
ഹിന്ദുത്വ ബുൾഡോസർ തകർക്കുന്ന ജനാധിപത്യനീതി

പ്രമോദ് പുഴങ്കര
ബുൾഡോസർ ഒരു ഹിന്ദുത്വ പ്രതീകമായി മാറുന്നത് അല്പം അമ്പരപ്പുണ്ടാക്കാമെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രസഞ്ചാരത്തിൽ ആധുനികകാലത്തുനിന്നും അതിനെടുക്കാവുന്ന ഏറ്റവും മികച്ച യന്ത്രമാണത്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ദരിദ്രരായ മുസ്ലീങ്ങളുടെ വീടുകളും ചെറിയ കച്ചവടപ്പുരകളും തകർത്തുതുടങ്ങിയ ബുൾഡോസറുകൾ സംഘപരിവാറിന്റെയും അതിന്റെ ഭരണകൂടരൂപത്തിന്റെയും സൂക്ഷ്മമായി ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. അതുകൊണ്ടുതന്നെ ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തൽ താത്ക്കാലികമായി നിർത്തിവെക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഹിന്ദുത്വ രാഷ്ട്രീയത്തെയോ അതിന്റെ പദ്ധതികളേയോ സാരമായി ബാധിക്കുന്നതേയല്ല. ഇത്തരത്തിലുള്ള ചെറിയ തടസങ്ങളെയൊക്കെ കൈകാര്യം ചെയ്യാനുള്ള ശേഷി ഹിന്ദുത്വ രാഷ്ട്രീയം നേടിക്കഴിഞ്ഞു.
മുസ്ലീം എന്ന അപരത്വത്തിന്റെ നിർമ്മാണം സംഘപരിവാർ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതായത് മറ്റൊന്നും പറയേണ്ടതില്ല മുസ്ലീമാണെന്ന ഒരൊറ്റ കാരണം മതി ഒരാക്രമണത്തിന്റെ ഇരകളായി മാറാൻ എന്ന അവസ്ഥ വളരെ സ്വാഭാവികമായ മട്ടിൽ സൃഷ്ടിക്കപ്പെടുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇത് ഒരേ രീതിയിൽ വ്യാപിപ്പിക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ല. എന്നാൽ തമിൾനാടും കേരളവും പോലെ മുസ്ലിം അപരത്വം ഒരു സാമൂഹ്യസ്വഭാവമായി മാറാത്ത പ്രദേശങ്ങൾ വിരളമായിമാറുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാരത്തെ പ്രതികൂലമായി സ്വാധീനിക്കാനുള്ള ശേഷി തത്ക്കാലത്തേക്ക് ഈ പ്രദേശങ്ങൾക്കില്ലാത്തതുകൊണ്ട് സംഘപരിവാറിന്റെ രാഷ്ട്രീയപദ്ധതികളിൽ ഇത്തരം പ്രദേശങ്ങൾ അത്ര ആകുലതയുണ്ടാക്കുന്നില്ല എന്നതാണ് വസ്തുത.
മുസ്ലീങ്ങളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുതകർക്കുക എന്നത് പ്രതീകാത്മകം മാത്രമല്ല, മുസ്ലീങ്ങളെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ആക്രമണഘട്ടം കൂടിയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാരാണ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തുക എന്ന പരിപാടി ഒരു സർക്കാർ പരിപാടിയായി ആരംഭിച്ചത്. ഇങ്ങനെ തകർക്കപ്പെടുന്ന വീടുകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളുടേതായിരുന്നു എന്നതൊരു യാദൃച്ഛികതയല്ല.

യോഗി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’ യായി മാറി. ഇക്കഴിഞ്ഞ ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യോഗങ്ങളിലും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങളിലും ബി ജെ പി പ്രവർത്തകർ ബുൾഡോസർ ഒരു പ്രതീകമാക്കി ഉയർത്തി. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണങ്ങളുടെ പുതിയ അജണ്ടകൾ പ്രയോഗിച്ചുതുടങ്ങുന്നത് ഉത്തർ പ്രദേശിൽ നിന്നാണിപ്പോൾ. വളരെ വേഗത്തിൽ അത് രാജ്യത്തെ മറ്റ് സംഘപരിവാർ നിയന്ത്രിത സർക്കാരുകൾക്ക് കീഴിലുള്ള സംസ്ഥാനങ്ങളിലേക്കും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കൃത്യമായ ആസൂത്രണത്തോടെ സംഘപരിവാർ പ്രവർത്തിക്കുന്നുണ്ട്. പശുവിറച്ചി പാകം ചെയ്തു എന്ന തെറ്റായ ആരോപണം ഉയർത്തി 2015 സെപ്റ്റംബർ 28-നു മുഹമ്മദ് അഖ്ലാഖ് എന്ന മനുഷ്യനെ വീട്ടിൽക്കയറി ആക്രമിക്കുകയും കൊല്ലുകയും ചെയ്തത് ഉത്തർപ്രദേശിലെ ദാദ്രിയിലായിരുന്നു.

ലവ് ജിഹാദ് എന്ന വലിയ പ്രചാരണം ഉയർത്തിയതും അതിനെതിരെ എന്ന പേരിൽ ഹിന്ദു ജാഗ്രതാ സംഘങ്ങൾ ഉണ്ടാക്കിയതും ഉത്തർപ്രദേശിൽ നിന്നാണ്. എന്നാൽ ഇതൊന്നും ഉത്തർപ്രദേശിന് മാത്രമായി രൂപപ്പെടുത്തുന്നതല്ല. നിലവിൽ ഏറ്റവും അക്രമാസക്തമായ ഒരു സംഘടനാസംവിധാനത്തെ രംഗത്തിറക്കാൻ കഴിയുന്ന ഒരു സംസ്ഥാനത്ത് ഭരണകൂടത്തിന്റെ നിയന്ത്രണവും കൂടിയാകുമ്പോൾ അവിടെനിന്നും പലതും തുടങ്ങുന്നു എന്നേയുള്ളു.
ഉത്തർപ്രദേശിൽ കുറ്റവാളികളുടെ വീടുകളാണ് തകർക്കുന്നത് എന്ന വാദമായിരുന്നു ഉപയോഗിച്ചതെങ്കിൽ മധ്യപ്രദേശിൽ അത് പ്രകടമായും മുസ്ലീങ്ങളെ ലക്ഷ്യം വെക്കുന്നു എന്ന് പ്രഖ്യാപിക്കാൻ ബി ജെ പിയുടെ സംസ്ഥാന സർക്കാരിന് മടിയുണ്ടായില്ല. ഖർഗാവിൽ ഹിന്ദു മതഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചുകൊണ്ട് സംഘർഷം ഉണ്ടായ പ്രദേശത്തെ മുസ്ലിം വീടുകൾ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തുകയായിരുന്നു. ഇത്തരം നിർമ്മാണങ്ങൾ പൊതുസ്ഥലം കയ്യേറിയതും അനുമതിയില്ലാത്തതുമാണ് എന്നായിരുന്നു ന്യായമായി പറഞ്ഞത്. എന്നാൽ അതൊന്നുമല്ല കാരണമെന്ന് ഒപ്പംതന്നെ സർക്കാർ പറഞ്ഞു. “മുസ്ലീങ്ങൾ ആക്രമണം നടത്തിയാൽ അവർ പിന്നെ നീതി പ്രതീക്ഷിക്കരുത്” എന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പുരുഷോത്തം ദാസ് ഭീഷണി മുഴക്കി. ആരാണ് കല്ലെറിഞ്ഞത്, ആക്രമിച്ചത് എന്നതിലൊന്നും നിയമപരമായ അന്വേഷണം പൂർത്തിയാക്കിയിട്ടൊന്നുമായിരുന്നില്ല ബുൾഡോസറുകളുമായി ഭരണകൂടം അവിടെയെത്തിയത്. താമസക്കാർ മുസ്ലീങ്ങളാണ് എന്ന ഒറ്റക്കാരണം മതിയായിരുന്നു നിയമപരമായ എല്ലാ നടപടിക്രമങ്ങളെയും അട്ടിമറിക്കാൻ.

അനധികൃത നിർമാണങ്ങൾ പൊളിക്കുന്നു എന്ന് പറഞ്ഞ ജില്ലാ കളക്ടർ എന്തുകൊണ്ടാണ് ഖാർഗോവിലെ വീടുകളും കച്ചവടസ്ഥാപനങ്ങളും തെരഞ്ഞെടുത്തത് എന്നതിന് പറഞ്ഞ മറുപടി, “ഒറ്റയൊറ്റയായി അക്രമികളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്, അതുകൊണ്ട് ലഹളക്കാരെ ഒരു പാഠം പഠിപ്പിക്കാൻ ലഹള നടന്ന പ്രദേശത്തെ അനധികൃത നിർമ്മാണങ്ങൾ ഒന്നടങ്കം പൊളിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു,” എന്നാണ്. ഈ രാജ്യത്ത് നിയമവാഴ്ച നിലനിൽക്കുന്നുണ്ടെന്ന് ഏറ്റവും കടുത്ത ശുഭാപ്തിവിശ്വാസി പോലും പറയാൻ മടിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഇതിന്റെ പിന്നാലെയാണ് മധ്യപ്രദേശിലേതിന് സമാനമായ രീതിയിൽ ഡൽഹിയിലെ ജഹാംഗീർപുരിയിലും ആക്രമണം നടന്നത്. മുസ്ലീങ്ങൾ ധാരാളമായി താമസിക്കുന്ന പ്രദേശങ്ങളിലൂടെ ഹിന്ദു ഘോഷയാത്രകൾ കൊണ്ടുപോവുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ആയുധങ്ങൾ വീശുകയും ഒക്കെചെയ്ത് ലഹളയുണ്ടാക്കുന്ന രീതി, സംഘപരിവാർ സംഘടനകൾ ഏതുറക്കത്തിനിടയിൽ നിന്നെഴുന്നേറ്റാലും ചെയ്യാൻ പരിശീലനം ലഭിച്ചവരാണ്. അതുതന്നെയാണ് ജഹാംഗീർപുരിയിലും നടന്നത്.
മധ്യപ്രദേശിലേതു പോലെ ഇവിടെയും ‘ബുൾഡോസർ നീതി’ക്കായുള്ള ആവശ്യം ബി ജെ പി ഉയർത്തി. ഡൽഹി ബി ജെ പി അധ്യക്ഷൻ ആദേഷ് ഗുപ്ത ബി ജെ പി ഭരിക്കുന്ന വടക്കൻ ഡൽഹി നഗരസഭാ മേയറോട് ഇതാവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ബുൾഡോസറുകളെത്തി. ഇതെല്ലാം ഡൽഹിക്ക് മാത്രമായല്ല രാജ്യത്തെങ്ങും ആസൂത്രണം ചെയ്ത സംഘപരിവാറിന്റെ ദൈനംദിന വർഗീയ അജണ്ടയുടെ ഭാഗമായാണ് നടക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും സംഘടിതരൂപമായ ആർ എസ് എസ് തുടങ്ങി ഏതാണ്ട് ഒരു നൂറ്റാണ്ടോളമാകാൻ ഇനി അധികം വർഷങ്ങളില്ല. ഇത്രയുംകാലം നീണ്ട ഹിന്ദുത്വ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇപ്പോഴുള്ള ഒരു ദശാബ്ദത്തോടടുത്ത കാലം ഒഴിച്ചുനിർത്തിയാൽ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിൽ സംഘപരിവാർ നേരിട്ട് കയറിയ സന്ദർഭങ്ങൾ കുറവായിരുന്നു. പക്ഷെ ഇന്ത്യയുടെ സാമൂഹ്യ ശരീരത്തിലും രാഷ്ട്രീയശരീരത്തിലും ഹിന്ദുത്വത്തെ ഒരു സ്വാഭാവിക സാന്നിധ്യമാക്കി മാറ്റുന്നതിൽ ഹിന്ദുത്വ രാഷ്ട്രീയം നേടിയ വിജയമാണ് ഇപ്പോൾ നമ്മുടെ മുന്നിലൂടെ ജനാധിപത്യ, മതേതര ഇന്ത്യയെന്ന ആശയത്തെ കല്ലോടുകല്ല് തകർത്തുകൊണ്ട് പോകുന്ന ബുൾഡോസർ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തെ സാധ്യമാക്കിയത്.
ഈ ഹിന്ദുത്വ സാമൂഹ്യ-രാഷ്ട്രീയ വ്യാപന പദ്ധതിയെ ഒരു ഘട്ടത്തിലും അതിന്റെ യഥാർത്ഥ ആഴത്തിൽ തിരിച്ചറിയാൻ ഇന്ത്യയിലെ മതേതര കക്ഷികൾക്ക് കഴിഞ്ഞില്ല. ഒരു വിഭാഗം അതിനെ ഒരു സാംസ്കാരിക പ്രശ്നവും കൂടിപ്പോയാൽ മതരാഷ്ട്രീയത്തിന്റെ പ്രശ്നവുമാക്കി മാത്രം കണ്ടപ്പോൾ മറ്റൊരു വിഭാഗം അതിനെ മൂലധനത്തിന്റെ ഭീകരരൂപമായുള്ള പരിവർത്തനം മാത്രമായി ചുരുക്കിക്കണ്ടു. ഫാഷിസം ഒരു ബഹുജന പദ്ധതിയായി രൂപം മാറുമെന്നും അത് വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണയോടുകൂടിയ ജനാധിപത്യവിരുദ്ധതയുടെ സംഘടിത രൂപമാകുമെന്നുമുള്ള ചരിത്രം ഫാഷിസത്തിന്റെ ഏറ്റവും പൂർണ്ണമായ ചരിത്രരൂപങ്ങളിലൊന്നായ ജർമ്മനിയുടെ കഥയിലുണ്ട്. എന്നാൽ വെറുമൊരു വംശഹത്യ പദ്ധതി മാത്രമാവുകയല്ല ഫാഷിസത്തിന്റെ നടത്തിപ്പ് പരിപാടി. അത് സ്വകാര്യ-കുത്തക മൂലധനത്തിന്റെ ഏറ്റവും നഗ്നമായ കൊള്ളയെ ത്വരിതപ്പെടുത്തുകകൂടിയാണ് ചെയ്യുക. അതായത് ഫാഷിസ്റ്റ്-കോർപ്പറേറ്റ് സഖ്യത്തെ ഒന്നിച്ചെതിർക്കുക എന്നത് മാത്രമാണ് ഹന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിനെതിരായ സമരമാര്ഗം.
വിശാലാർത്ഥത്തിൽ പ്രാഥമികവിജയം നേടിയ ഐതിഹാസികമായ കർഷകസമരം അത്തരത്തിലൊന്നായിരുന്നു. ആ സമരത്തിനെ രാഷ്ട്രീയാധികാരത്തിന്റെ തെരഞ്ഞെടുപ്പ് മത്സരങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ കഴിയാഞ്ഞത് ഹിന്ദുത്വ രാഷ്ട്രീയം നേടിയെടുത്ത ബഹുജനാടിത്തറ അതിശക്തമായതുകൊണ്ടുകൂടിയാണ്. സമൂലമായി ഹിന്ദുത്വവത്ക്കരിക്കപ്പെട്ട ഒരു രാജ്യം എന്നാൽ ആ രാജ്യത്തിനുള്ളിലെ പ്രതിപക്ഷം പോലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ നിന്നായിരിക്കും രാഷ്ട്രീയം പറയുക എന്നാണ്. ഇത്തരത്തിലൊരു അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനുള്ള സംഘപരിവാർ ശ്രമങ്ങൾ പലപ്പോഴും വ്യജയിക്കുന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ എത്ര ക്ഷേത്രങ്ങളിൽ ദർശനം നടത്തണം എന്നാലോചിക്കുന്ന കോൺഗ്രസ് പാർട്ടി നേതൃത്വം.

രാഷ്ട്രീയാധികാരം നേടിയ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ എല്ലാവിധ സാമ്പത്തിക അജണ്ടകളും കോർപ്പറേറ്റുകൾക്കും കുത്തക മൂലധനത്തിനും വേണ്ടിയാണ് നടത്തുന്നത്. അത്തരം നയങ്ങൾ സമൂഹത്തിൽ രൂക്ഷമാക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയെ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻകൂടി വേണ്ടിയാണ് മതവൈരാഗ്യത്തിൻെറയും വെറുപ്പിന്റെയും രാഷ്ട്രീയം നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ കോർപ്പറേറ്റ്-കുത്തക മൂലധന അജണ്ടയെ എതിർക്കാതെ ഹിന്ദുത്വ ഫാഷിസത്തെ മതരാഷ്ട്രീയം എന്ന നിലയിലും ഒരു സാംസ്കാരിക പ്രശ്നം എന്ന നിലയിലും മാത്രം എതിർക്കുന്നത് അത്തരത്തിലുള്ള സാമൂഹ്യ വൈരുദ്ധ്യങ്ങളെ കൂടുതൽ രൂക്ഷമാക്കാനുള്ള സംഘപരിവാർ അജണ്ടയെ സഹായിക്കുക മാത്രമാണ് ചെയ്യുക.
ഒപ്പം തന്നെ മുതലാളിത്ത സാമ്പത്തികക്രമത്തിന്റെ സുഗമമായ നടത്തിപ്പ് മാത്രമായിരിക്കും മോദി ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും ലക്ഷ്യമെന്ന് ധരിക്കരുത്. രാഷ്ട്രീയാധികാരത്തിൽ നിലനിൽക്കുന്നതിനു മുതലാളിത്ത സാമ്പത്തികനയങ്ങൾ ഫാഷിസ്റ്റുകളെ സഹായിക്കില്ല. അതിനുവേണ്ടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നാനാവിധ ആയുധങ്ങൾ ഉപയോഗിച്ചേ മതിയാകൂ. അതിദേശീയതയും മുസ്ലിം ശത്രുവും, സൈനികവത്ക്കരണവും, ആൾക്കൂട്ട ഹിംസയുമൊക്കെയായി അത് നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കും.
അതായത് ഫാഷിസം ഒരു സമഗ്രപദ്ധതിയാണ്. അതിനെതിരായ സമരത്തിനും അത്തരത്തിലൊരു സമഗ്രത ഉണ്ടായേ മതിയാകൂ.