
മഴ കൊണ്ടു വന്ന കുട്ടി

എഴുത്ത് : പൊന്നു ഇമ
വര : നവ്യ റിച്ചു
ബദാം മരത്തിന്റെ ചുവട്ടിൽ കവുങ്ങ് തടികൾ കെട്ടിവെച്ച് ഏതോ പിള്ളേരുണ്ടാക്കിയ ഇരിപ്പിടത്തിൽ അവളുമാർ രണ്ടു പേരും കുറേ നേരമായി ഇരിക്കുന്നു.
പറയാനും ചോദിക്കാനും ഇനിയും വിശേഷങ്ങളേറെയാണ്. പക്ഷേ വല്ലാത്തൊരു ഒച്ചയില്ലായ്മ കുറച്ചുനേരമായി അവരെ രണ്ടു പേരേയും മൂടിയിരിപ്പാണ്.
“ഇനി നമ്മൾ കാണുമ്പോഴേക്കും താൻ ആ കുട്ടിയുമായി റിലേഷൻഷിപ്പിൽ ആയിരിക്കുമല്ലേ ?”
ഒരുവൾ മറ്റേയാളോട് ചോദിച്ചു.
“ഹേയ്, ഇല്ലെടോ. അത് എനിക്ക് മാത്രമുള്ളൊരു ഇഷ്ടമല്ലേ. അവളുടെ കാര്യമൊന്നും അറിയില്ലല്ലോ. അതൊന്നും നടക്കില്ല. ഞാനിങ്ങനെ ചുമ്മാ..”
മറ്റേയാൾ ഒരുവളുടെ മുഖത്ത് നോക്കാതെയാണ് മറുപടി പറഞ്ഞത്. ഒരുവളുടെ കണ്ണുകളിൽ ഉടക്കി നിന്നുപോകുമോ എന്ന പേടി ഉണ്ടായിരിക്കണം.

വീണ്ടും നിശബ്ദത.
പറയാനും ചോദിക്കാനും ഇനിയും വിശേഷങ്ങളേറെയാണ്.
“മഴക്കോളുണ്ടെന്ന് തോന്നുന്നു. നോക്ക്, ആകാശത്തിന്റെ നിറമൊക്കെ മാറി.”
മറ്റേയാൾ പറഞ്ഞു തുടങ്ങാൻ ശ്രമിച്ചു.
“അതേ. ചെറിയ കാറ്റൊക്കെയുണ്ട്.”
ഒരുവൾ പറഞ്ഞു തീർക്കുമ്പോഴേക്കും മഴ പതിയെ ചാറിത്തുടങ്ങി.
“വാ പോകാം.”
മറ്റേയാൾ എഴുന്നേറ്റതും ഒരുവൾ അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി.
“കുറച്ചു നേരം മഴ കൊണ്ടിട്ട് പോകാം ?”
അവളുമാരുടെ കണ്ണുകളുടക്കി.
മറ്റേയാൾ ഒരുവൾക്കടുത്തിരുന്നു.
മഴയുടെ ശക്തി കൂടിക്കൂടി വരികയാണ്.
“എഡോ, പോവണ്ടേ ?
ഉടക്കിയ കണ്ണുകളെ തിരികെ വിളിക്കാൻ ശ്രമിച്ചു കൊണ്ട് മറ്റേയാൾ ഒരുവളോട് ചോദിച്ചു.
“നിക്ക്. കുറച്ച് നേരം കൂടി. ഇനി ഇങ്ങനൊരു സമയം ഉണ്ടായില്ലെങ്കിലോ ?!”
മഴ പെയ്തുകൊണ്ടേയിരുന്നു.
ബദാം മരവും.
മറ്റേയാളുടെ നെറ്റിയിലൂടെ കണ്ണിലൂടെ കവിളിലൂടെ ചുണ്ടിലൂടെ മഴ വീണ്ടും വീണ്ടും പെയ്തു കൊണ്ടേയിരുന്നു.
ഒപ്പം ആരോ ഒരുവൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതായും മറ്റേയാൾ കേട്ടു.
“മഴ കൊണ്ടു വന്ന കുട്ടി! മഴ കൊണ്ടു വന്ന കുട്ടി!”