
മണ്ണുപുരണ്ട തെരഞ്ഞെടുപ്പ്

പ്രമോദ് പുഴങ്കര
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ തൊഴിലില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാർ ബിഹാറിൽ തീവണ്ടി കത്തിക്കുകയായിരുന്നു. ഉത്തർപ്രദേശിലും ബിഹാറിലും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഒരു സമരം അക്രമാസക്തമായി നടക്കുകയായിരുന്നു. പക്ഷെ പശുവും സംന്യാസിമാരും ഒക്കെ കലർന്ന നിശ്ചല ദൃശ്യങ്ങളും വിമാനങ്ങളുടെ അഭ്യാസപ്രകടനവും പതിവുപോലെ പ്രധാനനമന്ത്രി നരേന്ദ്ര മോദിയുടെ അലങ്കാരക്കുപ്പായങ്ങളും ഒക്കെയായിരുന്നു മാധ്യമങ്ങളിൽ അധികവും വന്നത്. തൊഴിലില്ലായ്മ ഒരു ശരാശരി ഇന്ത്യക്കാരന്
അയാളുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ സംഗതിയാണ് എന്നതുകൊണ്ടാണ്.

എന്നാൽ പതിവുപോലെ നിസ്സാരമായി അതിനെ തള്ളിക്കളയാൻ രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാരിന് ഇത്തവണ കഴിയില്ല. അതിനർത്ഥം എന്തെങ്കിലും തരത്തിൽ ഈ തൊഴിലില്ലായ്മ പ്രശ്നത്തെ പരിഹരിക്കാൻ അവർ ശ്രമിക്കുമെന്നോ അതിനുള്ള ഒരു സാമ്പത്തിക പദ്ധതി അവർക്കുണ്ടാകും എന്നോ അല്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക്-ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ- നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ അത് ചില
അനുരണനങ്ങൾ ഒരുപക്ഷെ ഉണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ്. തൊഴിലില്ലായ്മയുടെ പ്രശ്നം എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ പ്രശ്നമാണ്. രാജ്യത്തെ സമ്പത്ത് എല്ലാ മനുഷ്യർക്കും നീതിപൂർവമായ രീതിയിൽ ഉപയോഗിക്കാനുള്ള ഒരു രാഷ്ട്രീയ-സാമ്പത്തിക ക്രമമല്ല ഇന്ത്യയിലുള്ളത് എന്നതുകൊണ്ടുതന്നെ തൊഴിലില്ലായ്മയും ദാരിദ്ര്യവും അത്തരത്തിലുള്ള എല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയിലും സമൃദ്ധമാണ്. ദാരിദ്ര്യത്തിലാണ് നമ്മുടെ സമൃദ്ധി.

അതുകൊണ്ടുതന്നെ ത്യാഗമാണ് നാം എപ്പോഴും പൊലിപ്പിക്കുന്ന ജീവിതമൂല്യം. ഇന്ത്യയുടെ സമ്പത്തിന്റെ വിതരണത്തിലെ അസന്തുലിതാവസ്ഥഞെട്ടിപ്പിക്കുന്ന തരത്തിൽ ഭീകരമാണ്. ജനസംഖ്യയിൽ സമ്പത്തിന്റെ ഉടമസ്ഥതയിൽ ഏറ്റവും മുകളിലുള്ള 10% പേരാണ് രാജ്യത്തെ സമ്പത്തിന്റെ 80%-വും കൈവശപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും താഴെയുള്ള 60% മനുഷ്യരുടെ കയ്യിലുള്ളത് രാജ്യത്തിന്റെ സമ്പത്തിന്റെ കേവലം 5% മാത്രമാണ്. ഇത്തരത്തിൽ അതിരൂക്ഷമായ സാമ്പത്തിക-സാമൂഹ്യ അസന്തുലിതാവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് അത്തരം പ്രശനങ്ങളൊന്നും ജനങ്ങളുടെ സമരങ്ങളോ കലാപങ്ങളോ ആയി ഉയർന്നുവരാതിരിക്കാനുള്ള പതിവ് തട്ടിപ്പുകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പയറ്റുമെന്നത് തീർച്ചയാണ്.
എന്തെന്നാൽ ഈ തൊഴിലില്ലായ്മ പ്രശനം വരുന്ന ഒരു ദശകം കഴിയുമ്പോഴേക്കും ഇന്ത്യയുടെ എല്ലാ ഭാഗത്തും മൂടിവെക്കാനാകാത്ത വിധത്തിലുള്ള പ്രത്യക്ഷ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുന്ന ഒന്നാകുമെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിൽത്തന്നെ ചെറുപ്പക്കാരായ തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള മനുഷ്യരുടെ എണ്ണം ഏറ്റവും കൂടിയ തോതിൽ വർദ്ധിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ തൊഴിൽ രംഗമാകട്ടെ ഇതിന്റെ ചെറിയൊരു ശതമാനത്തെപ്പോലും ഉൾക്കൊള്ളാനാകാത്തവിധം ശുഷ്ക്കമാണ്. രാജ്യത്തെ തൊഴിൽസേനയുടെ മഹാഭൂരിഭാഗവും പണിയെടുക്കുന്നത് യാതൊരുവിധത്തിലുള്ള സാമൂഹ്യസുരക്ഷയോ തൊഴിലുറപ്പോ ഇല്ലാത്ത അസംഘടിത മേഖലയിലാണ്. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർ രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ 93 %-മാണ്. കുറഞ്ഞ കൂലി, യാതൊരു വിധത്തിലുമുള്ള തൊഴിൽ സുരക്ഷയില്ലായ്മ, തൊഴിൽ ദിനങ്ങൾ സംബന്ധിച്ച അവ്യക്തത, സാമൂഹ്യ സുരക്ഷാ പദ്ധതികളിലൊന്നിലും ഉൾപ്പെടാത്ത തൊഴിൽ മേഖല, ശാരീരികമായ കടുത്ത അപായഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള തൊഴിൽ സാഹചര്യങ്ങൾ എന്നിവയെല്ലാം അസംഘടിത തൊഴിൽ മേഖലയിൽ കാണാവുന്ന പൊതു സ്വഭാവവിശേഷങ്ങളാണ്.
നമ്മുടെ തൊഴിൽ മേഖലയുടെ മറ്റൊരു നിർണ്ണായക ഘടകമാണ് കാർഷിക മേഖല. മൊത്തം തൊഴിൽ സേനയുടെ ഏതാണ്ട് 55%-വും പണിയെടുക്കുന്നത് കാർഷിക മേഖലയാണ്. എന്നാൽ കൂലിയുടെ കാര്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണ് (കേരളത്തിലല്ല) ഇന്ത്യയിലെ കാർഷിക മേഖല. അതിനു പല കാരണങ്ങളുമുണ്ട്. ഭൂവുടമസ്ഥത, അതിനെ ആധാരമാക്കിയ കാർഷിക ബന്ധങ്ങൾ, കൃഷിയുടെ സ്വഭാവം, കാലാവസ്ഥയെ ആശ്രയിക്കുന്ന കാർഷിക ക്രമത്തിന്റെ ഭാഗമായി കൊല്ലത്തിൽ പല ഇടവേളകളിലും തൊഴിലില്ലാത്ത കർഷകത്തൊഴിലാളികൾ, കാർഷിക മേഖലയിൽ മൊത്തത്തിൽ ബാധിക്കുന്ന
ഉത്പാദന-വിപണന പ്രതിസന്ധികൾ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളിൽ ചിലതാണ്. ഇന്ത്യയുടെ മൊത്തം തൊഴിൽ സേനയുടെ 55% പണിയെടുക്കുന്ന കാർഷിക മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ( G D P ) നൽകുന്ന പങ്ക് കേവലം
16%-മാണ് (2017). അതിൽനിന്നുതന്നെ ഈ മേഖലയിലെ സാമ്പത്തിക ഇടപാടുകളുടെ ദാരിദ്ര്യം മനസ്സിലാക്കാനാകും.
എന്നാൽ കാർഷിക മേഖലയിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരം പോലും കാണാൻ ശ്രമിക്കാതെ കാർഷികോത്പാദനവും വിപണനവും പൂർണ്ണമായും കുത്തക കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ പുറപ്പെടുവിച്ചത്. എന്നാൽ അതിനെതിരെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഐതിഹാസിക സമരങ്ങളിലൊന്നായി മാറിയ
കർഷക സമരത്തെത്തുടർന്ന് കേന്ദ്ര സർക്കാരിന് ആ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നു.

തൊഴിൽസേനയുടെ ഇത്തരത്തിലുള്ള ദൗർബ്ബല്യം മാത്രമല്ല തൊഴിലെടുക്കാൻ പ്രാപ്തിയുള്ള ഇന്ത്യക്കാർ നേരിടുന്ന പ്രശ്നം. അത് എത്ര സന്നദ്ധരായാലും അവർക്ക് തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്. ഡിസംബർ 2021-ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8% മാണ്. ഇതിനർത്ഥം ബാക്കി വരുന്ന 92% തൊഴിലെടുക്കുന്നവരാണ് എന്നല്ല. അതിൽ പല കാരണങ്ങളാൽ തൊഴിലെടുക്കാൻ പോകാത്തവരും കുടുംബജോലികളിൽ തളയ്ക്കപ്പെട്ടവരും ഒക്കെയുണ്ട്. തൊഴിൽ സേനയിലെ പങ്കാളിത്തത്തിൽ സ്ത്രീകളുടെ എണ്ണം താഴോട്ട് പോരുകയാണ് എന്നത് അപായകരമായ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമാണ്.
സ്ത്രീകളുടെ തൊഴിൽസേന പങ്കാളിത്തം (Female Labor Force Participation ) 2005-ൽ 32% ആയിരുന്നുവെങ്കിൽ 2019-ൽ അത് 23%-ആയി കുത്തനെ കുറയുകയാണുണ്ടായത്.
ഇത്തരത്തിൽ ആഴത്തിലും പരപ്പിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഒരു തൊഴിൽസേനയാണ് ഇന്ത്യയിലുള്ളത്. എന്ത് തൊഴിലുമെടുക്കാൻ തയ്യാറായ, എന്നാൽ കൂലിക്ക് വേണ്ടി വിലപേശാൻ യാതൊരുവിധത്തിലുള്ള സാമൂഹ്യശേഷിയുമില്ലാത്ത തൊഴിലില്ലാപ്പടയെ നിലനിർത്തുകഎന്നതും അവരെ സൃഷ്ടിക്കുക എന്നതും മുതലാളിത്തത്തിന്റെ നിലനിൽപ്പിനു അടിസ്ഥാനപരമായി ആവശ്യമുള്ള ഒരു സംഗതിയാണ്. വിഭവങ്ങളുടെയും തൊഴിലിന്റെയും ചൂഷണം രൂക്ഷമാക്കുക മാത്രമാണ് മുതലാളിത്തത്തിന് അതിന്റെ ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള വഴി എന്ന് മാത്രമല്ല ഏതുകാലത്തും അതിനു നിലനിൽക്കാനുള്ള ഏക സമവാക്യവും. അതുതന്നെയാണ് ഇന്ത്യയിലും നടക്കുന്നത്.
ഇന്ത്യയിൽ നടക്കുന്ന സംവരണ പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയമായ ചിലത് പട്ടിക ജാതി പദവിക്കും പട്ടിക വർഗ പദവിക്കും പിന്നാക്ക പദവിക്കും വേണ്ടിയുള്ള സമരങ്ങളാണ്. മറാത്ത, ഗുജ്ജർ, കാപ്പു, എന്നിങ്ങനെയുള്ള പല സമുദായങ്ങളും ഇത്തരത്തിലുള്ള
ആവശ്യങ്ങളുയർത്തി സമരം ചെയ്യുന്നവരാണ്. ജാതി എന്നത് നിങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യസ്വീകാര്യതയെത്തന്നെ
നിശ്ചയിക്കുന്ന ഒരു രാജ്യത്ത് എന്തുകൊണ്ടാണ് ഇപ്പോഴുള്ള ജാതി പദവി ഒന്നുകൂടി താഴേക്കാക്കിത്തരണമെന്ന് പല സമുദായങ്ങളും
ആവശ്യപ്പെടാൻ കാരണം? അതൊരിക്കലും ജാതി പദവിയിൽ താഴാനുള്ള സന്നദ്ധതയല്ല, മറിച്ച് ഇന്ത്യയിലെ ഏറ്റവും പ്രബലമായ
പ്രതിസന്ധിയായ തൊഴിലില്ലായ്മയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണങ്ങളിൽ ഒന്നാണ്. വാസ്തവത്തിൽ ജാതിയും
സംവരണവും വളരെ കൃത്യമായി രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് കേവലം
സ്വത്വവാദത്തിന്റെ സങ്കുചിത കാഴ്ചപ്പാടിലൂടെ കാണേണ്ട ഒന്നല്ല എന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ ബിഹാറിലും ഉത്തർപ്രദേശിലുമായി റെയിൽവേ നിയമന പരീക്ഷ സംബന്ധിച്ച ലഹളയും ഈ വർധിച്ചുവരുന്ന തൊഴിലില്ലായ്മയോടുള്ള ആളുകളുടെ പ്രതിഷേധം ചില സമരരൂപങ്ങളാർജ്ജിക്കാതെ വയ്യ എന്നുള്ള അനിവാര്യതയെയാണ്
കാണിക്കുന്നത്. റെയിൽവേയിലെ താഴ്ന്ന തലത്തിലുള്ള 35281 ഒഴിവുകളിലേക്ക് 1.25 കോടി യുവാക്കളാണ് അപേക്ഷ നൽകിയതെന്നുള്ള വിവരം നമ്മുടെ തൊഴിലില്ലായ്മയുടെ ഭീകരതയാണ് കാണിക്കുന്നത്. ഇത്തരത്തിലൊരു അവസ്ഥയിൽ
നിന്നാണ് 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീങ്ങളും തമ്മിലുള്ള യുദ്ധമാണ് ഈ തെരഞ്ഞെടുപ്പെന്ന് അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനുമൊക്കെ പറയാൻ കഴിയുന്നത്. അതിനവർക്കുള്ള ധൈര്യം ഇത്തരത്തിലുള്ള ഒരു ജൈവ സാമൂഹ്യ
പ്രശ്നങ്ങളും വിഷയമാകാത്ത വിധത്തിൽ തെരഞ്ഞെടുപ്പുകളെ വക്രീകരിക്കാൻ ബി ജെ പി അടക്കമുള്ള ഇന്ത്യയിലെ ബൂർഷ്വാ കക്ഷികൾക്കും അവരെയൊന്നാകെ നിയന്ത്രിക്കുന്ന ഭരണവർഗത്തിനും കഴിഞ്ഞിട്ടുണ്ട് എന്നതുകൊണ്ടാണ്.

ഉത്തർപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി വിജയമുറപ്പാക്കിയത് മുസ്ലിം വിരുദ്ധതയും ജാതീയതയും ഒരു പോലെ സൂക്ഷ്മമായി പ്രയോഗിച്ചുകൊണ്ടായിരുന്നു. രാമക്ഷേത്ര നിർമ്മാണവും ഫൈസാബാദിന്റെ പേര് മാറ്റി അയോദ്ധ്യ എന്നാക്കിയതും മതപരിവർത്തന നിരോധനനിയമവും എല്ലാമായി ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ട ഹിന്ദു വർഗീയക്കൂട്ട് ബി ജെ പി ഒരുക്കിയിട്ടുമുണ്ട്. കുംഭമേളയെ സംസ്ഥാനത്തിന്റെതന്നെ സ്വന്തമായ മതചടങ്ങായാണ് യോഗി ആദിത്യനാഥ് നടത്തിയത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട സമുദായങ്ങളെയും ദളിത് സമുദായങ്ങളെയും വളരെ സൂക്ഷ്മമായി തങ്ങൾക്കനുകൂലമായി കൈകാര്യം ചെയ്താണ് സംഘപരിവാർ
ഉത്തർപ്രദേശിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭരണം ഉറപ്പാക്കിയത്. അതുവരെ വിശാല ഹിന്ദു എന്ന പേരിൽ സവർണ്ണ ഹിന്ദുവിന്റെ മേൽക്കൈയ്യിൽ നിന്നിരുന്ന രാഷ്ട്രീയ സംഘം എന്ന പ്രതീതി മാറ്റാൻ പല പുറംപൂച്ച് മാറ്റങ്ങൾക്കും ബി ജെ പി തയ്യാറായി. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നേതാക്കളെ മുൻ നിരയിൽ നിർത്തി. ബി എസ് പിയുടെ വോട്ടു ബാങ്കായ ദളിത് സമുദായങ്ങളിൽ കാര്യമായ വിള്ളൽ
വീഴ്ത്തി. മായാവതിയുടെ സമുദായമായ ജാട്ടവ സമുദായത്തിനപ്പുറമുള്ള ദളിത് വോട്ടുകൾ വളരെ സൂക്ഷ്മമായ പ്രവർത്തനത്തിലൂടെ ബി ജെ പി നേടിയെടുത്തു. സ്വത്വവാദ രാഷ്ട്രീയത്തിന്റെ സകല പരിമിതികളും അഥവാ അതിന്റെ സ്വാഭാവിക പരിണതികളും വ്യക്തമാക്കുന്നതായിരുന്നു.

മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പിക്ക് സംഭവിച്ച രാഷ്ട്രീയശോഷണം. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട പട്ടേൽ, മൗര്യ, മുറാവ്, നിഷാദ്, ലോധ്, കച്ചി എന്നീ ജാതികളെ കേന്ദ്രീകരിച്ച് പ്രത്യേകം പ്രത്യേകമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്. മൗര്യ,
പട്ടേൽ ജാതിക്കാരുടെ പൊതുസമ്മേളനങ്ങളിൽ അമിത് ഷാ നേരിട്ടാണ് പങ്കെടുത്തത്. ഇതുപോലെ ദളിത് വിഭാഗത്തിലുള്ള പാസി,
നയി, ധോഭി , വാല്മീകി, സോങ്കാർ, ഖാതിക് ജാതികളെയും ഇതേ തരത്തിൽ ഓരോ ജാതിയുടെയും സ്വതാകാംക്ഷകളെ
തൃപ്തിപ്പെടുത്തുന്ന തന്ത്രങ്ങളുപയോഗിച്ചുകൊണ്ട് ബി ജെ പി വരുതിയിലാക്കി. കുർമികളുടെ പാർട്ടിയായ അപ്ന ദളുമായി
സഖ്യമുണ്ടാക്കി. രാജ്ഭർ സമുദായനേതൃത്വത്തിലുള്ള ഭാരതീയ സമാജ് പാർട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. ചെറു ജാതികൾക്കുള്ള തങ്ങളുടെ സ്വത്വപ്രതീകങ്ങളെ അംഗീകരിക്കുക എന്ന ആവശ്യത്തെ പരമാവധി ഉപയോഗിക്കാനും ബി ജെ പിക്ക്
കഴിഞ്ഞു. ഇതിനുള്ള വളരെ സൂക്ഷ്മമായ പണി ആർ എസ് എസ് കൃത്യമായി ഉത്തർപ്രദേശിൽ നടത്തുകയും ചെയ്തു.
ഇതിന്റെയൊക്കെ ഫലമായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വൻ വിജയം നേടിയത്. എന്നാൽ 2022-ൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇത്തരത്തിലൊരു അനുകൂല സാഹചര്യം ബി ജെ പിയെ
സംബന്ധിച്ചില്ല. എന്നാൽ ഇപ്പോഴും ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള മുന്നണി ബി ജെ പിയുടേതാണ്.
പക്ഷെ 2022-ലേക്കെത്തുമ്പോൾ നിരവധി ജീവിതപ്രശനങ്ങൾ ബി ജെ പിയുടെഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ മറികടന്നുകൊണ്ട്
പൊതുസംവാദ മണ്ഡലത്തിലുണ്ട് എന്നത് ചെറിയ കാര്യമല്ല. കർഷക സമരവും അതിന്റെ വിജയവും ഉണ്ടാക്കിയ ജനകീയ സമരങ്ങളുടെ
പുത്തൻ സാദ്ധ്യതകൾത്തന്നെയാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ഒരിക്കലും തോൽക്കില്ലെന്നും കീഴടങ്ങില്ലെന്നുമൊക്കെയുള്ള
ഹിന്ദുരാജ്യത്തിന്റെ ചക്രവർത്തി പ്രതിച്ഛായ കർഷകർ പൊളിച്ചുകളഞ്ഞത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനേറ്റ വലിയ
അടിയാണ്.
ഉത്തർപ്രദേശിലും പഞ്ചാബിലും കർഷക പ്രക്ഷോഭത്തിന്റെ അലയൊലികൾ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകതന്നെ ചെയ്യും. ഗോവധ നിരോധനം നടപ്പാക്കിയതോടെ അലഞ്ഞുതിരിയുന്ന പശുക്കളാണ് ഉത്തർപ്രദേശിൽ കർഷകർ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. മതഭ്രാന്ത് നിത്യജീവിതവുമായി ഏറ്റുമുട്ടുമ്പോൾ അതെങ്ങനെയാണ് രാഷ്ട്രീയരൂപം കൈവരിക്കുക എന്നതിന്റെ കൂടി ഒരു പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്.
ജനങ്ങളുടെ അസംതൃപ്തിയെയും പ്രതിഷേധത്തെയും അവരുടെ രാഷ്ട്രീയസമരങ്ങൾക്കുള്ള സജ്ജതയെയും തിരിച്ചറിയാനും ഏറ്റെടുക്കാനുമുള്ള മതനിരപേക്ഷ രാഷ്ട്രീയശക്തികൾ ഇല്ല എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളി. കർഷക സമരത്തിന്റെവിജയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും പഞ്ചാബിലും ഇത്തവണ സ്ഥിതി മാറിയിട്ടുണ്ട്. സമാജ്വാദി പാർടിയാണ് ബി ജെ പിയുടെ മുഖ്യ എതിരാളി. രാഷ്ട്രീയ ലോക്ദളുമായി ഉണ്ടാക്കിയ സഖ്യവും പുതിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ഈയൊരു തെരഞ്ഞെടുപ്പിൽക്കൂടി അതിന്റെ താഴോട്ടുള്ള പോക്ക്
ആവർത്തിച്ചാൽ-അതിനാണ് എല്ലാ സാധ്യതയും- ഇനിയൊരു തിരിച്ചുവരവ് അവർക്ക് ബുദ്ധിമുട്ടാകും. സ്വത്വവാദ രാഷ്ട്രീയം എങ്ങനെയാണ് ഹിന്ദുത്വ ശക്തികൾക്കും കോർപ്പറ്റേറ്റുകൾക്കും ചൂട്ടുപിടിക്കുന്ന ഒന്നാകുന്നത് എന്നതിന്റെ പാഠപുസ്തകമാണ് ഇപ്പോഴുള്ള ബി എസ് പി.

ഒരു വർഷത്തിലേറെ ആയിരക്കണക്കിന് കര്ഷകര് തെരുവിൽ താമസിച്ചു സമരം ചെയ്യുകയും ഹിന്ദുത്വ രാഷ്ട്രീയ ഭരണകൂടത്തിനെക്കൊണ്ട് കോർപ്പറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ പിൻവലിപ്പിക്കുകയും ചെയ്ത ഐതിഹാസികമായ
കർഷകപ്രക്ഷഭത്തിന്റെ രണ്ടു കേന്ദ്രങ്ങളാണ് പഞ്ചാബും ഉത്തർപ്രദേശും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് അത്തരമൊരു ജനകീയ സമരത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ശേഷികൂടി അന്വേഷിക്കുന്നതാണ്.
