
എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്

നവീൻ എസ്.
എന്റെ ഹൃദയ ചക്രങ്ങള്‍ക്ക് തേയ്മാനമുണ്ടെന്റെ
ഹൃദയ പാളികള്‍ പഴകി ദ്രവിച്ചിട്ടുമുണ്ട്.
പഴകിത്തുരുമ്പിച്ച നിശ്ചല ഹൃത്തിനു പകരമായി
പുതിയൊരെണ്ണം തേടി ഞാനലയവേ,
കൈ നീട്ടിയെന്റെ ഹൃദയമന്നൊട്ടു വാങ്ങിച്ചു നീ.
അറകളില്‍ നിറയും പൊടിയകറ്റി.
പിന്നെ, ചുടുചോരയാലകം കഴുകി.
തേഞ്ഞ ചക്രങ്ങള്‍, തുരുമ്പിച്ച പാളികളേതുമേ നീയന്നു മാറ്റി പ്രതിഷ്ഠിച്ചു.
നിശ്ചലഹൃത്തിനു പകരമായന്നൊരു
ജൈവ ഹൃദയമെനിക്കന്നേകി നീ.
ഹൃദയ ഭിത്തികളിന്നു പുതുമിടിപ്പുകള് തേടുന്നു
ധമനികളില്‍ ചുടു രക്തമൊഴുകുന്നു
വരണ്ട സ്വപ്നങ്ങള്‍ക്ക് ചിറകുകള് മുളക്കുന്നു
നിരാശയുടെ മണല്‍പ്പരപ്പില്‍,
പ്രതീക്ഷയുടെ പുതു നാമ്പുകളുയരുന്നു.
അറിഞ്ഞതില്ല ഞാൻ പ്രിയേ,
എന്റെ പാഴ്ഹൃത്തിനു പകരമായി നീയന്നു തന്നത്,
നിന്റെ വിമല ഹൃദയമെന്ന്.