
കല്യാണസമ്മാനം

പി. എം. മുബശ്ശിർ
പണ്ട്,
കല്യാണം തന്നെ കണ്ടു പിടിക്കുന്നതിന് മുമ്പ്
അരിയും പയറും
കൊണ്ട് പോയിത്തുടങ്ങിയതാണ്.
പിന്നീട്
പൂക്കളും
പഴങ്ങളും
പട്ടും പാട്ടു പടക്കവും
കൃത്യം ഒന്നരക്കടിക്കുന്ന
അലാറവും
സമ്മാനിച്ചു പോന്നു.
രണ്ട് പേക്ക് കോണ്ടം
ഭംഗിക്ക് വെച്ചു.
ഇവയൊന്നും കിട്ടാതെയായി.
പട്ടിണി
പരിവട്ടം
വിലക്കയറ്റം
കുരുതിയുടെ വേലിയേറ്റം.
സമ്മാനമായി എന്തു കൊടുക്കും?
നട്ടു നനച്ച
രണ്ട് ബോംബെങ്കിലുമില്ലാതെ
എങ്ങനെ കല്യാണത്തിന് പോവും?
പൊതിഞ്ഞെടുക്കണം.
താഴെ വീഴാതെ കല്യാണ വീട് വരെയെത്തണം.
വരനെയേല്പിക്കണം
നാണം കെടുത്താതെ പൊട്ടണം.
