
ഒളിയിടം

നീതു കെ.ആര്.
അനായാസം ജങ്ക്ബോക്സിലേക്ക്
ഡിലീറ്റ് ചെയ്യപ്പെട്ടേക്കാവുന്ന
ശരീരം മാത്രമായി
മാറുന്ന ഒരുവൾ,
നിരന്തരമായ
അപരവൽക്കരണത്തിൽ
ക്ലോൺ ആപ്പുകളായി
പരിവർത്തിക്കപ്പെടുന്ന
സ്പീഷീസ്…

അപരിചിത ലിങ്കുകളിൽ
വഴി തെറ്റി കയറിയ
വൈറസുകൾ
തലച്ചോറിൽ പെരുകുന്നു..
ബോധ്യങ്ങൾ
ഒന്നിൽ നിന്നും രണ്ടിലേക്കും
നാലിൽ നിന്ന് മൂന്നിലേക്കും
ക്രമം തെറ്റി ഓടുന്നു..
ഹാക്ക് ചെയ്യപ്പെട്ടതും
പെട്ടേക്കാവുന്നതുമായ
സ്വതന്ത്ര സോഫ്റ്റ് വെയറുകൾ
ജീർണ്ണത ഭയന്ന്
ആത്മഹത്യയ്ക്ക് ഒരുങ്ങുന്നു…
ഇന്നേ വരെ ആർജ്ജിച്ച
ഊർജ്ജത്തെ വാരിപ്പിടിച്ചവൾ
ഒറ്റച്ചിപ്പിലേക്ക് ഒളിച്ചോടുന്നു…