
‘പൊള്ള’യാം വിരിപ്പിട്ട കവിതയില്‍ തലവെച്ചും

സുരേഷ് നാരായണന്
വി എം. അരവിന്ദാക്ഷന് മാഷിന്റെ പ്രഥമ കവിതാ സമാഹാരമാണ് ലോഗോസ് പ്രസിദ്ധീകരിച്ച ‘പൊള്ള’.
ചെറുതും വലുതുമായി 58 വളപ്പൊട്ടുകള്‍ ഉണ്ട് ഇതില്‍.
‘കരിങ്കൂരിരുളില് ഓട്ടുരുളിയായ് മിന്നിയത് വയറു കത്തിച്ച തീയായിരുന്നേന്നേ’
എന്നു പാടിക്കൊണ്ട് ആദ്യപേജില്‍ തന്നെ ഞെട്ടിക്കുന്നുണ്ട് മാഷ്.
പക്ഷേ തുടര്‍ന്ന് വളരാന്‍ അനുവദിക്കാതെ കവിതയെ ഹാ! പിഴുതെറിയുന്നു. പലപ്പോഴും കാണാം രണ്ടു ‘സ്റ്റാന്‍സ’കള്‍ക്കപ്പുറം
കത്തിയെടുത്ത് ഇറങ്ങുന്ന മാഷിനെ.
വെളിച്ചത്തെപ്പറ്റി പറയുന്നവരുടെ, പാടുന്നവരുടെ മുടിയഴിച്ചിട്ട്
‘ഭ്രാന്തിയേ’ എന്ന് വിളിക്കുന്നവരുടെ ലോകത്തെ അനാവരണം ചെയ്യുന്നു ‘വെളിച്ചമേ..’ എന്ന കവിത

‘വിണ്ടു കീറിയ ഒരു ചോദ്യച്ചിഹ്ന’ത്തില്‍ ആകട്ടെ, മരച്ചില്ലകള്‍ മരണച്ചില്ലകള് ആകുന്നു.
‘വയലില്‍ തുന്നിക്കൂട്ടിയ ഒരു ചെരിപ്പില്‍ ചോരക്കറ കറുത്ത ചരിത്രമെഴുതുന്നു.’
കരിപിടിച്ച ഏതോ കോണില്‍ ഇരിക്കുന്ന തീപ്പട്ടിക്കൂടു വരെ മാഷിനു കവിതയെഴുതാനുള്ള കരിമരുന്ന് ദാനം ചെയ്യുന്നുണ്ട്.
(കവിത: ‘ഉറക്കം’)
ഉതിര്‍ക്കുമ്പോള്‍ ഉദിക്കുകയാണ് എന്ന്
സര്‍വീസ് റോഡിലേക്ക് തിരിഞ്ഞുകൊണ്ട് ചൊല്‍ക്കവിതയുടെ ദീര്‍ഘശ്വാസം എടുക്കുന്നുണ്ട് ഇരുപത്തിയഞ്ചാം പേജില്‍ ‘ആര്‍ക്കുനേര്‍’.
തുടര്‍ന്നുള്ള ‘പുറത്തില്‍ പുതിയ ഒരു വല്ലായ്മയെ പരിചയപ്പെടുത്തുന്നു.
‘ഞാന്‍ കാണും പുറമെല്ലാം
എന്‍ പുറമല്ലായ്കയാല്
എന്‍ പുറം കണ്ടീടുവാന്‍
തിരിയാന്‍ തുടങ്ങി ഞാന്‍’
എന്ന് കുഞ്ഞുണ്ണി മാഷിനെ ആവാഹിക്കുന്നു.
‘പൊള്ള’ എന്ന കവിതയാണ് പുറകെ വരുന്നത്. ‘വിരുദ്ധ പരിണാമത്തിന്റെ’ കവിതയാണത് . ‘മനുഷ്യനുണ്ടാക്കിയ കുറുക്കന് കഥകളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലായത് അവരിലൊരാള്‍ ആയപ്പോഴാണ്’ എന്ന് മലയിറങ്ങാന്‍ മടിച്ചയാള്‍ . .. അയാള്‍ക്ക് എങ്ങനെയാണ് പിന്നെ മലയിറങ്ങാന്‍ തോന്നുക?
അയാള്‍ താഴേക്ക് ചോദ്യചിഹ്നങ്ങള്‍ എറിഞ്ഞു കൊണ്ടേയിരിക്കുന്നു.
കഴുതപ്പുലി നായകകഥാപാത്രമായ ‘കൊനഷ്ട്’ വായിച്ചപ്പോള്‍ അറിയാതെ എഴുതിപ്പോയി;
‘അവസാനിക്കാത്ത ഒരു തുരങ്കമാണ് കഴുതപ്പുലിയുടെ ഹൃദയം’.
ലളിതമായ ഒറ്റപ്പേരുകളാണ്
മിക്ക കവിതകള്‍ക്കും:
ഒറ്റ്.. വിത്ത്.. ലൈക്ക്. പേമാരി.. ഭയം… മുറ.. ഒടുവില്‍. ..അങ്ങനെ അങ്ങനെ
ചതി വിളയുന്ന വയലിന്റെ കഥയാണ് ‘ഒറ്റ’.
അത് വായിക്കുമ്പോള്‍
പൂണൂല് പോലതിനെ ചുറ്റിയൊഴുകുന്ന കറുത്ത നദിയെ നമ്മള് കാണുന്നു; ആയിരം മുറിവുകളുടെ നദി.
‘വിത്ത്’ പാനം ചെയ്തപ്പോളാകട്ടെ,
എല്ലാം അറിയുന്നൊരുവനുണ്ട്;
ഉടലു പൊട്ടിപ്പിളര്‍ന്ന വിത്ത്
ഉയിരു കടഞ്ഞു കൊടുത്ത വിത്ത്’ എന്നൊന്ന്
മറിച്ചിടാമായിരുന്നു എന്നു തോന്നി.
ചിറകു മുളച്ച ഒരു കവിതയാണ് ‘ഒറ്റമരം’ എങ്കില്‍ ഓഡിയോ ആവിഷ്കാരം ചെയ്യാന്‍ പറ്റിയ ഒന്നായിരുന്നു ‘മഴത്തുള്ളി’.
പക്ഷേ ആദ്യ കവിതയോട് കവി ചെയ്ത മഴുപ്രയോഗം ഇവിടെയും ആവര്‍ത്തിക്കുന്നു.
കുറച്ചു പേജുകള്‍ അലസമായി മറിച്ച് നമ്മള് ‘ത്രോണ്‍ ഔട്ടി’ല്‍ എത്തുന്നു.
കാലടി മണ്ണല്ല ,കാലടികളെ
ഉന്മൂലനലക്ഷ്യമായ് പുനര്‍നിര്‍ണയിക്കുന്ന വര്‍ക്കുള്ള കവിതയാണിത്.
മൂന്നു നല്ല കവിതകള്‍ തുടര്പ്പേജുകളില് നമ്മെ കാത്തിരിക്കുന്നുണ്ട്:
‘ഇട്ടേച്ചു പോവുന്നത്’ എന്ന കവിതയില്‍ അപൂര്‍വ്വമായ ഒരു മുഴക്കം കേള്‍ക്കാം, ‘ഒഴുകുന്ന കാലത്തിനു മുന്നില്‍
ഞാന്‍ ഒരു പച്ചില ഇട്ടേച്ചു പോവുകയാണ് എന്റെ മകളെ അല്ല നിങ്ങളുടെ മകളെ..’ എന്ന വരികളില്‍ ചെവിയോര്‍ക്കുമ്പോള്‍. വെച്ചുമാറ്റം കൊതിക്കുന്ന ആണ്ചുവ
ഒരു കൈയ്പ്പായ് പടയിരുന്നുണ്ടിവിടെ.
‘മുറിവേറ്റവന്റെ കുറിപ്പുകളിലെ’
‘സാഡിസ്റ്റ് സഹോദരന്മാരുടെ കണ്പോളകള് ഇപ്പോഴും അടയാതെ തന്നെ ഇരിക്കുന്നു’ എന്ന വരികളില്‍
നെറ്റിപ്പട്ടമണിഞ്ഞ വിരുദ്ധോക്തികളെ കാണാം. കഞ്ചുകം പോലെ ഒട്ടിച്ചേര്‍ന്നു പോയവ.
തുടര്‍ന്നുവരുന്ന ‘ചിരം’ ആകട്ടെ
വിഷകാഹളത്തിന്റെ ധ്വനി സമ്മാനിക്കുന്നു.
വിരിയാത്ത മുട്ട
‘സെന്‍സിബിലിറ്റി’യും ‘മഴത്തുള്ളിയും’ കടന്ന് ‘ദുര്യോഗ’ത്തില്‍ എത്തുമ്പോഴും
മുറിച്ചുമാറ്റാനുള്ള വ്യഗ്രത
കവിയെ വിടാതെ പിന്തുടരുന്നു.
എല്ലാം മുട്ടകള്‍; ഭംഗിയുള്ള മുട്ടകള്‍! പക്ഷേ
വിരിയുന്നില്ലല്ലോ!
വിരിയിക്കുന്നില്ലല്ലോ !
അച്ഛന് കവിതയായ ‘വിതുമ്പലില്‍’,
വേദനകളെ നാലും കൂട്ടി മുറുക്കി എന്നു മൊഴി മാറ്റിയിരുന്നെങ്കില്‍ കുറേക്കൂടി അനുഭവവേദ്യം ആകുമായിരുന്നു എന്നും തോന്നി.
തുള്ളിക്കവിത
‘ചരിക്കുന്ന വഴികള്‍ പലത് എങ്കിലും
നാം ഒടുവിലെത്തീടുന്നത് ഒന്നില്‍ മാത്രം’ എന്ന ഒരു തുള്ളിക്കവിതയുണ്ട് .
പേരുപോലെ തന്നെ ഇത് അവസാന കവിതയായി കൊടുക്കാമായിരുന്നു.
ഡേര്‍ട്ടി പിക്ചര്‍
കാലം തിരിഞ്ഞുനോക്കാത്ത മുറിവുകളുടെ കവിതയായ്
‘വീട്ടാക്കടം’. ഒരപൂര്‍വ്വ ബലിതര്‍പ്പണമായി ഉദിച്ചുയര്‍ന്ന ‘ആത്മബലി’ ; നല്ല
കവിതകളെങ്കിലും ഇവ രണ്ടും ‘ഡേര്‍ട്ടി പിക്ചറിന്’ മുന്പില് നിഷ്പ്രഭമായി പോകുന്നു.
മാംസ ദാഹത്തെ ശമിപ്പിക്കാന്‍
ഹിപ്പോക്രസിയില്‍ മുക്കിയെടുത്ത സുവിശേഷ കഷണങ്ങള്‍ ഒട്ടുംതന്നെ മതിയാവില്ല എന്ന് കാട്ടിത്തരുന്നു
ഈ കവിത.
ടേക്ക് ഓഫ്
സാര്‍വ്വലൗകികമായ ഒരു തലത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നു പൊള്ള അതിന്റെ എഴുപത്തിരണ്ടാം പേജിന്റെ റണ്‍വേയില്‍.
‘ഇരുണ്ട ആത്മാവില്‍ തങ്ങിയ അനുസരണശീലത്തിന്റെ മുഖാവരണം വലിച്ചു ചീന്താന്‍ അവനുണ്ടായിരുന്നു.
നനഞ്ഞ കാലുകളിലെ മൂത്രം കഴുകിക്കളയാന്‍ പോലും ഭയന്ന നിന്റെ ജനതയ്ക്ക് കാവലായവന്’
എന്ന് ‘ഒഗോണി’യില്‍ കവി
ചരിത്രാധ്യാപകന്റെ മേലങ്കി അണിയുന്നു. ചുവന്ന ചോക്കെടുക്കുന്നു;
തോക്കെടുത്തവരുടെ കഥ പറയുന്നു.
ഒരു ദുര്‍ഗ്രഹതകളും ഇല്ലാതെ
അനുവാചകന്
തുടര്‍ച്ചയായ് സംവദിച്ചുപോകാവുന്ന കവിതകളുടെ കൂടാരം.