
ടി.പി. അനിതയും കത്തുകളുടെ കാലവും

നന്ദനൻ മുള്ളമ്പത്ത്
കത്തുകളുടെ കാലത്തെ
ആലോചിക്കുമ്പോൾ
ടി.പി. അനിതയെ
ഓർമവരും
അശോകന്റെ പെങ്ങൾ
ടി.പി. അനിതയ്ക്ക്
ആരോ പ്രേമക്കത്തയച്ചിരുന്നു.
എട്ടാംക്ലാസ് കഴിയാത്ത
അനിതപ്പെങ്ങൾക്ക്
ഏത് അറാമ്പെറന്നോനാണ്
കത്തയച്ചത്!
വിവരമറിഞ്ഞ്
അശോകൻ പൊരയിലേക്ക് പറന്നു.
പറഞ്ഞുവരുന്ന
അശോകനെക്കണ്ട്
ടി.പി. അനിത
ഓടി അമ്മയുടെ പിറകിലൊളിച്ചു
അമ്മയും പേടിച്ചുപോയിരുന്നു
മടിക്കുത്തിൽ നിന്നും
കത്തെടുത്തു നീട്ടി
വിറയ്ക്കുംപോലെ അമ്മ പറഞ്ഞു
ഓള ഇഞ്ഞി ഒന്നും ചെയ്യണ്ട
ഓക്ക് ഒന്നും തിരിഞ്ഞിറ്റില്ല
ഏതോ തോപ്പിച്ച
ചെറിയോന്റെ പണിയായിത്….
അശോകൻ
ടി.പി. അനിതയെ നോക്കി
അവളുടെ കണ്ണുകളിൽ
ഒന്നുമറിയാത്തതിന്റെ
ബേജാറ്
പ്രിയപ്പെട്ട
ടി.പി. അനിതേ
ഉസ്കൂളിൽ പോവുന്ന
ടി.പി. അനിതയെ കാണാൻ
അങ്ങാടിയിൽ നിർത്തിയിട്ട ജീപ്പിനുള്ളിൽ
ഞാൻ വന്നിരിക്കാറുണ്ട്
ടി.പി. അനിതയെ
എനിക്ക് വല്ലാത്ത ഇഷ്ടമാണ്
എന്നെ മനസ്സിലായില്ല അല്ലേ,
ഇത് ഞാനാണ്
രമേശൻ,
എപ്പോഴും പച്ചക്കുപ്പായമിടുന്ന
പച്ചരമേശൻ
കത്ത് വായിച്ച
അശോകന്റെ ഉള്ളിലൂടെ
ചുറഞ്ഞ കാറ്റ് പാഞ്ഞുപോയി
അശോകൻ
ടി.പി. അനിതയെ നോക്കി
അവളുടെ കണ്ണുകളിൽ
പേടിപ്പെടുത്തുന്ന
എന്തൊക്കെയോ
ഒലിച്ചിറങ്ങുന്നു
കീശയിൽ നിന്നും
ബീഡി തപ്പിയെടുത്ത്
അശോകൻ തീപ്പെട്ടിക്കൊള്ളിയുരച്ചു
കൊള്ളിയിൽ പാളിപ്പിടിച്ച
തീയിലേക്ക്
തുറിച്ചുനോക്കി
കത്ത്
തീയിലേക്ക് നീട്ടിപ്പിടിച്ചു
അപ്പോൾ
പാഞ്ഞുവന്ന്
അശോകന്റെ കൈക്കുപിടിച്ച്
കണ്ണീരോടെ
ടി.പി. അനിത കെഞ്ചി
മാണ എട്ടാ മാണ്ട
ആ കത്ത് കത്തിക്കണ്ട…
ടി.പി. അനിതയെ
ആലോചിക്കുമ്പോൾ
കത്തുകളുടെ കാലം
ഓർമ്മവരും