
ഭരണകൂടമെന്ന ഹിംസയും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും

പ്രമോദ് പുഴങ്കര
ഭരണകൂടത്തിനെതിരായ ജനകീയ സമരങ്ങളെന്നാൽ അച്ചടക്കത്തോടെ വരിനിന്നു നടത്തുന്ന ഒരു ആചാരമാണെന്ന മട്ടിലാണ് രാജ്യതലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ നടക്കുന്ന കർഷക സമരം ഡൽഹിയിലേക്ക് നടത്തിയ റിപ്പബ്ലിക്ക് ദിന ജാഥ ചെങ്കോട്ടയിലെത്തിയതിനെതിരെയുള്ള വിമർശനം. കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു കൊടി ഉയർത്തിയതിലെ മറ്റു വസ്തുതകളോ തർക്കങ്ങളോ മാറ്റിനിർത്തിയാൽ അതിനെ അക്രമം എന്ന പേരിൽ ചിത്രീകരിക്കാനുള്ള ഭരണകൂടത്തിന്റെയും അവരുടെ മാധ്യമ കൂട്ടാളികളുടെയും ശ്രമം കർഷക സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കത്തിന് കളമൊരുക്കലാണ്.
വാസ്തവത്തിൽ ഈ പുതിയ സംരഘട്ടവും സർക്കാർ പ്രചാരണവും മുന്നോട്ടുവെക്കുന്നത് രണ്ടു പ്രധാന വിഷയങ്ങളാണ്. ഒന്ന്, ഒരു സമരത്തിന്റെ, ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എന്താണ് ഹിംസ? രണ്ട്, സാധാരണക്കാരായ ജനങ്ങളുടെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സമരങ്ങൾക്ക് ഉദാര ജനാധിപത്യ വാദികളെന്നു സ്വയം വിളിക്കുന്ന ബൂർഷ്വാസിയെ എത്രത്തോളം വിശ്വസിക്കാം?

ഹിംസയുടെ വ്യാഖ്യാനമാണ് ആദ്യത്തേത്. ഇന്ത്യയിലെ ഭരണകൂടത്തിന്റെ നിലനിൽപ്പ് തന്നെ ഹിംസയിലാണ്. എല്ലാ അർത്ഥത്തിലും സ്വന്തം ജനതയോട് നിരന്തരമായി ഹിംസാത്മകമായ അടിച്ചമർത്തൽ തുടരുന്ന ഒരു സംവിധാനമാണിത്. ലോകത്തിലെത്തന്നെ ഏറ്റവും സൈനികവത്ക്കരിക്കപ്പെട്ട ആവാസപ്രദേശമായ കാശ്മീരിലുള്ളത് മുഴുവൻ ഇന്ത്യൻ സൈന്യമാണ്. മഹാരാഷ്ട്ര മുതലുള്ള വടക്ക്, വടക്ക് -കിഴക്കൻ ഇന്ത്യയിൽ അർധസൈനിക വിഭാഗങ്ങളുടെ നൂറുകണക്കിന് കമ്പനികളാണ് മാവോവാദി വേട്ടയുടെ പേരിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. കാശ്മീരിലായാലും മാവോവാദി വേട്ടയിലായാലും സാധാരണക്കാരായ കാശ്മീരികൾക്കും ആദിവാസികൾക്കും നേരെ നടത്തുന്ന അതിഹീനമായ മനുഷ്യാവകാശ ലംഘനങ്ങൾ യാതൊരു വിധ അന്വേഷണവും നേരിടാതെ നിർബാധം നടക്കുന്നു. മോദി സർക്കാർ വന്നതിനു ശേഷം ഈ ഭരണകൂട ഭീകരതയെ ഹിന്ദുത്വവത്കരിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തെരുവുഗുണ്ടയ് സേന ആൾക്കൂട്ട ആക്രമണങ്ങളിലേക്ക് കടക്കുകയും ചെയ്തു. ഇതിനു ഭരണകൂടത്തിന്റെ സജീവ പിന്തുണയും ലഭിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളോട് സംഘപരിവാർ പ്രതികരിച്ചത് ഡൽഹിയിൽ വർഗീയ കലാപം നടത്തിയായിരുന്നു. അതോടൊപ്പം ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഒരൊറ്റ രാത്രികൊണ്ട് ഒരു വിധത്തിലുള്ള ജനാധിപത്യ ചർച്ചയും കൂടാതെ ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മുറിച്ചു തരാം താഴ്ത്തിയത് ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരമായ ദേശീയ വിമോചന സമരത്തിന്റെ ഉത്പ്പന്നമായ ഭരണഘടനയെ അതിനുള്ളിൽ നിന്നുകൊണ്ട് തകർക്കുകയാണ് മോദി സർക്കാർ. ആ ഹിംസയെ കണ്ടില്ലെന്നു നടിക്കുകയും അതിനെതിരെയുള്ള പ്രതിഷേധത്തിൽ ചെങ്കോട്ടയിൽ കൊടികെട്ടിയത് വലിയ ഭീകര സംഭവമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

ശശി തരൂരിനെ പോലുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ പതാക മാത്രമാണ് പാറേണ്ടത് എന്ന മട്ടിൽ ഖിന്നരായി. സത്യത്തിൽ എന്താണവരെ ഇത്തരത്തിലൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്/ അത് കർഷകരടക്കമുള്ള അദ്ധ്വാനിക്കുന്ന ജനത അവരുടെ ശബ്ദം വീണ്ടെടുക്കുന്നുവെന്നും ഈ റിപ്പബ്ലിക്കിനെ വേണമെങ്കിൽ തലസ്ഥാന നഗരിയിലേക്ക് പ്രവേശിച്ചുകൊണ്ട് ചോദ്യം ചെയ്യുകയും അതിന്റെ വിമോചന, ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കുമെന്നും കർഷക സമരപോരാളികൾ പ്രഖ്യാപിയ്ക്കുമ്പോൾ അതിലടങ്ങിയ വർഗ ഐക്യത്തിന്റെ കലാപതൃഷ്ണയെ തിരിച്ചറിയാനും അതിൽ ഭയക്കാനുമുള്ള ബൂർഷ്വാസിയുടെ വർഗബോധമാണ് ശശി തരൂരടക്കമുള്ളവർ പ്രകടിപ്പിക്കുന്ന ഈ അക്രമവിരുദ്ധതയുടെ നാട്യം.
കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ കാർഷികമേഖലയെ തീറെഴുതിക്കൊടുക്കുകയും കാലംകൊണ്ട് ഇപ്പോഴുള്ള കൃഷിക്കാരെ കോർപ്പറേറ്റ് കാർഷിക കമ്പനികളുടെ കരാർ കൃഷിയിലെ ദിവസക്കൂലിക്കാരുമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം മോദി സർക്കാരിന്റെ കാലത്ത് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതിശൈത്യത്തിൽ വിറങ്ങലിച്ചുനിന്നിരുന്ന ജനങ്ങൾക്ക് കാർഷിക സമരം ആ ഭയത്തിന്റെ ശീതപ്പുതപ്പിനെയാണ് ഇല്ലാതാക്കിയത്. വരും നാളുകളിൽ ഈ ഹിംസയുടെ ചർച്ചയ്ക്കപ്പുറം ഭരണകൂടത്തിന്റ വേട്ടയും തുടരും. ഭീമ കോരേഗാവ് കേസ് പോലെ രാജ്യദ്രോഹത്തിന്റെയും urban naksal , ഖാലിസ്ഥാൻ തീവ്രവാദം എന്നിവയൊക്കെ എത്ര മാരകമായി വിളമ്പിയാലും ജനാധിപത്യ ഇന്ത്യയിൽ കൃഷി ചെയ്തു ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനും ഭരണകൂടത്തിന്റെ നയതീരുമാനങ്ങളിൽ ഇടപെടാനുമുള്ള ജനങ്ങളുടെ കലാപം ഇനിയും ഉയർന്നുവരും. ആ വരവിന്റെ വർഗതീവ്രതയാണ് ശശി തരൂർ അടക്കമുള്ള, കർഷക സമരത്തിന്റെ അച്ചടക്കത്തിൽ മാത്രം ആകൃഷ്ടരായിരുന്ന പരസ്പരം സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിച്ചത്.

എന്നാൽ ജനകീയ പ്രതിഷേധങ്ങൾ സ്ഥലം എസ് ഐയുടെ അനുമതി വാങ്ങിയല്ല നടക്കുന്നത് എന്നോർമ്മ വേണം. കർഷകസമരം തുടങ്ങുന്നതുവരെ സകല പ്രതിഷേധങ്ങളെയും രാജ്യദ്രോഹമെന്നു വിളിച്ചുകൊണ്ട് അടിച്ചമർത്തിയ മോദി ഭരണകൂടം സൃഷ്ടിച്ച ഭീതിയുടെ കുമിളകൾ പൊട്ടിച്ചുകൊണ്ടാണ് കർഷകർ ജാഥ നടത്തിയത്. ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി എങ്ങനെയാണ് ജനകീയ സമരങ്ങളിലൂടെ രൂപപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്നത് എന്ന് കർഷക സമരം ഉറച്ച സൂചനകൾ തരുന്നു.