
കാമദേവനെ പൂജിക്കുമ്പോള്‍ : ഒരു ഓര്‍മ്മക്കുറിപ്പ്

നവ്യ രവീന്ദ്രൻ
മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരം ആഘോഷിക്കുന്നത്. ഈ ആഘോഷത്തിന്റെ പിന്നിലുള്ള ഐതിഹ്യമായി പറഞ്ഞു കേട്ടത്-‘കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ വീണ്ടും ജീവിപ്പിക്കാനായി അപേക്ഷിച്ച രതിദേവിയോട് വിഷ്ണു ഭഗവാന് പൂക്കള്‍ കൊണ്ട് കാമദേവ വിഗ്രഹമുണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ടു എന്ന കഥയാണ് .ഈ ഐതിഹ്യമൊന്നുമറിയാതെ പൂരം ഉത്സവമാക്കിയ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.

സമപ്രായക്കാരായ കുറെ പെണ്‍കുട്ടികളുള്ള തറവാട്ടില്‍ ആയിരുന്നു എന്റെ പൂരം.ഞങ്ങളെല്ലാവരും അതിരാവിലെ കുരിയ (കൈതോല കൊണ്ട് മെടഞ്ഞുണ്ടാക്കിയ പൂക്കൂട. ഇതു ഓരോ വര്‍ഷവും ഉണ്ടാക്കി തരുന്നത് പണിയ വിഭാഗത്തില്‍ പെടുന്നവരാണ്. അവര്‍ക്കു അതിനു പ്രതിഫലമായി പൂരത്തിന്റെ അവസാനദിവസം വെച്ചുണ്ടാക്കുന്ന തരക്കലരിയുടെ കഞ്ഞിയാണ് കൊടുക്കുന്നത്) യുമെടുത്ത് പാലപ്പൂ, ചെമ്പകപ്പൂ, മുരിക്കിന് പൂ, കുമിതിന്പൂ, അതിരാണിപ്പൂ തുടങ്ങിയവ ശേഖരിച്ച് വരുമ്പോഴേക്കും മുത്തശ്ശി ചാണകം കൊണ്ട് കാമദേവനെയുണ്ടാക്കി വെച്ചിട്ടുണ്ടാകും.ആദ്യത്തെ മൂന്ന് ദിവസം ചാണകം കൊണ്ടുള്ള കാമനാണെങ്കില് അത് കഴിഞ്ഞു വരുന്ന ദിവസങ്ങളിലൊക്കെ മണ്ണ് കൊണ്ടുള്ള കാമനെയാണ് ഉണ്ടാക്കുക. നല്ല കളിമണ്ണ് കൊണ്ടുണ്ടാക്കിയ കാമദേവനെ പരമാവധി സുന്ദരനാക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. കുന്നിക്കുരു കൊണ്ട് കണ്ണ്, മുരിക്കിന്പു കൊണ്ട് ചുണ്ട്, അരിമണി കൊണ്ട് പല്ല്, ചെമ്പകപ്പൂവ് കൊണ്ട് കുട, കരിയുപയോഗിച്ച് മീശ തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഒരുപാട് ആസ്വദിച്ചാണ് ചെയ്യുന്നത്. സുന്ദരന്മാരായ കാമദേവന്മാരെ പാലയിലയിലാണ് നിരത്തി വയ്ക്കുക. അവരുടെ മുന്നില്‍ അഞ്ചു തിരിയിട്ട നിലവിളക്ക്, ഭസ്മം, കിണ്ടിയില്‍ വെള്ളം, ചിരട്ടയില്‍ ചുട്ട തേങ്ങാപ്പൂളും കനല്ക്കട്ടയും, ഒരു തളിക നിറയെ ശേഖരിച്ചുവെച്ച പൂക്കള്‍ ഇവയൊക്കെ നിരത്തി വെച്ചിട്ടുണ്ടാകും. തളികയിലുള്ള പൂക്കള്‍ മുത്തശ്ശി ഭക്തിയോടെ വാരി കയ്യില്‍ത്തരുമ്പോള്‍ ഞങ്ങള്‍ ഓ0 എന്ന് ഉച്ചത്തില്‍ ഉരുവിട്ടു ശബ്ദമുണ്ടാക്കികൊണ്ട് കാമദേവനെ മൂന്നു വട്ടം വലം വെച്ചു പൂക്കള്‍ കാമന് ചുറ്റും വിതറും. പൂക്കള്‍ കൊണ്ട് പൂജിക്കുന്നതിനു മുമ്പും അതിനു ശേഷവുമായി കാമദേവന് വെള്ളം കൊടുക്കുക എന്നൊരു ചടങ്ങു കൂടിയുണ്ട്. ഈ ചടങ്ങിന് ശേഷം മാത്രമേ പൂരക്കുട്ടികളായ ഞങ്ങള്‍ക്ക് പ്രാതല്‍ കഴിക്കാന്‍ പറ്റുള്ളൂ. അവസാന ദിവസം അടുക്കുന്തോറും കാമദേവന് തിരിച്ചു പോവുന്നതിന്റെ സങ്കടത്തിലായിരിക്കും ഞങ്ങള്‍. ഒമ്പതാം ദിവസം തന്നെ കാമദേവനെ പറഞ്ഞയക്കാനുള്ള പ്ലാവിന്റെ ചുവട് അടിച്ചുവാരി വൃത്തിയാക്കി വെയ്ക്കും. പാലുള്ള (കറയുള്ള) മരത്തിന്റെ ചുവട്ടില്‍ മാത്രമേ കാമദേവനെ കൊണ്ടുവിടാന്‍ പാടുള്ളൂ എന്നൊരു വിശ്വാസമുണ്ട്. ഒമ്പതാമത്തെ ദിവസം രാവിലെ തരക്കലരി കൊണ്ടുള്ള ഉപ്പിടാത്ത പൂരക്കഞ്ഞി ഉണ്ടാക്കി പ്ലാവിലയിലോ, വാഴയിലോ എല്ലാ ദിവസത്തെ കാമദേവന്മാരുടെ മുന്നിലും വെയ്ക്കും. അന്ന് നമ്മുടെ പ്രാതലും അതായിരിക്കും. വൈകുന്നേരമാവുമ്പോഴേക്കും പൂരട ഉണ്ടാക്കുന്ന തിരക്കിലായിരിക്കും അമ്മയും മുത്തശ്ശിയും. ഒരു ദിവസം നേരത്തെ തന്നെ അവര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും അരി പൊടിച്ചു വറുത്തു വെയ്ക്കും.തേങ്ങയും ശര്‍ക്കരയും നിശ്ചിത അളവില്‍ ചേര്‍ത്തു പാവാക്കി വെയ്ക്കും. അതിനു ‘തേങ്ങാപണ്ട0’ എന്നാണ് നമ്മുടെ നാട്ടില്‍ പറയുന്നത്. അരിപ്പൊടി കുഴച്ചു മാവുണ്ടാക്കി അത് ഒരു കുമ്പിള് രൂപത്തില്‍ പരത്തിയെടുത്തു അതില്‍ തയ്യാറാക്കി വെച്ച തേങ്ങാപണ്ട0 നിറച്ചു ഭദ്രമായി മൂടി അത് ചമതയിലയില് പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടി ഇഡ്ഡലിപ്പാത്രത്തില്‍ വെച്ച് ആവിയില്‍ വേവിക്കുകയാണ് ചെയ്യുന്നത്. (അട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് കൊണ്ട് ചമതയിലയെ അടച്ചപ്പ് എന്നും വിളിക്കും.) കാമദേവന് ഉപ്പിടാതെ പ്രത്യേകം തയ്യാറാക്കി വെച്ച അട പ്ലാവിലയില് ആണ് കൊടുക്കുക. ക്ഷേത്രങ്ങളില്‍ ഈശ്വരന് നിവേദിക്കുന്ന ഒരു വഴിപാടുകളിലും ഉപ്പു ചേര്‍ക്കില്ല. ഇത് വീടുകളില്‍ ആണ് ഉണ്ടാക്കുന്നതെങ്കിലും കാമദേവന് ഒരു ഈശ്വരസങ്കല്പം ആയതു കൊണ്ടാവാം ഉപ്പു ചേര്‍ക്കാത്ത കഞ്ഞിയും അടയും ഒക്കെ കൊടുക്കുന്നത് കാമദേവന്മാരെ പ്ലാവിന് ചുവട്ടില്‍ കൊണ്ടാക്കാന്‍ നേരത്തു ഈ അട തറവാട്ടിലുള്ള നമ്മുടെ മുറച്ചെറുക്കന്മാര് കത്തി കൊണ്ട് കുത്തി കാമദേവന്മാരെ കൊണ്ടുപോകുന്ന കൂടയിലേക്ക് ഇടും. വീട്ടിലെ ആണുങ്ങള് ആരെങ്കിലും ആണ് കൂടയെടുക്കുന്നത്. (ഒമ്പത് ദിവസത്തെ കാമന്മാരുടെ ഭാരവും എടുത്ത് രാത്രി സമയത്തു നടക്കാന്‍ ഉള്ള ബുദ്ധിമുട്ടു ഒഴിവാക്കാനായിരിക്കും അങ്ങനെ ചെയ്യുന്നത്) അതിനു മുന്നിലായിട്ട് അമ്മയും മുത്തശ്ശിയും നിലവിളക്കും, കിണ്ടിയുമെടുത്തു നടക്കും. ഞങ്ങള്‍ പൂരക്കുട്ടികള്‍ ഏറ്റവും പിന്നിലായി വരിവരിയായി നടക്കും. ‘അടുത്ത കൊല്ലം നേരത്തെ കാലത്തെ വരണേ കാമാ …, മുട്ടറ്റം വെള്ളത്തില്‍ പോലെ കാമാ…., ചാല്യരുടെ നാട്ടില്‍ പോലെ കാമാ…, തെക്കന്നാട്ടില് പോലെ കാമാ.. തെക്കത്തിപെണ്ണുങ്ങള് ചതിക്കുവേ കാമാ…., ഈന്തുള്ള നാട്ടില്‍ പോലെ കാമാ ഈന്തപ്പം ചുട്ടു ചതിക്കുവേ കാമാ …എന്നൊക്കെ മുത്തശ്ശി ചൊല്ലിത്തരുമ്പോള്‍ ഞങ്ങള്‍ ഏറ്റു ചൊല്ലും. ഈ ഓരോ മുന്നറിയിപ്പുകളും കാമദേവന് കേള്‍ക്കുന്നുണ്ട് എന്ന പ്രതീതി നമ്മളില്‍ ഉണ്ടാക്കാന്‍ ഓരോ ചൊല്ലും പറഞ്ഞതിന് ശേഷം മുത്തശ്ശി തന്നെ ഉം…..എന്ന് മൂളും. കുറച്ചു വലുതാവുന്നതു വരെ നമ്മളൊക്കെ കരുതിയത് അത് കാമദേവന് മറുപടി പറയുന്നതാണെന്നാണ്.

പൂരോത്സവത്തിന്റെ നിറമേറിയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ചില പ്രത്യയ ശാസ്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നാറുണ്ട് .പൂരം ഉത്തര മലബാറിന്റെ മാത്രം ഒരാഘോഷമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.ഞാന്‍ ജീവിക്കുന്ന പ്രദേശത്തെ എല്ലാ വീടുകളിലും ജാതീയ വേര്‍തിരിവൊന്നുമില്ലാതെ കന്യകമാര്‍ കാമദേവനെ പൂജിക്കുന്നു.പക്ഷെ എന്റെ മുത്തശ്ശിയുടെയൊക്കെ കുട്ടിക്കാലത്തു പൂരം ബ്രാഹ്മണന്മാരും നായന്മാരും മാത്രമാണ് അനുഷ്ഠിച്ചിരുന്നത്.അന്ന് അതൊരു ആചാരമായിരുന്നു.പൂരവ്രതമൊക്കെ എടുത്ത് ,മത്സ്യ മാംസാദികള്‍ ,ശര്‍ക്കര തുടങ്ങിയവയൊക്കെ ഒഴിവാക്കി എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു കുളിക്കണം. (പൂര വ്രതത്തില്‍ ശര്‍ക്കര ഒക്കെ ഒഴിവാക്കേണ്ടതാണ് .അത്കൊണ്ടാണ് അവസാനദിവസം ശര്‍ക്കര ചേര്‍ത്ത അട ഉണ്ടാക്കുന്നത്.) അലക്കു കൂട ,നിറനാഴി, നിലവിളക്ക് തുടങ്ങിയവയൊക്കെ എടുത്ത് ഓകാര ശബ്ദം ഉരുവിട്ട് കൊണ്ട് കുളത്തില്‍ പോവുകയും പഴം ദേഹത്തു തേച്ചു കുളിക്കുകയും കുളി കഴിഞ്ഞു കോടി ഉടുത്തു വന്നു പൂവിടുകയുമാണ് ചടങ്ങ്. ഇങ്ങനെയാണ് മുത്തശ്ശിയുടെ കുട്ടിക്കാലത്തുള്ള പൂരമെങ്കില്‍ ഞങ്ങളുടെ പൂരം ഒരു ഉത്സവവും ഉത്സാഹവുമായിരുന്നു. പൂക്കള്‍ ശേഖരിക്കാനും ,കാമനെ സുന്ദരനാക്കാനും ഓരോ വീട്ടിലെ കാമനെയും താരതമ്യ0 ചെയ്യാനും, തന്റെ വീട്ടിലെ കാമനാണ് കൂടുതല്‍ സുന്ദരനെന്നു സമര്‍ത്ഥിക്കാനും ഒക്കെ ഉള്ള ഉത്സാഹം. സിനിമകളൊന്നും അധികം കണ്ടു തുടങ്ങാത്ത ഞങ്ങളുടെ കുട്ടിക്കാലത്തു കാമദേവന് ഞങ്ങളുടെ മനോരാജ്യത്തിലെ നായകനായിരുന്നു.

എല്ലാ ദിവസങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും കാമദേവനെ ആലോചിച്ചിട്ടാണ്. എന്റെ മുത്തശ്ശിയുടെയൊക്കെ കാലത്തു ഒരുതരത്തിലുള്ള വിനോദമോ യാത്രയോ സഞ്ചാരങ്ങളോ ഇല്ലാത്ത ഒരു ജീവിതമായിരുന്നു. അങ്ങനെ ഒരു സംസ്കാരത്തില്‍ ,പെണ്‍കുട്ടികളുടെ കാമാഭിലാഷങ്ങളും മോഹങ്ങളും ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കേണ്ടത് ആത്യാവശ്യമായി അന്നത്തെ കാരണവര്‍ കരുതിക്കാണണം .അതിന്റെ ഒരു പുനരാലോചനയാകാം കാമദേവനെ പൂജിക്കുന്ന ചടങ്ങ് പെണ്‍കുട്ടികളുടെ തൃഷ്ണയെ മറ്റു വഴിവിട്ട ബന്ധങ്ങളിലൊന്നും ചെന്ന് ചാടാതെ കാമദേവനിലേക്ക് കേന്ദ്രീകരിച്ചു ആരാധനയില്‍ ബന്ധിപ്പിക്കുന്നത് വഴി അവളെ ഒരു കേരളീയ കുടുംബ പശ്ചാത്തലത്തിലേക്ക് അധീനപ്പെടുത്താനുള്ള ശ്രമമായിട്ട് ഈ ആചാരത്തെ മനസ്സിലാക്കാവുന്നതാണ്. പെണ്‍കുട്ടിയുടെ ഭാവനാലോകത്തെ, കാമദേവനിലൂടെ കടിഞ്ഞാണിട്ട് അവളുടെ ജീവിതപങ്കാളിയെ കുടുംബം തീരുമാനിക്കുന്നു. ആ പുരുഷന്റെ മുഖം പോലും നോക്കാന്‍ ധൈര്യപ്പെടാതെ അയാളുടെ കാല് തൊട്ട് വന്ദിച്ച് കൂടെ ജീവിതം ആരംഭിക്കുന്നു. ഭര്‍ത്താവിന് വേണ്ട എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു അയാളുടെ ഇഷ്ടത്തിനനുസരിച്ചു ‘കര്‍മ്മത്തില്‍ ദാസിയായും രൂപത്തില്‍ ലക്ഷ്മിയായും’ അവള് ജീവിക്കുന്നു. ഒരു പെണ്ണിനെ കൃത്യമായി കുടുംബത്തിന്റെ അകത്തളങ്ങളില്‍ ഒതുക്കി നിര്‍ത്താനുള്ള പുരുഷാധിപത്യ മനോഭാവമായിട്ട് ഇതിനെ കരുതാവുന്നതാണ്. മറ്റൊരു രീതിയില്‍ വീക്ഷിക്കുകയാണെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ കൗമാരഭ്രമങ്ങളെ വിടുതല്‍ ചെയ്യാനുള്ള ഒരു അമൂര്‍ത്തമായ ആശയമായി കാണാം. രണ്ട് രീതിയില്‍ നോക്കിയാലും ഒരു പ്രദേശത്തെ എല്ലാ പെണ്‍കുട്ടികളെയും ഒരുപോലെ ഈ ആചാരങ്ങള്‍ ശീലിപ്പിക്കുന്നതു വഴി അവരുടെ ലിംഗ വിവേചനങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നു.
നല്ല ഭര്‍ത്താവിനെ കിട്ടാന്‍ കന്യകമാര്‍ കാമദേവനെ പൂജിക്കണം എന്നാണു വിശ്വാസം. ഈ വിശ്വാസത്തിനു ഊന്നല്‍ കൊടുക്കുന്ന രീതിയിലാണ് ആചാരങ്ങളും. വ്രതശുദ്ധിയോടെ കാമദേവനെ പൂവിട്ട് പൂജിക്കുന്നതും പൂരക്കഞ്ഞി, പൂരട തുടങ്ങിയവയൊക്കെ സമര്‍പ്പിക്കുന്നതും പെണ്‍കുട്ടികളില്‍ ഭര്‍ത്താവിനെ ബഹുമാനിക്കാനും പരിപാലിക്കാനുമുള്ള ഒരു സ്വഭാവം രൂപീകരിക്കാനാണ്. അതുപോലെ ഒമ്പതാംദിവസം സന്ധ്യക്ക് കാമദേവന് സമര്‍പ്പിക്കുന്ന പൂരട കത്തി കൊണ്ട് കുത്തുന്നത് നമ്മുടെ മുറ ച്ചെറുക്കന്മാരാണ്. ഇതു മരുമക്കത്തായത്തിന്റെ ഒരു തുടര്‍ച്ചയായിട്ടു വേണം കാണാന്‍ കാമദേവനില്‍ നിന്നും മുറച്ചെറുക്കനിലേക്കുള്ള ഈ ഒരു രൂപാന്തരം ‘അട കുത്തുക’ എന്ന ചടങ്ങില്‍ വളരെ വ്യക്തമാണ്. കടാങ്കോട്ട് മാക്കത്തിന്റെ ഐതിഹ്യത്തില്‍ അടകുത്തുന്നതിന്റെ അധികാരത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ‘ഇത്രയെല്ലാമാളുണ്ടായിട്ടല്ലേ ക്ഷുദ്രനും ചൊറിയനും എന്റെ അടകുത്തിയത്. താന്‍ പൂവിട്ടു പൂജിച്ച കാമദേവന്റെ അടകുത്തുന്നയാള് തന്റെ ഭര്‍ത്താവാകും എന്നാണ് നിശ്ചയിച്ചിട്ടുള്ളത്. കാമദേവനും ഭര്‍ത്താവും തമ്മിലുള്ള സാധര്‍മ്യ0 കാമദേവനെ കൊണ്ടുവിടുന്ന സമയത്തു ചൊല്ലുന്ന മുന്നറിയിപ്പായിട്ടുള്ള ചൊല്ലുകളില്‍ വളരെ സ്പഷ്ടമാണ്.
കാമദേവനോട് നേരത്തെ വരണമെന്ന് പറയാന്‍ കാരണം പലതുണ്ട് .മീനം ആദ്യവാരം പൂരം വന്നാല്‍ സുന്ദരനും ചെറുപ്പക്കാരനുമായ കാമദേവനായിരിക്കുമെന്നും വൈകി വന്നാല്‍ വയസ്സന് കാമനായിരിക്കും എന്നുമാണ് വിശ്വാസം. ചെറുപ്പക്കാരനായ ഭര്‍ത്താവിനെ കിട്ടാന്‍ പൂരക്കുട്ടികളെല്ലാവരും കാമദേവന് നേരത്തെ വരണമെന്ന് പ്രാര്‍ത്ഥിക്കുന്നു. അതുപോലെ ഓരോ വര്‍ഷവും പൂരം നേരത്തെ ആയാല്‍ ആ വര്‍ഷം രോഗങ്ങളൊക്കെ കുറയുമെന്നും വീടുകളിലൊക്കെ ഐശര്യം ഉണ്ടാവുമെന്നാണ് വിശ്വസിച്ചു പോരുന്നത്. തെക്കന്‍ ദേശത്തു പോകുന്നതില്‍ നിന്നും കാമനെ വിലക്കുന്നതിനു കാരണം അവിടുത്തെ സ്ത്രീകള്‍ വടക്കന്‍ മലബാറിലെ സ്ത്രീകളെക്കാള്‍ സൗന്ദര്യബോധമുള്ളവരാണെന്നും അവര്‍ ആഡംബരങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നവരാണെന്നും പറയുന്നു. അവരെ കണ്ട് കാമദേവന് ആകൃഷ്ടനായി അവരെയും കാമിച്ചു അവിടെത്തന്നെ സ്ഥിരതാമസമാക്കുമോ എന്ന ഭയത്തില്‍ നിന്നാണ് ഈ ചൊല്ല് വരുന്നത്. ഈന്തപ്പന ഉള്ള തെക്കന്‍ ദേശങ്ങളില്‍ മഴക്കാല0 കഴിഞ്ഞാല്‍ പനയോല കൊണ്ട് വീട്ടുമുറ്റത്തു പന്തലിടും. മുറ്റത്ത് തണലും വീടിനുള്ളിലും പുറത്തും തണുപ്പും ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടി കൂടി ഓരോ വീട്ടുമുറ്റത്തും പനയോല മെടഞ്ഞുള്ള ഈ പന്തല്‍ കാണാന്‍ നല്ല ഭംഗിയാണ്. ആ മനോഹാരിതയില്‍ ആകര്‍ഷിക്കപ്പെടാതിരിക്കാനാണ് തെക്കത്തി പെണ്ണുങ്ങള് ഈന്തപ്പം ചുട്ടു ചതിക്കുമെന്നു പറയുന്നത്. തന്റെ കാമദേവന്റെ / ഭര്‍ത്താവിന്റെ ഹൃദയം ആരും കവരാതിരിക്കാനും തന്റെ കാമദേവന് ആരെയും കാമിക്കാതിരിക്കാനും ആണ് ഈ കരുതല്‍ മുന്നറിയിപ്പ് എന്ന് വേണം മനസ്സിലാക്കാന്‍. അതുപോലെ ചാല്യരുടെ നാട്ടില്‍ പോകരുതെന്ന് പറയാന്‍ കാരണം, അവരുടെ കുലത്തൊഴില്‍ എന്നത് തുണിയുമായി ബന്ധപ്പെട്ട നെയ്ത്ത്, തുണിക്ക് ചായം മുക്കല്‍ തുടങ്ങിയവയൊക്കെയാണ്, ബ്ലീച്ചിന്റെയും, ചായത്തിന്റെയുമൊക്കെ മണം കാമദേവനെ ആസക്തനാക്കുമോ എന്ന സംശയത്തിലാണ്. അതുകൊണ്ട് അവരുടെ അടുത്തു പോകരുതെന്നും ആ ഗന്ധം മനം പിരട്ടലുണ്ടാക്കുമെന്നും പറയപ്പെടുന്നു. വാസനയും കാമവും തമ്മിലുള്ള ബന്ധം കാമനെ പൂജിക്കുന്ന ആചാരങ്ങളിലും വ്യക്തമാണ്. ചെമ്പകപ്പൂവിന്റെ വാസന, കനലില്‍ ചുട്ട തേങ്ങാപ്പൂളിന്റെ വാസന, ഭസ്മത്തിന്റെ ഗന്ധം ഇവയൊക്കെ കാമദേവനെ വശീകരിക്കാന്‍ വേണ്ടിയാണെന്ന് പറയാം. പൂരക്കുട്ടികള്‍ കാമദേവനെ സന്തോഷിപ്പിക്കാനും ആകര്‍ഷിക്കാനും ഒരു പാട് കഷ്ടപ്പെടുന്നതായിട്ട് കാണാം. മുട്ടറ്റം വെള്ളത്തില്‍ പോലെ കാമാ എന്ന് പറയുന്നതില്‍ ദേശത്തിന്റെ അതിര്‍ത്തി കടക്കരുതെന്ന ഒരോര്‍മപ്പെടുത്തലാണ് പണ്ട് കാലങ്ങളില്‍ പുഴയെ അതിര്‍ത്തിയായി കണക്കാക്കാറുണ്ട്. പുഴയുടെ ഇക്കരെ ദേശത്തുള്ളവര്‍ അക്കരെ ദേശത്തുള്ളവരെ അന്യരായിട്ടും അപരിചിതരായിട്ടും ആണ് കണ്ടിരുന്നത്. അവരുമായി ബന്ധം സ്ഥാപിക്കാന്‍ പൊതുവെ ഒരു ഭയമാണ്. അത് കൊണ്ട് തന്നെ തന്റെ ദേശത്തുള്ള കാമദേവന് പുഴ കടന്നു അക്കരെ ദേശത്തേക്കു പോകുമോ എന്ന വ്യാകുലതയാണ് ഈ ചൊല്ലിനു പിന്നിലുള്ള ഉറവിടം. ഇതുപോലെ കാമദേവനെ പറഞ്ഞയക്കുമ്പോള്‍ ചൊല്ലുന്ന എല്ലാ മുന്നറിയിപ്പുകളിലും അന്യദേശത്തോടും ആ ദേശവാസികളോടുമുള്ള ഒരു ഭീതിയും അകല്‍ച്ചയും വളരെ പ്രകടമാണ്.
ജാതിയും, ലിംഗവും കാമവും, കുടുംബവും, പ്രദേശവും ആരോഗ്യവുമായി നിലനിന്നിട്ടുള്ള പല വ്യവഹാരങ്ങളെയും ആചാരത്തിന്റെ ചട്ടക്കൂടിലൂടെ വ്യക്തികളിലേക്കു കൈമാറ്റം ചെയ്യുന്നതായിട്ട് മനസ്സിലാക്കാന്‍ കഴിയുന്നു. പണ്ട്കാലത്തൊക്കെ ഈ ചടങ്ങുകള്‍ ജാതിയുടെയും ലിംഗത്തിന്റെയുമൊക്കെ കാര്യങ്ങള്‍ ആശ്രയിച്ചാണ് ആചരിച്ചിരുന്നെങ്കില്‍ പിന്നീടുള്ള കാലങ്ങളില്‍ ഇതൊക്കെ ചലനാത്മകമായ ആഘോഷങ്ങളായി മാറുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നു. ഇന്ന് ലിംഗഭേദമന്യേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ പൂരം ആഘോഷിക്കുന്നു. അട കുത്തുന്ന ആള് തന്റെ മുറച്ചെറുക്കനാണെന്നോ ഭാവി വരനാണെന്നോ അങ്ങനെയുള്ള ഒരു ആശയങ്ങളും ഇന്നത്തെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ആചാരങ്ങളൊക്കെ ആഘോഷങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതായിട്ടു കാണാം. അന്ന് കാമനെ പറഞ്ഞയക്കുമ്പോള്‍ പൂരക്കുട്ടികളുടെ മനസ്സില്‍ സങ്കടമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പൂരക്കുട്ടികള്‍ കാമദേവനെ പറഞ്ഞയക്കുമ്പോള്‍ പടക്കം പൊട്ടിച്ചുകൊണ്ട് ഒരു ഉത്സവമായാണ് ഇതിനെ കാണുന്നത്.