
സുരേശനും ഞാനും അല്ലെങ്കില്‍ ഞാനും സുരേശനും

പ്രദീപ് രാമനാട്ടുകര
മുറിച്ചെടുത്ത വെളിച്ചത്തിനെ
ഇരുട്ടത്തു വച്ച്
ബാക്കിയിരുട്ടിനെ നോക്കി
പല്ലു തേക്കുകയും കുളിക്കുകയും
പതിവുപോലെ പണിക്കു പോവുകയും
ചെയ്യുമ്പോള്‍
സുരേശന് എന്ന സുഹൃത്തിന്
എന്താണ് സംഭവിച്ചത് …
ഉത്തരമറിയില്ലെങ്കിലും
ബൈക്കില്‍ കയറുമ്പോഴും
ഹെല്‍മറ്റിനുള്ളില്‍ തല വച്ച്
ഉsലനങ്ങാതെ പായുമ്പോഴും
ട്രെയ്ന്‍ വരുന്നതുവരെ
പ്ലാറ്റ്ഫോമില്‍
മനസ്സുകൊണ്ട് ചെസ്സ് കളിക്കുമ്പോഴും
അതുതന്നെയാണ്
ഞാന്‍ ആലോചിച്ചത്.
സുരേശന്റെ ഒരു ദിവസം
ഞാനെടുക്കുകയും
എന്റെ ഒരു ദിവസം
സുരേശനെടുക്കുകയും ചെയ്താല്‍
ഞാനും സുരേശനും
എവിടെയായിരിക്കും അപ്പോളെന്ന്
ആലോചിച്ചു നോക്കി.
എങ്ങനെയായിരിക്കും എന്ന്
എഴുതി നോക്കി .
പരസ്പരം മാറ്റിയെഴുതിയ
ജീവിതത്തിനെ
ഒരു ദിവസം മുഴുവന്‍
ഓടിച്ചു പോവുമ്പോള്‍
ബസ്സില്‍ വച്ചോ ട്രെയ്നില്‍ വച്ചോ
കണ്ടു മുട്ടേണ്ടി വരില്ലേ ..
കണ്ടതിന്റെയും കേട്ടതിന്റെയും
ഭാരം
എനിക്കപ്പോള്‍ സുരേശന്
കൊടുക്കാനാവുമോ …
അഥവാ കൊടുത്താല്‍ തന്നെ
സുരേശന് അതു കൊണ്ട്
എന്തൊക്കെയാവും ചെയ്യുക .
ഞാന്‍ കുളിക്കുമ്പോള്‍
രഹസ്യ ഭാഗങ്ങളില്‍ വിരലോടിച്ച്
പാടാറുള്ള ആ പാട്ട്
സുരേശന് പടേണ്ടി വരില്ലേ …

ഞാനെന്റെ കാമുകിയോട്
പറഞ്ഞ നുണകളില്‍
സുരേശനും പൊട്ടിയൊഴുകില്ലേ …
മഴ പെയ്യുമ്പോള്‍
ഇറയത്ത് ഞാനൊഴുക്കിയ കടലാസുതോണിയില്‍
സുരേശനും തുഴയേണ്ടി വരും
പാമ്പുകടിയേറ്റ വേലായുധേട്ടനെ തോളിലിട്ട്
കുണ്ടനിടവഴിയിലൂടെ
കല്ലിനും മുള്ളിനും വേലി കെട്ടി
പായേണ്ടി വരും ..
ആലോചിച്ചാലോചിച്ച്
ഒരു പിടിയും കിട്ടാതെ
പ്ലാറ്റ്ഫോമിലിരിക്കുമ്പോഴാണ്
ഒരാള്‍
കാലില്‍ കെട്ടിയ കുരുക്ക്
കയ്യിലേക്ക് മാറ്റുന്നതും
കയ്യില്‍ കെട്ടിയ കുരുക്ക്
വീണ്ടും കാലിലേക്ക് മാറ്റുന്നതും കണ്ടത്…
സുരേശനെക്കുറിച്ചുള്ള എന്റെ ആശങ്ക
ഞാന്‍ തത്ക്കാലം സുരേശന് തന്നെ കൊടുത്ത്
എന്നെക്കുറിച്ചുള്ള സുരേശന്റെ ആശങ്ക
തിരിച്ചു വാങ്ങി.
അല്ലെങ്കിലും
നമ്മള് വാങ്ങുകയും കൊടുക്കുകയും ചെയ്ത്
തളര്ത്തിയെടുത്തതല്ലേ..
നമ്മുടെ ജീവിതം.