
പിരിയുമെന്നുറപ്പുള്ള രണ്ടുപേർ പ്രണയിക്കുമ്പോൾ മണം സമ്മാനിക്കാതിരിക്കുക

പി. എം. മുബശ്ശിർ
പിരിയുമെന്നുറപ്പുള്ള രണ്ടുപേർ
പ്രണയിക്കുമ്പോൾ
വരാനിരിക്കുന്ന കാലത്തേക്ക്
നീക്കിവെപ്പുകൾ നടത്തും.
അതിനിടയിൽ
എന്റെ പുതപ്പ് നീയെടുത്തോ
എന്നും പറഞ്ഞു
പരസ്പരം
മണം സമ്മാനിച്ചിരിക്കും.
തുപ്പല് പേറി ഉറക്കമെണീറ്റ
പ്രഭാതം
അതിൽ ഞെട്ടറ്റ് കിടക്കുന്നുണ്ടാവും.
ഉറക്കമില്ലാത്ത രാത്രികളിൽ
പറഞ്ഞു പെറ്റ
കഥാപാത്രങ്ങൾ
അഭിനയിക്കുന്നുണ്ടാവും.
പിരിയൽ നിഷേധിച്ച
ആത്മഹത്യാ പ്രഖ്യാപനങ്ങൾ
പ്രസംഗിക്കുന്നുണ്ടാവും.
ചിരി
കരച്ചിൽ
അട്ടഹാസം എന്നിവ
ആലേഖനം ചെയ്തിട്ടുണ്ടാവും.
പുതപ്പ് സമ്മാനിക്കപ്പെട്ടയാൾ
ഓരോ ഉറക്കത്തിലും
വെട്ടേറ്റ് വേറിടുന്ന
രണ്ടു പ്രണയങ്ങളുടെ മണം
സ്വയം
നിറയൊഴിച്ച്
മരിച്ചുകൊണ്ടിരിക്കും.
അതുകൊണ്ട്
പിരിയുമെന്നുറപ്പുള്ള രണ്ടുപേർ
പ്രണയിക്കുമ്പോൾ മണം സമ്മാനിക്കാതിരിക്കുക