
പ്രേമം പോലെത്തന്നെ

നിവി
ഒരുയരക്കാരി.
ഞാൻ കണ്ട
ഏറ്റവും നീണ്ട മരത്തിന്റെ
തോളോടുതോൾ നിൽക്കും ആ ഉയരം.
ഞാനടുത്തുചെന്നു ചോദിച്ചു,
ഞങ്ങൾ കാണുന്ന പോൽ തന്നെയോ വാനം..
പറക്കുമ്പോൾ ഉറക്കംതൂങ്ങുന്നവരാണോ പക്ഷികൾ,
നടക്കുമ്പോൾ നമ്മൾ തൂങ്ങുമ്പോലെ..
ദൂരെദൂരെയെന്താണ്, കടലാണോ..
കടൽത്തിരകൾ വ്യക്തമോ..
വെളിച്ചം കണ്ണിൽ കുത്തുമ്പോഴുള്ള
ഉറവ തടുക്കാൻ
കരുതിയിട്ടില്ലേ ഒരു തൂവാല..
താഴേക്കു നോക്കുമ്പോൾ
കുഞ്ഞനുറുമ്പുകളല്ലേ
എന്റെ ചെമ്പരത്തികൾ..
പനിനീരുകൾ..
കോളാമ്പികൾ..
അവളെനിക്കു നേരെ കുനിഞ്ഞു,
ആരാണു നീ..
എന്താണു കാര്യം..
ഉച്ചവെളിച്ചം പോൽ തുളയ്ക്കാതെ
തൊല്ലയാക്കാതെ ഒന്നു പോകൂ..
ഞാൻ കരഞ്ഞു.
പല രാത്രികളിൽ
അവളുടെ ഉറക്കത്തിനരികിൽ ചെന്നു.
ഭദ്രമായി കെട്ടിപ്പൊതിഞ്ഞു വെച്ചിരിക്കുന്നതു
കണ്ടു ഉയരത്തെ.
പക്ഷേ എത്ര നോക്കിയിട്ടും കഴിഞ്ഞില്ല
കട്ടെടുക്കാൻ.
പ്രേമം പോലെത്തന്നെ.