
പൗരത്വസമരവും സംസ്ഥാന തെരഞ്ഞെടുപ്പുകളും

എൻ പി ആഷ്ലി
ഇന്ത്യയെന്ന റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും അടിസ്ഥാനപരമായ പ്രക്ഷോഭങ്ങളിൽ ഒന്നാണ് 2019 ഡിസംബർ മുതൽ 2020 മാർച്ച് മാസം വരെ നീണ്ടു നിന്ന പൗരത്വ പ്രക്ഷോഭങ്ങൾ. കൊളോണിയൽ വിരുദ്ധ ദേശീയത vs. സർവ്വജനീന കമ്യൂണിസം, മണ്ഡൽ vs കമണ്ഡൽ രാഷ്ട്രീയധാരകൾ തമ്മിലുള്ള ചർച്ചകൾക്കു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കാൻ പോകുന്നത് മതരാഷ്ട്ര ദേശീയതയും ഭരണഘടനാ ദേശീയതയും തമ്മിലുള്ള പോരാട്ടമാകും എന്ന തിരിച്ചറിവ് നൽകിയാണ് സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങിയ പുതു നിര ഒരു രാഷ്ട്രീയ ധാരക്ക് തെരുവുകളിൽ രൂപം നൽകിയത്. കൊറോണ സമരത്തെ വഴിയിൽ ഉപേക്ഷിക്കുന്നതിലേക്കു കാര്യങ്ങളെ എത്തിച്ചെങ്കിലും തിരഞ്ഞെടുപ്പുകളിൽ ഈ സമരം തികച്ചും കൗതുകകരമായൊരു സാന്നിധ്യം തന്നെ ആയിരുന്നു.

പൗരത്വസമരങ്ങൾക്കും കോറോണക്കും ശേഷം നടന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് ബിഹാറിലേതായിരുന്നു. മോദിയും നിതീഷും ചേർന്നാൽ സംസ്ഥാനതെരഞ്ഞെടുപ്പിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നതായിരുന്നു കോറോണക്ക് മുമ്പെയുള്ള സ്ഥിതി എങ്കിലും യുവാക്കൾ നയിച്ച പൗരത്വവിരുദ്ദസമരങ്ങളിലൂടെയും (പിന്നീട് കൊറോണ ബിഹാർ പോലെ ഒരു സംസ്ഥാനത്തിനുണ്ടാക്കിയ പ്രത്യേക പ്രതിസന്ധികളിലൂടെയും) തേജസ്വി യാദവ് മുന്നോട്ടു വന്നു. സീറ്റ് വിഭജനത്തിൽ സംഭവിച്ച വലിയ വീഴ്ച ഇല്ലായിരുന്നെങ്കിൽ തേജസ്വി ഇന്ന് ബീഹാർ ഭരിച്ചേനെ.
ഇപ്പോൾ നടന്ന കേരളം, തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുകളോ?
തമിഴ് നാട്ടിലെ ബഹുജനം തീർത്തും മോഡി വിരുദ്ധരാണ് എന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. നരേന്ദ്ര മോദിയോട് എതിർ സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു ട്വീറ്റുകൾ എഴുതിയത് അതിനു തെളിവാണ്. ബി ജെ പി സഖ്യകക്ഷിയായ എ ഐ ഡി എം കെ തങ്ങൾ CAA യുടെ ഉള്ളടക്കത്തെ തെറ്റിദ്ധരിച്ചതു കൊണ്ടാണ് അതിനെ പിന്തുണച്ചതെന്നു മാനിഫെസ്റ്റോയിൽ എഴുതിയത് ബി ജെ പിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. തമിഴ് സാമാന്യ ബോധം എത്ര പൗരത്വബിൽ വിരുദ്ധമാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

രണ്ടു മുന്നണികളും ഒരു പോലെ CAA യെ എതിർത്ത കേരളത്തിൽ പക്ഷെ CAA രണ്ടു ഭാഗവും വിഷയമാക്കിയത് മറുപക്ഷം ബി ജെ പി മനസ്സുള്ളവരോ ബി ജെ പി യെ സപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളവരോ ആണ് എന്ന പേടി ജനങ്ങളിൽ ഉണ്ടാക്കാനാണ്. ഇത് വെറും ഭീതി പരത്തലാണ് എന്ന് രണ്ടു കൂട്ടർക്കും അറിയാം താനും.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ജയിക്കാനായി അമിത് ഷായുടെ ബുദ്ധിയിൽ വിരിഞ്ഞ ഒരാശയം കൈ വിട്ടു പോയതാണ് സത്യത്തിൽ ഈ പൗരത്വപ്രക്ഷോഭത്തിൽ എത്തിച്ചത് തന്നെ. പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്ന് 2014 ഇന് മുമ്പ് വന്ന അഭയാർത്ഥികളിൽ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, ജൈനമതക്കാർ ആയവർ മതപീഡനം കൊണ്ട് വന്നവർ ആണെന്നും അവർക്കു ഇന്ത്യൻ പൗരത്വം നല്കണമെന്നതും ആണല്ലോ CAA. അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വളരെ കുറച്ചു പേരെ വന്നിട്ടുള്ളൂ. വന്നിട്ടുള്ളത് ബംഗ്ലാദേശിൽ നിന്നാണ്. അങ്ങിനെ വന്ന ബംഗാളികളിലെ ഹിന്ദുക്കൾക്ക് പൗരത്വം നൽകിയാൽ അങ്ങിനെ നിർമ്മിച്ചെടുക്കുന്ന ബംഗാളി ഹിന്ദു സമുദായം ബി ജെ പിയെ ഇലക്ഷനിൽ ജയിപ്പിക്കും എന്നതായിരുന്നു പ്ലാൻ. (ഇതിലേക്ക് NRC കൂടെ കൊണ്ടുവന്ന് ഇന്ത്യൻ കോൺസെൻട്രേഷൻ ക്യാമ്പുകൾ തുടങ്ങാമെന്ന തിരക്ക് കൊണ്ടാണ് അമിത് ഷാക്ക് വലിയ അബദ്ധം പറ്റിയത്)

എന്നാൽ ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ മതത്തെക്കൊണ്ടുവരുന്ന ഈ നിയമത്തിനെതിരെ ബംഗാളി ഹിന്ദു വിദ്യാർത്ഥിനികളും പൗരാവകാശക്കാരും വലിയ ഒരു പ്രക്ഷോഭം നടത്തി. ആ പ്രക്ഷോഭം നിന്ന് പോയി എന്നാണ് വിചാരിച്ചിരുന്നതെങ്കിലും #NOVOTEBJP എന്ന ക്യാമ്പെയ്നിലൂടെ ഇത് നന്നായി പ്രവർത്തിച്ചു. ബംഗാളി ദേശീയത, സ്ത്രീ വോട്ടുകൾ, വെൽഫെയർ സ്കീമുകൾ എന്നിവക്കൊപ്പം ഇതും മമതയുടെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എത്ര പണവും ശക്തിയും ഒഴുകിയിട്ടും ഈ സന്നദ്ധപ്രവർത്തകരുടെ വ്യക്തതയെത്തകർക്കാൻ ബി ജെ പിക്കായില്ല.
ബംഗാളികൾ ഒപ്പം കിട്ടുമെന്ന് പ്രതീക്ഷിച്ച പോലെ അമിത് ഷാക്ക് പോലും അറിയാവുന്ന കാര്യമായിരുന്നു അസമിലെ എല്ലാവരും പൗരത്വ ബില്ലിന് എതിരായിരിക്കും എന്നത്. അസമിലെ പ്രശ്നം ബംഗ്ലാദേശി വിരോധമാണ്: ഹിന്ദു ആയാലും മുസ്ലിം ആയാലും. കോടതി ഓർഡർ അനുസരിച്ചു നടത്തിയ NRC യിൽ പുറത്തായത് ഒരു വലിയ ഭാഗം ഹിന്ദുക്കൾ. ആദ്യം പൗരത്വ സമരത്തിൽ കത്തിത്തുടങ്ങിയത് നോർത്ത് ഈസ്റ്റ് ആണ്. എന്നിട്ടും എന്താണ് സംഭവിച്ചത്?
പ്രാദേശികനേതൃത്വത്തിന്റെ പിടിപ്പുകേട് പോലെത്തന്നെ പ്രധാനമാണ് അസമിൽ പൗരത്വപ്രശ്നം മുന്നിൽ വെച്ച് തെരഞ്ഞെടുപ്പ് നേരിടാൻ ആർക്കും താല്പര്യമില്ല എന്ന സത്യം. അത് മുമ്പിൽ വെച്ചാൽ അത് ഒരു പാർട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയാത്ത സാമൂഹിക പ്രതിസന്ധി ആയിമാറും.

വടക്കുകിഴക്കൻ മേഖലയോട് സംവദിക്കാനുള്ള ഭാഷ മെയിൻലാൻഡ് ഇന്ത്യ ഇനിയും വികസിപ്പിക്കേണ്ടി ആയിട്ടാണിരിക്കുന്നത്.
ഈ സമരം ഹിന്ദി മേഖലകളിലെ തെരഞ്ഞെടുപ്പുകളെയും 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെയും എങ്ങിനെ സ്വാധീനിക്കും?ആ ചോദ്യം ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ചു കൂടിയുള്ള ഒരു ചോദ്യം ആണ്.