
നഴ്സുമാരുടെ നിശബ്ദ സഞ്ചാരങ്ങൾ
വായന
നിശബ്ദ സഞ്ചാരങ്ങൾ – ബെന്യാമിൻ

രാഹുൽ രാജ് എസ്
കോവിഡ് മനുഷ്യന്റെ ജീവിത രീതികളെ ഒന്നാകെ മാറ്റി മറിച്ചിരിക്കുന്നു. ലോകം ഒന്നാകെ കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ച് നഴ്സുമാർ. പക്ഷെ നഴ്സുമാർ എന്നത് സമൂഹത്തിൽ പലപ്പോഴും അവഗണന നേരിടുന്ന വിഭാഗമാണ്. ഈ അടുത്ത കാലത്തും ശമ്പള വർദ്ധനവിനായി അവർക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ട്. നഴ്സുമാരുടെ ജീവിതം പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ രചിച്ച നോവലാണ് നിശബ്ദസഞ്ചാരങ്ങൾ.
കേരളത്തിൽ പഠിച്ച് പുറം രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന നഴ്സുമാരുടെ കഥയാണ് ബെന്യാമിൻ ഈ നോവലിലൂടെ പറയുന്നത്. പുറമെ നിന്ന് നോക്കിക്കാണുമ്പോൾ അത്തരം നഴ്സുമാരുടെ ജീവിതം സുഖകരമാണ്. കേരളത്തിൽ പഠിക്കുന്നു, വിദേശത്ത് ജോലി നേടുന്നു, സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ഉണ്ടാകുന്നു. പക്ഷെ യാഥാർഥ്യം അതാണോ? ഇതിന്റെ യഥാർത്ഥ ചിത്രത്തിലേക്കാണ് ഒരു റാന്തൽ വിളക്കുമായി ബെന്യാമിൻ വായനക്കാരനെ നയിക്കുന്നത്.

ആടുജീവിതം എന്ന ഒറ്റ കൃതികൊണ്ട് തന്നെ, വായനയവസാനിപ്പിച്ച നിരവധിപ്പേരെ വായനയിലേക്ക് തിരികെ കൊണ്ട് വന്ന, മലയാള വായനക്കാരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ബെന്യാമിൻ. മഞ്ഞവെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി തുടങ്ങി തുടർന്ന് വന്ന രചനകൾ വ്യത്യസ്തമായ പ്രമേയവും അവതരണവും ഉള്ളതും ബെന്യാമിൻ എന്ന പ്രതിഭയെ അടയാളപ്പെടുത്തുന്നതുമായിരുന്നു. പ്രഥമ ജെ സി ബി പുരസ്കാരത്തിന് അർഹനായതിലൂടെ മലയാള സാഹിത്യത്തെ വീണ്ടും ബെന്ന്യാമിൻ ഉന്നതങ്ങളിൽ എത്തിച്ചു.
പ്രധാന കഥാപാത്രമായ മനുവിന്റെ ആശുപത്രിവാസത്തിലൂടെയാണ് നിശബ്ദസഞ്ചാരങ്ങൾ എന്ന നോവൽ ആരംഭിക്കുന്നത്. ഇന്നാട്ടിലെ പല യുവാക്കളുടെയും പ്രതിനിധിയാണ് മനു. നഴ്സുമാരെ ഇഷ്ട്ടമല്ലാതിരുന്ന മനുവിനെ ആ ആശുപത്രി വാസത്തിൽ മരിയ എന്ന നഴ്സ് ആഴത്തിൽ സ്വാധീനിക്കുന്നു. ഒരു നഴ്സിന്റെ ചുമതലകൾ, ജോലിയുടെ ആഴത്തിലുള്ള ചിത്രം എന്നിവ ലഭിക്കുക വഴി മനുവിനൊപ്പം വായനക്കാരനും നഴ്സുമാരെ പറ്റി കൂടുതൽ വ്യക്തമായൊരു കാഴ്ചപ്പാടുണ്ടാകുന്നു. മരിയ എന്ന പേര് മനുവിനെ മറിയാമ്മയിലെത്തിക്കുന്നു. മനുവിന്റെ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദറിന്റെ സഹോദരിയായ മറിയാമ്മ 1941 ഇൽ മധ്യ തിരുവിതാംകൂറിലെ ഉൾഗ്രാമത്തിൽ നിന്നും സിംഗപ്പൂരിൽ നഴ്സിങ്ങിന് പോയതാണ്. ആ കാലഘട്ടത്തിൽ ഒരു വനിതക്ക് എങ്ങനെ ഇത് സാധ്യമായി എന്നത് മനുവിൽ കൗതുകമുണർത്തുന്നു. അവൻ മറിയാമ്മച്ചിയെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. മനുവിന്റെ ഈ അന്വേഷണവും കണ്ടെത്തലുകളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്.

ആകാശ സഞ്ചാരങ്ങൾ നിശ്ചലമായ കോവിഡ് കാലത്ത് പോലും ഇന്ത്യയിൽ നിന്നും നഴ്സുമാരെയും കൊണ്ട് വിമാനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് പറന്നിരുന്നു. കോവിഡിനെതിരെ പോരാടാൻ അവർക്ക് നമ്മുടെ നഴ്സുമാരെ ആവശ്യമുണ്ടായിരുന്നു. പക്ഷെ ഈ യാത്രകൾ ഒന്നും പൊതുജനങ്ങൾ അറിഞ്ഞിരുന്നില്ല. കാരണം അവയൊക്കെയും നിശബ്ദസഞ്ചാരങ്ങൾ ആയിരുന്നു. കഴിഞ്ഞ എത്രയോ വർഷമായി കേരളത്തിൽ നിന്നും ഇവ്വിധത്തിൽ നഴ്സുമാർ അന്യ ദേശങ്ങളിലേക്ക് പോകുന്നുണ്ട്. അവരുടെ ചരിത്രം പലപ്പോഴും നമ്മൾ മറന്നുകളയുന്നു. അവരുടെ ജീവിതത്തെ വായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുക വഴി ചരിത്രപരമായ ഒരു ദൗത്യം കൂടെയാണ് ബെന്യാമിൻ നിർവ്വഹിക്കുന്നത്.
ചരിത്രം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വീര പുരുഷ കഥാപാത്രങ്ങൾ ആണ് കടന്ന് വരുന്നത്. നമ്മൾ കേട്ടതും പഠിച്ചതുമായ ചരിത്രങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സ്ഥാനത് പുരുഷന്മാരായിരുന്നു. അത്തരത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന സ്ത്രീകളുടെ ചരിത്രം പറയുന്നതിലൂടെ നോവൽ സാമൂഹിക പ്രാധാന്യം നേടുന്നു. മലയാളത്തിൽ സ്ത്രീകൾ രചിച്ച സ്ത്രീപക്ഷ രചനകളുണ്ടെങ്കിലും ആൺ എഴുത്തുകാരുടെ സ്ത്രീപക്ഷ രചനകൾ കുറവാണ്. സേതുവിൻറെ നോവലുകളാണ് ഇതിന് ഒരപവാദം. സമുദ്രശിലയിലൂടെ സുഭാഷ് ചന്ദ്രനും നിശബ്ദസഞ്ചാരങ്ങളിലൂടെ ബെന്യാമിനും സ്ത്രീപക്ഷത്ത് നിന്നും എഴുതുമ്പോൾ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണെന്ന ആശയം ഉയർത്തിപ്പിടിക്കാൻ ഇന്നത്തെ മലയാള സാഹിത്യകാരന്മാർക്ക് കഴിയുന്നുണ്ടെന്ന് പറയാം.
നോവലിൽ സ്ത്രീകഥാപാത്രങ്ങൾ സമ്പാദിച്ച് കുടുംബത്തെ ഉന്നതിയിലെത്തിക്കുന്നെങ്കിലും അവർക്ക് കുടുംബ കാര്യങ്ങളിൽ സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല. വീട് നിർമ്മാണം ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങളിൽ അവരുടെ ഇഷ്ടങ്ങൾ പരിഗണിക്കുന്നില്ലെന്നതും ആത്യന്തികമായി പാചകവും കുട്ടികളുടെ പരിചരണവും എന്ന ഉത്തരവാദിത്തത്തിൽ ഒതുക്കപ്പെടുന്നതായും കാണാം. ഈ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് നോവൽ മുന്നോട്ട് വെക്കുന്നു.
പശ്ചാത്തലത്തിന്റെ കാര്യത്തിലും നോവൽ വ്യത്യസ്തത പുലർത്തുന്നു. വിദേശ രാജ്യങ്ങൾ എന്ന് പറയുമ്പോൾ യൂറോപ്പും അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒക്കെയാണ് സാധാരണയായി കടന്ന് വരിക. പക്ഷെ ഇവിടെ ആഫ്രിക്കയാണ് പശ്ചാത്തലം. ആഫ്രിക്കയിലെ തന്നെ അത്രയൊന്നും അറിയപ്പെടാത്ത ഇടങ്ങളിലെ ജീവിത സാഹചര്യം , പകർച്ചവ്യാധികൾ സ്ഥിരമായ ഒരു സ്ഥലത്ത് മനുഷ്യർ എങ്ങനെ അതിജീവിക്കുന്നു, ആഫ്രിക്കയും മലയാളികളും തുടങ്ങിയവയെല്ലാം നോവലിൽ പ്രതിപാദിക്കപ്പെടുന്നു.
ചെറുതല്ലാത്ത രീതിയിൽ നോവലിൽ രാഷ്ട്രീയവും പരാമർശിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ലോകമഹായുദ്ധത്തെ പറ്റിയുള്ള കാഴ്ചപ്പാടാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ അണുബോംബിനാൽ തകർന്നടിഞ്ഞ ജപ്പാനെ സഹതാപത്തോടെയാണ് നമ്മൾ ഓർക്കാറുള്ളത്. പക്ഷെ അവർ അത് അർഹിച്ചു എന്ന കാഴ്ചപ്പാട് നോവലിലെ കഥാപാത്രങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. യുദ്ധ സമയത്ത് ഹോസ്പിറ്റൽ ആക്രമിക്കാൻ മാത്രം ക്രൂരരായിരുന്നു ജപ്പാൻകാർ എന്നും അവർ യുദ്ധ തടവുകാരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്തിരുന്നു എന്നും, പേൾ ഹാർബർ ആക്രമിച്ച അവരുടെ അനാവശ്യ നീക്കമാണ് അണുബോംബാക്രമണത്തിൽ എത്തിച്ചതെന്നും പറഞ്ഞ് വെക്കുന്നു. സുഭാഷ് ചന്ദ്ര ബോസിൻറെ INA യെ കുറിച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നോവലിൽ ഉണ്ട്.

മനു എന്ന കഥാപാത്രം നടത്തുന്ന അന്വേഷണ രൂപത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തെയും യാഥാർഥ്യത്തെയും ഫിക്ഷനെയും കൂട്ടിയിണക്കിയുള്ള അവതരണ ശൈലി പുതുമയുള്ളതെന്നു പറയാൻ കഴിയില്ല. ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിലും ബെന്ന്യാമിന്റെ തന്നെ മുൻ രചനകളായ മഞ്ഞ വെയിൽ മരണങ്ങൾ, അൽ അറേബ്യൻ നോവൽ ഫാക്ടറി തുടങ്ങിയവയിലും സമാന ശൈലി കാണാൻ സാധിക്കുന്നുണ്ട്. ബെന്ന്യാമിന്റെ ലളിതമായ ഭാഷ ശൈലി പതിവ് പോലെ ഈ നോവലിലും കാണാം. സാഹിത്യ പ്രയോഗങ്ങളിലും വർണ്ണനകളിലും ബെന്ന്യാമിൻ പിശുക്ക് കാണിക്കുന്നെങ്കിലും അത് നോവലിന്റെ ആസ്വാദനത്തെ ബാധിക്കുന്നില്ല.
മനു നടത്തുന്ന അന്വേഷണത്തിൽ പലപ്പോഴും യാദൃച്ഛികതകൾ കൂടുതലായി കടന്ന് വരുന്നുവോ എന്ന് വായനക്കാരന് സംശയം തോന്നിയേക്കാം. “യാദൃച്ഛികതകളുടെ ആകെ തുകയാണ് ഇന്ന് നമുക്ക് മുന്നിൽ പ്രത്യക്ഷമയിരിക്കുന്ന, നില നില്ക്കുന്ന ഈ ലോകം തന്നെ. അവ ഇല്ലായിരുന്നെങ്കിൽ ഈ ലോകം കൂടുതൽ ഇരുണ്ടതും രഹസ്യങ്ങൾ നിറഞ്ഞതുമായി ഇപ്പോഴും നിലകൊള്ളുമായിരുന്നു” എന്ന് പറഞ്ഞു വെച്ച് എന്ത് കൊണ്ട് ആ യാദൃച്ഛികതകൾ എന്നതിനുല്ല ഉത്തരം ബെന്ന്യമിന് തന്നെ നോവലിൽ നൽകുമ്പോൾ തന്റെ വായനക്കാരെ കുറിച്ച് പൂർണ്ണ ബോധ്യമുള്ള എഴുത്തുകാരനാണ് ബെന്ന്യാമിൻ എന്നത് കൂടുതൽ വ്യക്തമാവുന്നുണ്ട്.
പ്രമേയം കൊണ്ട് മികച്ച് നിൽക്കുമ്പോഴും അവതരണത്തിൽ തന്റെ തന്നെ മുൻ രചനകലുടെ അത്രയും മികവ് പുലർത്താൻ എഴുത്തുകാരന് കഴിഞ്ഞോ എന്ന സംശയം ബാക്കി നിൽക്കുന്നു. എങ്കിലും ലളിതമായ ഭാഷയാലും ആകാംക്ഷ നിറക്കുന്ന കഥാ ഗതിയാലും ആർക്കും മടുപ്പില്ലാതെ ഒറ്റയിരിപ്പിന് വായിച്ചവസാനിപ്പിക്കാവുന്ന പുസ്തകം തന്നെയാണ് നിശബ്ദസഞ്ചാരങ്ങൾ.