
നീല വിഷാദം

നീതു കെ.ആര്.
പച്ച കുത്തിയ
ഓര്‍മ്മകളില്‍
ഉരുണ്ടു കൂടിയ
നീല വിഷാദം
പകര്‍ത്തി വെക്കവെ
ഉടലില്‍,
വെള്ളപ്പാമ്പ് കൊത്തുന്നു
തലച്ചോറില്‍,
ഞാണൂല് കുഞ്ഞിന്റെ
പുളച്ചില്‍
സിരയില്‍,
വരാല് മീനിന്റെ
പിടച്ചിലുകള്‍…
തൊണ്ടക്കുഴില്‍
കൊത്തങ്കല്ലാട്ടം..

ഇരവുപകലുകളുടെ
നീളന്‍ വരാന്ത
മുറിച്ചു നീന്താനാവാതെ
ഇഴഞ്ഞു പുളയും
നീല വിഷാദം
ചുരുട്ടി വെക്കവെ
മിഴിനീരില്‍ ഗര്‍ഭാശയ ചൂട്
ഈങ്ങ വള്ളിയില്‍
പൊക്കിള്‍ക്കൊടി
കുരുങ്ങിപ്പറിയും നോവ്
വിരല്‍, കാല്-നഖങ്ങള്‍
വളര്‍ന്നു വളഞ്ഞ്
പുറം തോടു കെട്ടി
നീലവിഷാദം
ഒച്ചുകളായി
തെന്നി വഴുതവെ
മഞ്ഞു കണങ്ങള്‍
ഉപ്പു തരികളായി
അലിയിക്കും ജീവന്റെ
വെള്ളിനൂല് വരയും
നീല വിഷാദികള്‍.