്ളു ഞാനൂരുന്നു ഡയറിയുടെ താളിലെന്‍ നയനമൊപ്പുന്നു ഞാൻ” (മുറി) ഒരു കവിയുടെ നോവുകൾ ചോരയും കണ്ണീരും കൊണ്ട് ആർദ്രമായതിൻറെ നാൾവഴിത്താളുകൾ; ധ്വനികള്‍..