
ജനനം മരണം പോലെയും മരണം ജനനം പോലെയും

നൂർലീന ഇൽഹാം
ജനനവും മരണവും
ഒരേ സമതലങ്ങളെ
ബന്ധിപ്പിക്കുന്ന നൂൽപ്പാലം
ജീവിതം അവക്കടിയിലെ
വിശാലമായ
കാട്ടുപ്പച്ചകളെ തലോടുന്ന
ആഴമേറിയ ജലാശയം
ജലപ്രവാഹത്തിന്റെ
കീഴ്പ്പോട്ടുള്ള
കുതിച്ചുച്ചാട്ടത്തിൽ
ജനനമരണങ്ങളുടെ സൂക്ഷ്മസുഷിരങ്ങൾ
തേടി ഒരു ജന്മം പെയ്ത്
തീർക്കുന്നു കാട്ടാളന്മാർ
ജനനം മരണം പോലെ
സങ്കുചിതവും
മരണം ജനനം പോലെ
അക്ഷുബ്ധവുമാകുമ്പോൾ
മരണവ്യാപാരികളൊക്കെയും
പ്രസവത്തിലേക്ക് നടന്നടുക്കുന്ന
ഗർഭിണികളെ പോലെയാണ്
അവർക്കൊക്കെ
വിശിഷ്ടചടങ്ങുകൾ
മധുരപലഹാരങ്ങൾ
ശ്രേഷ്ഠവസ്ത്രങ്ങളൊരുക്കാൻ
നഗരം അത്യുത്സാഹത്തോടെ തയ്യാറെടുക്കും
ഓരോ ജനനത്തിലും
നഗരം ഉറങ്ങുന്നു
ജനനമെന്നാൽ അത്രയേറെ
അലക്ഷ്യസ്ഥാനങ്ങളിൽ ഉടലെടുക്കുന്നവയാണ്
ഭീതിയുടെ ചക്രവാളങ്ങളിൽ
ചുരമിറങ്ങുന്ന
സായാഹ്നങ്ങളുടെ ദുഃഖഭരിതമായ അവശേഷിപ്പുകളിലൊന്ന്!
മരണമപ്പോൾ കുക്കൂണുകളുടെ പിരിമുറുക്കത്തിൽ നിന്നുള്ള
ഒളിച്ചോട്ടമാകുന്നു
അഥവാ ഫോസിലുകളുടെ അടയാളങ്ങളിൽ
നിന്നുള്ള വിമോചനം
വിശാലമായ
നഗരസമുച്ചയങ്ങളുടെ
ഏറ്റവും കുടുസ്സായ
തെരുവുകളൊന്നിൽ
വഴിവിളക്കുകൾ അണയുന്നിടത്ത്
നഗരത്തിന്റെ ആദ്യ കോട്ട ആരംഭിക്കുന്നു
സമുദ്രം,
സ്വപ്നാവരണം ചെയ്യപ്പെടാത്തൊരു
ശാന്തനിദ്രയുടെ തുരുത്തിൽ
കടലാഴങ്ങളിൽ ഉപേക്ഷിക്കപ്പെട്ട
കടൽകാക്കകളെ പോലെ
ചിറകുകളുടച്ചു നീന്തിപറക്കുന്നു
പ്രഭാതകിരണങ്ങൾക്കും
സന്ധ്യാവലയങ്ങൾക്കുമിടയിൽ
ചിതറിത്തെറിച്ച രഹസ്യക്കൂറ്റിലെ
ഏറ്റവും നിബിഡവും
പരിണമിക്കപ്പെടാത്തതുമായ
കളവായി കാലം അവശേഷിക്കപ്പെടുന്നു !!