
ഇന്ത്യയെ വീണ്ടും കണ്ടെത്തുമ്പോൾ
ഷഹീൻ ബാഗ് മുതൽ കർഷകസമരങ്ങൾ വരെ

എൻ പി ആഷ്ലി
ഇന്ത്യയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ച രണ്ടു സമരങ്ങൾ – ഷഹീൻ ബാഗിൽ ആരംഭിച്ച സ്ത്രീകളുടെ കുത്തിയിരിപ്പു സമരവും ഡൽഹിയുടെ അതിർത്തികളിൽ നടന്നുവരുന്ന കർഷകസമരവും അതാതിടങ്ങളിൽ ശക്തരായ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനമേഖലക്ക് പുറത്താണ് നടക്കുന്നത് എന്നതിന്റെ ഒരു വിവക്ഷ നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഷയും വിഷയങ്ങളും മാറേണ്ട സമയം ആയിക്കഴിഞ്ഞു എന്നാവാം.
ലോകക്രമങ്ങൾ മാറുമ്പോൾ, ദ്രവിച്ചു തീരുന്ന പഴയ വ്യവസ്ഥിതിയുടെയും കൈകൾ ഇനിയും ഉണ്ടാക്കാൻ തുടങ്ങിയിട്ടില്ലാത്ത പുതിയ ലോകത്തിന്റെയും ഇടക്കുള്ള വിടവിൽ ഒരു ജനതയുടെ ശൂന്യത മറച്ചു പിടിക്കുന്നത് വ്യക്തിപരിവേഷത്തിന്റെയും അതിനു ചുറ്റും ഉണ്ടാക്കിയിട്ടുള്ള കെട്ടുകാഴ്ചകളുടെയും രാഷ്ട്രീയത്തിലൂടെയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ ജനങ്ങൾ സ്വന്തം വിധിയെ ഒരു ജനത എന്ന നിലക്ക് നിർമിക്കുന്നതിലെ പങ്കാളികൾ എന്നതിൽ നിന്ന് കാണികൾ മാത്രമായി മാറുന്നു. ഒരു ഫുട്ബാൾ മത്സരത്തിലെന്ന പോലെ പിന്തുണക്കുന്ന ടീം അവരെ അടുത്തുള്ളവരുടെ മിത്രമോ ശത്രുവോ ആക്കി മാറ്റുന്നു. ചുറ്റുപാടുകളോട് തീർത്തും അപരവൽക്കരിക്കുന്നു. രാഷ്ട്രീയം മനുഷ്യരുടെ അജണ്ട തീരുമാനിക്കുന്ന കലയാണെങ്കിൽ അവ അടയാളങ്ങളിൽ കുടുങ്ങിക്കിടന്നു പോവുന്നു. ഭാവനാശൂന്യവും ധാർമിക ശേഷി നഷ്ടപ്പെട്ടതുമായ പ്രതിപക്ഷവും ഈ ചക്രത്തിൽ കിടന്നു തിരിയാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. അത്തരം ഒരു വിഷചക്രത്തിൽ നിന്നുള്ള കുതറി മാറലാണ് ഈ രാഷ്ട്രീയ ആവാസവ്യവസ്ഥക്കു പുറത്തു ജനങ്ങളുടെ കൂട്ടായ്മകൾ. പുതിയൊരു രാഷ്ട്രീയഭാവുകത്വത്തിന്റെ തുടക്കവും രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയ രാഷ്ട്രീയബോധത്തിന്റെ പ്രകാശനവും ആണ് ഇവ.

രാഷ്ട്രീയക്കാരൻ എന്ന് പറഞ്ഞാൽ ജാഗ്രതയുള്ള പൗരൻ മാത്രമാണ് എന്ന് മുകുൾ കേശവൻ നിരീക്ഷിച്ചിട്ടുണ്ട്. പലകാരണങ്ങളാൽ രാഷ്ട്രീയപ്രതിപക്ഷം ഇല്ലാതാവുമ്പോൾ അതിന്റെ അർഥം ജനങ്ങളുടെ വിഷമതകളോ ഭീതിയോ ഇല്ലാതാവുന്നു എന്നല്ല. അതേറ്റെടുക്കാൻ ശക്തരായ രാഷ്ട്രീയകൂട്ടായ്മകൾ ഇല്ലാതാവുന്നു എന്ന് മാത്രമാണ്. അപ്പോൾ ജനങ്ങൾ ഇത് ഏറ്റെടുക്കുന്നു.
ഷഹീൻ ബാഗും കർഷകസമരങ്ങളും പ്രാഥമികമായി ജനങ്ങളുടെ “ഹാജർ” പറയലാണ്. കാണികളായി ചുരുക്കപ്പെട്ട അവസ്ഥയിൽ നിന്ന് തങ്ങളുടെ ചുറ്റുപാടുകളെ സ്വായത്തമാക്കി അല്ലെങ്കിൽ വഴികളെ തടഞ്ഞു നിർത്തി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുകയും അതിലൂടെ അധികാരവിഭാഗം സാമൂഹ്യ – സാമ്പത്തികവ്യവസ്ഥയെ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉണ്ടാക്കിയെടുത്ത രാഷ്ട്രീയവ്യവസ്ഥയിൽ അദൃശ്യമാക്കിയ കാര്യങ്ങളെ ദൃശ്യമാക്കുകയും ചെയ്യുകയാണ് ഈ സമരങ്ങളുടെ രീതി. ഗാന്ധിയിലും ആഫ്രിക്കൻ അമേരിക്കക്കാരിലും അറുപതുകളിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും കണ്ടിരുന്ന രീതികൾ ഇവിടെ സമ്മേളിക്കുന്നതായി കാണാം.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് തങ്ങളുടെ ശരീരം ഉപകരണവും തെരുവ് വേദിയും ആക്കിയുള്ള പ്രകടനമാണ്. സ്വേച്ഛാധിപത്യം ഒരു നായകകഥാപാത്രത്തിനു ചുറ്റുമുള്ള – അതിനെ അനുകൂലിച്ചും എതിർത്തും – നാടകീയമായ പ്രക്രിയയാണെങ്കിൽ ആ ബിംബത്തെ തീർത്തും അസാധുവാക്കുന്ന ദൈനംദിനശരീരങ്ങളുടെ സാന്നിധ്യമാണ് ഇവിടെ ഉണ്ടാക്കുന്നത്. സർക്കാരും സ്ഥാപനങ്ങളും മാധ്യമങ്ങളും വൈകാരികസമകാലികതയിൽ (Sentimental Topicality) കാണാതാക്കുകയോ നമ്മുടെ ആചരിക്കപ്പെടുന്ന രാഷ്ട്രീയപ്രക്രിയയുടെ ഇരകളും ഉപകരണങ്ങളും പിന്നീട് മാലിന്യങ്ങളും ആയി മാറാൻ മാത്രം വിധിക്കപ്പെടുകയോ ചെയ്യുന്ന ജനത തങ്ങളുടെ ശരീരത്തെക്കൊണ്ടു നിർബാധം തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയെ സ്തംഭിപ്പിക്കുമ്പോൾ സംഭവിക്കുന്നത് രാഷ്ട്ര സംവിധാനത്തിന്റെയും പ്രക്രിയാജനാധിപത്യത്തിന്റെയും (Procedural Democracy) സംവിധാനം തന്നെ ഒരു അസ്തിത്വപ്രശ്നത്തെ നേരിടുക എന്നതാണ്. യൂറോപ്യൻ ദേശരാഷ്ട്രസംവിധാനത്തിന്റെ ധാർമികപ്രശ്നങ്ങൾക്കെതിരെ ഗാന്ധിയെപ്പോലുള്ള ഒരു അരാജകവാദി മുന്നോട്ടു വെക്കുന്ന വിമർശനം തന്നെയാണ് ഇവിടെയും കാണാൻ ആവുന്നത്.

സാജാത്യങ്ങൾ പലതുണ്ട്: ഉമ്മമാരുടെ നേതൃത്വത്തിൽ നടന്ന സമരമായതുകൊണ്ടു കൂടെയുള്ള സമരസ്ഥലത്തു നിന്ന് തന്നെ പഠിക്കാനുള്ള സ്ഥലം എല്ലാ കുത്തിയിരിപ്പു കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു ആ മാതൃക സിങ്കു അതിർത്തിയിലും കണ്ടു. വൃദ്ധജനങ്ങളുടെ സാന്നിധ്യമായിരുന്നു മറ്റൊരു പ്രത്യേകത. താൻ 1947 നെയും 1984 നെയും അതിജീവിച്ചെങ്കിൽ 2020 താൻ കൊച്ചു മക്കൾക്ക് വേണ്ടി നടത്തുന്ന സമരമാണെന്നു പറഞ്ഞു നൂറുവയസ്സിലധികം ഉള്ള ഒരു സ്ത്രീ ബോർഡുമായി നിൽക്കുന്നത് കർഷകസമരത്തിലെ കാഴ്ചയാണെങ്കിൽ അവർ ഷഹീൻ ബാഗിലെ ഉമ്മാമ്മമാരുടെ വാക്കുകൾ തുടർന്ന് കൊണ്ട് പോവുകയാണ് എന്ന് തോന്നും.
“എല്ലാ വിപ്ലവങ്ങളും പൂർവികരുടെ സഹനങ്ങളുടെ ഓർമയിലാണ്, വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടിയുള്ള വിപ്ലവങ്ങളാണ് ഇനി നടക്കേണ്ടത്” എന്ന് വാൾട്ടർ ബെന്യാമിൻ എഴുതിയിട്ടുണ്ട്. സ്ത്രീകൾ നടത്തുന്നത് കൊണ്ട്, പരിചരണത്തിന്റെ ധാർമികത (Ethics of Care) എന്ന് സ്ത്രീവാദികൾ വിളിക്കുന്ന ഒരു പുതിയ ദർശനം ഷഹീൻ ബാഗിൽ അവതരിപ്പിക്കപ്പെടുകയും കാര്ഷികസമരത്തിൽ മുന്നോട്ടു കൊണ്ട് പോവപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു ഭാഗത്തു മുസ്ലിം ന്യൂനപക്ഷത്തിൽ പെട്ട സ്ത്രീകളാണ് സമരമുഖത്തുണ്ടായിരുന്നതെങ്കിൽ സിഖ് സമുദായക്കാരാണ് ഇന്ന് നേതൃത്വത്തിൽ. പാകിസ്ഥാനി/ഖാലിസ്ഥാനി വിളികൾ അവർ കേൾക്കുകയും ചെയ്യുന്നുണ്ട്. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷതാവാദം ഇവരെ കാണുന്നതിന്റെയും പേരുകൾ മാത്രമാണ് വ്യത്യാസം. പൗരത്വസമരങ്ങൾക്ക് കിട്ടിയത് പോലെ വലിയ അന്താരാഷ്ട്ര പിന്തുണയാണ് കാർഷികസമരങ്ങൾക്കും കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇവ പരസ്പര പൂരകങ്ങൾ ആവുന്നത് ഇന്ത്യ എന്ന ആശയത്തിന്റെ തലത്തിലാണ്: മതജാതിഭാഷാപ്രദേശഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒരു വിധി പങ്കിടുന്നു എന്ന അടിസ്ഥാനപ്രമാണത്തിന്റെ ലംഘനമായിരുന്നു പൗരത്വ ഭേദഗതി നിയമം. സാഹോദര്യത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ മതേതരത്വം എന്ന അടിസ്ഥാനത്തെ ഉയർത്തിപ്പിടിക്കാനാണ് ഷഹീൻ ബാഗ് ശ്രമിച്ചതെങ്കിൽ ഇന്ത്യയുടെ സോഷ്യലിസത്തിന് ഏൽക്കുന്ന ഒരു കനത്ത പ്രഹരമാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കാർഷിക നിയമങ്ങൾ എന്ന തിരിച്ചറിവോടെയാണ് കർഷകർ റോഡിലിറങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ മതേതരത്വത്തെയും സമത്വവാദത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ടു ഭരണഘടനാദേശീയതക്ക് തെരുവിൽ പുതിയ ഭാവുകത്വവും ഭാഷയും നിർമിക്കുകയാണ് ഇവർ.
പല രാജ്യക്കാർക്കും ചെയ്യേണ്ടി വന്നത് പോലെ, നമ്മുടെ ഭരണഘടന നമുക്ക് പൊരുതി നേടേണ്ടിവന്നതല്ല. അതുകൊണ്ടു തന്നെ എപ്പോഴോ റെനേ ഘർ പറഞ്ഞപോലെ, “നമ്മുടെ പൈതൃകം നമുക്ക് നല്കപ്പെട്ടിരിക്കുന്നത് ഒരു രേഖയും കൂടാതെയാണ്” എന്നായിപ്പോയിരുന്നു. ഇന്ന് ആ രേഖ ഉണ്ടാക്കുന്ന പണിയാണ് ഇന്ത്യയിലെ വിദ്യാർത്ഥികളും സ്ത്രീകളും കർഷകരും ചേർന്ന് ആരംഭിച്ചിരിക്കുന്നത്…!
(ഡൽഹി സെന്റ്. സ്റ്റീഫൻസ് കോളേജ് അധ്യാപകനാണ് ലേഖകൻ)
2 Comments
നല്ല ലേഖനം,
Honest observation