
ഇനിയും ചിലവാകുമോ ആചാരസംരക്ഷണം ?!

പ്രമോദ് പുഴങ്കര
കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം വീണ്ടും മല ചവിട്ടുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ (2019) പരീക്ഷിച്ചു വിജയം കണ്ടു എന്നവർ കരുതുന്ന ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച നിരോധനം നീക്കിയതിനെതിരായ ലഹള വീണ്ടും മറ്റൊരു രൂപത്തിൽ ആവർത്തിക്കാനാണ് ഇപ്പോൾ ശ്രമം. കേരള സംസ്ഥാനം ഉണ്ടായതിനുശേഷം ഇത്രയും തീക്ഷ്ണമായി ഒരു മതാചാരത്തേയും അതിലെ ഭരണകൂട ഇടപെടലിനേയും സംബന്ധിച്ചുള്ള തർക്കം കേരളത്തിൽ നടന്നിട്ടില്ലായിരുന്നു. ശബരിമല ലഹള കേരളത്തിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു ദശാസന്ധി കൂടിയായിരുന്നു. ഒരു ആധുനിക, ജനാധിപത്യ, മതേതര റിപ്പബ്ലിക്ക് എന്ന നിലയിൽ ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ പുരോഗാമിയായ ഒരു കോടതി വിധിയാണ് ശബരിമലയിലെ യുവതീ പ്രവേശന നിരോധനം എടുത്തുകളഞ്ഞുകൊണ്ട് സുപ്രീം കോടതി നടത്തിയത്.
വാസ്തവത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടത്തിന്റെ വിനീതവിധേയരായ ഒരു അനുബന്ധ സ്ഥാപനമായി സുപ്രീം കോടതി മാറിക്കൊണ്ടിരുന്ന കാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച അല്പമെങ്കിലും നീതിയുക്തമായ വിധികളിലൊന്നായിരുന്നു ശബരിമല വിധി. ലിംഗനീതിയുടെയും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ സാദ്ധ്യതകൾ കൂടുതൽ വിപുലമാക്കി അത്. ഭൂരിപക്ഷ മതവർഗീയ രാഷ്ട്രീയം പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്വാഭാവിക സ്വഭാവമാണ് എന്ന് വരുത്തിത്തീർക്കുന്ന ആശങ്ക നിറഞ്ഞ ഒരന്തരീക്ഷത്തിൽ മതാചാരങ്ങളും മതനിയമങ്ങളും ഭരണഘടനയെ മറികടക്കുന്നില്ലെന്നുള്ള പ്രഖ്യാപനം ഒട്ടും നിസാരമായിരുന്നില്ല. ഭരണഘടനാ ധാർമികതയുടെ കീഴെയാണ് മറ്റേത് മത ധാർമികതയും എന്ന് ആ വിധി ഉറപ്പിച്ചു പറഞ്ഞു. പൗരജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും മതത്തിന് ഇടപെടാവുന്ന പരിധികൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളും രാഷ്ട്രീയ നീതി സംബന്ധിച്ച ഭരണഘടനാ സങ്കല്പനങ്ങളും തുടങ്ങുന്നിടത്തുവെച്ച് അവസാനിക്കുന്നു എന്ന് ആ വിധി വ്യക്തമാക്കി. മതം ഒരു വ്യക്തിപരമായ തെരഞ്ഞെടുപ്പ് മാത്രമാണെന്നും മതജീവിതത്തിന്റെ ഉള്ളിൽപ്പോലും നീതി, നിഷേധിക്കാനാവാത്ത ഒന്നാണെന്നും അത്തരം നീതിനിഷേധത്തിൽ ഇടപെടാൻ ഒരു മതേതര ഭരണഘടനാ സ്ഥാപനത്തിന് ഉത്തരവാദിത്തവും അധികാരവും ഉണ്ടെന്നും തെളിയിച്ച ആ കോടതിവിധിക്കെതിരെയാണ് കേരളത്തിലെ യാഥാസ്ഥിതിക ഹിന്ദുത്വ രാഷ്ട്രീയം ലഹള തുടങ്ങിയത്.
ശബരിമല ലഹള ആദ്യഘട്ടത്തിൽ സംഘപരിവാറാണ് ഏറ്റെടുത്തതെങ്കിൽ ദേശീയതലത്തിൽത്തന്നെ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനോട് തങ്ങളുടെ ഹിന്ദു പ്രതിബദ്ധത തെളിയിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന കോൺഗ്രസും അതിവേഗം അതിൽ പങ്കുചേർന്നു. കേരളീയ സമൂഹത്തെ അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ തുലാസിൽ തൂക്കിനോക്കിയ ഒരു ലഹളയായിരുന്നു അത്. സ്ത്രീവിരുദ്ധതയുടെ അറപ്പിക്കുന്ന ആക്രോശങ്ങളും മതവെറിയുടെ രൂപഭാവങ്ങളും സംഘപരിവാറും കോൺഗ്രസും മത്സരിച്ചാണ് പ്രയോഗിച്ചത്. മതേതര സമൂഹത്തിന് അതേൽപ്പിക്കുന്ന ആഘാതത്തെ ഒട്ടും വകവെക്കാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും ഹീനമായ പ്രകടനമായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. സംഘപരിവാറാകട്ടെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളീയ സമൂഹത്തെ പാകമാക്കുന്ന ഉഴുതുമറിക്കലിനുള്ള സുവർണ്ണാവസരമായി അതിനെ കണ്ടു. നവോത്ഥാനം ഒരു അശ്ലീലപദമായി പുച്ഛിക്കപ്പെട്ടു. കേരളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും നാമജപാക്രോശത്തിൽ തങ്ങളാണ് മുന്നിലെന്ന് കാണിക്കാൻ മത്സരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി ഉച്ചത്തിൽ ബി ജെ പിയും കോൺഗ്രസും ശരണം വിളിച്ചു. ഇരുപതിൽ പത്തൊമ്പതിലും ഇടതുപക്ഷം തോറ്റു. ശരണം വിളിയുടെ ഗുണം ഭൂരിഭാഗവും കോൺഗ്രസിന് കിട്ടി. ബി ജെ പി വീണ്ടും തങ്ങളുടെ മാന്ത്രികപ്പൂട്ട് തുറക്കാനാകാതെ കുഴങ്ങി.
പക്ഷെ അതിനുശേഷം സുപ്രീം കോടതി ഏറെ മാറി. ശബരിമല വിധി എല്ലാ കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് പുനഃപരിശോധനാ ഹർജി അനുവദിച്ചു. കേസിൽ തീരുമാനമായിട്ടില്ല. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പ്രതീക്ഷിച്ച പോലെ ഒരിക്കൽ വീണ ചക്കയുടെ ഓർമ്മയിൽ മുയലുകളുമായി പ്ലാവിന്റെ ചുവട്ടിൽ ഇത്തവണ ആദ്യമെത്തിയത് കോൺഗ്രസാണ്. ബി ജെ പി, ശബരിമല വിഷയം സജീവമായി ഉന്നയിച്ചാലും ഗുണം കിട്ടാൻ ഇടയില്ലെന്ന തിരിച്ചറിവിലാണ്. കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ തോറ്റതോടെ ഇനിയും ശരണം വിളിച്ചാൽ തൊണ്ടയിലെ വെള്ളം വറ്റുക മാത്രമേ ഉണ്ടാകൂ എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പക്ഷെ കോൺഗ്രസിന്റെ അധഃപതനം അതിഭീകരമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മതാചാര ലംഘനത്തിന് രണ്ടു വർഷം തടവുശിക്ഷ വിധിക്കും എന്ന് പ്രഖ്യാപിക്കുന്ന ഒരു കരട് നിയമം ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അതായത് ആചാരം ലംഘിക്കുന്ന സ്ത്രീകൾക്ക് രണ്ടു വർഷം തടവുശിക്ഷ. ലോകത്ത് മതനിയമങ്ങൾ അനുസരിച്ച് ഭരണം നടക്കുന്ന രാജ്യങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഇത്രയും ജനാധിപത്യ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ ഒരു നിർദ്ദേശം മതേതര രാഷ്ട്രീയ കക്ഷി എന്നവകാശപ്പെടുന്ന ഒരു രാഷ്ട്രീയകക്ഷി പുറപ്പെടുവിച്ചിട്ടുണ്ടാകില്ല. പതിവുപോലെ മാധ്യമങ്ങൾ പഴയ ഓർമ്മയിൽ ശബരിമലയിൽ ഒരു ഇടതുപക്ഷവിരുദ്ധ സൂര്യോദയം എന്ന് അലറിയെങ്കിലും വളരെവേഗം ശബരിമല ദുർബലമായ ഒരു ചീട്ടാണ് എന്ന് അവർക്കും കോൺഗ്രസിന് തന്നെയും ബോധ്യം വന്നിരിക്കുന്നു.
ആളൊഴിഞ്ഞ ഒരു കോവിഡ് ശബരിമലക്കാലവും, സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് എന്ന സാമാന്യ ബോധ്യവും പൊതുസമൂഹത്തിന് ഈ അവസരവാദ വർഗീയതയുടെ ഉള്ളിലിരിപ്പ് മനസിലാക്കിക്കൊടുക്കുന്നതിനുള്ള സാവകാശം നൽകി. നവോത്ഥാനത്തിന്റെ രാഷ്ട്രീയം മനസിലായതുകൊണ്ടുള്ള ഒരു തിരിച്ചറിവാണ് ഇത് എന്ന് കരുതുന്നത് അല്പം കടന്ന വിലയിരുത്തലാകും. എന്നാൽ മതവർഗീയതയുടെ ഒരു മുദ്രാവാക്യത്തിന് ദീർഘകാലം കേരള സമൂഹത്തിൽ സ്വാധീനശക്തിയായി നിലനിൽക്കാനാകില്ല എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം. മാത്രവുമല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എത്രമാത്രം ജനവിരുദ്ധരാണ് എന്നത് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ശബരിമല വിഷയമാണ് കേരളത്തിലെ കോൺഗ്രസിന് ഉന്നയിക്കാനുള്ള ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് അജണ്ട എന്നത് ആ പാർട്ടി എത്തിച്ചേർന്ന സാമൂഹ്യവിരുദ്ധതയുടെ ആഴങ്ങളെയാണ് കാണിക്കുന്നത്.
ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണായുധമാക്കുന്നതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്ന മറ്റ് രാഷ്ട്രീയ വിഷയങ്ങളെ ഐക്യ ജനാധിപത്യ മുന്നണിക്ക് അവഗണിക്കേണ്ടി വരും. അതൊരു ആത്മഹത്യാപരമായ ചൂതാട്ടമായിരിക്കും.