
സുജീഷിന്റെ വെയിലും നിഴലും മറ്റു കവിതകളും

നിക്സ്ണ്‍ ഗോപാല്‍
സുജീഷിന്റെ കവിതകളും കവിതാവിവര്‍ത്തനങ്ങളും അയാളുടെ വെബ്സൈറ്റില്‍ നേരത്തെ വായിച്ച് രുചി പിടിച്ചിരുന്നു. അതിലെ ഭാഷാപരമായ ചില സൂക്ഷ്മ പ്രയോഗങ്ങള്‍ കൊണ്ട്, ഒന്നാമത്. രണ്ടാമത് ഉള്ളടക്കത്തിലെ കാവ്യാവസ്ഥയെ തന്നെ മുനച്ചു കൂര്‍പ്പിക്കുന്ന ഒരു രീതി.
‘ഇല്ല, കുടിച്ചിരിക്കില്ല
വെയില് കുടിച്ചിടത്തോളം
വെള്ളമാരും ‘ (വെയില് )
എന്ന വരികള്‍ നേരത്തെ വായിച്ചപ്പോള്‍ തന്നെ ഈ കവിതകള്‍ പ്രിയപ്പെട്ടതാകും എന്നൊരു വിളിയുണ്ടായി. കുടിച്ചു വറ്റിക്കുക എന്ന ധര്‍മ്മമുള്ള വെയില് മറുലോകം തേടി പോകുമ്പോള്‍ ഇവിടം ഇരുളിലാകുന്നു.
ഇഹലോക വസ്തുകള്ക്കുള്ളില് മാഴ്കി നില്‍ക്കെ തന്നെ സുജീഷിന്റെ കവിതകള്‍ മറുലോകം തേടുന്നവയാണ്. പ്രകൃതിയെ തോട്ടല്ലാതെ ഒന്നും നില്ക്കുന്നില്ല. ആ സ്പര്ശത്തില്, വസ്തുക്കള്‍ തമ്മിലുള്ള വിനിമയങ്ങളും പകര്‍ച്ചകളും കവി അതിസൂഷ്മമായും ഗൗരവതരമായും കാണുന്നു. വെയില്, രാത്രി, വാനം, മേഘങ്ങള്‍, താഴ്വര, ഇലകള്‍, വിത്ത്, മരം, കടല്‍, സൂര്യന്, നിഴലുകള്‍, എന്നീ പ്രകൃതി പ്രതിഭാസങ്ങളോ, അതിനുള്ളിലെ മനുഷ്യവസ്ഥയോ കാവ്യവിഷയങ്ങളായി വരുന്നുണ്ട്.
വളരെ സാധാരണമായ ഈ വിഷയ വസ്തുക്കള്‍, പക്ഷേ ഒറ്റയ്ക്കു നില്ക്കുന്നവയല്ല. മറിച്ച് അവ മറ്റൊന്നുമായി നിരന്തരം പകര്‍ന്നാടുന്നു. എത്തരത്തിലാണ് ഈ പകര്‍ച്ച എന്നു കാണിച്ചു തരികയാണ് ഇവിടെ കവിയുടെ എഴുത്ത്. അതു കൂടുതലും ദൃശ്യപരമാണ്. ചാരുതയാര്‍ന്നതുമാണ്. അവ ആ ദൃശ്യങ്ങളില്‍ തന്നെ പൂര്ണ്ണമല്ലാത്തതാണ് ഇവയുടെ ഭംഗി.
‘ആട്ടെ, എപ്പോഴാണ് നിനക്കൊരു കവിത
ഉപേക്ഷിക്കേണ്ടി വരുന്നത്?-അവള് ചോദിച്ചു.
പൂര്‍ത്തിയാകുമ്പോഴോ
അതിനു സാധിക്കാതെ വരുമ്പോഴോ?'(ഒടുവില്‍)
പൂര്‍ത്തീകരണത്തെ അഥവാ പൂര്ണ്ണതാകാംക്ഷയെ തന്നെ കുരിശില്‍ നിറുത്തുന്ന ഒരു കവിതയാണിത്. അപൂര്‍ണ്ണത അതീതത്തിലേക്കും തുടര്‍ച്ചയിലേക്കും നീളുന്നതു കൊണ്ടു കൂടി പഴയ ലക്ഷണ കവിതകളുടെ പാരമ്പര്യമല്ല. പുതിയ പ്രകൃതിയെ കാണുകയും ഗുപ്തത എഴുതുകയും അതില്‍ താന്‍ കണ്ട പുതിയ പ്രതിഭാസങ്ങള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു.
പ്രകൃതിയെ തിരുത്തുന്നത് ഭാഷയ്ക്കുള്ളിലാണ്. ഭാവനാനിഷ്ഠമായല്ലാതെ ചരാചരങ്ങളെയും മനുഷ്യരെയും നോക്കുക വയ്യ. പ്രകൃതിയെ അഭിമുഖീകരിക്കുമ്പോള്‍ തന്നെ പ്രകൃതിക്കുള്ളില്‍ നില്ക്കുന്ന മനുഷ്യരുടെ വ്യഥയും ഏകാകിതയും ഒറ്റപ്പെട്ടലും കവി സവിശേഷം കാണുന്നുണ്ട്.അത് ധ്യാനത്മകമായ ഒരു പ്രക്രിയയായി ഉയരുകയും ചെയ്യുന്നു, ഈ കവിതകളില്‍.
‘വെയിലിന്റെ മറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി ‘(വഴിയേ )
ഈ ധ്യാനാത്മക പ്രക്രിയ പല വഴികളുടെ ശൃoഖലാബന്ധതയാണ്. അതില്‍ പാരസ്പര്യവുമുണ്ട്. പതിഞ്ഞ ഒരിനം മൗനത്തിന്റെ ഗദ്യതാളം കവിതകളില്‍ കണ്ടെത്തനാകും. നേരെ സംവദിക്കാത്ത, ഗുപ്തരീതിയിലാണ് ഇവയുടെ അവതരിക്കല്‍.
‘മജീഷ്യന്റെ കറുത്ത തൂവാല കണക്കെ
രാത്രി, ലോകത്തെ മൂടുമ്പോള്‍
ഇരുട്ടില്‍ തുറന്നകണ്ണായ്
തുറന്നു കിടക്കും ജനല്‍
അടച്ചിട്ടുന്നതാരതിന് പാളികള്‍
അയാളുടെ കണ്പോളകള് എന്ന പോലെ.’ (ശേഷം )
ഒറ്റയ്ക്കു കഴിഞ്ഞ ഒരാള്‍ മരിച്ചു പോകുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ ജനല്പ്പാളികള് അടയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതു മരിച്ചയാളുടെ കണ്ണുകള്‍ അടയും പോലത്രേ. ഒരു മനുഷ്യന്റെ ജീവിതാവസ്ഥയും വീടുപോലുള്ള പരിസരവും ഒരാളുടെ ആന്തരികതയില്‍ നിന്നും വ്യത്യസ്തമല്ല. അപരനെ നാമിങ്ങനെ പശ്ചാത്തലങ്ങളോടെയാണ് പിന്തുടരേണ്ടി വരുന്നത്. ഇത്തരം പശ്ചാത്തലങ്ങള്‍ കാവ്യവസ്തുകളുടെ പിന്നില്‍ മൂര്‍ത്തമാണ്.
അതു തന്നെയാണ് കവിയുടെ / കവിതയുടെ സൂക്ഷ്മരാഷ്ട്രീയത്തിനു നിര്‍ണ്ണായകമാകുന്ന പ്രത്യേക ചേരുവ.
‘വാക്കേത്?’എന്ന കവിതയുടെ പിന്തലം കാണുക. ഇലകളുടെ നിമന്ത്രണത്തോളം ചെന്നു അതിന്റെ പിന്നിലെ വാക്ക് തെരയാന്‍ ശ്രമിക്കുകയാണ്. അതില്‍ കാറ്റില്ലാതെ തന്നെ ഗുപ്തമായ വാക് മന്ത്രങ്ങളാല്‍ വസ്തുക്കള്‍, മരങ്ങള്‍ കമ്പനം ചെയ്യപ്പെടാം, എന്നൊരു ശ്രദ്ധ അവിടെ കാത്തുനില്‍പ്പുണ്ട്. ഇത് ഒരു തരം അസാന്നിധ്യ സാന്നിധ്യമാണ്. ‘ഇല്ലാത്തൊരാള്’ എന്ന കവിതയിലും മറ്റും ഇക്കാര്യം കാണാം.
‘പനി’എന്ന കവിതയില്‍
‘നിങ്ങള്‍ക്കറിയുമോ
മഴയുടെ മനസ്സൊരു
മരുഭൂമിയയും –
ശരീരം സമുദ്രവുമാണ്.’
പിന്തലങ്ങളിലെ പ്രകൃതിയുടെ സ്വാഭാവികതയുടെ രാഷ്ട്രീയ സിദ്ധി സ്പര്‍ശം ഇത്തരത്തില്‍ കണ്ടെടുക്കാവുന്നതാണ്.
അതു പ്രകൃതി വസ്തുകളുടെ ശേഷിയെയും വൈഭവത്തെയും ഉറപ്പിനെയുമാണ് കാണിക്കുന്നത്.
‘കാരണം ‘-എന്ന കവിതയില്‍ കാരണം, അ-കാരണമാണ്!
കെട്ടിവയ്ക്കുന്ന, തേടിയെടുക്കുന്ന കാരണങ്ങളിലാണ് നമ്മുടെ ചിന്ത ജനിക്കുന്നത്.
അതു വേണ്ടത്ര യാഥാര്‍ഥ്യത്തെ ഉല്പാദിപ്പിക്കുന്നുണ്ട്.
‘അങ്ങനെയൊരാള്‍ ഇല്ലെങ്കില്‍ ‘-എന്ന അപ്രസക്തിയെ പോലും ഇവിടെ കാരണമായി എഴുതുന്നു. അതല്ലാതെയും സ്വാഭാവിക സംഭവങ്ങള്‍ പ്രകൃതിയിലുണ്ട് എന്നതിനെയും ഈ കവിത (‘കാരണം’) പരോക്ഷമായി സൂചിപ്പിക്കുന്നു. ഈ മട്ടില്‍ പല അളവില്‍ പ്രകൃതിയുമായി തുടര്‍ച്ചയായി ബന്ധം കണ്ടു പിടിക്കുന്ന, സ്ഥാപിക്കുന്ന, തുടരുന്ന, മാറുന്ന ഒരു ആത്മപ്രക്രിയ കവിയുടെ നിരീക്ഷണത്തില്‍ എമ്പാടുമുണ്ട്.
പശ്ചാത്തലങ്ങളുടെ ഗുപ്തത, എടുത്തെഴുതുമ്പോള്‍ മൂര്‍ത്തമാകും. ‘നിഴല്‍’എന്ന കവിതയില്‍ (നിഴല്‍ /രാത്രി /ഇരുട്ട് ഒക്കെ ഒട്ടേറെ കവിതകളില്‍ തുടര്‍ച്ചയായി കടന്നു വരുന്നു!) ‘ഒരു കൂട്ടമാളുകള്‍ നിഴലും വലിച്ചു നീങ്ങി ‘ എന്നെഴുതി. പശ്ചാത്തലങ്ങളിലെ സ്ഥലരാശിയുടെ കനം അവിടെ ഏറെ നിര്‍ണ്ണായകമാണ്. ഒന്നിന്റെ സ്വത്വത്തെ മറ്റുള്ളവയിലേക്കു പകര്‍ന്നു കൊടുക്കുന്നത്. ഈ പിന്നണിക്കൂട്ടങ്ങളാണ്. അത്തരത്തില്‍ മാത്രമേ ഓരോന്നും ഇവിടെ നിര്വ്വചനക്ഷമമാകുകയുള്ളൂ. കവിതയിലൂടെ മനുഷ്യരുടെ ആ നിര്‍വ്വചന ത്വര പുതുക്കപ്പെടുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഒരാള്‍ അയാളെ തന്നെ പുതുക്കി നോക്കാന്‍ വെമ്പുന്ന ഇടപെടലുകളാണവ.
‘എല്ലാം ഉപ്പിലിട്ടു വയ്ക്കുന്നു കടല്‍.
മലയുടെ നാവായി നീളും പുഴ
ഇവിടെ വച്ചു കടല്‍ രുചിയറിയുന്നു ‘-(അഴിമുഖം )
പുഴ, മലയുടെ നാവാകുന്നു. അത് ഉപ്പിനെ രുചി ക്കാന്‍ തേടുന്നു. കടല്ത്തിരയാകട്ടെ പരുക്കന്‍ പാറകളെ നക്കി മിനുക്കുന്നു. നാവു പോലുള്ള ഒരു മീനാണ് കരയില്‍ പിടയുന്നത്. അതിന്റെ രുചിയറിയുന്നതോ എന്റെ നാവും!
ഇത്തരത്തില്‍ പഞ്ചേന്ദ്രിയബദ്ധമായ ഒരു ലൌകിക പ്രകൃതിയെ ഒരു പ്രക്രിയയായി തന്നെ വിവരിക്കുകയാണ്. നാവും അതിലെ രുചിയും പ്രകൃതിയുടെ പുറം വസ്തുക്കളോടുള്ള ബന്ധത്തെയാണ് ഉറപ്പിക്കുന്നത്. അതായത് പ്രകൃതിയിലെ ഒരു ഉരുവം ആ മട്ടില്‍ തനിയെ നില്ക്കുന്നില്ല. അത് അകം തുറന്ന ഒരു ഭവരൂപമാണ്. ഇത്തരത്തില്‍ തുറന്ന എല്ലാം മറ്റുള്ളവയോട് ഘടിപ്പിക്കപ്പെടാന് സദാ സന്നദ്ധവുമാണ്. വെറുതെ റോട്ടിലൂടെ ചുമ്മാ നടന്നു പോകുന്ന ഒരാളില്‍ മലവും മൂത്രവും കഫവും വിയര്പ്പുമുണ്ടെന്നും അതു പ്രകൃതിയുമായി നിരന്തരം മറുപടി പറയുന്നുണ്ട് എന്നും പ്രകൃതി, അതിന്റെ പ്രക്രിയാത്മകതയില് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് എന്നും നാം വളരെ സൂക്ഷ്മമായി അറിയാന്‍ പ്രേരിപ്പിക്കപ്പെട്ടവരാകുന്നു.- ഏതാണ്ടിതുപോലെയുള്ളതാണ് ഈ കവിതയിലെ ധ്യാനം!
‘യാതൊന്നും ചെയ്യുവാനില്ലാതെ ‘(കവിത ) ഒരാള്‍ പുറത്തേക്കു നോക്കി നില്‍ക്കുമ്പോഴും അവിടെ ഒരിനം ‘പോക്കു വരവുകള്‍ ‘ സജീവമാണ്. എല്ലാ ജീവനുകകളെ സംബന്ധിച്ചും അത് സ്മൃതികളിലേക്കു നീളാനുള്ള വെമ്പലായി മാറുന്നു. ചില്ലു ദര്‍പ്പണത്തില്‍ തന്റെ മുഖം കാണുമ്പോള്‍ അതില്‍ എത്രയോ പെണ്ണുങ്ങള് ചുംബിച്ചതാണ് എന്ന ആഹ്ലാദം വിടുന്നില്ല. ഇത്തരത്തില്‍ അന്നൊന്യ പ്രക്ഷേപമാകാനും സ്വയം ദര്പ്പണമാകാനും എല്ലാം സജീവമാണെങ്കിലേ കഴിയൂ. സാധാരണ റൊമാന്റിക് കവിതകളില്‍ കാണുന്ന ആ വെറുതെയിരിക്കലുകള് ഒന്നും, ഇവിടെ ഒരു നിമിഷത്തിലും, വെറുതെയാകുന്നില്ല. അതായത് ഒരാളുടെ സ്വത്വം എന്നു പറയുന്നത് ഒട്ടനേകം അപരങ്ങളിലൂടെ തട്ടി പ്രതിഫലിച്ചും സംവ്രജിച്ചും തന്നില്‍ ഒരുങ്ങുന്ന ഒരു ‘പ്രതി’-ഫലനമാണ്! അത് ഒരേ സമയം ഒരാള്‍ പങ്കിട്ടുന്ന യഥാര്‍ഥ്യവും ഭാവനായഥാര്ഥ്യവുമാണ് (The Real and virtual).

അതുകൊണ്ട് ആത്മ സംശയങ്ങള്‍ക്ക് ഒരിനം നിസ്സംഗഭാവമാണ്. അമ്പേ തകര്‍ന്നടിയുന്ന ഒരു ആത്മ(self )ത്തെ ഉറപ്പിച്ചു നിര്‍ത്തേണ്ടതാണെന്ന് ഈ കവിതകള്‍ പൊതുവെ പറയുന്നില്ല. പകരം അതില്‍ ആഹ്ലാദിക്കാന്‍ വകുപ്പുണ്ട്. നേരത്തെ പറഞ്ഞ ധ്യാനത്മകമായ ഇടനിലയിലാണ് ആ ആഹ്ലാദം അഥവാ ആനന്ദം തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
‘കാലുകള്‍ ‘ എന്ന കവിത ഒരു യാത്രാദൂരത്തെയാണ് കാണിച്ചു തരുന്നത്. ഒരാളില്‍ നിന്നുള്ള അകല്ച്ചാമുഹൂര്ത്തത്തില് പോലും സ്വന്തം കാലില്‍ നില്ക്കാം;ഇനിയാരും വേണ്ട എന്നു ഉറപ്പിക്കുമ്പോഴും അതു പ്രകൃതി/മനുഷ്യബന്ധങ്ങളിലെ ചാക്രികതയുടെ ഒരു ഘട്ടത്തെയാണ് നിവര്‍ത്തി തരുന്നത്. കാരണം, നട്ട വിത്തില്‍ രണ്ടിലകളായി ചിറകു വിടര്‍ത്തി ഇപ്പോള്‍ കാറ്റില്‍ പറന്നു പോകുമെന്നും പുതുനാമ്പുകള്‍ക്കായി കാത്തിരിക്കും എന്നുള്ളതു കൊണ്ട് പ്രണയികള്‍ തമ്മിലെന്ന പോലെ അകന്നു പോകുന്ന അവസ്ഥകളൊന്നും ഇവിടെ ഖേദത്തിന്റേതല്ല.
‘വളരുന്ന, തളരുന്ന, വീഴുന്ന
ഇലകള്‍, പൂക്കള്‍, കായ്കള്‍
കണ്ടു നടക്കും ‘-(കാലുകള്‍ )
-എന്നു പറയുന്നത് ഈ ചാക്രികതയിലെ പ്രതീക്ഷയും സ്വാഭാവികതയുമാണ്.
‘….അതിന്റെ ഇഴകള്ക്കിടയിലെ
വിടവിലൂടെ നോക്കുമ്പോള്‍
നിങ്ങള്‍ ഭാഷയെത്താത്തൊരു
കുഞ്ഞിനെ കാണുന്നു.’-(വാക്കുകള്‍ )
വാക്ക് ഈ കവിക്ക് ഒരു കനമല്ല. വാക്കുകളുടേതായ സ്ഥാപന ദൗത്യത്തില്‍ പെട്ടു കിടക്കുന്നതാണ് സാധാരണ വ്യവഹാരം. അത് ഒരു ശൂന്യസ്ഥലിയുടെ ക്രിയാത്മകതയെ തൊടാന്‍ പര്യാപ്തമല്ല. സുജീഷിന്റെ കവിതകള്‍ പൊതുവെ വായിക്കുമ്പോള്‍ ഈ ലൌകികത്തില്‍ ഒരു മറുലോകമോ അതിന്റെ ശൂന്യമായ ഇടത്തിലെ ക്രിയാശക്തി കാണാന്‍ കാത്തിരിക്കുന്നതൊ ആയ ഒരു പ്രവര്‍ത്തനം കൂടി കാണാനാകുന്നുണ്ട്.
‘…. അങ്ങനെയൊരു പുസ്തകം കണ്ടെത്താനാകാതെ കുഴങ്ങുന്നു,
……….
ചുരുക്കം ചിലര്‍ താന്‍ തേടുന്ന പുസ്തകം എഴുതിയുണ്ടാക്കുന്നു.
……….
ഒരു പുസ്തകത്തിന് ഒറ്റയ്ക്കൊന്നും ചെയ്യാനാകില്ല. അലമാരയില്‍ അടുക്കി വച്ച പുസ്തകങ്ങള്‍ നോക്കൂ: നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.’-(പുസ്തകങ്ങള്‍ )

‘പുസ്തകങ്ങള്‍ ‘ എന്ന കവിത, ഒറ്റ പുസ്തകം തേടിയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നില്ല. അത് ജീവിതത്തിന്റെയും കണ്ടെത്തലിന്റെയും പലമയെ ആഘോഷിക്കുന്നു. പുസ്തകങ്ങള്‍ നിങ്ങളിലൂടെ പരസ്പ്പരം വായിക്കുന്നതായി പറയുന്നതു കൊണ്ട് ഒരാള്‍ ഉള്ളാലെ തന്നെ ഒരു സംഘമാണെന്നും ജീവിതം ഒരു സംഘഗാനമാണെന്നും തിരിച്ചറിയപ്പെടുന്നു. ‘നിങ്ങളിലൂടെ പരസ്പരം വായിക്കുന്ന ‘പുസ്തകങ്ങള്‍ എന്നത് ഇവിടുത്തെ നിരീക്ഷണത്തില്‍ തന്നെയുള്ള ഒരു ചാട്ട (leap)മാണ്. ചില ഒഴിവിടങ്ങളെ കൂടി മാനസിക പരിധിയില്‍ കൊണ്ടു വരുന്നുണ്ട് സുജീഷ്. അതായത്, വസ്തുക്കള്‍ മനുഷ്യരുടെ ഉള്ളിലേക്ക് ജീവനോടെ കലരുന്ന പ്രക്രിയയെ വസ്തുകളുടെ പക്ഷത്തു നിന്നും കാണല്‍. ആവിഷ്കരിക്കാന്‍ ദുഷ്കരമായ ഈ വൈകാരികതയെ വളരെ ലാളിത്യത്തോടെ, എന്നാല്‍ ആഴത്തില്‍ കൊണ്ടു വരുന്ന കവിതാ പ്രവൃത്തി ‘തിരക്കുള്ള പാര്‍ക്കില്‍ ‘ എന്ന കവിതയില്‍ കാണാം.
‘താനിപ്പോഴും പാതിയൊഴിഞ്ഞ്
കിടക്കുന്നല്ലോയെന്ന്
അയാളിരിക്കുന്ന ബെഞ്ചിനു സങ്കടം ‘-(തിരക്കുള്ള പാര്‍ക്കില്‍ )
ഇത്തരത്തിലുള്ള സൂക്ഷ്മ കവിതാരീതി അപൂര്‍വ്വമായ ധ്യാനത്മാകതയോടെ, കുറുകിയ വാക്കുകളില്‍ തെളിച്ചെടുക്കുന്ന കവിയാണ് സുജീഷ്. ഈ കവിതകള്‍ക്ക് അവതരികയെഴുതിയ ടി. പി. വിനോദിന്റെ നിരീക്ഷണവും സത്യമാണ്. ‘പുതിയ മലയാളകവിതയില്‍ പ്രധാനപ്പെട്ട ഒരു പുസ്തകമാകും ഇതെന്ന് എനിക്കുറപ്പുണ്ട് ‘-എന്നു പറഞ്ഞാണ് വിനോദ് ചുരുക്കുന്നത്.