
പനിനീർപ്പൂക്കൾക്കും ചിലതോർമ്മയുണ്ട്…

പയ്യന്നൂർ വിനീത് കുമാർ
രണ്ടുചിറകുള്ള ഒരു പനിനീർപ്പൂവ്
പാറിവന്നരികിലിരുന്ന്
കണ്ണു തുടച്ചുകൊണ്ടിരിപ്പൂ
വിരഹവേദനമറക്കാനൊരു
ദേശാടനക്കിളിയായ് പരിണാമം
പൂണ്ട മുൾച്ചെടിപ്പൂവ്
ഓർമ്മകളയവിറക്കുന്നു
അവളൊരു കുതിപ്പുകാരി,
വന്നെന്റെ കാതിൽപ്പറഞ്ഞവ
തന്നെയോ കേട്ടു ഞാൻ ?
ഏതോ ഒരു സായാഹ്നത്തിൽ,
രണ്ടു ചുണ്ടുകളിൽ ആദ്യം
ചെറുചിരി മൊട്ടിട്ടു,
പിന്നെ കൺപീലികൾ
കഥപറഞ്ഞു.
കൈനഖങ്ങൾ,കണങ്കാലുകൾ
ഇവ ചിത്രങ്ങൾ വരച്ചു.
ചക്കരക്കുടങ്ങൾ വീണുടഞ്ഞ
ഇരുട്ടുമറയിൽ പൂമെത്തയിൽ
പ്രണയം,
പക്ഷെ
ഓർമ്മതൻ ഉമ്മറപ്പടിമേലിരുന്ന്
രണ്ടിണക്കിളികൾ ചിലച്ചതും
പട്ടുകുപ്പായപ്പുതുമണം
കൊണ്ടു നിൻ മേനിയിൽ
സ്നേഹചുംബനമേറ്റതും
ആദ്യാനുഭവം.
ചെരിഞ്ഞ ജീവിതങ്ങൾക്കുമപ്പുറം
പ്രതീക്ഷ തന്നാഹ്ലാദ
നിമിഷങ്ങൾ…