
മരണമെടുക്കുന്ന പ്രണയത്തിൻ്റെ ഉടൽ

പ്രദീപ് രാമനാട്ടുകര
മേഘങ്ങളുടെ
മുറിവേറ്റ കണ്ണുകളിൽ
അവൾ വരച്ച മഴയുടെ കാട്
പൊടുന്നനെ
പെയ്തിറങ്ങി.
ജലമരങ്ങൾ
ഇലകൾ കൊണ്ട്
ജീവനെ പൊതിഞ്ഞു.
ഇടിമിന്നലേറ്റ്
ആദ്യം വീണ വാക്ക്
ചിതറിയ നിലവിളിയിൽ
നീലിച്ചു.
കരിഞ്ഞ മാംസത്തിൻ്റെ
ചില്ലകളിൽ തൂങ്ങി
അവൻ വിളിച്ചു.
വിളി കേട്ടതിൻ്റെ ഓളങ്ങളിൽ
അവൾ തെന്നിവീണു.
വീണ്ടും വീണ്ടും തുഴഞ്ഞ്
പരാജയപ്പെട്ടു.
അറ്റുപോകുന്ന ഓർമ്മ
അവസാനത്തെ ശ്വാസമെടുത്തു.
നിലാവിൻ്റെ മണമുള്ള ഉമ്മകൾ
ചുണ്ടുകൾക്കിടയിൽ വിങ്ങി.
ചുംബനത്തിൻ്റെ ആഴങ്ങളിൽ
എത്ര മുങ്ങിയിട്ടും
ഒന്നു തൊടാനാവാതെ
പരസ്പരം പിടഞ്ഞു.
അവളുടെ വിരലുകൾ
അവസാനമായി
അവനെ വായിച്ചു .
മരണമെടുക്കുന്ന
പ്രണയത്തിൻ്റെ ഉടൽ’
അവൻ ചേർത്തു പിടിച്ചു.