
കറുപ്പിന്റെ വൈകാരിക ശാസ്ത്രം

നീതു കെ. ആർ
ഈ കറുപ്പിനോളം
ഭ്രമിപ്പിച്ച മറ്റൊന്നില്ല
ഉന്മാദത്തിന്റെ നിഴൽപ്പാടിൽ
കരിവില്ലിത്തിറയാട്ടം
ഭ്രാന്തൻ കാമനയിൽ
ഇടതു മറുകു പെറ്റ
വസൂരിപ്പൊട്ടുകളുടെ
അമാവാസി രാപ്പേച്ച്
കരിവീട്ടിയുടലുകൾ
കരിയില മൂടി കെട്ടുപിണഞ്ഞ
വേരുകൾ അറ്റു പോയതിൻ
വക്രതയിൽ അടയാളപ്പെട്ട
കറുത്തചാന്തിൻ പശിമ ഗന്ധം
ഒരിക്കൽ ഇരുൾവനത്തിൽ
അഞ്ചുടലുകൾ ഭോഗിച്ച
പെണ്ണിൻ ശ്വാസത്തിലെ
ശവം തീനിയുറുമ്പിൻ
തിണർപ്പ് കല്ലിച്ച
ആത്മാവിൽ തിരിവെച്ച്
കരിവളയുടയ്ക്കുന്ന നേർച്ചയിൽ
അരൂപികളുടെ നിഴൽക്കൂത്ത്
കറുത്ത പക്ഷികളുടെ പാട്ടിൽ
അനേക കോടി ജന്മങ്ങളുടെ
വായ്ത്താരിയുടെ ചിലമ്പൽ
ഉറക്കം അലയുന്ന രാവിൽ
കറുപ്പിനോളം ഭ്രമിപ്പിച്ച
മറ്റൊന്നില്ല തന്നെ..