
രണ്ട് പെണ്ണുങ്ങൾ

പൂർണ്ണിമ സി.സി.
പണ്ടു പണ്ടെനിക്ക്
ഒരു കൂട്ടുകാരിയുണ്ടായിരുന്നു.
ഒരിക്കൽ
ഞങ്ങളിരുപേരും
നദിക്കരയിലിരിക്കുകയായിരുന്നു.
അവളെന്നോട് ചോദിച്ചു
ഈ നദിയുടെ
അങ്ങേയറ്റം എന്താണ്?
“കടൽ “
കടലിന്റെ അങ്ങേയറ്റമോ?
“ഒരു തുണ്ട് കര”
കരയുടെ അങ്ങേയറ്റമോ?
“പോടീ പെണ്ണേ
അവിടെ ഭൂമി അവസാനിക്കും.
അവിടെ വലിയൊരു
ഇരുട്ട് നിറഞ്ഞ കുഴിയായിരിക്കും”.
അവിടുന്ന് ചാടിയാ കാലൊടിയുമോ ?
അവളുടെ ചോദ്യത്തിനൊടുവിൽ
ഞങ്ങളിരുവരും
ഉറക്കെയുറക്കെ ചിരിച്ചു.
അങ്ങനെ
രണ്ടു പെണ്ണുങ്ങളുടെ
ഉച്ചത്തിലുള്ള
ചിരി കേട്ടാണേത്രേ
ആകാശത്ത്
സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും
ഭൂമിയിൽ പൂക്കളുമുണ്ടായത്