
പച്ചപ്പുജീവിതം: ലാളിത്യത്തിന്റെ നിറവ്
പ്രദീപ് പേരശ്ശനൂര്‍
മാനസികപിരിമുറുക്കമാണ് ആധുനിക മനുഷ്യന്റെ മുഖമുദ്ര. കാലമേറുന്തോറും അത് മുറുകിവരുന്നു. ഈയൊരു കാര്യത്തില്‍ മാത്രം കൃത്യമായ സോഷ്യലിസം വാഴുന്നുണ്ട്. സാമ്പത്തികമാണ് ശാശ്വത സുരക്ഷിതത്വമെന്നും അതൊത്താല് എല്ലാം തികഞ്ഞുവെന്നും മനുഷ്യന് ധരിച്ചുവെച്ചിരിക്കുന്നു.
സാമ്പത്തിക സുരക്ഷിതത്വം തികഞ്ഞെന്ന് കരുതുന്നവരും അല്ലെങ്കില്‍ ആ തരത്തില്‍ വിശ്രമജീവിതം നയിക്കുന്നവരും സമാധാനം സ്ഥായിയായനുഭവിക്കുന്നുണ്ടോ? അധികകാലം അങ്ങനെ പോകാന്‍ കഴിയില്ല. അപ്പോഴേക്കും അസ്വാസ്ഥ്യം പിടിമുറുക്കാന്‍ തുടങ്ങും. കാരണം പ്രകൃതിയില്‍ ആര്‍ക്കും വെറുതെയിരിക്കാന്‍ നിര്‍വ്വാഹമില്ല. ചലനാത്മകമാണ് പ്രപഞ്ചം. അതിന്റെ അംശമെന്ന നിലയ്ക്ക് വ്യക്തികള്‍ക്കും അങ്ങനെയേ ഒക്കൂ. ‘സെറ്റില്‍ഡ്’ ആയ ഒരാള്‍ക്ക് എന്തെങ്കിലുമൊക്കെ ആസ്വദിച്ച് വിരസത തീര്‍ത്തുകളയാം എന്ന് വിചാരിച്ചാല്‍ ഗുണപ്രദമാകുമോ? ഉദാഹരണത്തിന് ആള് നിരന്തരമായ് സിനിമകള്‍ കാണുന്നു, മുറയ്ക്ക് പുസ്തകങ്ങള്‍ വായിക്കുന്നു, സംഗീതം ശ്രവിക്കുന്നു….. ഭക്ഷണത്തിനും മറ്റു കാര്യങ്ങള്‍ക്കോ ഒന്നും ഒരു മുട്ടുമില്ല. എന്നാലും ഏതോ കോണില്‍ നിന്ന് അതൃപ്തി കാര്‍മേഘങ്ങളെപ്പോലെ ഇറുക്കുന്നത് കാണാം. കാരണം വിധിക്കപ്പെട്ട/വ്യവഹാരം ചെയ്യപ്പെടേണ്ട ഊര്‍ജ്ജം പിന്നെയും ബാക്കി!? അപ്രകാരം ചലനാത്മകമാകണം, ക്രിയാത്മകമാകണം എന്ന ബോധ്യത്തില്‍ നിന്ന് രാഷ്ട്രീയമോ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലൊ ഒക്കെ ആള് ഇടപെട്ടു തുടങ്ങുന്നു. ചിലര്‍ ആരാധനാലയങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അപ്പോള്‍ കുറേ ഊര്‍ജ്ജം ആ വഴിക്ക് ചിലവഴിക്കപ്പെടുന്നു. സാമൂഹികജീവിതം ബാലന്‍സ് ചെയ്യപ്പെടുന്നു.
എന്നാല്‍ ഇതിനെക്കാളൊക്കെ ഫലപ്രദമായ ഒറ്റമൂലിയുണ്ട്. അതാണ് ഹരിതജീവിതം. മുന്‍ സൂചിപ്പിച്ച മേഖലകളിലെല്ലാം ‘മല്‍സരം’ എന്ന നെഗറ്റീവ് വികാരം വര്‍ത്തിക്കും. പ്രാമാണിത്വം, ഈഗോ, സീനിയോരിറ്റി ഇതൊക്കെ മല്‍സരത്തിന്റെ പാര്ശ്വക്കാരാണ്. ശ്രദ്ധ കിട്ടാന്‍ മല്ലിടേണ്ടിവരുന്നു. അതൃപ്തിയും ആകുലതയും ആ വഴിക്കും ഉടലെടുക്കാം. എന്നാല്‍ ഹരിതജീവിതത്തില് ആ വക പ്രാരാബ്ദ്ധങ്ങളൊന്നുമില്ല. അവിടെ പ്രജയും പ്രജാപതിയും ഒരാള്‍ തന്നെ. ഹരിതജീവിതമെന്നാല് പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നര്‍ത്ഥം. കനിവും സഹജീവിബോധവും ക്ഷമയും മതി ഇവിടെ കൈമുതല്‍. അപ്പോള്‍ ശാന്തിയും നൈര്‍മല്യവും സമാധാനവും അസ്തിത്വമാകുന്നത് കാണാം. അനന്തരം ജീവിതത്തിലെ മറ്റു തിരിച്ചടികള്‍, പ്രയാസങ്ങള്‍ (ജീവിതത്തില്‍ അങ്ങനെ ചിലത് ഉണ്ടാവാതെ തരമില്ലല്ലോ) ലഘൂകരിക്കപ്പെടുന്നത് കാണാം.
നിങ്ങളുടെ പുരയിടം അഞ്ചുസെന്റോ, അമ്പതുസെന്റോ, ഏക്കറുകളോ ആകട്ടെ. തൊടി ഇന്റര്‍ലോക്ക് പതിക്കുകയോ, കോണ്‍ക്രീറ്റ് ചെയ്യുകയോ, കൃത്രിമക്കാഴ്ചകള് ഒരുക്കുകയോ ചെയ്യുന്നതിന് പകരം ധാരാളം പച്ചപ്പുകള്‍ നിറക്കുക. അവയെ പരിപാലിക്കുക, അവയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഉള്ളുതുറന്ന് ആഹ്ലാദിക്കുക, തനിമയാര്‍ന്ന ഫലങ്ങള്‍ ആസ്വദിച്ച് കഴിക്കുക, ചുറ്റുപാടുകളിലേക്കത് കൊടുക്കുക…… നിങ്ങളുടെ ഇടത്തിലേക്ക് കിളികളും ചിത്രശലഭങ്ങളും ഉരഗങ്ങളും മറ്റു ജീവജാലങ്ങളും വിരുന്ന് വന്ന് അവിടെ സ്വാഭാവികമാകുന്നത് കാണാം. അതെ! നിങ്ങളിപ്പോള്‍ പ്രകൃതിയുടെ തണലിലായ് കഴിഞ്ഞു. നിങ്ങളൊരു പുതിയ മനുഷ്യനാണ്. പ്രകൃതിയോടിണങ്ങിയ, പ്രകൃതിയെ സ്നേഹിക്കുന്ന ആള്. മനസ്സിന്റെ കുളിര്‍മ്മയാണ് ഏത് രോഗത്തിനും അശാന്തതക്കുമുള്ള പ്രാഥമിക ഔഷധം.
15 കൊല്ലം മുമ്പാണ് ഞാനാശിച്ച് മോഹിച്ച് ഏറെ കഷ്ടപ്പെട്ട് ഭാരതപ്പുഴയുടെ തീരത്ത് വീടിനായ് സ്ഥലം വാങ്ങുന്നത്. 23 സെന്റാണ്. പുഴയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. പുഴക്ക് സമാന്തരമായ് കാണാവുന്നിടത്ത് റെയില്‍വേ. അപ്പുറം പാടശേഖരങ്ങള്‍. പടിഞ്ഞാറ് ക്ഷേത്രം.
പുരയിടവുമായ് ബന്ധപ്പെട്ട് എനിക്കൊരു സങ്കല്പമുണ്ടായിരുന്നു. എത്രയോ കാലമായ് താലോലിക്കുന്നത്. വീട് ചെറുതായ്ക്കൊള്ളട്ടെ. എന്നാലവിടെ നാനാതരം ഫലവൃക്ഷങ്ങള്‍ വേണം. പൂമരങ്ങളും കിഴങ്ങുചെടികളും വള്ളിപ്പടര്‍പ്പുകളും വേണം. അവിടെ ജീവിതം തീര്‍ത്തും ജൈവപരമാകണം. അതുകൊണ്ട് സ്ഥലം സ്വന്തമായുടനെ അതെ നഴ്സറിയില്‍ നിന്ന് ഒരു വണ്ടി തൈകളാണിറക്കിയത്. വീടിന് ഏകദേശം പ്ലോട്ട് കണ്ട് ഒരു വിധമിടത്തെല്ലാം അവ കുഴിച്ചിട്ടു. എന്നിട്ടും തൃപ്തി വന്നില്ല. ആ കാലത്ത് ഞാന്‍ നിര്‍മ്മാണ മേഖലയിലാണ് ജോലിചെയ്യുന്നത്. ജോലികഴിഞ്ഞ് വൈകുന്നേരം മടങ്ങുന്നേരം ടൗണില്‍ ഒരു കറക്കമുണ്ട്. അന്ന് വളാഞ്ചേരി ടൗണിലെ പഞ്ചായത്ത് ബില്‍ഡിംഗിനോട് ചേര്‍ന്ന്, ഇടുങ്ങിയ ഒരു ഭാഗം വരുതിയിലാക്കി ഉപജീവനാര്‍ത്ഥം ഒരു വൃദ്ധന് ചെടിക്കച്ചവടം നടത്തുന്നുണ്ട്. മിക്കവാറും ദിവസം ഞാനയാളില്‍ നിന്നോരോ ചെടി വാങ്ങും. അതൊരു ശീലമായി. അയാളുമായ് നല്ല ബന്ധത്തിലുമായി. അങ്ങനെ എന്റെ പറമ്പില്‍ ഞാനാശിച്ചപോലെ എങ്ങും പച്ചപ്പ് പടര്‍ന്നു. നടാനിനി ഇടമില്ല.
ഇന്നെന്റെ ഹരിത പ്രദേശത്ത് തളിര്‍ത്തു വളര്‍ന്നു നില്ക്കുന്ന ഓരോ വൃക്ഷത്തിനും, മനുഷ്യരോടും സഹജീവികളുമായ് ബന്ധപെട്ട് വിവിധ കഥകള്‍ പറയാനുണ്ട്. ആ കഥകളും ഓര്‍മ്മകളും ചേരുമ്പോഴേ ഹരിതജീവിതത്തിന് തെളിമയുള്ളൂ.

ബദാംമരം
ഈ മരം ഞാന്‍ മേല്‍ സൂചിപ്പിച്ച കച്ചവടക്കാരനില്‍ നിന്നു വാങ്ങിയതാണ്. വാങ്ങുമ്പോള്‍ നന്നേ ചെറുത്; മൂന്നോ നാലോ ഇലകള്‍ മാത്രം. പെട്ടെന്ന് വലിയ മരമായ് തിടം വെക്കും, വേഗം കായ്ക്കും. അതായിരുന്നു ബദാംമരത്തിനോടുള്ള എന്റെ ആകര്‍ഷണം. മാത്രമല്ല ബദാം എന്റെ കുട്ടിക്കാലവുമായ് നന്നേ ബന്ധമുള്ള മരവുമാണ്. വാസ്തവത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ അതിന്റെ പരിപ്പ് തിന്നുന്നതുപോലെ ഇഷ്ടമായിരുന്നു പഴുത്ത ബദാമിന്റെ പുറംകാമ്പ് രുചിക്കുക എന്നത്. സാധാരണ ആരും അങ്ങനെ പതിവില്ല. അതിന് നല്ല ഗന്ധവും ചമര്‍പ്പും മധുരവും പുളിപ്പും കലര്‍ന്ന രുചിയായിരിക്കും.
ഞാന്‍ വളര്‍ന്ന വീട്ടില്‍ ബദാമുണ്ടായിരുന്നില്ല. പക്ഷെ കുറച്ചപ്പുറമുള്ള പ്രശാന്തത മുറ്റിനില്ക്കുന്ന മന പോലുള്ള ഒരു വീട്ടില്‍ ആല്‍മരം പോലെ പടര്‍ന്ന ഒന്നിലേറെ ബദാംമരങ്ങളുണ്ടായിരുന്നു. അതില്‍ ചുവപ്പും മഞ്ഞയുമായ വ്യത്യസ്തയിനം കായ്കള്‍. ഗൃഹാതുരമായ ആ ഓര്‍മ്മ ഒരു ബദാംമരം സ്വന്തമാക്കാനുള്ള പ്രേരകമായ് തീര്‍ന്നിട്ടുണ്ടാകണം.
ആ കുഞ്ഞുചെടിയെ ഞാന്‍ നട്ടത് പറമ്പിന്റെ മുന്‍ഭാഗത്തെ അതിരിനോട് ചേര്‍ന്നാണ്. പ്രതീക്ഷിച്ചതുപോലെ വളരെ വേഗത്തില്‍ അത് വളരാന്‍ തുടങ്ങി. ഏതാനും മാസങ്ങള്‍ക്കൊണ്ട് സാമാന്യം വലിയൊരു ചെടിയായത് പരിണമിച്ചു. അപ്പോള്‍ മുതല്‍ അമ്മയും ചുറ്റുവട്ടത്തുള്ള ചിലരും എന്നെ ഉപദേശിക്കാന്‍ തുടങ്ങി. ”പറമ്പിലെ മുഴുവന്‍ പശിമയും ഈ മരം വലിച്ചെടുക്കും. മാത്രമല്ല പുളിയുറുമ്പുകള്‍ (മിശറ്) കൂട് കൂട്ടി ശല്യവുമാവും. ഇനി ബദാംപഴത്തില് നിന്നതിന്റെ പരിപ്പ് വേണ്ടവിധത്തില്‍ സംസ്കരിച്ചെടുക്കണമെങ്കില്‍ നല്ലോണം അദ്ധ്വാനിക്കണം. ആര്‍ക്കാ അതിനൊക്കെ ഇപ്പോ സമയം? അതുകൊണ്ടിതങ്ങ് വെട്ടിക്കളയാലാണുചിതം.” ഞാനവരെയെല്ലാം ഒരു മന്ദഹാസത്തോടെ എതിരിട്ടു. ഹും….. വെട്ടിക്കളയാന്‍. നടക്കണ കാര്യമല്ല.
ഏതാനും കൊല്ലം കഴിഞ്ഞപ്പോള്‍ ബദാം ഒത്ത മരമായ് തീര്‍ന്നു. പുഷ്പിക്കുകയും ചെയ്തു. അന്നുണ്ടായ ഒരു സന്തോഷം. ഞാന്‍ നട്ട മരങ്ങളില്‍ ആദ്യം കായ്ച്ചതീമരമാണ്. അപ്പോഴേക്കും ഞങ്ങള്‍ വീടുവെച്ച് പുതിയ പറമ്പില്‍ താമസമാരംഭിച്ചിരുന്നു.
ചുവന്നുതുടുത്ത കായ്കള്‍. കന്നി കായ്ച്ചതുമുഴുവന് പരിപ്പെടുത്ത് ആര്മാദിച്ചു തിന്നു. പിന്നെ തുരുതുരാ കായ്കള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ പൊളിച്ചു പരിപ്പ് വേര്പ്പെടുത്തിക്കൊടുത്താല് കഴിക്കുമെന്നൊഴിച്ചാല് വീട്ടുകാര്‍ക്കത് വേണ്ട!
എന്റെ സ്ഥലത്തിന് തെക്കുഭാഗത്തങ്ങോട്ട് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലിപ്രദേശമാണ്. ഒരുദിവസം ഉച്ചസമയത്ത് അപ്രതീക്ഷിതമായ് ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ (വീട്ടില്‍ മറ്റാരുമില്ല. ഭാര്യ ജോലിക്കും മകള്‍ സ്കൂളിലേക്കും പോയിരിക്കുന്നു) ബദാംമരത്തിന്റെ ചുവട്ടില്‍ നിന്നൊരാള്‍ ധൃതിയില്‍ തെക്കുഭാഗത്തേക്ക് ഓടി മറയുന്നതുകണ്ടു. ഞാനെന്തെങ്കിലും നിഷേധിച്ച് പറയുമോ എന്ന് കരുതിയാകണം ആ ആള് അങ്ങനെ ചെയ്തത്. എനിക്കത് വിഷമമായി. ശരിക്കും ബദാംമരം പുഷ്പിക്കുമ്പോള്‍ ഞാനനുഭവിച്ച അതേ പുളകമാണ് അതിന്റെ ചുവട്ടില്‍ നിന്ന് സ്വന്തമെന്ന വിചാരത്തോടെ മറ്റൊരാള്‍ കായ്ഫലങ്ങള്‍ പെറുക്കുമ്പോഴും കഴിക്കുമ്പോഴും എനിക്കുണ്ടാകുന്നത്. അതെന്നും അങ്ങനെതന്നെ. പക്ഷെ ആരെങ്കിലുമിത് വിശ്വസിക്കണ്ടേ!
ഇതുപോലുള്ള വേറൊരു സാഹചര്യത്തിലും ഞാനതുകണ്ടു. കഴിഞ്ഞ തവണത്തേതാവര്ത്തിക്കാതിരിക്കാന് ഞാന്‍ വീട്ടിലേക്ക് കടക്കാതെ നിര്‍വൃതിയോടെ ഒരു ഭാഗത്തു മറഞ്ഞുനിന്നു. അവര്‍ ഒരു സഞ്ചിയില്‍ ബദാംകായ്കള്‍ ശേഖരിച്ച് തിടുക്കത്തില്‍ മറഞ്ഞു. എനിക്കാളെ വ്യക്തമായി. പുഴവക്കത്ത് ഒറ്റപ്പെട്ടൊരു വീടുണ്ട്. നാട്ടിലെ അപൂര്‍വ്വം ഓടുവീടുകളിലൊന്ന്. അവിടെ മംഗല്യഭാഗ്യം സിദ്ധിക്കാത്ത മദ്ധ്യവയസ്കയായ ഭംഗി കുറഞ്ഞ ഒരു സ്ത്രീയുണ്ട്. നിത്യകന്യക, അന്തര്‍മുഖി. നാട്ടിലെ പൊതുചടങ്ങുകളിലൊന്നും അവര്‍ അധികം കൂടാറില്ല. അവരുടെ സഹോദരങ്ങളെല്ലാം ദാമ്പത്യസുഖമനുഭവിക്കുമ്പോള് , ഏതോ മുജ്ജന്മശാപം തീര്‍ക്കാനെന്നോണം അവര്‍ മാത്രം പതിതയായ്ക്കഴിയുന്നു. നമുക്കവരെ തങ്കി എന്നു വിളിക്കാം. ഞാന്‍ പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ മിക്കവാറും അവരെ കാണാറുണ്ട്. തങ്കി മുഖത്തേക്ക് നോക്കില്ല. പക്ഷെ തങ്കിക്ക് ജീവിതത്തില്‍ ഒരു പ്രിയ സുഹൃത്തുണ്ട്. ആ കൂട്ടുകാരിക്ക് മുന്നില്‍ മാത്രം അവര്‍ സ്വന്തം മനസ്സ് തുറന്നു. ഈ കൂട്ടുകാരിയില്‍ നിന്ന് എന്റെ ഭാര്യ ആ വിവിരമറിഞ്ഞു. ബദാംപരിപ്പ് പതിവായ് കഴിച്ചാല്‍ സൗന്ദര്യവും നിറവുമുണ്ടാകുമെന്ന് തങ്കിയെങ്ങനെയോ മനസ്സിലാക്കിവെച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ പ്രായംതെറ്റിയ കാലത്തും തന്നെ ആരെങ്കിലും സ്വീകരിക്കുമെന്നവര്‍ പ്രത്യാശിക്കുന്നുവോ? ഇതെന്റെ ഊഹം മാത്രമാണ്. ബദാം പരിപ്പിന് നല്ല വിലയാണ്. അത് പുറത്തുനിന്ന് വാങ്ങിക്കഴിക്കാനുള്ള പാങ്ങ് തങ്കിക്കില്ല. അതിനവര്‍ എന്റെ ബദാം ചുവട്ടിലേക്ക് ഒളിച്ചുവരുന്നു. തങ്കി നേരായ രീതിയില്‍ വരുന്നതുകൊണ്ടോ, എത്ര കായ്കള്‍ കൊണ്ടുപോയതുകൊണ്ടോ ഞങ്ങള്‍ക്ക് വിരോധമില്ല. അതില്‍ സന്തോഷമേയുള്ളൂവെന്ന് പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. കുറ്റപ്പെടുത്താന്‍ പറ്റില്ല. ഒറ്റപ്പെട്ട് തുരുത്തു ജീവിതം നയിക്കുന്നവരുടെ മനോഭാവമാകാം അത്.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍ തങ്കി ആ പ്രക്രിയ നിര്‍ത്തി. ബദാം കഴിച്ചിട്ടും പുഷ്ടിവരുന്നില്ല എന്ന ബോദ്ധ്യത്തില്‍ നിന്നാകാം അത്.
പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ കത്തികൊണ്ട് മുറിച്ച് പരിപ്പെടുത്ത നിലയില്‍ ബദാം കായയുടെ തോടുകള്‍ ചുറ്റും കാണാന്‍ തുടങ്ങി. തങ്കി അങ്ങനെ ചെയ്തിരുന്നില്ല. ആരാകും ഈ പുതിയയാള്‍? ആരായാലും സന്തോഷം എന്ന രീതിയില്‍ ഞാന്‍ നിന്നു. ഈയ്യടുത്താണ് കണ്ടെത്തിയത്, മറ്റാരുമല്ല അതണ്ണാറക്കണ്ണന്മാരാണ്. ചാട്ടുളിപോലുള്ള പല്ലുകള്‍ കൊണ്ടറുത്ത് അവ പരിപ്പ് ശാപ്പിടുന്നു. സദാ നേരവും ഒരു പത്തിരുപത്തഞ്ച് അണ്ണാറക്കണ്ണന്മാര് ബദാം ശിഖിരങ്ങളില്‍ ഓടിക്കളിക്കുന്നത് കാണാം. അവര്‍ക്ക് വീട്ടുകാരെയൊന്നും പേടിയേയില്ല. ഒരു ദിവസം ഒരണ്ണാറക്കണ്ണന് എന്റെ ചുമലിലേക്കാണ് ചാടിയത്. പിടുക്ക് തുള്ളിച്ച് ആ കുസൃതിക്കാരന്‍ ഓടിമറഞ്ഞുകളയുകയും ചെയ്തു.
ചില രാത്രികളില്‍ എനിക്കുറക്കം കുറവാണ്. അപ്പോള്‍ രാത്രി ഒരു പന്ത്രണ്ടുവരെയൊക്കെ ഓപ്പണ്‍ ടെറസ്സിലിരിക്കും. സ്വച്ഛമായ നിശ! ആ നേരം നിശാചാരികളായ, പ്രോതാത്മാക്കള് പോലുള്ള വവ്വാലുകള്‍ ബദാം മരത്തിലേക്കാഴ്ന്നിറങ്ങുന്നത് കാണാം. പഴുത്ത പഴത്തിന്റെ നീരൂറ്റിക്കുടിച്ച് അകക്കാമ്പ് അണ്ണാറക്കണ്ണന്മാര്ക്ക് ബാക്കിവെച്ച് പുലര്‍ക്കാലേ അവ മടങ്ങുന്നു. പകല്‍ ഈ പെരുമരത്തിന്റെ മുകളില്‍ നിറയെ കലപില കൂട്ടി കളിക്കുന്ന ചമ്മലക്കിളികളാണ്. പിന്നെ ഇലകള്‍ മടക്കി കൂട് കൂട്ടിയിരിക്കുന്ന കാക്കത്തൊള്ളായിരം പുളിയനുറുമ്പുകളും. കിളികളുടെ കൂട് ഏറ്റവും മുകള്‍ ശിഖിരത്തിലാണ്. അണ്ണാറക്കണ്ണന്മാര് അതിന് താഴത്തെ നിലയിലും.
അതെ. എന്റെ ബദാംമരം ഒരാവാസവ്യവസ്ഥയാണ്!
മാവുകള്‍
പഴങ്ങളില്‍ വെച്ചേറ്റവും ഇഷ്ടം മാമ്പഴമാണ്. വൃക്ഷങ്ങളില്‍ പ്രിയം മാവുകളും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ തലങ്ങും വിലങ്ങും മാവുകളായിരുന്നു. എന്റെ വലിയമ്മ ‘മേലേപ്പാട്ട്’ എന്ന സമ്പന്നവീട്ടില് വാല്യക്കാരിയായിരുന്നു. കാര്യമായെന്തെങ്കിലും നുണയ്ക്കാന് കിട്ടും. അതുകൊണ്ട് ഞാനെന്നും വലിയമ്മയെ കാണാന്‍ മേലേപ്പാട്ടേക്ക് പോകും. ഏക്കറുകണക്കിന് ഭൂമിയുള്ള അവിടം പലജാതി വൃക്ഷങ്ങളുടെ ലോകമായിരുന്നു. അതില്‍ ഭൂരിഭാഗവും മാവുകളായിരുന്നു. മരണപ്പെട്ടുപോയ അവിടത്തെ കാരണവര്‍ തികഞ്ഞ വൃക്ഷസ്നേഹിയായിരുന്നിരിക്കണം. ആ തൊടിയിലെ അന്‍പതോളം വ്യത്യസ്തയിനം മാവുകള്‍ എനിക്കിന്നും ഓര്‍ത്തെടുക്കാനാകും. വെള്ളരി, തത്തച്ചുണ്ടന്‍, ഗോകുലം, മുട്ടിക്കുടിയന്‍, പലതരം നീലന്, മൂവാണ്ടന്‍, ചോപ്പന്, പുളിയന്‍, ഗോമാവ്…… എല്ലാം പെരുമ്മരങ്ങള്. ഗൃഹനാഥയും പുറത്തെവിടെയോ താമസിച്ച് പഠിക്കുന്ന അവരുടെ മകനും മാത്രമുള്ള ആ വീട്ടില്‍ ഞാന്‍ സര്വ്വസ്വതന്ത്രനായിരുന്നു. മാമ്പഴം തിന്നും മരം കേറിയും ഞാനവിടെ വിഹരിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്നവിടത്തെ ഭൂരിഭാഗം മരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു!
സഞ്ചാരപാതകളില്‍ എവിടെ മാവുകള്‍ കണ്ടാലും ഞാന്‍ നിരീക്ഷിക്കും. മേലേപ്പാട്ട് വീട്ടിലുണ്ടായിരുന്ന വകഭേദങ്ങള്‍ മിക്കതും എനിക്ക് പിന്നെയെവിടേയും കണ്ടെത്താനായിട്ടില്ല. ലോകത്തിന്റെ ഏതൊക്കെ മൂലകളില്‍ നിന്നായിരിക്കും മേലേപ്പാട്ടെ കാരണവര്‍ അക്കണ്ടതെല്ലാം സംഘടിപ്പിച്ചത്? എന്നെങ്കിലും സ്വന്തമായ് ഭൂമി കരസ്ഥമാക്കാനായാല്‍ അവിടെ പലതരം മാവുകള്‍ വേണമെന്ന് മുന്നേ ഞാന്‍ നിശ്ചയിച്ചിരുന്നു. എന്റെയൊക്കെ തലമുറയുടെ ബാല്യകാലത്ത് മാമ്പഴം ആഘോഷിക്കാത്ത കുട്ടികള്‍ ഉണ്ടായിരിക്കില്ല.
പിന്നീട് ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ അനുഭവിച്ചപ്പോള്‍ അതിലദ്ദേഹം വൃക്ഷങ്ങളേയും ജര പിടിച്ച മാവുകളേയും വര്‍ണ്ണിച്ചത് ആവേശിച്ച് ഉള്ളിലെ മോഹം തുടികൊട്ടി.

ഞാന്‍ സ്വന്തമാക്കിയ മണ്ണില്‍ രണ്ടു നാടന്‍ പെരുംമാവുകള് ഉണ്ടായിരുന്നു. പത്ത് തെങ്ങുകളും. പ്ലോട്ടാക്കി മുറിച്ചുകൊടുക്കുന്നതിനിടയില് ആ മാവുകള്‍ നില്ക്കുന്ന ഭാഗം ഭാഗ്യത്തിന് എനിക്ക് കിട്ടിയതാണ്. എന്റെയറിവില്‍ ആ മരങ്ങള്‍ക്ക് ചുരുങ്ങിയത് 70 വയസ്സോ, അതിലേറെയോ ഉണ്ടാകും. എന്നേക്കാള്‍ എത്രയോ സീനിയേഴ്സ്! ബഹുമാനത്തോടെയല്ലാതെ അവരോടൊങ്ങനെ പെരുമാറും. സങ്കടകരമായ കാര്യം മാവ് മുഴുവന്‍ ഇത്തിക്കണ്ണികള്‍ നിറഞ്ഞിരുന്നു എന്നതായിരുന്നു. മനുഷ്യരിലെ കാന്‍സര്‍ പോലെയാണ് ഇത്തിക്കണ്ണികള്‍. പരിധിവിട്ടു കഴിഞ്ഞാല്‍ ഉന്മൂലനം ചെയ്യാനാവില്ല. കാലാന്തരത്തില്‍ വൃക്ഷങ്ങളെ ഉണക്കിക്കളയാനതുമതി.
നഴ്സറിയില്‍ പോയപ്പോള്‍ ഞാനാദ്യം പറഞ്ഞത് മാവിന്‍തൈകള്‍ കൂടുതല്‍ വേണമെന്നും അത് ഒന്നിനൊന്ന് വ്യത്യസ്തയിനമായിരിക്കണമെന്നുമാണ്. രണ്ടുതരം നീലന്, സിന്ദൂരം, അല്‍ഫോണ്‍സ, മേട്ടുപ്പാളയന് തുടങ്ങി അഞ്ചുതരം ഒട്ടുമാവുകള്‍ പിടിപ്പിച്ചു. ഒന്നൊഴികെ എല്ലാം കായ്ച്ചു. മാമ്പഴക്കാലമായാല്‍ എനിക്ക് പിടിപ്പത് പണിയാണ്. രണ്ടു മുത്തശ്ശിമാവുകളില് നിന്നുതന്നെ ദിനം ഒരു മുന്നൂറ് മാങ്ങയെങ്കിലും പൊഴിയും. ഒട്ടുമാവുകളുടേത് വേറെ. ഇതൊക്കെ ഞങ്ങള്‍ മൂന്നുപേരുള്ള അണുകുടുംബം എങ്ങനെ തിന്നുതീര്‍ക്കാനാണ്. കിറ്റുകളിലാക്കി അയല്‍വാസികള്‍ക്കും, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം എത്തിച്ചുകൊടുക്കും. അതിലൊരു തൃപ്തിയുണ്ട്. പലതരം പക്ഷികള്‍, വവ്വാല്…. തുടങ്ങിയവ മാമ്പഴക്കാലത്ത് എന്റെ പറമ്പിലെ അതിഥികളാണ്. രണ്ടു നാടന്‍ മാവുകളിലും കുരുമുളകുവള്ളികള്‍ പടര്‍ത്തിയിട്ടുണ്ട്. പുതിയ മാവുകളെ ഇത്തിക്കണ്ണികള്‍ അധീനതയിലാക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ സൂക്ഷ്മ പരിചരണമുള്ളതിനാല് രക്ഷപ്പെട്ടു.
എത്ര കൊടുത്താലും തീരാത്ത മാമ്പഴമുള്ളതിനാല് ഇക്കൊല്ലം മുതല്‍ അതിനൊരു വാണിജ്യ വിപണിയും ഞാന്‍ കണ്ടെത്തി. എനിക്ക് കാറ്ററിംഗ് സര്‍വ്വീസ് ഏര്‍പ്പാടായതിനാല്‍ നാഷണല്‍ ഹൈവേകളില്‍ ചില പായസ ഔട്ട്ലെറ്റുകളുണ്ട്. അവിടെ മാമ്പഴം വില്പനക്ക് വെച്ച് ‘നാട്ടുമാമ്പഴം’ എന്നൊരു ബോര്‍ഡും പ്രദര്‍ശിപ്പിച്ചതോടെ നല്ല സ്വീകാര്യത കിട്ടി. വിപണിയിലുള്ളതിനേക്കാള്‍ പാതിവിലയ്ക്ക് രാസവസ്തുക്കള്‍ ചേര്‍ത്ത് പഴുപ്പിക്കാത്തതും കൃത്രിമ വളങ്ങള്‍ ഉപയോഗിക്കാത്തതുമായ തനതായ പഴങ്ങള്‍ കിട്ടുമ്പോള്‍ ആരാണ് മടിച്ചുനില്ക്കുക. പ്രത്യേകിച്ച് നാട്ടുമാമ്പഴങ്ങള്‍ കണികാണാന്‍ പോലും കഴിയാത്ത നഗരവാസികള്‍. ഇന്ന് ഭക്ഷണത്തിലേയും, പഴം പച്ചക്കറികളിലേയും വിഷാംശത്തെ പറ്റി നിസ്സഹായരെങ്കിലും ജനങ്ങള്‍ ബോധവാന്മാരാണ്. ഏതാണ്ട് 15000 രൂപയുടെ മാമ്പഴം ഈ സീസണില്‍ ഇങ്ങനെ വിറ്റു. തൊഴില്‍ പ്രതിസന്ധിയില്‍ എനിക്കിത് അനുഗ്രഹമായി. അപ്പോഴേക്കും ലോക്ഡൗണ്‍ വന്നു. എന്നാലും വരുമാനസ്രോതസ്സുകളടയുകയും സാമ്പത്തിക അരക്ഷിതാവസ്ഥ മുറുകുകയും ചെയ്യുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് ഇത്തരത്തില്‍ ചില പ്രതീക്ഷകളുണ്ട്.
മാവുകള്‍ വെട്ടിക്കളയാനാവാത്ത വിധം ഒതുക്കിയാണ് വീട് വെച്ചത്. അതുകൊണ്ട് കുറച്ചൊക്കെ വീടിനോട് അതുത്താണ് ഒരു മാവിന്റെ നില്പ്. ആ ഭാഗത്തോട് ചേര്‍ന്നുള്ള ഞങ്ങളുടെ ബെഡ്റൂമിന് നല്ല കുളിരാണ്. ഒരേസിയും ഒരു കാലത്തും വേണ്ട.
നാല് കൊല്ലം മുമ്പ് തെങ്ങ് തടം തുരന്നപ്പോള്‍ പച്ചിലവളത്തിനായ് ചില മാവിന് ശിഖരങ്ങള്‍ വെട്ടി. അതില്‍ നിന്ന് ഒരു പക്ഷിക്കൂട് പുറത്തേക്ക് തെറിച്ചു. വിറക്കുന്ന, വിരിഞ്ഞധികമാവാത്ത വണ്ണാത്തിപ്പുള്ളിന്റെ കുഞ്ഞുങ്ങള്‍! തള്ളപ്പക്ഷിക്ക് വന്ന് കൊണ്ടുപോകാന്‍ തഞ്ചത്തില്‍ സൗകര്യം ചെയ്തുകൊടുത്തു. എന്നാലും അതൊരു മഹാപാപമായ് തോന്നി. ഉടമസ്ഥനോടും വൃക്ഷത്തോടുമുള്ള ആ പക്ഷിയുടെ വിശ്വാസ്യതയിലല്ലേ ഞാന്‍ കത്തിവെച്ചത്? മരം മുറിക്കുമ്പോള്‍ പക്ഷികളോടും പ്രാണികളോടും അനുവാദം ചോദിക്കുന്ന ഒരാചാരം ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആ സത്യകാലത്തില് നിന്ന് നാം എത്രദൂരം താണ്ടിയിരിക്കുന്നു!
പിന്നീട് വളത്തിന് വേണ്ടി വൃക്ഷക്കൊമ്പുകള്‍ അറുത്തിട്ടില്ല.
മാമ്പഴക്കാലമായാല്‍ പണ്ടത്തെപ്പോലെ ഗ്രാമത്തിലെ കുട്ടികള്‍ മുഴുവന്‍ ആര്‍പ്പും ആരവവുമായ് എന്റെ മാഞ്ചോട്ടിലേക്ക് വരട്ടെ. വൃക്ഷങ്ങള്‍ കുട്ടികളുടെ സ്പര്‍ശനത്തിനായ് കൊതിക്കുന്നു!
ഞങ്ങള്‍ കാത്തിരിക്കുകയാണ്.
കരുവേപ്പ്
കുട്ടിക്കാലത്ത് എന്റെ അയല്‍പ്പക്കത്ത് കുഞ്ഞിതാച്ചു എന്നൊരു വൃദ്ധയുണ്ടായിരുന്നു. അവരുടെ പുരയിടത്തില്‍ മാവ് പോലെ വണ്ണിച്ച കരുവേപ്പുമരമുണ്ടായിരുന്നു. പടര്‍ന്ന് തണലുപരത്തുന്ന ആ മരം വേപ്പിനെ സംബന്ധിച്ച് അപൂര്‍വ്വതയാണ്. വീട്ടിലെ കരുവേപ്പാവശ്യത്തിന് അമ്മയെന്നെയാണ് പറഞ്ഞയക്കുക. പക്ഷെ എനിക്കങ്ങോട്ട് പോകാന്‍ ഭയമായിരുന്നു. കുഞ്ഞിതാച്ചു അല്പം കുപ്രസിദ്ധി കേട്ട ആളാണ്. അവര്‍ പുരുഷന്മാരെ പോലെ മദ്യപിക്കുമായിരുന്നു. അതിനേക്കാളേറെയുള്ള വിശേഷം അവര്‍ പോക്കാച്ചിതവളകളുടേയും ഉടുമ്പിന്റേയുമൊക്കെ ഇറച്ചി തിന്നുമായിരുന്നു എന്നതാണ്. ഇത് രണ്ടും അക്കാലത്ത് സാധാരണമായിരുന്ന തൊണ്ണൂറാംകുര പോലുള്ള അസുഖങ്ങള്‍ക്ക് നാട്ടുമരുന്നായിരുന്നു. അതുകൊണ്ട് ഇടതടവില്ലാതെ കുഞ്ഞുതാച്ചു മുത്തശ്ശിക്ക് പോക്കാച്ചികളെ കൊല്ലേണ്ടിവന്നു. ഞങ്ങളുടെ പടിക്കലിലൂടെയാണ് കുഞ്ഞിതാച്ചു തവളകളെ പിടിച്ചുകൊണ്ട് വീട്ടിലേക്ക് പോകുക. അന്ന് പാടത്തെവിടെനോക്കിയാലും തവളകളും ചേറ്റുമീനുമാണ്. കുഞ്ഞിതാച്ചുവിന്റെ പിടിയില്‍ തുറിച്ച കണ്ണുകളോടെ ഇരിക്കുന്ന, വാക്കത്തിയുടെ മൂര്‍ച്ചയറിയാന്‍ പോവുന്ന പോക്കാച്ചിത്തവളകളെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും.
ആ കാഴ്ചകളും കേട്ടറിഞ്ഞ കാര്യങ്ങളും ചേര്‍ത്ത് അവരെന്റെ പേടിസ്വപ്നമായി. അവരവിടെയുണ്ടാകരുതേയെന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ കരുവേപ്പില പറിക്കാന്‍ അങ്ങോട്ട് പോകുക. കുഞ്ഞിതാച്ചു ഇല്ലെങ്കില്‍ സമാധാനമായി. ധാരാളം ഇണച്ചങ്ങളുള്ള ആ മരത്തില്‍ ഞാന്‍ വലിഞ്ഞുകേറും. ഇലകള്‍ പൊട്ടിക്കുന്നതോടൊപ്പം മൂത്തുവിളഞ്ഞ കാപ്പികളര്‍ നിറത്തിലുള്ള അതിന്റെ പഴങ്ങള്‍ കഴിക്കുകയും ചെയ്യും. അപ്പോഴേക്കും വേറെ ചില ആവശ്യക്കാരും എത്തും. അവര്‍ക്കും ഇല പറിച്ചുകൊടുക്കും. ദേശത്തുള്ള മിക്കവരും കരുവേപ്പിലക്കായ് അവിടേക്കാണ് വരുക.
കരുവേപ്പില നിത്യോപയോഗസംഗതിയായതിനാല് അതുപോലൊരു ഐശ്വര്യമരം വളര്‍ത്താന്‍ വീട്ടിലുള്ളവര്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. പക്ഷെ കരുവേപ്പുചെടി പിടിച്ചുകിട്ടാന്‍ പ്രയാസമാണ്. പിടിച്ചാലും ചെടിയില്‍ നിന്ന് ഒരു മരമായത് വളരില്ല. ചെറുതായ് തന്നെ എന്നും നില്ക്കും. അധികം ഇലകള്‍ അറുത്താല്‍ ഉണങ്ങിപ്പോകുകയും ചെയ്യും.
കുഞ്ഞിതാച്ചു നൂറ്റിയൊന്നാം വയസ്സില്‍ മരണപ്പെട്ട് പുരയിടം വീതം വെച്ചപ്പോള്‍ വൗശുള്ള വേപ്പുമരം മുറിച്ച് ആ ഭാഗത്തു വീടുവന്നു. അത്ഭുതത്തോടെ ഞാനോര്‍ക്കുന്ന വസ്തുത എന്താണെന്നു വെച്ചാല്‍ എന്റെ ഗ്രാമത്തിലെവിടെയും കുഞ്ഞിതാച്ചുവിന്റെ പറമ്പിലെ വേപ്പുമരം പോലൊന്ന് കണ്ടിട്ടേയില്ല എന്നാണ്. എന്തായിരിക്കും അതുപോലൊരു മരം കാണാത്തതിന് കാരണം? ഞാനന്വേഷിച്ചയിടങ്ങളില് നിന്നെല്ലാം കിട്ടിയ ഉത്തരം കരുവേപ്പ് മരമായ് പിടിച്ചു കിട്ടാന്‍ പാടാണ് എന്ന പതിവുപല്ലവി തന്നെ.

മുതിര്‍ന്നപ്പോള്‍ ഒരു വാശിപോലെ എന്റെയുള്ളില്‍ ആ സംഗതി വളര്‍ന്നു. എന്റെ സ്വപ്നഭൂമിയില്‍ കുഞ്ഞിതാച്ചുവിന്റെ പറമ്പിലുണ്ടായിരുന്നതുപോലെ വലിയ വേപ്പുമരം വേണം. മൂന്നെണ്ണം നട്ടുമുളപ്പിച്ചു. ഒന്നുണങ്ങിപ്പോയി. ഒന്നു വളരാതെ ആ നില്പ് തുടരുന്നു. മറ്റേത് വളര്‍ന്നു. തെങ്ങിന് ചെയ്യുന്നതുപോലെ നനച്ചും, ജൈവവളമിട്ട് പരിചരിച്ചും ആ ഒരെണ്ണം പ്രതീക്ഷിച്ചതുപോലെ പുലര്‍ന്നു. ഇന്ന് പതിനാല് കൊല്ലത്തിനിപ്പുറം അതൊരു വൃക്ഷം തന്നെയാണ്. ചുറ്റുപാടിലുള്ള സകല കുടുംബാംഗങ്ങളും എന്റെ വീട്ടില്‍നിന്നാണ് കരുവേപ്പില പറിക്കുന്നത്. ആരും ഇപ്പോള്‍ അനുവാദം ചോദിക്കാറൊന്നുമില്ല. കരുവേപ്പ് ഒരു പൊതുമുതലും അവകാശവുമായ് തീര്‍ന്നിരിക്കുന്നു. സന്തോഷമേയുള്ളൂ. മാര്‍ക്കറ്റില്‍ പച്ചക്കറിക്കൊപ്പം കരുവേപ്പില വെറുതെ കിട്ടും. പക്ഷെ അത് രാസമരുന്ന് പ്രയോഗിച്ചതാണെന്നെല്ലാവര്ക്കുമറിയാം. വലിയ മരമായതുകൊണ്ട് ഇപ്പോള്‍ വീടിന്റെ ടെറസ്സില്മേലോ, സണ്ഷേഡിലോ കയറണം ഇല പറിക്കാന്‍. വരുന്നവര്‍ക്ക് പ്രയാസമാകരുതെന്ന് കരുതി ഒരു കോണി അരുകില്‍ കരുതിയിട്ടുണ്ട്. നിറയെ കായ്കളും ആ മരത്തില്‍ പിടിച്ചിരിക്കുന്നു.
വായിക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, കുളിക്കുമ്പോഴോ ഒക്കെ ഗൃഹതുരതയുണര്ത്തുന്ന ആ നറുഗന്ധം വരുന്നുവെങ്കില്‍ ഉറപ്പിക്കാം, ആരോ കരുവേപ്പില പറിക്കുന്നു.
അച്ഛനില്‍ നിന്ന് കേട്ടിട്ടുണ്ട്. ഒരു ആര്യവേപ്പില നിത്യവും കഴിക്കുകയാണെങ്കില്‍ ആ വ്യക്തിക്ക് രോഗങ്ങള്‍ വരുകയില്ല. പഴമൊഴിയാണത്. ശരീരത്തെ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടത്രെ ആര്യവേപ്പിലക്ക്. ആധുനിക ഭിഷഗ്വരന്മാര് അത് സ്ഥിരീകരിച്ചിട്ടുണ്ടല്ലോ.
എങ്കില്‍ ആ ഔഷധസസ്യം സ്വന്തമാക്കിയിട്ടുതന്നെ കാര്യം. അത്തരം രണ്ടു മരങ്ങള്‍ വളര്‍ത്തിയിട്ടുണ്ട്. കരുവേപ്പിനേക്കാള് പൊക്കത്തിലാണ് ആ മരങ്ങള്‍ നില്‍ക്കുന്നത്. ആര്യവേപ്പിനെ പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ അതില്‍തട്ടി വരുന്ന കാറ്റ് ശ്വസിക്കുന്നതുപോലും ഉത്തമമാണെന്നറിയാന് കഴിഞ്ഞു. എന്നും വൈകീട്ട് ആര്യവേപ്പിന്റെ ചോട്ടില് അല്പസമയം ചിലവഴിക്കുന്നത് ശീലമാക്കി. മാത്രമല്ല എന്നും ഒരു കോമ്പല് ആര്യവേപ്പില ഞാന്‍ കഴിക്കാറുണ്ട്. കുടുംബാംഗങ്ങളെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നു. ആ കയ്പ്പ് ഇപ്പോള്‍ പഥ്യമായ് കഴിഞ്ഞു.
ആര്യവേപ്പില്‍ മേല്‍ പക്ഷികള്‍ കൂട്കൂട്ടുകയോ, മരങ്കൊത്തി കൊത്തുകയോ. ഇത്തിക്കണ്ണി പിടിക്കുകയോ ചെയ്യില്ല. അത് വേറിട്ട ഒരു വൃക്ഷമാണെന്ന് പ്രകൃതി തന്നെ പറയുന്നു.
പറങ്കിമാവുകള്‍
മുന്‍ തലമുറയിലെ ബാല്യത്തിന് പോക്കറ്റ്മണിയുണ്ടാക്കാനുള്ള എളുപ്പമാര്ഗ്ഗമായിരുന്നു കശുവണ്ടി. അക്കാലത്ത് സ്വകാര്യഭൂമികളിലും പൊതുനിരത്തുകളിലും സ്കൂള്പറമ്പുകളിലുമെല്ലാം പറങ്കിമാവുകള്‍ സുലഭമായിരുന്നു. കുട്ടികള്‍ പറങ്കിമാങ്ങയുടെ നീര് കുടിക്കും, അണ്ടി ശേഖരിക്കും. കുറേ അണ്ടി കൂട്ടുകാരോടൊപ്പം ചുട്ടുതിന്നും. സ്കൂളില്‍ പോലും ഞങ്ങളത് ചെയ്തിട്ടുണ്ട്! സ്വരൂപിച്ച് വെച്ച കശുവണ്ടി വില്ക്കാന് ടൗണിലേക്ക് ഒരു ഗംഭീര പോക്കുണ്ട്. അതുവിറ്റ പണം കൊണ്ട് ചിത്രകഥാപുസ്തകങ്ങള്‍ വാങ്ങും, പൊറോട്ടയും ബീഫും കഴിക്കും, സിനിമ കാണും. ‘പാവപ്പെട്ടവരുടെ മധുരനാരങ്ങ’ എന്നൊരു പേര് കശുമാങ്ങക്കുണ്ടല്ലോ. ‘പാവപ്പെട്ട കുട്ടികള്‍ക്ക് വരുമാനമാര്‍ഗ്ഗം’ എന്നുകൂടി കശുമാവിനെ നിര്‍വ്വചിക്കേണ്ടതുണ്ട്. പക്ഷെ ഇന്നത്തെ എത്ര കുട്ടികള്‍ കശുമാങ്ങയും കശുവണ്ടിയും കൈകൊണ്ട് തൊടും?
എന്റെ മണ്ണില്‍ പതിനൊന്ന് കശുമാവുകളുണ്ട്. ഏറ്റവും എണ്ണം കശുമാവുകളാണ്. അതിന് കാരണമുണ്ട്. ഒന്നും ചെടി വാങ്ങി നട്ടതല്ല. മുന്‍വിധിയോടെ വിത്ത് കുഴിച്ചിട്ട് മുളപ്പിച്ചതാണ്. മകള്‍ക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ കുഴി എടുത്തുകൊടുത്ത് അവളെകൊണ്ട് നടുവിച്ചു. മണ്ണും സസ്യജാലങ്ങളുമായൊരു പാരസ്പര്യമുണ്ടാകാനാണത് ചെയ്യിച്ചത്. എഴുത്തിനിരുത്തുപോലെ ഒരു പ്രതീകാത്മകചടങ്ങ്! ചുവപ്പും മഞ്ഞയും ഫലങ്ങളുണ്ടാകുന്ന രണ്ടുതരം വിത്താണ് സംഘടിപ്പിച്ചത്. എല്ലാം വലിയ മരങ്ങളായി. അഞ്ചാറുകൊല്ലമായപ്പോള് മുതല്‍ കായ്ക്കുന്നു. ഇക്കുറി അറുപത്തിയഞ്ച് കിലോ കശുവണ്ടി വിറ്റു. വേണ്ടത്ര പുഷ്ടിയില്ലാത്ത മരങ്ങളുമുണ്ട്. കൂടുതല്‍ കാലം കഴിയുമ്പോള്‍ ഉദ്പാദനം കൂടും. ബാല്യത്തില്‍ പോക്കറ്റ് മണിയുണ്ടാക്കാന്‍ കശുവണ്ടി പെറുക്കിയ കാലം വേറൊരു രൂപത്തില്‍ പുനരാവര്ത്തിക്കുമെന്നുറപ്പാണല്ലോ. വരുമാനമില്ലാത്ത വാര്‍ദ്ധക്യം. നേരത്തെ മുന്‍വിധിയോടെ എന്ന് സൂചിപ്പിച്ചതതിനാണ്. കശുമാവുകള്‍ എണ്ണത്തില്‍ കൂടിയതും അതുകൊണ്ടാണ്.
ഏറെ പോഷകഗുണവും ഔഷധഗുണവും ചേര്‍ന്നതാണ് കശുമാവിന്റെ പഴവും കായയും. കൃത്രിമവും പ്രിസര്‍വേറ്റീവ് ചേര്‍ത്തതുമായ ഭക്ഷണരീതിയാണല്ലോ ഇന്ന് കേരളത്തില്‍ ഭൂരിഭാഗവും പിന്തുടരുന്നത്. അല്ലാതെ നിവൃത്തിയില്ല. അസിഡിറ്റി പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കാത്ത മലയാളിയിന്നില്ല എന്നു പറയാം. പറങ്കിമാവിന്റെ നീര് വയറ് ശുദ്ധമാക്കാനും വയറ്റിലെ പുണ്ണുണക്കാനും കേമമാണ്. സീസണില്‍ ഒരു ഗ്ലാസ് കശുമാവ് നീര് കുടിക്കുന്നത് നല്ല മാറ്റമുണ്ടാക്കും. വയറ്റില്‍ പുണ്ണും വ്രണങ്ങളുമുണ്ടെങ്കില് ഈ നീര് അകത്തു ചെന്നാല്‍ നീറ്റലുളവാക്കും. അതുകൊണ്ട് കശുമാങ്ങ വയറിന് പിടിക്കില്ല എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. ഔഷധമായ് കണ്ട് സേവിച്ചാല്‍ വ്രണമുണങ്ങുകയും ദഹനപ്രക്രിയ സുഗമമാകുകയും ചെയ്യും. മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്ക അസുഖങ്ങള്‍ക്കും നമ്മുടെ ചുറ്റില്‍ തന്നെ പ്രകൃതി ഔഷധമൊരുക്കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങുന്ന ജീവിതം സ്വീകരിച്ചാല്‍ ഡോക്ടറെ കാണുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.
മാത്രമല്ല കശുമാങ്ങനീരില് നിന്ന് സ്വാഭാവിക വിനാഗിരിയും വൈനുമുണ്ടാക്കാം. ഈസ്റ്റും ചില പൊടികൈകളും ചേര്‍ന്നാല്‍ വൈനായി. നീര് നേര്‍പ്പിച്ചാല്‍ വിനാഗിരിയും.
കാലാന്തരത്തില്‍ എന്റെ മണ്ണില്‍ അനന്തരതലമുറയും കുട്ടികളും വരും. അപ്പോള്‍ കശുമാവ് മുത്തശ്ശികളും സഹവൃക്ഷങ്ങളും അവരോട് കഥ പറയും. സ്നേഹത്തിന്റേയും പാരസ്പര്യത്തിന്റേയും കഥ. ഒരു വലിയ പാഠപുസ്തകം.
ഞാവല്‍
കേരളീയരുടെ ഗൃഹാതുരതയില്‍ മദിപ്പിക്കുന്ന സ്ഥാനമാണ് ഞാവല്‍പ്പഴത്തിനുള്ളത്. ഞാവല്‍പ്പഴം നുണയാന്‍ വെമ്പാത്ത മലയാളികളില്ല. മിക്കവാറും പൊതുനിരത്തുകളിലാണ് ഞാവല്മരങ്ങളുടെ സാന്നിദ്ധ്യം. സ്വകാര്യയിടങ്ങളില്‍ വളരാന്‍ ഈ മരത്തിനെ അധികമൊന്നും മലയാളികള്‍ അനുവദിക്കാറില്ല. എന്നാലോ, ഞാവല്പ്പഴത്തോട് അരിശിയാണുതാനും. ഏപ്രില്‍ – മെയ് മാസങ്ങളിലാണ് കേരളത്തില്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്. കുട്ടികള്‍ക്ക് അപ്പോള്‍ വേനലവധിക്കാലവും. നാഷണല്‍ ഹൈവേപാതയോരങ്ങളില് ഞാവല്‍മരങ്ങള്‍ ധാരാളമുണ്ട്. റോഡിലേക്ക് പൊഴിഞ്ഞുകിടക്കുന്ന ഞാവല്‍പ്പഴങ്ങള്‍, നഗരവാസികള്‍ വാഹനം നിര്‍ത്തി പെറുക്കിക്കഴിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. നിരവധി ആയുര്‍വ്വേദമരുന്നുകളില്‍ ഞാവല്‍പ്പഴം, കുരു, ഇല, തൊലി തുടങ്ങിയവ ചേരുവകളാണ്. പ്രമേഹരോഗികള്‍ക്ക് ഞാവല്‍പ്പഴം ഫലപ്രദമായ മരുന്നാണ്. ഇതുകൊണ്ടൊക്കെ തന്നെ ആധുനികകാലത്ത് ഞാവല്പ്പഴത്തിന് പ്രിയമേറെയാണ്. രണ്ടു മൂന്ന് കൊല്ലമായ് ഹൈവേയിലെ എന്റെ കാറ്ററിംഗ് ഓട്ട്ലെറ്റിനരുകില് കുട്ടികള്‍ ഞാവല്‍പ്പഴം പെറുക്കി കിറ്റുകളിലാക്കി വില്‍ക്കുന്നത് കാണാറുണ്ട്. കുറഞ്ഞ സമയത്തിനുള്ളിലാണതൊക്കെ വിറ്റുപോകുന്നത്. കിലോക്ക് 200 രൂപയാണ് വില. വാണിജ്യാടിസ്ഥാനത്തില്‍ കര്‍ണ്ണാടകയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നുമുണ്ട്. പക്ഷെ അത് നമ്മുടെ മണ്ണിന്റെ രുചിയോളമെത്തില്ല.
സ്ഥലം വാങ്ങി. അവിടെ ഇഷ്ടചെടികളെല്ലാം പിടിപ്പിച്ചു. അവയെ പരിപാലിക്കുന്നതില്‍ ഒരാനന്ദമുണ്ട്. ഇത്തിക്കണ്ണിയും പരാദസസ്യങ്ങളും പടരാതെ നോക്കണം. പുഴുക്കുത്തേല്ക്കാതെ ശ്രദ്ധിക്കണം. വേരോടുന്നതുവരെ നനക്കണം. സര്‍വ്വോപരി അവരെ താലോലിക്കുകയും ‘ആശയവിനിമയം’ നടത്തുകയും വേണം. മനുഷ്യന്റെ തലോടലിന് കൊതിക്കാത്ത മരങ്ങളില്ല!
ഒരു ദിവസം ഞാനും ഭാര്യയും തറവാട്ടുവീട്ടില്‍ നിന്ന് പറമ്പിലേക്ക് പോകുകയായിരുന്നു. മുമ്പ് സൂചിപ്പിച്ച മേലേപ്പാട്ട് വീടിനരുകിലെത്തിയപ്പോള് അവരുടെ മണ്ണിലതാ കൂറ്റന്‍ ഞാവല്മരത്തിന് കീഴെ തുരുതുരാ ഞാവല്ച്ചെടികള് വളര്ന്നുനില്ക്കുന്നത് കാണുന്നു. കരഗതമായ സ്വപ്നഭൂമിയില്‍ ഞാവല്മരങ്ങളില്ലെങ്കില് അതിന് പൂര്‍ണ്ണതയുണ്ടോ? ഞാനപ്പോള്‍ തന്നെ കമ്പിവേലികള്‍ക്കിടയിലൂടെ മേലേപ്പാട്ടേക്ക് നൂഴ്ന്നു. ശ്രദ്ധാപൂര്‍വ്വം നാലെണ്ണം പറിച്ചെടുത്തു. അതില്‍ രണ്ടെണ്ണത്തിന്റെ വേരു പൊട്ടിയിരുന്നു. വേരുപൊട്ടാത്തവ കണ്ണായ സ്ഥലത്ത് കുഴിച്ചിട്ടു. വേരുപൊട്ടിയത് രണ്ടും കൂടി ഒരു കുഴിയില്‍ നിക്ഷേപിച്ചു. നാലും പിടിച്ചു. ഒന്ന് വേഗം തളിര്‍ത്തു. അതിനൊപ്പമുള്ളത് മുരടിച്ചുനിന്നു. ഇരട്ടകളും വളരാന്‍ മത്സരിക്കുന്നുണ്ട്.
വീടിന് സ്ഥാനം ഗണിച്ചപ്പോള്‍ നന്നായ് തളിര്ത്തിരുന്ന ഞാവല്‍ച്ചെടി വര്ക്കേരിയക്കുള്ളിലായിപ്പോയി. മൂപ്പരെ കടയോടെ അറുക്കേണ്ടിവന്നു. മുരടിച്ച് നിന്നതിന് പുരോഗതിയുണ്ടായില്ല. പിന്നെ ഇരട്ടകളിലായ് എന്റെ പ്രതീക്ഷ. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഒരേപോലെ വളര്‍ന്നിരുന്ന ഇരട്ടകളിലൊന്ന് ഉണങ്ങിപ്പോയി. അപ്പോള്‍ മറ്റേയാള്‍ ആദ്യത്തേക്കാള്‍ ഉത്സാഹത്തില്‍ വളര്‍ന്നു. സ്വന്തം സഹോദരന് വളരാന്‍ വേണ്ടി ഒന്നൊന്നിന് ബലിയായി എന്നേ ഞാന്‍ കരുതുന്നുള്ളൂ. ആത്മത്യാഗം; വിട്ടുവീഴ്ച! മഹത്തായ പുണ്യം ആര്ജ്ജിച്ചുകൊണ്ടായിരിക്കണം ആ ജീവന് ഈ ഭൂമിയില്‍ നിന്ന് വിട്ടുപോയത്.
ആ ഇരട്ടകളിലൊന്ന് ഇന്ന് വലിയ മരമായിരിക്കുന്നു. സദാസമയവും അതിലൊരു ഓന്ത് ധ്യാനിച്ചിരിക്കുന്നത് കാണാം. ഞാവലിന് നനക്കുന്നതും പരിപാലിക്കുന്നതും കണ്ട് എന്നെ കളിയാക്കിയവര്‍ ഏറെയുണ്ട്. കഴിഞ്ഞ കൊല്ലം ഞാവല്‍ കായ്ച്ചു. ഞങ്ങള്‍ താഴെ വിരിപ്പ് നിരത്തി കനികള്‍ കേടുകൂടാതെ ശേഖരിച്ചു. ഗൃഹാതുരമായോര്മ്മകള് അയവിറക്കിക്കൊണ്ടാ പഴം നുണയുമ്പോള്‍ അനുഭവിച്ച നിര്‍വൃതി പറഞ്ഞറിയിക്കാനാകില്ല. പേരശ്ശനൂര്‍ ഗ്രാമത്തില്‍ പൊതുനിരത്തുകളിലെ ഞാവല്‍ മരങ്ങളൊക്കെ ഏതാണ്ട് കാണാക്കാഴ്ചകളായി.
പ്രായശ്ചിത്തം കൂടിയാണെനിക്കെന്റെ ഞാവല്‍മരം. ഹൈവേ വികസനത്തിന് വേണ്ടി കേരളക്കരയിലെ വലിയ ശതമാനം ഞാവല്‍ മരങ്ങളും വെട്ടിപ്പോകുന്നു!
സപ്പോട്ട
മാമ്പഴം കഴിഞ്ഞാല്‍ എന്റെ മണ്ണില്‍ വിളയുന്ന പഴങ്ങളില്‍ ഇഷ്ടം സപ്പോട്ടയോടാണ്. കുടുംബാംഗങ്ങള്‍ക്കും അങ്ങനെതന്നെ. നേഴ്സറിയില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ ചെടികളില്‍ വെച്ചേറ്റവും മൂപ്പും പെരുപ്പവും സപ്പോട്ട ചെടിക്കായിരുന്നു. അന്നേ അതില്‍ കായകളുണ്ടായിരുന്നു. പലര്‍ക്കും അതുകണ്ട് കുശുമ്പിളകി. വീടിന്റെ പിന്നാമ്പുറത്തെ മൂലയിലാണ് സപ്പോട്ടക്ക് ഇടം കൊടുത്തത്. അവിടെ നിന്നങ്ങോട്ട് ഒറ്റക്കൊല്ലം മുടങ്ങാതെ കായ്ക്കുന്നു. മരത്തിന്റെ ഊക്ക് കൂടുന്നതനുസരിച്ച് കായ്ഫലവും വര്‍ദ്ധിക്കുന്നുണ്ട്. സപ്പോട്ട അറുത്തുവെച്ച് പഴുപ്പിക്കലാണുചിതം. പക്ഷേ കുടുംബാംഗങ്ങള്‍ക്ക് സപ്പോട്ട പ്രിയങ്കരമാണെങ്കിലും അതിന് ചുവട്ടിലേക്ക് ചെല്ലാന്‍ മടിയാണ്. സപ്പോട്ട മതിലിനോട് ചാരിയാണ് നില്‍ക്കുന്നത്. മതില് കഴിഞ്ഞാലങ്ങോട്ട് പൊന്തക്കാടുകളാണ്. സപ്പോട്ട മരത്തിനരുകിലുള്ള മതിലിന്റെ ഫൗണ്ടേഷനില്‍ ഒരു മാളമുണ്ട്. അതിലൊരു വമ്പന്‍ ചേര പാര്‍ക്കുന്നു. ചേരയെ ഇടക്കിടെ ഞങ്ങളുടെ പറമ്പില്‍ കാണാം. മഹാസാധുവാണ്. ഉപദ്രവിക്കുകയൊന്നുമില്ല. എന്നാലും കാണുമ്പോള്‍ ഭയങ്കരം തന്നെ. അത് വസിക്കുന്നത് സപ്പോട്ടച്ചോട്ടിലാണെന്നറിഞ്ഞതുമുതല് ഭാര്യക്കും മോള്‍ക്കും അവിടം അസ്പൃശ്യമായ് മാറി. കോണ്‍ക്രീറ്റിട്ട് മാളം അടക്കണമെന്നൊക്കെ അവര്‍ പലവട്ടം മുനിഞ്ഞു. ഞാന്‍ ചെവികൊണ്ടില്ല. ആ ഉരഗത്തിനും എന്റെ മണ്ണില്‍ പക്ഷികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കും പോലെ അവകാശം ഞാന്‍ പതിച്ചുകൊടുത്തു കഴിഞ്ഞു. അങ്ങോട്ട് വേദനിപ്പിച്ചാലല്ലാതെ ഒരു പാമ്പും മനുഷ്യനെ ഉപദ്രവിക്കുകയില്ലായെന്നെനിക്കുറപ്പാണ്. ചേര പാര്‍ക്കുന്നതിന്റെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ ഒരു പൊട്ടക്കിണറുണ്ട്. അതില്‍ മുഴുമുഴുത്ത കുറേ തവളകളും. അതാണ് മൂപ്പരിവിടെ തമ്പടിക്കുന്നതിന്റെ രഹസ്യം. ഇടക്കൊക്കെ ചേര അമുക്കുന്ന തവളകളുടെ അമര്‍ത്തിയ കരച്ചില് കേള്‍ക്കാം. ഞാനാ കാര്യത്തിലൊന്നും ഇടപെടാറില്ല. അവരായി, അവരുടെ പാടായി. പഴങ്ങളും കിഴങ്ങും തിന്ന് പാമ്പിന് ജീവിക്കാനാവില്ലല്ലോ.
അറ്റ വേനല്‍ക്കാലത്ത് സപ്പോട്ട മരത്തിന്റെ തണലില്‍ തണ്ണീര്‍ക്കുടമൊരുക്കുന്ന പതിവും എനിക്കുണ്ട്. ചില ദിവസങ്ങളില്‍ ചേരയും വന്ന് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ട്. ശല്യപ്പെടുത്താതെ ഞാന്‍ അകന്നു നില്ക്കും. ഇനി എന്നെ കണ്ടാലും പുള്ളിയിപ്പോള്‍ പഴയപോലെ ധൃതിപ്പെട്ട് മറയുകയൊന്നുമില്ല. ഞാന്‍, സപ്പോട്ട മരം, തണ്ണീര്‍ക്കുടം…. ഒരു പൊരുത്തം വന്നുകഴിഞ്ഞിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഒരു ചെമ്പന്‍ കീരിയുടെ വിസിറ്റും ഉണ്ടാകാറുണ്ട്. പാമ്പിന്റെ കാര്യത്തില്‍ അതുമാത്രമാണെന്റെ പേടി. സപ്പോട്ട പഴമായ് തിന്നാതെ അതിന്റെ കാമ്പും ബൂസ്റ്റും പാലും ചേര്‍ത്ത് ഷെയ്ക്കുണ്ടാക്കലാണ് ഞങ്ങളുടെ പതിവ്. ആ ജ്യൂസ് രുചിയുടെ കാര്യത്തില്‍ പായസത്തെ പോലും വെല്ലും. ഒരിക്കല്‍ അതുകഴിച്ച ഒരതിഥി പറഞ്ഞത് ഭാര്യയുടെ കൈപ്പുണ്യത്തെക്കുറിച്ചാണ്. ഞാന്‍ കൂട്ടിച്ചേര്‍ത്തു, കൈപ്പുണ്യം മാത്രമല്ല….. ഞാനദ്ദേഹത്തെ പിന്നാമ്പുറത്തെ സപ്പോട്ടമരത്തിന് ചോട്ടിലേക്ക് കൊണ്ടുപോയി. മൂത്ത് വിളഞ്ഞ് നില്ക്കുന്ന പഴങ്ങള്‍ കണ്ട് പുള്ളി അതിശയിച്ചു. ആള് മൊബൈലില്‍ തുരുതുരാ ഫോട്ടോകളെടുത്തു. സ്വന്തം പുരയിടത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ചില പദ്ധതികള്‍ വിഭാവനം ചെയ്താണ് അന്ന് പുള്ളി പോയത്.
പക്ഷികള്‍ക്കുവേണ്ടി കുറച്ചൊക്കെ മാറ്റിവെച്ചേ സപ്പോട്ടയെന്നല്ല എന്തു കനിയും ഞാനറുക്കാറുള്ളൂ. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ ഭൂമിക്കും വൃക്ഷങ്ങള്ക്കുമൊക്കെ മനുഷ്യര്‍ മാത്രമല്ല ഈ മനോഹര ഇടത്തിന്റെ അവകാശികള്‍.
യാതൊരു പരിപാലനവും വേണ്ടാത്ത വൃക്ഷമാണ് സപ്പോട്ട. എന്നാലോ രുചികരം മാത്രമല്ല ഏറെ പോഷകസമൃദ്ധവും. മറ്റെല്ലാ ഫലങ്ങളും ചുറ്റുപാടുകളിലേക്ക് എത്തിക്കാറുണ്ട്. സപ്പോട്ട മാത്രം കൊടുക്കില്ല. ഞങ്ങളുടെ കൊതി തീര്‍ന്നിട്ടുവേണ്ടേ മറ്റുള്ളവരിലേക്കെത്തിക്കാന്‍!
പാഷന് ഫ്രൂട്ട്
ബാല്യത്തില്‍ എന്റെ സഹപാഠിയും അയല്പക്കക്കാരനുമായിരുന്ന പ്രകാശന്റെ വീട്ടില്‍ പാഷന്‍ഫ്രൂട്ട് ഉണ്ടായിരുന്നു. അന്ന് ഞങ്ങളതിനെ ‘സര്ബത്തുങ്കായ’ എന്നാണ് വിളിച്ചിരുന്നത്. എന്റെയറിവില്‍ ചുറ്റുപാടുകളില്‍ അന്ന് പ്രകാശന്റെ വീട്ടില്‍ മാത്രമേ പാഷന് ഫ്രൂട്ടുള്ളൂ. അതുകൊണ്ടുതന്നെ അപൂര്‍വ്വമായ ആ പഴത്തിന് ആവശ്യക്കാരേറെയുണ്ടായിരുന്നു. അവരുടെ പടിക്കലില്‍ കമാനത്തിന്റെ രൂപത്തിലിട്ട പന്തലില്‍ ആ വള്ളികള്‍ പടര്‍ന്നുപിടിച്ച് പരിലസിച്ചു നില്‍ക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു. പ്രകാശന്റെ വീട്ടിലും അവന്റെ വലിയച്ഛന്റെ വീട്ടിലുമായ് തന്നെ എട്ടുപത്ത് കുട്ടികളുണ്ട്. അതുകൊണ്ട് നല്ല അരിശിയുള്ള ആ പഴം എനിക്കൊക്കെ വല്ലപ്പോഴും കിട്ടാനെ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ഞാനത് ബോളൈസ്ക്രീമാകൃതിയില് മൂട് ചെത്തി പഞ്ചസാരയിട്ടിളക്കി സ്പൂണ്‍കൊണ്ട് ഐസ്ക്രീം നുണയുന്നതുപോലെ കോരിക്കഴിക്കും. ഒരിക്കലും മതി വരാത്ത ആ പഴത്തിന്റെ വിത്ത് പാകി വീട്ടില്‍ പിടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഫലമായില്ല. കുറേക്കാലം കഴിഞ്ഞപ്പോള്‍ മുന്‍വശമാകെ കാട് പിടിച്ചു എന്നു പറഞ്ഞ് പ്രകാശന്റെ വീട്ടുകാര്‍ പാഷന്‍ഫ്രൂട്ട് വള്ളികളെല്ലാം വെട്ടി വെടിപ്പാക്കിക്കളഞ്ഞു. പിന്നെ പരിസരപ്രദേശങ്ങളിലൊന്നും ഞാന്‍ പാഷന്‍ഫ്രൂട്ട് കണ്ടിട്ടില്ല.
മുതിര്‍ന്നപ്പോള്‍ മറ്റെല്ലാ മോഹചെടികളുമായി എന്നായപ്പോള്‍ പാഷന്‍ഫ്രൂട്ടില്‍ കണ്ണുവെച്ചു. എന്റെ പരിചയത്തിലുള്ള നഴ്സറികളിലൊ, ടൗണിലെ ചെടിക്കാരന്റെയടുത്തോ അന്നതുണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ കരാറുപണി ചെയ്തിരുന്ന കാടാമ്പുഴ – കരേക്കാടുള്ള ഒരു വീട്ടില്‍ നിന്ന് ഏതാനും ചെടികള്‍ സംഘടിപ്പിച്ചു നട്ടു. ഒരെണ്ണം പിടിച്ചു. നല്ല പശിമയും നനവുമുള്ള ഇടത്ത് അതുവേഗം പടര്‍ന്നുല്ലസിച്ചു. ചൂടിക്കയറുകള്‍ കെട്ടി വിറകുപുരയുടെ ടെറസ്സിലേക്കതിനെ ആനയിച്ചു. ഒരു വര്‍ഷമായപ്പോഴേ പുഷ്പിക്കുന്നു. വെളുത്ത പൂക്കള്‍. കായ്കള്‍ പഴുത്തപ്പോള്‍ ഗൃഹാതുരതയോടെ മതിവരുവോളം കഴിച്ചു. എന്തുകൊണ്ടോ ഭാര്യക്കും മോള്‍ക്കും പാഷന്‍ഫ്രൂട്ട് അത്ര പിടിച്ചില്ല. എന്റെ വീട്ടില്‍ നിന്ന് വിത്തുകൊണ്ടുപോയി അയല്പക്കക്കാരും വള്ളി പിടിപ്പിച്ചു. കുറേ കഴിച്ചപ്പോള്‍ എനിക്ക് മതിയായി. പഴത്തിന് ഡിമാന്റില്ലാതാകുന്നു. പക്ഷികള്‍ കാമ്പ് തുരന്ന് തിന്നാലായി. ചുവട്ടില്‍ അനവധി കായ്കള്‍ പൊഴിഞ്ഞുകിടപ്പുണ്ടാകും. മാത്രമല്ല വള്ളികള്‍ വിറകുപുരയില്‍ നിന്ന് വീടിന്റെ ടെറസ്സിലേക്കും മറ്റു മരങ്ങളിലേക്കുമൊക്കെ പടര്‍ന്ന് കാനലായി. കൊഴിഞ്ഞ ഇലയും പഴവും അടിച്ചുവാരി വൃത്തിയാക്കുമ്പോള്‍ ഭാര്യ പ്രാകും. ”മെനക്കേട്! ആര്‍ക്കും വേണ്ടെങ്കില്‍ ഇതങ്ങ് വെട്ടിക്കളയുകയല്ലേ നല്ലത്?”
പാഷന് ഫ്രൂട്ടിന്റെ മൂലവള്ളിക്ക് ആ സമയം രണ്ട് ഇഞ്ചോളം വണ്ണം വന്നിട്ടുണ്ടായിരുന്നു. ഭാര്യയുടേയും മകളുടേയും പ്രാക്കും പതംപറച്ചിലും കുറേ ആ വള്ളിപ്പടര്‍പ്പ് കേട്ടു. എന്നിട്ടും അത് വെട്ടിക്കളയാന്‍ ഞാന്‍ മുതിര്‍ന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴതാ ചെടി താനെ ഉണങ്ങുന്നു. ഒരു മാസം കൊണ്ട് സമ്പൂര്ണ്ണമായുണങ്ങി നാമാവശേഷമായി. ഒരു ബാധയൊഴിഞ്ഞ പോലെയായ് വീട്ടുകാരി. ചെടി മണ്ണടിഞ്ഞ് ഏതാനും മാസം പിന്നിട്ടപ്പോഴുണ്ട് എന്റെ പ്രിയ അദ്ധ്യാപിക അംബുജടീച്ചര് അന്വേഷിക്കുന്നു: ”പ്രദീപിന്റെ വീട്ടില്‍ പാഷന്‍ഫ്രൂട്ട് ധാരാളമുണ്ടെന്ന് കേട്ടു. എനിക്ക് കുറച്ച് കിട്ടിയാല്‍ നന്നായിരുന്നു.” ടീച്ചര്‍ക്ക് ചില്ലറ ആരോഗ്യപ്രശ്നങ്ങളുണ്ട്. പാഷന് ഫ്രൂട്ട് കഴിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചതാണ്.
പ്രയാസത്തോടെ ടീച്ചറോട് ഉള്ളത് തുറന്നുപറഞ്ഞു. പിന്നീട് ഒരു വാരികയില്‍ നടന് സലിംകുമാറിന്റെ അഭിമുഖം വായിച്ചപ്പോള്‍ പലതും തിരിഞ്ഞു. അദ്ദേഹം പറയുന്നു: പണ്ട് അത്യാചാരങ്ങള്‍ പുലര്‍ത്തിയിരുന്ന പ്രത്യേകതരം ആദിവാസികള്‍ വൃക്ഷത്തെ ചീത്ത പറഞ്ഞ് ഉണക്കിയിരുന്നത്രെ! നിത്യവും ഒരു വൃക്ഷത്തെ പച്ചത്തെറി പറയുകയും പ്രാകി പണ്ടാരമടക്കുകയും ചെയ്യുക. അതായത് തുടര്‍ച്ചയായ് നെഗറ്റീവ് എനര്‍ജി വര്‍ഷിക്കുക. വന്വൃക്ഷങ്ങളെപോലും അങ്ങനെ ഉണക്കാമെത്രെ! വൃക്ഷങ്ങള്‍ക്കും സംവേദനശേഷിയുണ്ടെന്നുറപ്പ്. ഒരുപക്ഷെ എന്റെ പാഷന്‍ഫ്രൂട്ട് വല്ലികളും ഉണങ്ങിയത് അങ്ങനെയല്ലന്നാരുകണ്ടു? അധികപ്പറ്റായെന്നു തോന്നിയപ്പോള്‍ ഉടമസ്ഥര്‍ക്ക് ഭാരമാവാതെ സ്വയം ഒടുക്കിയതാകാം. അതൊരു നൊമ്പരമായിന്നും ഉള്ളില്‍ കല്ലിച്ചു കിടക്കുന്നു.
ഇത് കഴിഞ്ഞിട്ടിപ്പോള്‍ ഏഴ് വര്‍ഷമായി. അതിനിടക്ക് എന്റെ അമ്മക്കും ഭാര്യാമാതാവിനും ഹൈഷുഗര്‍ വന്നു. അവരുടെ ഭിഷഗ്വരനും നിര്‍ദ്ദേശിക്കുന്നു: പാഷന്‍ഫ്രൂട്ട് കഴിക്കുക!
ശേഷം ഒരു പാഷന്‍ഫ്രൂട്ട് വള്ളി പിടിപ്പിക്കാന്‍ ഞങ്ങള്‍ നന്നായ് അദ്ധ്വാനിക്കുന്നു. പടര്പ്പുകളായ് വളരാന്‍ മുതിരാതെ കുത്തിയിടത്തു തന്നെ അത് ശോഷിച്ചു നില്ക്കുന്നു. പണ്ട് വര്‍ഷിച്ച നെഗറ്റീവ് എനര്‍ജി ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ടോ? മാപ്പുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നുണ്ട്. പശ്ചാത്താപമായിനി വേറെ എന്തുചെയ്യണം?
കടപ്ലാവ്
മേലേപ്പാട്ട് വീട്ടില്‍ മാങ്കൂട്ടങ്ങള്ക്കിടയിലൊരു കടപ്ലാവ് മരമുണ്ടായിരുന്നു. ഏറെ വയസ്സുള്ള ആ ആ മരം നേര്തടിയല്ലാതെ ഗോളാകൃതിയിലാണ് പന്തലിച്ചു നിന്നിരുന്നത്. ഏകദേശം അഞ്ചുസെന്റ് സ്ഥലമെങ്കിലും ആ മരം സ്വന്തം അധീനതയിലാക്കി തീര്‍ത്തിരുന്നു. തുരുതുരാ ഇണച്ചങ്ങള് ഉള്ള ആ മരത്തില്‍ ആര്‍ക്കും നിഷ്പ്രയാസം കയറാം. ഞാനവിടെ ചെന്നിരുന്നപ്പോള്‍ വലിയമ്മ എന്നെക്കൊണ്ടാണ് കടച്ചക്ക അറുപ്പിച്ചിരുന്നത്. ഇലകളേക്കാള്‍ കൂടുതല്‍ ഫലങ്ങള്‍ തൂങ്ങിയിരുന്ന ആ വൃക്ഷത്തില്‍ നിന്ന് തോട്ടിയോ, കൊക്കയോ ഒന്നും കൂടാതെ കായ്കള്‍ പറിക്കാം, വഴക്കമുള്ള കൊമ്പുകളില്‍ ഇരുന്ന് ചാഞ്ചാടി കളിക്കാം.
ആ തരത്തിലുള്ള കടപ്ലാവുമരമായിരുന്നു സങ്കല്പത്തില്. പക്ഷെ എന്റെ പറമ്പിലെ കടപ്ലാവുമരം ഒറ്റാംതടിയായാണ് വളര്‍ന്നത്. പത്തുപതിനഞ്ചടി കഴിഞ്ഞിട്ടേ ശിഖിരങ്ങള്‍ പൊടിച്ചുള്ളൂ. വീടിന്റെ മുന്‍വശത്ത് അതിരിനോട് ചേര്‍ന്ന് ബദാമിന്റേയും ഞാവലിന്റേയും ഇടയിലായിട്ടാണ് കടപ്ലാവിന്റെ സ്ഥാനം. അതിരിനപ്പുറം അയല്‍വാസിയുടെ ഗൃഹം. അവിടത്തെ ഗൃഹനാഥന് വിശ്വാസം അല്പം കൂടിയ കൂട്ടത്തിലുള്ള വ്യക്തിയാണ്. എന്നോട് ഇടക്കൊക്കെ സൂചിപ്പിക്കും: ”കടപ്ലാവ് വീടിനേക്കാള്‍ ഉയരം വെച്ചാല്‍ ഉടമസ്ഥന് കടം വന്ന് മുടിയും!” അങ്ങനെയുള്ള നിരവധി സംഭവങ്ങളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ട് പ്രസ്തുത ദോഷവൃക്ഷത്തെ മുറിച്ചു കളയുകയാണുത്തമമെന്നാണ് മൂപ്പരുടെ മതം.
തെങ്ങിന് നനക്കുമ്പോഴൊക്കെ കടപ്ലാവിനും വെള്ളം കൊടുക്കും. എന്നിട്ട് ഞാനതിനെ തഴുകിക്കൊണ്ട് മൊഴിയും: ” നീയെത്ര വേണമെങ്കിലും പൊക്കം വെച്ചോ. ആരും നിന്നെ ഉപദ്രവിക്കില്ല.”
ഞാന്‍ നാട്ടിലെ എന്റെ പരിചയത്തിലുള്ള കടപ്ലാവ് നില്ക്കുന്ന വീടുകളെ പറ്റിയൊക്കെയൊന്ന് ചുഴിഞ്ഞ് വിശകലനം ചെയ്തു. ഏറ്റവും പ്രധാനം വൈദ്യനാഥന് മാഷുടെ വീടാണ്. ഇരുനിലകളുള്ള ആ വീടിനേയും കവച്ചുനില്ക്കുന്ന രണ്ട് വന്‍ കടപ്ലാവുമരങ്ങളാണ് ആ മണ്ണിലുള്ളത്. മാഷിന് അഭിവൃദ്ധിയേയുള്ളൂ. ഗൃഹനാഥനും ഗൃഹനാഥയും അദ്ധ്യാപകര്‍. മകന് വിദേശത്ത് നല്ല ജോലിയില്‍. മരുമകള്‍ ഗവ: നേഴ്സ്. എന്തായാലും ഇതുവരെ ആ കുടുംബത്തിന് കടം വന്നുവെന്ന് കേട്ടിട്ടില്ല.
അഞ്ചാംകൊല്ലം എന്റെ കടപ്ലാവ് കായ്ച്ചു. ആദ്യ തവണ വിരലിലെണ്ണാവുന്ന ചക്കകളെ വിളഞ്ഞുള്ളൂ. കൊല്ലം കഴിയുന്തോറും എണ്ണവും ഫലത്തിന്റെ തുടവും വര്‍ദ്ധിച്ചുവരുന്നു. നല്ല പൊടിയുള്ള ഇനമാണ്. കോഴിക്കറി പോലെ മസാലക്കൂട്ടാന്‍ വെക്കാം. പിന്നെ ഇഷ്ടു, ഉപ്പേരി, കൊണ്ടാട്ടം, കട്ലറ്റ് തുടങ്ങിയ രുചികരമായ വിഭവങ്ങളും. ചുറ്റുവട്ടത്തുള്ള എട്ട് വീടുകളിലേക്ക് എല്ലാ സീസണിലും ഒരു ചക്കയെങ്കിലും ഞാന്‍ എത്തിക്കാറുണ്ട്. അവരുടേയും പ്രിയപ്പെട്ട മരമാണിന്നീ കടപ്ലാവ്. ഇക്കുറി ഏതാണ്ട് 50 ചക്കകള്‍ ഉണ്ടായി. പക്ഷെ ഏറ്റവും മുകളിലുള്ളതെല്ലാം പറിക്കാന്‍ ബുദ്ധിമുട്ടാണ്. മരംകയറ്റത്തില്‍ ഞാനത്രത്തോളം വിദഗ്ദ്ധനല്ല.
ചിലര്‍ തരം കിട്ടുമ്പോഴൊക്കെ ‘കടപ്ലാവുദോഷം’ ഇപ്പോഴും ഉപദേശിക്കാറുണ്ട്. എന്തായാലും എന്റെ വീടിന്റെ മുകള്നിലയുടെ ഏതാണ്ടുയരത്തിലേക്ക് കടപ്ലാവ് വളര്‍ന്നു കഴിഞ്ഞു. ഇനി കടം വരുകയാണെങ്കില്‍ അങ്ങ് വരട്ടെ. ഒരു വൃക്ഷത്തെ പരിപാലിച്ച് വളര്‍ത്തിയ കാരണം ഒരാള്‍ മുടിയുകയാണെങ്കില് ആ ദുരിതത്തെ ഏറ്റുവാങ്ങുന്നതും പരിസ്ഥിതി പ്രവര്‍ത്തനം തന്നെ.
മൂസമ്പി
ഞാനും ഭാര്യയും കൂടി ടൗണില്‍ നിന്ന് ഒരു മോഹന്‍ലാല്‍ സിനിമ മാറ്റിനിഷോ കണ്ട് മടങ്ങുമ്പോള്‍ മാര്‍ക്കറ്റ് ബില്ഡിംഗിനരുകിലെ ചെടിക്കച്ചവടക്കാരനില് നിന്ന് വാങ്ങിയതാണ് പിന്നീട് ഞങ്ങളുടെ പ്രിയപ്പെട്ട മൂസമ്പി മരമായ് തീര്‍ന്നത്. എന്റെ ഭാര്യയും മൂസമ്പി മരവുമായി ബന്ധപ്പെട്ട് അസുഖകരമായ ചില സംഗതികള്‍ ഉണ്ടായി.
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുമ്പോള്‍ ചെടിക്ക് അരയാള്‍ പൊക്കമുണ്ട്. ബൈക്കിലായിരുന്നു ഞങ്ങളുടെ യാത്ര. ഭാര്യ കൂടെയുള്ള ധൈര്യത്തിലാണ് ഞാനത്രയും വലിയ പ്ലാന്റ് വാങ്ങിയത്. ഭാര്യ, കുറച്ചൊക്കെ മുള്ളുകളുള്ള ചെടി പിടിച്ച് ബൈക്കിന്റെ പിന്നിലിരുന്നു. ഞങ്ങളുടെ പോക്കുകണ്ട് ടൗണിലെ ഏതോ ഒരു ദോഷൈകദൃക്ക് കളിയാക്കി കൂക്കി. ആ നിമിഷം ഭാര്യ വണ്ടി സൈഡാക്കാന്‍ പറഞ്ഞ് ഓരേ വാശി. ”എനിക്കുവയ്യ ആള്‍ക്കാരുടെ കളിയാക്കല്‍ കേട്ട്… ” ഞാനെന്തുപറഞ്ഞിട്ടും അവള് കൂട്ടാക്കിയില്ല. അവസാനം ചെടി ബൈക്ക്ഹാന്റലില് തൂക്കി പ്രയാസപ്പെട്ടുപോരേണ്ടിവന്നു. വീട്ടിലെത്തിയപ്പോള്‍ വാശിയോടെ ഞാന്‍ ഭാര്യയോട് പ്രഖ്യാപിച്ചു. ”ഈ മൂസമ്പി എന്നെങ്കിലും കായ്ച്ചാല് ഒരെണ്ണം നിനക്ക് തരില്ല. നിനക്കതിനുള്ള അവകാശമില്ല.” അവളത് നിസാരമായ് തള്ളി.
അഞ്ചാറ് വര്‍ഷം കഴിഞ്ഞപ്പോള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തെ മൂസമ്പി പൂത്തു. മുല്ലപ്പൂക്കളുടേതുപോലുല്ല സൗരഭ്യം പരത്തുന്ന വെളുത്ത നറുപുഷ്പങ്ങള്‍! ഇനി കായ്കള്‍ കൊഴിഞ്ഞാലും ഈ സൗരഭ്യം മതിയല്ലോ സന്തോഷത്തിന് എന്ന് കരുതുകയും ചെയ്തു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ എണ്ണം വിളവുകിട്ടി. അയല്ക്കാര്ക്കെല്ലാവര്ക്കും അത്ഭുതമായിരുന്നു. സാധാരണ കേരളമണ്ണില്‍ അധികം വളരുന്ന ഇനമല്ല മൂസമ്പി. വൃക്ഷത്തില്മേല് നിന്ന് പഴുക്കാന്‍ പാടില്ലാത്ത കനിയാണ് മൂസമ്പി. കനികളറുത്തപ്പോള് ഞാന്‍ മുമ്പ് നടന്ന സംഭവവും അന്നത്തെ വാശിയെപറ്റിയും ഭാര്യയോട് സൂചിപ്പിച്ചു. പെണ്‍ബുദ്ധി നോക്കൂ, അത് മൂസമ്പിമരമല്ലായിരുന്നെന്നും വളര്‍ന്നിട്ടും മച്ചിയായ് നില്ക്കുന്ന കുടമ്പുളിമരമായിരുന്നെന്നും ഭാര്യ അടവുനയമെടുത്തു കളഞ്ഞു. ജ്യൂസടിച്ചു കുടിക്കുമ്പോഴും യാതൊരു മനഃസാക്ഷിക്കുത്തും അവള്ക്കുണ്ടയില്ല. മൂസമ്പിക്ക് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയാണ്. 5 കൊല്ലം മുമ്പ് ഒരു ജ്യൂസിന് തന്നെ 40 രൂപയുണ്ട്. ആ സ്ഥാനത്താണ് അതിലും ഗുണനിലവാരവും രുചിയുമുള്ള ജ്യൂസ് ഞങ്ങള്‍ മതിവരുവോളം കുടിക്കുന്നത്.
നാരങ്ങായിനത്തില് ഒരു വന്മരം എന്റെ ഗ്രാമത്തില്‍ ഞാന്‍ കണ്ടത് പാല്‍ക്കാരി ദാക്ഷായണിയമ്മയുടെ വീട്ടിലാണ്. ആ കുടുംബം മൃഗവാല്ത്സല്യത്തിന് പേര് കേട്ടവരാണ്. അവരുടെ വീട്ടില്‍ എന്നും പട്ടികളും പൂച്ചകളുമുണ്ടാകും. അതുകൊണ്ട് മിക്കവര്‍ക്കും അങ്ങോട്ട് പോകാന്‍ മടിയാണ്. നാല്ക്കാലികളുമായി പരസ്പരമൊരു ഇണക്കം എനിക്കെന്നും അനുഭവപ്പട്ടിരുന്നു. അവരൊന്നും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദാക്ഷായണിയമ്മയുടെ വീട്ടിലേക്ക് പോകാന്‍ എനിക്കൊരിക്കലും ഭയമുണ്ടായിട്ടില്ല. അവരുടെ പശുത്തൊഴുത്തിലെ ചാണകക്കുണ്ടിനരികില് ഘോരമായ മുള്ളുകള്‍ നിറഞ്ഞ ഒരു വന്ചെറുനാരങ്ങാമരമുണ്ട്. അതില്‍ തുരുതുരാ നാരങ്ങ തൂങ്ങി നില്‍ക്കുന്നത് കാണാന്‍ എന്തുരസം. ആ വൃക്ഷം എന്നെയെന്നും മോഹിപ്പിച്ചിരുന്നു. ആ മാതൃക സങ്കല്പ്പിച്ച ഞാന്‍ നട്ട ചെറുനാരങ്ങാച്ചെടി അധികം വളര്‍ന്നില്ല. ബദാംമരത്തിന്റെ തണലില്പ്പെട്ട് ഒതുങ്ങിപ്പോയി. ചില മനുഷ്യരും അങ്ങനെയാണല്ലോ. അതൊരു ലൗകികസ്വഭാവമാണ്. ചെറുനാരങ്ങാച്ചെടികള്ക്ക് വളരാന്‍ നല്ല ചൂടും സൂര്യപ്രകാശവും വേണം. ആ നിരയില്‍ എന്റെ പറമ്പില്‍ തെളിഞ്ഞത് മൂസമ്പിമരമാണ്.
എന്റെ മൂസമ്പി ഇതിലും വന്മരമാകട്ടെ. ദാക്ഷായണിയമ്മയുടെ നാരങ്ങാമരത്തിന് ചോട്ടില് കൊതിപ്പെട്ടും അതിശയിച്ചും ഞാന്‍ നിന്നതുപോലെ, ആളുകളെല്ലാം അസൂയയോടെ മൂസമ്പിമരത്തെ നോക്കുന്ന കാലം സംജാതമാകട്ടെ.
നെല്ലിമരം
അന്ന് വീട് വെച്ചിട്ടില്ല. പറമ്പിലെങ്ങും ഭാവിയില്‍ ഫലവൃക്ഷങ്ങളാകേണ്ട തൈകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ചെടികള്‍ കുത്താന്‍ ഇനിയിടമില്ലെങ്കിലും ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ ടൗണിലെ ചെടിക്കാരന്റെയടുത്തേക്ക് ചെല്ലും. ചെടികളെ പറ്റിയും കൃഷിയെ പറ്റിയും പ്രകൃതിയെ പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിക്കും. അയാള്‍ ഒരു കച്ചവടക്കാരന് മാത്രമായിരുന്നില്ല. നന്മ വഴിയുന്ന ഒരു മനസ്സ് അയാള്‍ക്കുണ്ടായിരുന്നു.
ഒരു ദിനം ”ഇനിയേതെങ്കിലും മരങ്ങള്‍ നടാന്‍ ബാക്കിയുണ്ടോ” എന്ന് മൂപ്പരെന്നോട് തിരക്കി. കുറേ ആലോചിച്ച് നെല്ലിമരം ഇല്ലായെന്ന് ഞാന്‍ വ്യക്തമാക്കി. അയാള്‍ അന്നേരം ചെടികള്‍ക്കിടയില്‍ കുറേനേരം തിരഞ്ഞ്, കൂരിച്ചു നില്ക്കുന്ന, മതിപ്പ് തോന്നാത്തതിനാല്‍ ആരും വാങ്ങാന്‍ ഇടയില്ലാത്ത ഒരു കുഞ്ഞുനെല്ലിച്ചെടി എനിക്ക് തന്നുകൊണ്ട് പറഞ്ഞു. ”ഇത് എന്റെ വക ഫ്രീയാണ്.”
വാസ്തവത്തില്‍ ആ ചെടിക്ക് ഇലകളൊന്നുമില്ലായിരുന്നു. ആവതില്ലാത്ത ഒരു പൊടിപ്പുമാത്രം. ഞാനതുമായി നേരെ പറമ്പിലേക്ക് പോയി. ശരിക്കും അതിനിടം കൊടുക്കാനാവാതെ കുഴങ്ങി. അവസാനം വളരാന്‍ സാധ്യത തീരെയില്ല എന്ന അലംഭാവത്തോടെ ഒരിടത്തു നട്ടു. കരുതിയതുപോലെ അത് വളര്‍ന്നില്ല. ഞാനതു വിട്ടു. കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ട് വീടിന് കുറ്റിയടിച്ച് തറ
കെട്ടികഴിഞ്ഞപ്പോഴാണ് തറയോട് ചേര്‍ന്ന് ഒരു മീറ്റര്‍പോലും ദൂരമില്ലാത്ത അസ്ഥാനത്ത് കമ്മ്യൂണിസ്റ്റപ്പകള്ക്കിടയില് ആ നെല്ലിച്ചെടി തളിര്ത്തുനില്ക്കുന്നത് കണ്ടത്. ഞാനതിനെ ഗൗനിച്ചില്ല. വളര്‍ന്നാലും ആയുസ്സില്ലല്ലോ. അത് വീടിന് ഭീഷണിയാണ്. എന്തുകൊണ്ടോ ത്വരിതഗതിയിലായി പിന്നെ ആ നെല്ലിച്ചെടിയുടെ വളര്‍ച്ച. മറ്റു പല ചെടികളേയും പരിപാലിക്കുമ്പോള്‍ ഞാനതിനെ കാര്യമാക്കിയില്ല. കുറേ കഴിഞ്ഞ് വീടിന് ഭിത്തി കെട്ടിതുടങ്ങിയപ്പോള് ഒരിക്കല്‍ പടവുകാരന്റെ സഹായി ബംഗാളിയുണ്ട് ആ നെല്ലിച്ചെടിയുടെ മീതെ ചെങ്കല്ല് അട്ടിവെട്ടിരിക്കുന്നു. ചെടി ഞെരിഞ്ഞൊടിഞ്ഞമര്ന്നുപോയി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നെയുമുണ്ട് തൂമ്പ് വരുന്നു. വാര്‍പ്പിന്റെ തട്ട് പൊളിക്കുമ്പോള്‍ പലകയും ഷീറ്റും വീണ് വീണ്ടും ചെടി മൃതിയായി. എന്നിട്ടും എന്നെ അമ്പരിപ്പിച്ചുകൊണ്ടതിന് ചിനച്ചം വന്നു. പൂര്‍വ്വാധികം ശേഷിയോടെ വളരാന്‍ തുടങ്ങി. ഒരു പരിചരണവും ലഭിക്കാതെ അതൊരാള്പൊക്കത്തിലേക്ക് പന്തലിച്ചു. എന്തോ അത് വെട്ടിക്കളയാന്‍ മനസ്സുവന്നില്ല. ”വീട് കുടിയിരിക്കുന്നതുവരെയേ നിന്റെ പുളപ്പുള്ളൂ” എന്ന് മനസ്സില്‍ പറഞ്ഞു. അങ്ങനെ വീടുപണിയെല്ലാം പൂര്‍ത്തിയായ് കുടിയിരിപ്പിന് പാകമായി. അപ്രകാരം തൊടിയെല്ലാം വൃത്തിയാക്കാന്‍ ആളെ വിളിച്ചു. ആ സമയത്ത് ടിയാനേയും വെട്ടിമാറ്റണ്ടതാണ്. അപ്പോഴുണ്ട് അകാലത്തില്‍ ഒരു കാഴ്ച കാട്ടി ആ ചെടിയെന്നെ വിസ്മയിപ്പിക്കുന്നു. കഷ്ടി ഒന്നരയാള്‍ പൊക്കം മാത്രമുള്ള ആ ചെടിയില്‍ ഒരേയൊരു നെല്ലിക്ക കാഴ്ച്ചുനില്ക്കുന്നു! ആ കുഞ്ഞുചെടി പറയുന്ന ‘ഭാഷ’ എനിക്ക് വ്യാകരണസഹിതം മനസ്സിലായി. കനിവ് കാട്ടാതിരിക്കാന്‍ ഇനി വയ്യ! അത് വീടിന് പ്രശ്നമാകും, വേരുകളിറങ്ങി തറയും നിലവുമൊക്കെ വിണ്ട്കീറും എന്ന് ഭാര്യയും പണിക്കാരും മാറിമാറി പറഞ്ഞിട്ടും ഞാന്‍ വഴങ്ങിയില്ല.
ഇന്നാ ചെടി വലിയ മരമായിരിക്കുന്നു. വീടിന്റെ ടെറസ്സില്‍ നിന്നും ഇരുപതടിയോളം അതുയരം വെച്ചു. ശാഖോപശാഖകളായാണ് വളര്‍ച്ച. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്നു. വീട്ടില്‍ ഞാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന എന്റെ വായനാമുറിയിലേക്കാണതിന്റെ ശിഖിരങ്ങള്‍ നീളുന്നത്. ഇപ്പോഴും ചിലര്‍ മുന്നറിയിപ്പ് തരാറുണ്ട്. ”കുറേക്കാലം കൂടി കഴിയുമ്പോള്‍ വെട്ടിമാറ്റാന്‍ പ്രയാസമാകും തരത്തില്‍ മരം പൊല്ലാപ്പാകും. ഇപ്പോഴും സമയമുണ്ട്.”
ഇല്ല. ഞാനതു ചെയ്യുകയില്ല. കായ്ഫലം മാത്രമല്ല, ഒരതിജീവനത്തിന്റെ കഥയും ഈ വൃക്ഷം സമൂഹത്തിന് നല്കുന്നു. എത്ര സങ്കീര്‍ണ്ണതകളിലും അവഗണനയിലും ഒരാള്‍ക്ക് വളരാം, ജീവിക്കാം, അതിജീവിക്കാം…!
എനിക്ക് സുരക്ഷിതമായ ജോലിയോ, കരുതിവെപ്പോ ഒന്നുമില്ല, ഒരിക്കല്‍ വാര്‍ദ്ധക്യം എനിക്കും വന്നുചേരും. പെന്‍ഷനോ, മറ്റ് ഭൗതിക പിന്വലമോ ഇല്ലാത്ത അരക്ഷിതമായ വാര്‍ദ്ധക്യം. അപ്പോള്‍….. ? ക്ഷമിക്കുക, ഇതൊരു അതിരുകടന്ന വിചാരമാണ്. ഞന്‍ നട്ടുവളര്‍ത്തി, പരിപാലിക്കുന്ന വൃക്ഷങ്ങളായിരിക്കും അക്കാലമെനിക്ക് താങ്ങ്. പുറത്തുനിന്നൊന്നും വാങ്ങാന്‍ കെല്പ്പില്ലെങ്കിലും ഈ പൊന്മരങ്ങള് എനിക്ക് തണലുതരും, ഭക്ഷണം തരും. അന്ന് നന്ദിയോടെ ഈ നെല്ലിമരമെന്നോട് മന്ത്രിക്കാം. ”നീയെന്നെ പിഴുതുകളഞ്ഞില്ലല്ലോ. നിനക്ക് ഞാനുണ്ട്. ഞങ്ങളുണ്ട.് ഭയക്കേണ്ട്! ”
അരിനെല്ലിയും മറ്റു മരങ്ങളും.
തണ്ടില്‍ നിറയെകുലകുലയായ് കായ്ച്ചുനില്ക്കുന്ന അരിനെല്ലിമരം കാണാന്‍ എന്തുഭംഗി! വീട്ടില്‍ അരിനെല്ലി എന്റെ മോളുടെ സ്വന്തം മരമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രിയങ്കരമാണ് അരിനെല്ലി. അതിന്റെ സവിശേഷമാര്‍ന്ന പുളിരസമാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. പത്തുവയസ്സുള്ള ഞങ്ങളുടെ അരിനെല്ലിമരത്തില് ആ മരത്തിന്റെ വലുപ്പത്തിനിണങ്ങാത്ത വിധം കായ്കളുടെ ധാരാളിത്തമാണ്. പക്ഷികള്‍ക്കും അണ്ണാറക്കണ്ണന്മാര്ക്കുമൊന്നും
വേണ്ടാത്ത കനിയാണ് ഈ പുളിയന്‍ കായ. മകളും അവളുടെ കൂട്ടുകാരുമാണ് അരിനെല്ലിയുടെ ഉപഭോക്താക്കള്‍. പ്രധാന സീസണില്‍ ബാഗിലാക്കി മകള്‍ സ്ക്കൂളിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. അരിനെല്ലിമരത്തെ കാണാന്‍ മോളുടെ കൂട്ടുകാര്‍ വീട്ടിലേക്ക് വന്നിരുന്നതോര്‍ക്കുന്നു. പുതിയ തലമുറയില്‍ വൃക്ഷങ്ങളേയും പ്രകൃതിയേയും സ്നേഹിക്കുന്ന കുട്ടികളുള്ളത് സന്തോഷകരം തന്നെ. ഇതുപൊലെ മൂന്ന് പേരമരവും, ഒരു ഈനാംപഴമരവുമുണ്ട്. അതും കുട്ടികളുടെ സ്വന്തം മരങ്ങളാണ്.
കായ്ക്കുന്ന മരങ്ങളെ പറ്റിയാണ് ഇതുവരെ പറഞ്ഞത്. ഇവരുടെയൊക്കെ സമകാലീകരും എന്നാല്‍ പുഷ്പിക്കാനാരംഭിക്കാത്തതുമായ മരങ്ങള്‍ വേറെയുമുണ്ട്. റംബൂട്ടാന്, മാങ്കോയിസ്റ്റ്, ചെറുനാരങ്ങ, രണ്ടു പുളിമരങ്ങള്‍, അഞ്ച് പ്ലാവുകള്‍, കുടമ്പുളി, ഇലന്തക്ക, ചെറി, നാരകം, മുരിങ്ങ തുടങ്ങിയവര്‍. ചേമ്പ്, ചേന, കാവുത്ത്, മരച്ചീനി, വാഴ (അധികവും നെയ്പ്പൂവന്‍) തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളും കൂട്ടുകാരായുണ്ട്. എളുപ്പത്തില്‍ വേരോടാന്‍ പറ്റിയ ഉറപ്പു കുറഞ്ഞ മണ്ണാണിവിടം. പുഴയുടെ തീരമായതുകൊണ്ടാകും. അതുകൊണ്ടുതന്നെ കിഴങ്ങുകള്ക്കൊക്കെ തുടവും രുചിയും കൂടും. പറമ്പ് വാങ്ങിയ അന്നു നട്ട മരച്ചീനിയുടെ ശേഷക്കാരാണിന്നുമുള്ളത്. കട മാന്തിയാല്‍ അപ്പോള്‍ തന്നെ മണ്ണ് പൊലിപ്പിച്ച് കൊള്ളി കുത്തും. നല്ല വെണ്ണപോലുള്ള ഇവിടത്തെ മരച്ചീനിക്കിഴങ്ങ് ഒരുതവണ കഴിച്ചാല്‍ മറ്റൊരിടത്തേയും കിഴങ്ങ് പിന്നെ മനസ്സില്‍ പിടിക്കില്ല.
ആദ്യ കൊറോണ ലോക്ക് ഡൗണില്‍ ആഹാരത്തിനുള്ള കരുതലായി ഞാന്‍ കണ്ടത് അരിയും ഉപ്പുമാണ്. വല്ലാത്ത അനിശ്ചിതത്വമായിരുന്നല്ലോ മുന്നില്‍. അരി റേഷന്‍കടയില്‍ നിന്നുള്ള വിഹിതമുണ്ട്. സഹായമായി സര്‍ക്കാരിന്റെ വക അധികധാന്യവും. ഉപ്പിന് ക്ഷാമമോ, വിലകൂടുതലോ ഇല്ല. ദുരന്തകാലം കൊശു കൂട്ടി കഴിക്കാനുള്ളതല്ല. കഞ്ഞിയായാലും മതി. ഉപദംശമായും ഉപ്പേരിയായും തോരനായും വേണ്ടതെല്ലാം എന്റെ തൊടിയിലുണ്ട്. പിന്നെ മുട്ടയിടുന്ന തനിനാടന്‍ കോഴികളുണ്ട്. മുട്ട പൊരിക്കാം. വിവിധതരം ചീരതൈകളുമുണ്ട്. ഇതൊക്കെവെച്ച് ഏറെക്കാലം അതിജീവിക്കാമെന്ന മനോബലവും വിശ്വാസവുമുണ്ടായിരുന്നു. പച്ചപ്പ് തരുന്ന സുരക്ഷിതത്വവും ലാളിത്യവുമാണത്. ഇതുതന്നെയാണ് വരും കാലത്തേക്കുള്ള സ്വയംപര്യാപ്തത എന്നു ഞാന്‍ കരുതുന്നു.
ഇതുവരെ പറഞ്ഞ മരങ്ങള്‍ക്കൊന്നും വളപ്രയോഗമൊന്നും ആവശ്യമില്ല. അവ പൊഴിക്കുന്ന ഇലകള്‍ തന്നെയാണ് മികച്ച ജൈവവളം. അത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. നുരയ്ക്കുന്ന മണ്ണിരകളെ ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടതാണ്. ഇപ്പോള്‍ എന്റെ മണ്ണില്‍ ഒന്നു കിളച്ചാല്‍ അവയുടെ സാന്നിധ്യം കണ്ടെത്താം. തനതായ വളക്കൂറാണ് അത് സൂചിപ്പിക്കുന്നത്. രാസവളങ്ങളാണ് മണ്ണിരകളേയും ചേറ്റുമീനിനേയുമൊക്കെ നമ്മില്‍ നിന്നകറ്റിയത്. ഊഷരമായ മണ്ണില്‍ കുളിര്‍മ്മയാര്‍ന്ന ജീവിതം എങ്ങനെ സാധ്യമാകും ?
വിത്തുയാത്ര
സ്വന്തം മണ്ണ് മുഴുവന്‍ ആവുന്നത്ര പച്ചപ്പുകള്‍ ഞാന്‍ നിറച്ചു. ഒന്നര പതിറ്റാണ്ടിന്റെ പ്രയത്നഫലമാണിത്. ഓരോ നിമിഷവും ഞാനാനിറവില് ജീവിക്കുകയും ചെയ്യുന്നു. പക്ഷെ ഇത്രമതിയോ? പോരാ! ഇതിനും സ്വാര്‍ത്ഥതയുടെ ചില അംശങ്ങളുണ്ട്. ചുറ്റുപാടുകളും ഈ ചിന്താഗതിയിലേക്കും നിറവിലേക്കും വരണം. പുറത്തേക്കും എന്റെ ഹരിതയജ്ഞം തുടരണം. അപ്പോഴേ സ്വാസ്ഥ്യം ശ്വാശ്വതമാകൂ. അതിന്…. ?
ഈ ചിന്തയുമായിരിക്കുമ്പോഴാണ് ഒരിക്കല്‍ പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലെ ഒരു നാടന്‍ ചായക്കടയില്‍ വെച്ച് പത്രത്തിലെ ഒരു പ്രാദേശികവാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടത്. ”കവിയുടെ വിത്തയാത്ര” എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. കൂറ്റനാട് വട്ടേനാട് ‘രാജേഷ് നന്ദിയംകോട്’ എന്നൊരു എഴുത്തുകാരനുണ്ട്. ആളെ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലങ്കോട്ടുള്ള ഒരു സാഹിത്യക്യാമ്പില്‍ വെച്ച് പരിചയപ്പെട്ടിട്ടുമുണ്ട്. ചെറുപ്പക്കാരന്, പച്ചയായ മുനുഷ്യന്. ആളെ ഞാന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ കാരണം അയാളും എന്നെപ്പോലെ നിര്‍മ്മാണമേഖലയില്‍ നിന്നും വരുന്ന ആളാണ്. അവിചാരിതമായ് സാഹിത്യം ആവേശിക്കപ്പെട്ടവര്. കയ്യടികളേക്കാള്‍ കൂടുതല്‍ കല്ലേറുകള്‍ ഏല്ക്കുന്നവര്, അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവര്‍. രാജേഷിനും എന്നെപ്പോലെ പരിസ്ഥിതിപ്രണയമുണ്ട്. അല്ലെങ്കില്‍ ഏതെഴുത്തുകാരനാണ് അങ്ങനെ ആകാതിരിക്കാന്‍ പറ്റുക? പക്ഷേ രാജേഷിന് സാഫല്യത്തിന് അധികം ഇടമില്ല. അതിനാല്‍ ആള് ലോകം മുഴുവന്‍ തന്റെ സ്വന്തമാക്കിയിരിക്കുകയാണ്. ഋതുകാലം വന്നാല്‍ ഈ കവി ഫലങ്ങളുടെ വിത്തുകള്‍ ശേഖരിച്ചു വെക്കുന്നു. മാമ്പഴം, ചക്ക, ഞാവല്‍ … തുടങ്ങി കരിമ്പനയുടെ തേങ്ങവരെ. അതെല്ലാം ജൂണ്മാസത്തില് മഴ വന്നു മണ്ണ് ഇളപ്പവും ഫലഭൂയിഷ്ഠവുമാകുന്ന സമയത്ത് ബൈക്കുമായ് കറങ്ങി പ്രാന്തപ്രദേശങ്ങളില്‍ കുഴിച്ചിടുന്നു. അതാണ് വിത്തുയാത്ര. കൊല്ലങ്ങളായിതു തുടങ്ങിയിട്ട്. മാധ്യമശ്രദ്ധ ലഭിച്ചത് വൈകിയാണെന്നു മാത്രം. വര്‍ഷം കഴിയുന്തോറും റൂട്ട് മാറ്റിപ്പിടിക്കുകയും തന്റെ റേഞ്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ആള്. ഇപ്പോഴിതൊരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആശയം മഹത്തരമായെന്നെനിക്ക് തോന്നി. ഞാന്‍ രാജേഷിന്റെ വീട് കണ്ടുപിടിച്ചു ചെന്നു. കാലങ്ങളായ് കാത്തിരുന്നതുപോലെ അയാളെന്നെ സ്വീകരിച്ചു. ഞങ്ങള്‍ വിഷയദാരിദ്ര്യമില്ലാതെ ഇടപ്പെടുന്ന അടുത്ത സുഹൃത്തുക്കളായി. ഇപ്പോള്‍ രാജേഷ് മരപ്പണി ഉപേക്ഷിച്ച് മുഴുവന്‍ സമയ എഴുത്തുകാരനും പരിസ്ഥിതി പ്രവര്ത്തകനുമായ് പരിണമിച്ചിരിക്കുന്നു. ജീവിതം അരിഷ്ടിച്ചാണെങ്കിലും ഇതില്‍ നിന്നും ലഭിക്കുന്ന തൃപ്തിയാണേറ്റവും സായൂജ്യമെന്നയാള് സാക്ഷ്യപ്പെടുത്തുന്നു.

രാജേഷ് നന്ദിയംകോടിന്റെ മാതൃക കഴിഞ്ഞ രണ്ടുവര്ഷമായ് ഞാനും പിന്തുടരുന്നു. എന്റേത് ഔപചാരികതയോ ആള്കൂട്ടമോ ഇല്ലാത്ത ഒറ്റയാള്‍ ഉദ്യമമാണെന്നു മാത്രം. പേരശ്ശനൂര്‍ എന്ന എന്റെ ഗ്രമത്തില്‍ നിന്ന് പടിഞ്ഞാട്ട് റെയില്‍പാതയിലൂടെ നാല് കി. മീ. പോയാല്‍ കുറ്റിപ്പുറം പട്ടണമായി. ദശാബ്ദങ്ങള്‍ക്കുമുമ്പ് ഗ്രാമീണരുടെ മുഴുവന്‍ വ്യവഹാരവും ഇങ്ങനെ നടന്നുപോയിട്ടായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ചുമന്നുകൊണ്ടുവന്നിരുന്ന കാലം. യാത്രക്കാരല്ലാതെ വീടുകളോ, എടുപ്പുകളോ ഇല്ലാതെ മൂകമാണാ പ്രദേശം. റെയില്‍വേക്ക് ഇരുവശവും അന്ന് തണലേകാനും വിശ്രമതാവളമാകാനും കൂറ്റന്‍ വൃക്ഷങ്ങളുണ്ടായിരുന്നു. ചീനി, ആല്, ആഞ്ഞിലി, പേരറിയാത്ത മറ്റുകാട്ടുമരങ്ങളും. ഞാന്‍ തിരൂര്‍ ഐ.ടി.ഐ. യില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കുറ്റിപ്പുറത്തേക്കിങ്ങനെ നടന്നു പോയായിരുന്നു തിരൂരില്‍ എത്തിയിരുന്നത്. ആ കാലമായപ്പോഴേക്കും ആളുകള്‍ കുറ്റിപ്പുറം ടൗണിനെ ഉപേക്ഷിച്ച് റോഡ് ഗതാഗതവും വാഹനസൗകര്യവുമുള്ള വളാഞ്ചേരി പട്ടണത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് ഏകാന്തമായായിരുന്നു മണിക്കൂറുകളോളമുള്ള എന്റെ യാത്രകള്‍. പക്ഷെ ഭയവും മടുപ്പും തോന്നിയിരുന്നില്ല. റെയില്‍വേക്ക് സമാന്തരമായൊരു ഓറ്റയടിപാതയുണ്ട്. വിജനമായാ പ്രദേശത്ത് കൂട്ടിന് മരങ്ങളും പുഴയും പാടങ്ങളും, ചിലപ്പോഴൊക്കെ ജീവിതം ഇരമ്പുന്ന തീവണ്ടികളും. ഏകാന്തവും ദൃശ്യഭരിതവുമായ ആ യാത്രകള്‍ എന്നെ സംബന്ധിച്ച് ആനന്ദകരമായിരുന്നു. കാലം എത്രയോ നീങ്ങി. ഇന്നും ആ പ്രദേശം അങ്ങനെതന്നെ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ തണല്മരങ്ങളിപ്പോഴില്ല എന്നുമാത്രം. റെയില്‍പ്പാളം ഇരട്ടിപ്പിക്കുന്നതിന്റേയും വൈദ്യുതിവല്ക്കരിക്കുന്നതിന്റേയും ഭാഗമായ് എല്ലാം വെട്ടിപ്പോയി.
വിത്തുകളുമായ് ഞാന്‍ യാത്ര പോകുന്നത് ഈ വഴിത്താരകളിലേക്കാണ്. വാഹനം ഓടിച്ചുപോകാന്‍ നര്വ്വാഹമില്ല. അതുനന്നായി. പഴയ ആ കാലത്തെ സ്മരിപ്പിച്ചുകൊണ്ടുള്ള ഗൃഹാതുരയാത്ര. ഞാന്‍ നിക്ഷേപിച്ച വിത്തുകളെല്ലാം മുള പൊട്ടിചെടിയായിട്ടുണ്ടോ എന്നറിയാന്‍ കുറച്ചു വര്ഷങ്ങള്കൂടി കാത്തിരിക്കണം. പൊന്തകള്‍ക്കിടയില്‍ നിന്ന് വിവേചിച്ചറിയാനുള്ള ഒരു കാലയളവ്. ഒന്നും മുളക്കാതിരിക്കില്ല എന്നെനിക്കുറപ്പാണ്. കാരണം ഓരോ വിത്തെറിയുമ്പോഴും അതിലെന്റെ പ്രാര്‍ത്ഥനയും അര്‍പ്പണവും സ്വപ്നവുമുണ്ട്. പ്രകൃതി അത് വില കുറച്ചുകാണില്ല. രാജേഷിനെപോലെ വിത്തിനായ് മറ്റെവിടെയും എനിക്ക് അലയേണ്ടതില്ല. എല്ലാം എന്റെ മണ്ണിലുണ്ട്. എന്റെ സ്വന്തം !
കഴിഞ്ഞ വര്‍ഷക്കാലത്ത് നാട്ടിലെ പ്രധാന വ്യക്തിത്വങ്ങളെക്കൂടി പങ്കുകൊള്ളിച്ചുകൊണ്ട് കുറച്ച് ഔപചാരികത നല്കി വിത്തുയാത്ര വിപുലീകരിക്കണമെന്ന് കരുതിയിരുന്നു. അതിലൂടെ കൂടുതല്‍ പേര് ഈ പ്രവര്ത്തിയിലേക്കാകര്ഷിക്കപ്പെടുകയോ ഇതിന്റെ സന്ദേശവാഹകരോ ആയാല്‍ എന്റെ ഉദ്യമം കൂടുതല്‍ സാര്ത്ഥകമാകുമായിരുന്നു. പക്ഷേ കൊറോണയും അടച്ചുപൂട്ടലും അതസാധ്യമാക്കി. സാരമില്ല. ഞാനെന്റെ ഹരിതജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് ഞാന്‍ നട്ട വൃക്ഷങ്ങളും രചിച്ച സാഹിത്യവുമായിരിക്കും. ധന്യതക്ക് അതുമതി. ധാരാളം.
വിശ്വസാഹിത്യകാരനും തത്വചിന്തകനുമായ അല്‍ബേര്‍ കാമ്യുവിന്റെ ഒരുവചനമുണ്ട്: ”ഭൂമിയില്‍ ഒരു ദിവസം ജീവിച്ചതിന്റെ ഓര്‍മ്മയില്‍ മാത്രം പ്രപഞ്ചത്തിന്റെ വേറേതുഭാഗത്തും ഇരുനൂറ് വര്‍ഷം വരെ ജീവിക്കാം.”
അത്രയും സുന്ദരമാണിവിടമെന്ന് !
അതുകാണാനുള്ള കണ്ണ് വേണം, മനോഭാവവും. അതാണ് പ്രധാനം.