
1921 ചരിത്രത്തിന്റെ ഇരമ്പലുകള്‍

എന്‍. ദിനേഷ് ബാബു
ആധുനിക ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികവും സുപ്രധാനവുമായ ഒരു സമര പോരാട്ടത്തിന്റെ നൂറാം വാര്‍ഷികത്തിലൂടെ നാം കടന്നുപോവുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ചോര കൊണ്ടെഴുതിയ വര്‍ഷമാണ് 1921. ഓര്‍മ്മകളെ പൊള്ളിക്കുകയും ആവേശഭരിതമാക്കുകയും ഒരുപാട് പാഠങ്ങള്‍ നല്‍കുകയും ചെയ്ത .
മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം അടുക്കുമ്പോള്‍ – കഴിഞ്ഞ വര്‍ഷം തന്നെ അതിനെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ കേരളത്തില്‍ പൊന്തിവന്നത് നമുക്കറിയാവുന്നതാണ്. സമര നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയെപ്പറ്റിയുള്ള ചര്‍ച്ച സമരത്തെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങള്‍ വീണ്ടും കേരളീയ പൊതുമണ്ഡലത്തില്‍ ചര്ച്ചയാവുന്നതിനിടയാക്കി. പോരാട്ടത്തിന്റെ ചരിത്ര സ്മരണയെ നാം വീണ്ടും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന അനുഭവങ്ങളും അപകടങ്ങളും ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. അതിന്റെ അലയൊലികള്‍ പല രൂപത്തില്‍ ഇപ്പോഴും തുടരുകയാണ്. ഈ സമരത്തിന്റെ നൂറാം വാര്‍ഷികത്തെ വര്‍ഗ്ഗീയ വിഭജനത്തിനും മതപരമായ സംഘാടനത്തിനും ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ ശക്തിപ്പെട്ടിട്ടുണ്ട് എന്നതിനാല്‍ ഈ ചരിത്ര വസ്തുതകളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
വാക്കുകളുടെ രാഷ്ട്രീയവും ചരിത്രത്തിന്റെ സെക്യുലര്‍ വായനയും
വാക്കുകള്‍ക്ക് രാഷ്ട്രീയമുണ്ട്, അഥവാ രാഷ്ട്രീയം ഓരോ വാക്കുകളിലുമുണ്ട് എന്നത് നിരന്തരം ഓര്‍മ്മിക്കേണ്ട ഒന്നാണ്. നാം മലബാര്‍ കലാപം എന്ന് വിലയിരുത്തുന്ന സമരത്തെ ‘മാപ്പിള ലഹള’ എന്നാണ് ബ്രിട്ടീഷുകാര്‍ വിളിച്ചത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ അവര്‍ വിളിച്ചത് ‘ശിപായി ലഹള’ എന്നാണ്. സാമ്രാജ്യത്വം അതിനെതിരായ ജനകീയ സമരങ്ങളെ അധിക്ഷേപിക്കുകയോ വളച്ചൊടിക്കുകയോ ആണ് എല്ലാക്കാലവും ചെയ്തത്. സമാധാന ജീവിതത്തിന് അപകടം ഉണ്ടാക്കുന്ന അക്രമികളായ ലഹളക്കാരും മതഭ്രാന്തരുമാണ് എന്ന വ്യാഖ്യാനമാണ് കൊളോണിയല്‍ ചരിത്ര രചന ഇന്ത്യന്‍ സമരങ്ങളോട് പുലര്‍ത്തിയത്. ഇത് മലബാര്‍ കലാപത്തിലും കാണാം. മതഭ്രാന്തരായ മാപ്പിളമാര്‍ ഭരണകൂടത്തിനെതിരെ അക്രമം നടത്തുകയും റോഡുകളും പാലങ്ങളും പൊളിക്കുകയും കോടതികളും പോലീസ് സ്റ്റേഷനും ട്രഷറിയും കയ്യേറുകയും കൂട്ടത്തില്‍ ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്തു എന്ന തരത്തില്‍ സമരത്തെ ആവര്ത്തിച്ചവതരിപ്പിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ നിഷ്ഠൂരമായ ജീവഹാനിക്കും നാടുകടത്തലിനും തടവറയിലെ കിരാതമായ പീഡനങ്ങള്‍ക്കും ന്യായം ചാര്‍ത്തുകയാണ് സാമ്രാജ്യത്വ പക്ഷപാതിത്വമുള്ള ചരിത്രവായന ചെയ്യുന്നത്. അവരാണ് ഇതിനെ ലഹളയായി പേരിട്ട് അവതരിപ്പിക്കുന്നത്. അതിനാല്‍ ഒരുപക്ഷേ മലബാര്‍ കലാപം എന്നതിനേക്കാളുപരി മലബാര്‍ സമരം എന്ന് വിളിക്കുന്നതായിരിക്കും ഉചിതം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്ന ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ ഇതേ സാമ്രാജ്യത്വ ചരിത്രവായനയെ പിന്തുടര്ന്നുകൊണ്ട് ഹിന്ദുക്കള്‍ക്കെതിരായി മുസ്ലീങ്ങള്‍ നടത്തിയ വംശഹത്യയായും പൈശാചികമായ നരവേട്ടയായും അവതരിപ്പിക്കുന്നു. കൊലപാതകങ്ങളും മതപരിവര്‍ത്തനവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുമാണ് നടന്നത് എന്നും വാദിക്കുകയും അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേട്ടറിവുകളെയും അതിശയോക്തികളെയും ആസ്പദമാക്കിയുള്ള നുണകളുടെ ഒരു പ്രചരണ പ്രവാഹം തന്നെ സംഘപരിവാര്‍ ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നു. ഇത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്നും ഇതിലൂടെ വാദിക്കുന്നു. സമരത്തിന്റെ എതിര്‍പക്ഷത്തായിരുന്ന ചൂഷകരായ ജ?ിമാരുടെയും നാടുവാഴികളുടെയും രാഷ്ട്രീയത്തിന്റെ പിന്‍തലമുറയാണ് ഈ വര്‍ഗ്ഗീയവാദികള്‍ എന്നതിനാല്‍ അതേ വര്‍ഗ്ഗ രാഷ്ട്രീയമാണ് വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചെത്തുന്നത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തേക്കാളുപരി ഒറ്റപ്പെട്ട അനുഭവങ്ങളോ കേട്ടറിവുകളോ പൊലിപ്പിച്ചും പെരുപ്പിച്ചും നുണകള്‍ കൂട്ടിച്ചേര്‍ത്തും പ്രചരിപ്പിക്കുകയാണ് വര്‍ഗ്ഗീയവാദം ചെയ്യുന്നത്. 1921ന്റെ ഓര്‍മ്മകളെ എങ്ങനെ ഹിന്ദുത്വ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാമെന്നും മതപരമായ ഭിന്നിപ്പ് വര്‍ദ്ധിപ്പിക്കാമെന്നുമാണ് ഈ കൂട്ടര് ആലോചിക്കുന്നത്. അത്യന്തം അപകടകരവും വികാരപരമായി ജനങ്ങളെ സ്വാധീനിക്കുന്നതുമായ ഈ ചരിത്രവായനയെ നിരാകരിക്കാനും നുണപ്രചരണങ്ങളെ വസ്തുതകളെ മുന്‍നിര്‍ത്തി ചെറുത്തുതോല്‍പ്പിക്കാനും കഴിയേണ്ടതുണ്ട്.
മറുഭാഗത്ത് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മതപരമായ ഉണര്‍വ്വിന്റെയും മതാധിഷ്ഠിതമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രമായി മലബാര്‍ കലാപത്തെ അവതരിപ്പിക്കുകയും മതനിരപേക്ഷ നിലപാടിനെ ആക്രമിക്കുകയും ചെയ്യുന്നു. 1921ല്‍ ഊരിയ വാളുകള്‍ ഉറയിലിട്ടിട്ടില്ല എന്ന് പ്രഖ്യാപിക്കുകയും തിരിച്ചടിക്കുന്ന മതധ്രുവീകരണത്തിലേക്ക് നാടിനെ നയിക്കുകയും ചെയ്യുന്ന ചെറു ന്യൂനപക്ഷം വരുന്ന തീവ്രവാദികള്‍ക്ക് ന്യായീകരണം ചമയ്ക്കുകയും ചെയ്യുന്നു.
അഹിംസയുടെ പാതയില്‍നിന്ന് വെഴിതെറ്റിപ്പോതാണ് ഈ പോരാട്ടമെന്ന ലളിത വായനകള്‍ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോട് നീതിപുലര്‍ത്തുന്നതല്ല. ധനാഢ്യരും വരേണ്യരുമായ മുസ്ലീം പ്രമാണിമാര്‍ സമരത്തോട് സ്വീകരിച്ച നിലപാടുപോലെ അതിന്റെ പിന്തലമുറയായ സാമുദായിക രാഷ്ട്രീയവാദികളും ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരും കലാപത്തിന്റെ ചരിത്രത്തെ ശരിയായി ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുന്നുമില്ല എന്നതും കാണേണ്ടതാണ്.
അപകടകരമായ ഈ വായനകള്‍ മാറ്റിനിര്‍ത്തിയാല്‍ മലബാര്‍ കലാപത്തെ മതനിരപേക്ഷവും വസ്തുതാപരവുമായി വിലയിരുത്തുമ്പോള്‍ അതിനെ കാര്‍ഷിക സമരമായി വിലയിരുത്തിയ പണ്ഡിതരുണ്ട്. വില്യം ലോഗനും സൗമേന്ദ്രനാഥ ടാഗോറും അടക്കമുള്ള പണ്ഡിതരുടെ പുസ്തകങ്ങളില്‍ ഈ ആശയത്തിന് ഉപോദ്ബലകമായ വാദങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ എന്ന വിഖ്യാതമായ പഠനത്തിലൂടെ ഡോ. കെ.എന്‍. പണിക്കര്‍ ബ്രിട്ടീഷ് രാജ് സൃഷ്ടിച്ച സാമ്പത്തിക ചൂണത്തിന്റെയും മതപരമായ ഉറവിടങ്ങളുടെയും സങ്കീര്‍ണ്ണത വ്യക്തമാക്കുകയുണ്ടായി. വിവിധ ചരിത്രകാരന്മാര് നടത്തിയ അക്കാദമിക് പഠനങ്ങള്‍ കലാപത്തെക്കുറിച്ച് ഗൗരവപൂര്‍ണ്ണമായ വിലയിരുത്തലുകള്‍ക്ക് നമ്മെ സഹായിക്കുന്നവയാണ്.
മലബാര്‍ കലാപത്തിന്റെ അന്തഃസത്തയെ സന്തുലിതമായി വിലയിരുത്തിയ മറ്റൊരു ശ്രദ്ധേയമായ രേഖ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ 1946-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഇ.എം.എസ്. തയ്യാറാക്കി
ദേശാഭിമാനി പ്രസിദ്ധീകരിച്ച 1921 ന്റെ ആഹ്വാനവും താക്കീതും എന്ന ചെറു ലേഖനമാണ്. സമരത്തിന്റെ ബ്രിട്ടീഷ് വിരുദ്ധ സ്വഭാവത്തെ ഉയര്‍ത്തിക്കാണിക്കുക എന്ന ആഹ്വാനവും അതിലെ സാമുദായിക സ്വഭാവത്തിനെതിരെയുള്ള താക്കീതുമായിരുന്നു ഈ രേഖയിലൂടെ മുന്നോട്ടു വച്ചത്.
1921ന്റെ കൊളോണിയല്‍ ചരിത്ര വായനകളെയും സംഘപരിവാര്‍ നുണ പ്രചാരണങ്ങളെയും രാഷ്ട്രീയ ഇസ്ലാമിന്റെ മതാധിഷ്ഠിത വളച്ചൊടിക്കലുകളെയും മതനിരപേക്ഷവും വസ്തുതാപരവുമായ ആശയപ്രചരണത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയേണ്ടതുണ്ട്. വഴിതെറ്റുന്ന ചരിത്ര ധാരണകള്‍ ഒരു സമൂഹത്തെ അപകടത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ചില നിലപാടുകളുണ്ട്.
മലബാര്‍ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ സമരമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വവും ജന്മികളും നടത്തിയ സാമ്പത്തിക ചൂഷണത്തിനെതിരായ കാര്‍ഷിക കലാപമാണ് 1921ലേത്.
കാര്‍ഷിക കലാപമായിരിക്കുമ്പോഴും പ്രക്ഷോഭം മതപരമായ വികാരമായിത്തീര്ന്നത് അതിന്റെ ദൗര്‍ബല്യമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സമരത്തിന്റെ അവിഭാജ്യമായ ഭാഗമാണ് 1921 ലെ കലാപം.
1921 ലെ കലാപം അതിനുമുമ്പ് ഒരു നൂറ്റാണ്ടുകാലം നടന്ന ചെറിയ നിരവധി കലാപങ്ങളുടെ തുടര്‍ച്ചയാണ്.
സമരത്തിലെ മതപരമായ വര്‍ഗ്ഗീയമായ അംശങ്ങള്‍ വലിയ സമരങ്ങള്ക്കിടയിലുണ്ടായ അപഭ്രംശങ്ങള്‍ മാത്രമാണ്.
ഇക്കാര്യങ്ങള്‍ വെളിവാക്കുന്ന ഏതാനും ചരിത്ര വസ്തുതകളിലൂടെ ഈ അവസരത്തില്‍ കടന്നുപോകാം.
ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ സാമ്പത്തിക ചൂഷണത്തെ ഏറ്റവും ശക്തമായി തുറന്നുകാട്ടിയ ഒരു പഠനം ദാദാബായ് നവറോജിയുടെ ‘പോവര്‍ട്ടി ആന്റ് അണ് ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ’ ആയിരുന്നു. ഇന്ത്യയുടെ സമ്പത്ത് ബ്രിട്ടന് കുത്തിച്ചോര്ത്തിയെടുക്കുകയാണ് എന്ന് കണക്കുകളിലൂടെ നവറോജി സ്ഥാപിച്ചു. ശമ്പളമായും സമ്മാനമായും നികുതിയായും ആയിരുന്നു ഈ സാമ്പത്തിക ചോര്‍ച്ച. സമ്പന്നമായ ഇന്ത്യയുടെ ദാരിദ്ര്യത്തിനു കാരണം ഈ ചോര്‍ച്ചയാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. നവറോജിയുടെ പുസ്തകം എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നു പോകണം എന്നതിന് ദേശീയവാദികള്‍ക്ക് മികച്ച ഉപകരണമായിത്തീര്‍ന്നു. യഥാര്‍ത്ഥത്തില്‍ കോളനി രാജ്യങ്ങളിലെ വിഭവങ്ങള്‍ കുത്തിച്ചോര്ത്തിയെടുത്ത ചൂഷണത്തിന്റെ പശ്ചാത്തലത്തിലാണ് മലബാര്‍ കലാപമുള്‍പ്പെടെയുള്ള ജനകീയ പ്രതിഷേധങ്ങളെ നാം കാണേണ്ടത്. ഇവിടെ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭീമമായ നികുതികളും കുത്തക വ്യാപാരവും നിയന്ത്രണങ്ങളും സൃഷ്ടിച്ച ദുരന്തമാണ് സമരങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമായത് എന്ന് കാണാന്‍ കഴിയും.
1921-ലെ സമരത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ മലബാറിലെ ജനങ്ങളുടെ ജീവിതവും പ്രത്യേകിച്ച് മാപ്പിള കൃഷിക്കാരുടെ അവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിനും നാട്ടു രാജാക്കന്മാരുടെയും കീഴിലായിരുന്നു മലബാര്‍. ഹിന്ദു സവര്‍ണ്ണ നാടുവാഴിത്തമാണ് നിലനിന്നിരുന്നത്. ഈ ജന്മിത്തത്തിന്റെയും പ്രഭുത്വത്തിന്റെയും പശ്ചാത്തലത്തിലാണ് മലബാര്‍ കലാപം രൂപപ്പെട്ട സാഹചര്യത്തെ നാം പരിശോധിക്കുന്നത്.
എ.ഡി. നാലാം നൂറ്റാണ്ടുമുതതല് കേരളവും അറബികളുമായി ഉള്ള വാണിജ്യബന്ധം രൂപപ്പെട്ടിരുന്നു. ഏഴാം നൂറ്റാണ്ടോടുകൂടി ഇസ്ലാമിന്റെ വരവും കേരളത്തിലുണ്ടായി. അറബി വ്യാപാരികളുടെ പിന്തലമുറക്കാരും നാട്ടുകാരുമായുള്ള വിവാഹബന്ധത്തിലൂടെ രൂപപ്പെട്ടവരും മതം മാറിയവരും എല്ലാം ചേര്‍ന്ന് ആദ്യകാല മുസ്ലീം അധിവാസ കേന്ദ്രങ്ങള്‍ രൂപപ്പെട്ടുവന്നു. സാമൂതിരിയുടെ പിന്തുണയോടെ മലബാറിന്റെ കടല്‍ കേന്ദ്രീകരിച്ച് ഉണ്ടായ വാണിജ്യത്തിനായി രൂപപ്പെട്ട തീരപ്രദേശങ്ങളിലെ സെറ്റില്മെന്റുകളില്നിന്ന് മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് കാലക്രമേണ ഇവ വ്യാപിച്ചു. മുസ്ലീം കച്ചവടക്കാരെ ശത്രുക്കളായിക്കണ്ട പോര്‍ച്ചുഗീസുകാരുടെ ആക്രമണകാലത്ത് ഉള്‍നാടുകളിലേക്കുള്ള കുടിയേറ്റം വ്യാപകമായതായി ചരിത്രകാരന്മാര് പറയുന്നു. പതിനാറാം നൂറ്റാണ്ടോടുകൂടി ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഉള്‍പ്രദേശങ്ങളില്‍ ഇസ്ലാമിന്റെ വ്യാപനം ശക്തിപ്പെട്ടു. ജാതിവ്യവസ്ഥയില്‍ അടിമകളാക്കപ്പെട്ട ജനവിഭാഗങ്ങളില്‍നിന്നുള്ള പരിവര്‍ത്തനങ്ങളും ഈ വ്യാപനത്തെ സഹായിച്ചു. 1920കളോടെ മലബാറിലെ മാപ്പിള ജനസംഖ്യയുടെ 60% ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ സാന്ദ്രീകരിച്ചു.
മലബാറിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. മറ്റ് വ്യവസായങ്ങളും വാണിജ്യങ്ങളും കുറവായിരുന്നു എന്നതിനാല്‍ തൊഴിലും വരുമാനവും നേടാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ജനസംഖ്യയുടെ 61.5% കാര്‍ഷികവൃത്തിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. കലാപം നടന്ന ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ വലിയൊരു ഭാഗം മുസ്ലീം കുടിയാന്മമാരായിരുന്നു. മാപ്പിളമാരില്‍ ഭൂരിപക്ഷവും കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ചെറുകിട വ്യാപാരികളും മുക്കുവരും ആയിരുന്നു. നിലങ്ങള്‍ സ്വന്തമായി ഉള്ളവര്‍ വളരെ കുറവായിരുന്നു. മലബാര്‍ കളക്ടറായിരുന്ന തോമസ് വാര്ഡന് 1803ല്‍ പരിശോധനയ്ക്കു വിധേയമാക്കിയ 103 ജന്മിമാരില് 8 മാപ്പിളമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു തീയ്യസമുദായക്കാരനും. ഇവരെ ഒഴിച്ച് ബാക്കി എല്ലാവരും സവര്‍ണ്ണ ഹൈന്ദവരായിരുന്നു. 1889 ല്‍ നടത്തിയ പരിശോധനയില്‍ 829 പ്രമുഖ ജന്മിമാരില് 13 േപേരായിരുന്നു മുസ്ളീങ്ങള്‍ .സര്‍ക്കാര്‍ സര്‍വ്വീസില്‍ മുസ്ലീങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. 1921-ല്‍ 6.2% ആയിരുന്നു ഇവരുടെ സാക്ഷരത.
വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ നല്ലപോലെ ഉണ്ടായിരുന്നു.
ആധുനിക വിദ്യാഭ്യാസത്തിനു പകരം മതപരമായ വിദ്യാഭ്യാസമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ സമ്പര്‍ക്കം മതപരമായ ചട്ടക്കൂട്ടില്‍ ഒതുങ്ങി. ഇടത്തരക്കാരുടെ വര്‍ഗ്ഗം ഇവരില്‍നിന്ന് ഉയര്‍ന്ന് വരികയും ഉണ്ടായില്ല.
സവര്‍ണ്ണ ഹിന്ദുക്കളായ നമ്പൂതിരിമാര്‍ ഭൂവുടമകളായി നിലകൊണ്ടു. നായര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച വിദ്യാഭ്യാസം നേടുകയും സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമാവുകയും കാണപ്പാട്ടക്കാരായി ഭൂമിയുടെ മേലുള്ള അധികാരം നിലനിര്‍ത്തുകയും ചെയ്തു. ദളിത് ജനവിഭാഗങ്ങളാകട്ടെ അവകാശങ്ങളൊന്നുമില്ലാത്ത അടിമ ജീവിതമാണ് നയിച്ചത്. നിലങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുകയും തൊട്ടുകൂടാത്തവരായി ഗണിക്കപ്പെടുകയും ചെയ്തു. ജന്മിമാര്‍ക്ക് ഇഷ്ടംപോലെ കൈമാറാവുന്ന തരത്തിലായിരുന്നു ഇവരുടെ സാമൂഹ്യനില എന്നതും കാണേണ്ടതാണ് (1843ലാണ് മലബാറില്‍ അടിമക്കച്ചവടം നിരോധിച്ചത്).
1921 ന് മുമ്പ് നടന്ന സമരങ്ങള്‍
മലബാറിന്റെ പ്രതിഷേധങ്ങള്‍ 1921ല്‍ തുടങ്ങിയതല്ല. മലബാര്‍ തീക്ഷ്ണമായ സമരപോരാട്ടങ്ങളുടെ മണ്ണാണ്. സംഗ്രാമ ധീരതയുടെ ആവേശഭരിതമായപോരാട്ടങ്ങളുടെ തുടര്‍ച്ചയിലാണ് 1921 സംഭവിക്കുന്നത്. 1921നെക്കുറിച്ച് പറയുമ്പോള്‍ ഒപ്പം പറയേണ്ട ഒന്നാണ് 19-ാം നൂറ്റാണ്ടില്‍ മലബാറിലെ പല കേന്ദ്രങ്ങളിലും നടന്ന ജ?ി-കുടിയാന് സംഘര്‍ഷങ്ങള്‍. 1836 മുതല്‍ ഒട്ടനവധിയായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടു.
1836 – പന്തല്ലൂര്‍
1841 – പള്ളിപ്പുറം
1841 – മണ്ണൂര്‍
1843 – തിരൂരങ്ങാടി
1843 – പാണ്ടിക്കാട്
1849 – മഞ്ചേരി
1851 – കുളത്തൂര്‍
1852 – മട്ടന്നൂര്‍
1873 – തുടക്കല്‍
1896 – പയ്യനാട്
എന്നിങ്ങനെ പ്രധാനപ്പെട്ട 32 കലാപങ്ങള്‍ മലബാറില്‍ ഉണ്ടാവുന്നുണ്ട്. ഇതല്ലാതെ ചെറിയ നിരവധി പ്രതിഷേധങ്ങളുമുണ്ട്. ഇതില്‍ 1852 – ലെ മട്ടന്നൂരിലെ കലാപം മാത്രമായിരുന്നു വടക്കേ മലബാറിലുള്ളത്. ബാക്കി മുഴുവന്‍ ഏറനാട് വള്ളുവനാട് താലൂക്കുകളിലായിരുന്നു.
ഇതിലെല്ലാം ദരിദ്രരായ മാപ്പിള കുടിയാന്മ്മാര് ഒരു വശത്ത്. മറുഭാഗത്ത് ഉദ്യോഗസ്ഥരായ വെള്ളക്കാരോ ജന്മിമാരെ ആശ്രയിച്ചിരുന്നവരോ ആയിരുന്നു. മലബാറിലാകെ കുടിയൊഴിപ്പിക്കല്‍ വ്യാപകമായി നടന്നിരുന്നത് ഈ താലൂക്കുകളിലായിരുന്നു. ഭൂമി നഷ്ടപ്പെട്ടവര്‍ കൊടിയ ദാരിദ്ര്യത്തിലും കൈവശമുള്ളവര്‍ ഏത് സമയത്തും അത് ഒഴിപ്പിക്കപ്പെടുമെന്ന ഭീതിയിലും ആയിരുന്നു. ഇത് കലാപങ്ങള്‍ക്ക് വഴിയൊരുക്കി. വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്തതും വ്യവസായ വാണിജ്യ വരുമാനം കുറഞ്ഞതും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ജനങ്ങളെ ബാധിച്ചു.
1836 മുതല്‍ 1919 വരെ ഉണ്ടായവയില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ആകെ 351 പേര് മാത്രമാണ് സജീവമായി പങ്കെടുത്തത്. ഇതില്‍ ഒരാള്‍ മാത്രം പങ്കെടുത്ത സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇവരെല്ലാം പട്ടാളവുമായി ഏറ്റുമുട്ടി മരിക്കുകയും ചെയ്തു. ഈ കലാപകാരികള്‍ ജ?ികളല്ലാത്ത ഹിന്ദുക്കളെ ആക്രമിക്കുകയോ ഭവനങ്ങള്‍ തകര്‍ക്കുകയോ ഉണ്ടായിട്ടില്ല.
ഈ കലാപകാരികളെ ഉത്തേജിപ്പിച്ചത് മതഭ്രാന്തായിരുന്നില്ല എങ്കിലും അവര്‍ അഗാധമായ മതബോധമുള്ളവരായിരുന്നു. ഇവരുടെ കലാപങ്ങളും പോരാട്ടങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വീരപരിവേഷം ലഭിക്കുകയും ചെയ്തു. 1841 ലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ ശവസംസ്കാരത്തിന് 2000 പേര് പങ്കെടുത്തു. സാഹസകൃത്യങ്ങളുടെ വര്‍ണ്ണനകള്‍ തലമുറകളിലൂടെ തുടരുകയും ദരിദ്രരായ കുടിയാ?ാരുടെ സാമൂഹ്യബോധത്തില്‍ ശക്തിയായി നിലനില്ക്കുകയും ചെയ്തു. ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനേക്കാള്‍ നല്ലത് മരണം വരിക്കലാണ് എന്ന് ആ സാഹചര്യത്തില്‍ ദരിദ്രരായ കൃഷിക്കാര്‍ ചിന്തിച്ചു എന്ന് കാണാം.
അറബിക്കടലിന്റെ കുത്തകാവകാശം നേടുന്നതിനും മുസ്ലീങ്ങളുടെ വാണിജ്യബന്ധങ്ങളെ തകര്‍ക്കുന്നതിനും നടന്ന യൂറോപ്യന്‍ സാമ്രാജ്യവാദികളുടെ ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ അതിശക്തമായി നടപ്പാക്കിയിരുന്നു.
പോര്‍ച്ചുഗീസുകാരുടെ കാലത്ത് അറബിക്കടലിലെ വാണിജ്യാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ് കുഞ്ഞാലിമരയ്ക്കാര്മാരെ പ്രശസ്തരാക്കിയത്. പിന്നീട് വന്ന സാമ്രാജ്യത്വ ശക്തികളില്‍ അധികാരം നേടിയ ബ്രിട്ടീഷുകാരും ഇതേ നിലപാടാണ് മുസ്ലീങ്ങളോട് സ്വീകരിച്ചത് എന്നു കാണാന്‍ കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള സാമ്രാജ്യത്വ തന്ത്രം അതിശക്തമായി ബ്രിട്ടന് ഇന്ത്യയില്‍ നടപ്പാക്കി. മുസ്ലീങ്ങള്‍ക്കെതിരായ സാമ്രാജ്യത്വ നടപടികളുടെ ചരിത്രം മലബാറിലെ സമരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ നികുതിനയവും വ്യാപാരകുത്തകയും
തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ രാജാക്ക?ാര്‍ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുത്തു ഭരിക്കുകയായിരുന്നു. എന്നാല്‍ മലബാര്‍ നേരിട്ടുള്ള ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്നു. തങ്ങളുടെ ഭരണത്തിലുള്ള നാടുകളിലെ വിഭവസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയാണ് അവര്‍ ചെയ്തത്. കുത്തക വ്യാപാരത്തിലൂടെയും അമിതമായ നികുതി സമ്പ്രദായത്തിലൂടെയും ഇത് വ്യാപകമായി അവര്‍ നടപ്പിലാക്കി. ബ്രിട്ടീഷ് മലബാറില്‍ അവര്‍ നടപ്പിലാക്കിയ കാര്‍ഷിക നികുതി വര്‍ദ്ധന പാവപ്പെട്ട കുടിയാ?ാരെ ദോഷകരമായി ബാധിച്ചു. ഉപ്പ്, തടി, പുകയില, സുഗന്ധ വ്യാപാരങ്ങള്‍ എന്നിവയുടെ വ്യാപാരം ഗവണ്മെന്റ് ഏറ്റെടുത്തു. അത് ഇവയുടെ കച്ചവടത്തിലൂടെ ജീവിതം കഴിച്ചിരുന്നവരെ പ്രത്യേകിച്ച് മുസ്ലീങ്ങളെ ദോഷകരമായി ബാധിച്ചു.
? ഉപ്പ് നിര്‍മ്മാതാക്കള്‍ അത് ഗവണ്മെന്റിനുതന്നെ വില്‍ക്കണം എന്ന് നിയമം കൊണ്ടുവന്നു.
? ഇംഗ്ലണ്ടിലെ ഓക്ക് വൃക്ഷങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ 1807-ല്‍ ഒരു വിജ്ഞാപനത്തിലൂടെ തേക്കുമരങ്ങളുടെ മേല്‍ അവകാശം സ്ഥാപിച്ച് കുത്തക കൈവശപ്പെടുത്തി. ഇത് തടിക്കച്ചവടക്കാരെ ബാധിച്ചു.
? പുകയില സംഭരണവും സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണവും ഗവണ്മെന്റ് ഏറ്റെടുത്തു. തങ്ങളുടെ ഭരണത്തിന് കീഴിലുള്ള നാടുകളിലെ പ്രധാന വിഭവങ്ങളുടെ വ്യാപാര കുത്തക കൈയടക്കുക എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പൊതുനയം മലബാറില്‍ പ്രാവര്‍ത്തികമാക്കി.
? ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ് മലബാറില്‍ നിലവിലുണ്ടായിരുന്ന കാര്‍ഷിക ഭൂവുടുമ ബന്ധങ്ങളെ ബ്രിട്ടീഷുകാര്‍ തകിടം മറിച്ചു. തങ്ങളുടെ സുരക്ഷിതത്വത്തിന് ജ?ിമാരെ സംരക്ഷിക്കുന്നതിനുള്ള നയം സ്വീകരിച്ചു. ഭൂമിയെ സംബന്ധിച്ച് ജ? ജന്മിയുടെ പരമാധികാരം അംഗീകരിച്ചു. സാമൂഹ്യ അന്തസ്സുംസ്വാധീനവുമുള്ള ജന്മിമാരെ പ്രീണിപ്പിച്ച് കോളനി മേധാവിത്തത്തിനുള്ള സാമൂഹ്യ അടിത്തറ ഒരുക്കാന്‍ ശ്രമിച്ചു. ജന്മിമാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഭരണാധികാരി ചെറിയ കാലത്തേക്കെങ്കിലും ടിപ്പു സുല്‍ത്താനായിരുന്നു. ടിപ്പുവിന്റെ പിന് വാങ്ങലിനു ശേഷം ജന്മിമാരുടെ യോഗം ബിട് ബ്രിട്ടീഷുകാര്‍ വിളിച്ച് നികുതി പിരിവിനുള്ള നയങ്ങള്‍ ചര്‍ച്ച ചെയ്തു. തങ്ങളും ഭരണത്തിന്റെ ഭാഗമാണ് എന്ന വ്യാമോഹം ജ?ികളില്‍ സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു.
സര്‍ക്കാരിന്റെ റവന്യൂ-നീതിന്യായ വകുപ്പുകളിലേക്ക് നടത്തിയ നിയമനങ്ങള്‍ ഭൂരിഭാഗവും ഭൂവുടമാ വിഭാഗത്തില്‍ നിന്നായിരുന്നു. വിശ്വസ്തരും വിധേയരുമായ നാട്ടുപ്രമാണിമാരെ ഒപ്പം നിര്‍ത്താനുള്ള കൊളോണിയല്‍ തന്ത്രമാണ് ഇവിടെ ഉപയോഗിച്ചത്.
ജന്മിമാര്ക്കു പുറമേ ഉണ്ടായിരുന്ന കാണക്കുടിയാന്മാരില് വലിയൊരു ഭാഗം സവര്‍ണ്ണരായിരുന്നു. അവര്‍ നമ്പൂതിരി സമൂഹവുമായുള്ള സംബന്ധം വഴി ഭൂസ്വത്തും ബ്രിട്ടീഷ് സര്‍ക്കാരില്‍ ഉന്നത ഉദ്യോഗങ്ങളും നേടിയവരായിരുന്നു. ഈ രണ്ടു വിഭാഗവും പോലീസ്, നീതിന്യായ കോടതികള്‍ എന്നിവയുടെ പിന്ബലത്താല് ആധിപത്യം നേടിയെടുത്തിരുന്നു.
വെറും പാട്ടക്കുടിയാ?ാരായ മലബാറിലെ സര്‍വ്വസാധാരണക്കാരായ ജനങ്ങള്‍ക്ക് പരിമിതമായ ഭൂവധികാരങ്ങളാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഭൂനികുതി സാധാരണക്കാരെ ദുരിതത്തിലാക്കിയതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു കൊടുത്ത റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ അത് ചെവിക്കൊണ്ടില്ല. മലബാറിലെ കൃഷിക്കാരുടെ ഇടയിലുണ്ടായിരുന്ന കടബാധ്യതയെക്കുറിച്ച് വില്യം ലോഗന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് പരിശോധിച്ച ഭൂരിഭാഗം കൃഷിക്കാരും കടക്കെണിയിലായിരുന്നു എന്നതാണ്. കാണപാട്ടക്കാരനും ജന്മിയും ബ്രിട്ടീഷ് അധികാരികളും ചേര്‍ന്ന് ചൂഷണം ചെയ്ത ദയനീയ സാഹചര്യമാണ് വെറും പാട്ടകുടിയാ മാര്ക്കുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം ദരിദ്രരായ മുസ്ലീങ്ങളായിരുന്നു. 1850 കളോടെ കുടിയൊഴിപ്പിക്കലിനുവേണ്ടി ജന്മിമാര് കോടതികളെ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. പാട്ടം നല്‍കിയതിന് രസീതോ രേഖകളോ നല്‍കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതി നടപടികള്‍ സാധാരണ കൃഷിക്കാര്‍ക്ക് താങ്ങാവുന്നതുമായിരുന്നില്ല. തടവുശിക്ഷയും ശാരീരികോപദ്രവങ്ങളും എല്ലാവര്ക്കും ഉണ്ടായില്ലെങ്കിലും വീട്ടുപകരണങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും വില്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാംകൊണ്ട് ദയനീയമായ സാഹചര്യത്തിലാണ് കുടിയാന്മാര് കഴിഞ്ഞിരുന്നത്.
ഭൂനികുതിക്കു പുറമേ വീട്, കടകള്‍, കന്നുകാലി, കടത്ത്, മീന്‍വല, തോണി, തറികള്‍, കള്ള്, ചാരായം, വെട്ടുകത്തി എന്നിവയ്ക്കെല്ലാം നികുതി ഏര്‍പ്പെടുത്തി. ജനങ്ങളില്‍നിന്ന് പരമാവധി പിടുങ്ങുക എന്ന തന്ത്രം വളരെയേറെ ബാധിച്ചു. കാര്യമായി വലിയ വ്യവസായങ്ങളില്ലാത്തതും മറ്റ് തൊഴില്‍ മേഖലകള്‍ നഷ്ടപ്പെട്ടതും ജനങ്ങളെ ദുരിതത്തിലെത്തിച്ചു. ഈ നെരിപ്പോടില്നിന്നാണ് അണമുറിയാത്ത സമരങ്ങളും സംഘര്‍ഷങ്ങളും ഉയര്‍ന്നത്. ഈ ദുരിതത്തിനു കാരണമായി കുടിയാന്മാര് കണ്ടത് ബ്രിട്ടീഷുകാരെയും ജന്മികളെയുമാണ്. അതിനാല്‍ അവര്‍ക്കെതിരായി കലാപങ്ങള്‍ രൂപപ്പെട്ടിരുന്നു. അതല്ലാതെ മതവിദ്വേഷംകൊണ്ട് രൂപപ്പെട്ട ഒന്നല്ല ഈ സമരങ്ങള്‍ എന്ന് കാണാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ മലബാറിലെ അസ്വസ്ഥതകളുടെ കാരണം കാര്‍ഷിക പ്രശ്നമാണെന്ന് വില്യം ലോഗന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് ഇത് ചെവിക്കൊണ്ടില്ല.
വാഗണ്‍ ട്രാജഡി എന്ന് വിളിക്കുന്ന ക്രൂരമായ മനുഷ്യഹത്യക്ക് നേതൃത്വം നല്കിയ ഹിച്ച്കോക്കിന്റെ പ്രതിമ മാറ്റണമെന്ന ആവശ്യവുമായി നടന്ന പ്രക്ഷോഭത്തിനുവേണ്ടി കമ്മ്യൂണിസ്റ്റുകാരനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കമ്പളത്ത് ഗോവിന്ദന് നായര്‍ എഴുതിയ പടപ്പാട്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെത്തീറ്റുവാന്
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാന്‍
നമ്മളുടെ കാശുവാങ്ങിംഗ്ലണ്ടിലേക്കയക്കുവാന്
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാന്‍
(ഇത് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ദേശാഭിമാനി കണ്ടുകെട്ടുകയും കമ്പളത്ത് ഗോവിന്ദന് നായരെ ക്രൂരമായി മര്‍ദ്ദിക്കുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്നും ഓര്‍ക്കണം.)
സമരത്തിന്റെ കൈവഴികള്‍
1921 ആഗസ്റ്റ് 20 ന് ആരംഭിച്ച് ഫെബ്രുവരി 22 വരെ നീണ്ട സമരം 21 ന് മുമ്പ് മലബാറിലുണ്ടായ മറ്റ് സമരങ്ങളേക്കാള്‍ ലക്ഷ്യവും വ്യാപ്തിയും പരിമിതമായിരുന്നു. 21 ലെ സമരത്തിന് 3 കൈവഴികളാണ് ഉണ്ടായിരുന്നത്.
- നിസ്സഹകരണ പ്രസ്ഥാനം
- കുടിയാന് സംഘം
- ഖിലാഫത്ത്
മൂന്ന് സവിശേഷ ഘടകങ്ങള്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന മലബാര്‍ കുടിയാന്മാരെ സമരത്തിലെത്തിക്കുന്നതില് പങ്കുവഹിച്ചവയാണ്.
ഒന്നാംലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെടുകയും ഖലീഫയുടെ സ്വാധീനിം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം ഇസ്ലാമിനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് ബ്രിട്ടനെതിരായ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതിന് ഗാന്ധിജി നേതൃത്വം നല്കി. ബ്രിട്ടീഷുകാര്‍ തുടര്‍ന്നിരുന്ന മുസ്ലീം വിരുദ്ധ നയങ്ങളുടെ ഭാഗമായി ശത്രുപക്ഷത്തായിരുന്ന ജനവിഭാഗത്തെ സമരത്തില്‍ സജീവമാക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. കുടിയാന് സംഘത്തിന്റെ രൂപീകരണം ജന്മിമാര്ക്കെതിരായ ശക്തിപ്പെടലായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം സമരത്തെ വ്യാപിപ്പിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയും ഖിലാഫത്ത് നേതാവായിരുന്ന മൗലാന ഷൗക്കത്തലിയും 1920 ല്‍ കോഴിക്കോട് സന്ദര്‍ശിക്കുകയും സമരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്തു. ഈ സ്വീകരണ യോഗത്തിന് നേതൃത്വം കൊടുത്ത 4 പേര് 6 മാസത്തോളം തടവിലാക്കപ്പെട്ടു. യാക്കൂബ് ഹസ്സന്, മാധവന് നായര്‍, ഗോപാല മേനോന്, മൊയ്തീന് കോയ എന്നിവരാണ് അത്. അവരില്‍ 2 പേര് ഹിന്ദുക്കളായിരുന്നു എന്ന് കാണണം. മുസ്ലീങ്ങളില്‍ ഒരു വിഭാഗം ഖിലാഫത്തിനെതിരായും നിലകൊണ്ടു എന്നും കാണേണ്ടതാണ്. ഖിലാഫത്ത് ഒരു മതപരമായ കൂട്ടായ്മയായി മാത്രമല്ല രൂപപ്പെട്ടത് എന്നതാണ് ഇത് തെളിയിക്കുന്നത്.
സ്വരാജ്യം ഒരു കൊല്ലത്തിനിടയില്‍ എന്ന് ഗാന്ധി പ്രഖ്യാപിക്കുന്നതും ഇക്കാലത്താണ്. മലബാറിലെ മുസ്ലീം ആത്മീയ നേതാക്കള്‍ നല്കിയ മതപരമായ ഉദ്ബോധനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. യൂറോപ്യന്‍ ആധിപത്യത്തിലൂടെ സ്വസമുദായം കൊളോണിയല്‍ ആശയങ്ങളിലേക്ക് കടന്നുപോകുന്നതിനെ പ്രതിരോധിച്ച മതപണ്ഡതരുടെ ഒരു നിര ഉണ്ടായിരുന്നു. വെളിയംകോട്ടെ ഉമ്മര്‍ ഖാസി, സയ്യിദ് അലവിതങ്ങള്‍, അദ്ദേഹത്തിന്റെ പുത്രന് സയ്യദ് ഫസല്‍ പൂക്കോയ തങ്ങള്‍, മക്തി തങ്ങള്‍ തുടങ്ങിയവരെല്ലാം ബ്രിട്ടീഷ് ഭരണത്തിനെതിരെയും ജന്മിമാര്‍ക്കെതിരെയും നികുതി നയത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും മതപരമായ പ്രതിരോധം തീര്‍ത്തു. ഡോ. കെ.എന്‍. പണിക്കര്‍ ഇവരെ പാരമ്പര്യ ബുദ്ധിജീവികള്‍ എന്നാണ് വിളിക്കുന്നത്. ഇവര്‍ ധാരാളം പള്ളികള്‍ സ്ഥാപിക്കുകയും മതതത്വങ്ങള്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. അതുമാത്രമല്ല, പത്തൊന്‍പതാം നൂറ്റാണ്ടിലുടനീളം നടന്ന സംഘര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസ്സില്‍ നിലനിന്നിരുന്നു. മാപ്പിളമാരെ ദ്രോഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ എച്ച്.ബി. കനോലിയെ കൊലപ്പെടുത്തിയതുള്‍പ്പെടെ മുന്‍കാല സംഘര്‍ഷങ്ങളുടെ സ്മരണകളും അന്തരീക്ഷത്തില്‍ നിലനിന്നിരുന്നു. മമ്പുറം തങ്ങളെപ്പോലുള്ള ആത്മീയ നേതാക്കളെ നാടുകടത്തിയ ബ്രിട്ടീഷുകാരുടെ മുന്‍ നടപടികളും സമരത്ത കൂടുതല്‍ വികാരപരമാക്കി. ഔപചാരിക വിദ്യാഭ്യാസത്തെക്കാള്‍ മതപരമായ വിദ്യാഭ്യാസവും അന്തരീക്ഷവും നിറഞ്ഞ സാഹചര്യം ഖിലാഫത്തിനെ വിശ്വാസപരമായി ആവേശത്തോടെ ഏറ്റെടുക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
1880കളോടെ ഭൂപരിഷ്കരണത്തിനുള്ള മുറവിളികള്‍ മലബാറില്‍ അതിശക്തമായി മുഴങ്ങിയിരുന്നു. 1916കളോടെ നടക്കുന്ന രാഷ്ട്രീയ സമ്മേളനങ്ങളില്‍ ജ?ിമാര്ക്കെതിരായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 1920ല്‍ കുടിയാന് സംഘം രൂപീകരിക്കപ്പെട്ടതോടെ ഇത് വ്യാപകമായി. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനവും ഇതിന് വേദിയായി. ഖിലാഫത്ത് വളണ്ടിയര്‍ സേന രൂപപ്പെട്ടതോടെ ഇതിലേക്ക് ജനങ്ങളുടെ ഒഴുക്കും രൂപപ്പെട്ടു.
നുണകളും അതിശയോക്തികളും
1921 ആഗസ്റ്റ് 20 മുതലാരംഭിച്ച സമരം മുന്‍പുണ്ടായ മറ്റ് സമരങ്ങളേക്കാള്‍ വ്യാപകമായിരുന്നു.പ്രാദേശിക ഖിലാഫത്ത് സെക്രട്ടറിയെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തില്‍ തുടങ്ങി മമ്പുറം മഖാം തകര്‍ത്തെന്നും മലപ്പുറം വലിയ പള്ളിയിലേക്ക് വെടിവെച്ചെന്നുമുള്ള പ്രചരണങ്ങളെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനങ്ങള്‍ക്കെതിരെ പട്ടാളം വെടിവയ്ക്കുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ബ്രിട്ടീഷ് പട്ടാളവും നാട്ടുകാരും തമ്മില്‍ നടന്ന യുദ്ധസമാനമായ ഏറ്റുമുട്ടലുകളായി മാറി.
നാട്ടുകാര്‍ തമ്മിലുള്ള സംഘര്ഷമായിട്ടല്ല ഇതിനെ കണ്ടത്. നാട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ അവര്‍ കാര്യമായി ശ്രദ്ധിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ രാഷ്ട്രീയ വിപ്ലവമാണ് എന്ന രീതിയില്‍ത്തന്നെ അടിച്ചമര്‍ത്തി. സ്വേച്ഛാധിപത്യ ഭരണകാലത്ത് കാണിക്കുന്ന കൊടും ക്രൂരതയാണ് സമരക്കാരോട് കാണിച്ചത്. സ്വാതന്ത്ര്യ സമരത്തെ തവിടുപൊടിയാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. വാഗണ്‍ ട്രാജഡിയൊക്കെ അതിന്റെ ഏറ്റവും ഭീകരമായ സത്യമാണ്.
ബ്രിട്ടീഷുകാര്‍ ഒഴുക്കിയ ചോരപ്പുഴയല്ല, പൊതുബോധത്തില്‍ സമരത്തെക്കുറിച്ച് പ്രചരിപ്പിച്ചത് എന്ന് കാണാം. ബ്രിട്ടീഷ് ചരിത്രകാരന്മാരും അധികാരികളും ജന്മികളും ഇതിനെ മലബാര്‍ കലാപം എന്നു പറഞ്ഞാലുടനെ ഹിന്ദു-മുസ്ലീം സംഘര്‍ഷമാണ് എന്ന് വരുത്താനുള്ള പ്രചരണമാണ് നടത്തിയത്. അത് നന്നായി വേരോടുകയും ചെയ്തു.
കലാപത്തിനു സാക്ഷിയാവുകയും വിവരിക്കാനാവാത്ത പീഡനങ്ങള്‍ക്കു വിധേയനാവുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ഖിലാഫത്ത് സ്മരണകളില്‍ എഴുതുന്നു:
‘സാമുദായിക വഴക്കുകളല്ല ഈ ലഹളകളുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദ്ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പോലീസ് മര്‍ദ്ദനമാണ് ഈ മരണത്തിന്റെ മൂലകാരണം.’ കലാപത്തെ ആളിക്കത്തിക്കാതെ പരിഹരിക്കാനുള്ള വകതിരിവ് ബ്രിട്ടീഷ് അധികാരികള്‍ കാണിച്ചിരുന്നെങ്കില്‍ വലിയ കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു. അതുണ്ടായില്ല.
കലാപത്തിന്റെ നേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതഭീകരനായി ചിത്രീകരിക്കാനുള്ള ശ്രമം നിരന്തരമായി നടക്കുന്നുണ്ട്. എന്നാല്‍ കലാപത്തെക്കുറിച്ച് എഴുതിയ ഒട്ടനവധി ചരിത്രകാരന്മാര് സൂചിപ്പിക്കുന്നത് ഒരു മതവിദ്വേഷിയായിരുന്നില്ല വാരിയംകുന്നത്ത് എന്നാണ്. സമരകാലത്ത് മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ചതറിഞ്ഞ് അവിടെയെത്തിയ അദ്ദേഹം കൊള്ളമുതലും നഷ്ടപരിഹാരവും തിരിച്ചു കൊടുപ്പിച്ചിരുന്നു. കലാപത്തില്‍ സ്ത്രീകളെ ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷയായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഒരു മുസ്ലീം, ഹിന്ദുവിനെ ഭീഷണിപ്പെടുത്തി പണയാധാരം വാങ്ങിയപ്പോള്‍ അത് തിരികെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പട്ടാളത്തിന്റെ ഒരു തലവന്‍ നേരത്തെ ദളിതനായിരുന്നു. ഒരു സമയത്ത് അദ്ദേഹത്തിന്റെ സൈന്യത്തില്‍ 500 ഓളം പേര് ഹിന്ദുക്കളായിരുന്നു എന്നും കാണുന്നു. മറ്റൊരു സൈനികനേതാവ് നാരായണന് നമ്പീശനായിരുന്നു. സ്വതന്ത്രമാക്കിയ രാജ്യത്ത് പാസ്പോര്‍ട്ടും നാണയ വ്യവസ്ഥയും ഉണ്ടായിരുന്നു. അതിന് മാപ്പിളരാജ്യം എന്നായിരുന്നില്ല, മലയാളരാജ്യം എന്നായിരുന്നു പേരിട്ടത്. അത് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മതഭേദമില്ലാതെ എല്ലാവരും തുല്യരാണ് എന്ന് പറയുന്നുണ്ട്. കുമ്പിള്‍കഞ്ഞി പോലെയുള്ള മനുഷ്യത്വ വിരുദ്ധമായ ആചാരങ്ങളെ നിര്‍ത്തലാക്കുന്നുണ്ട്. ഇവിടെ ഹിന്ദു ജ?ിമാരെ മാത്രമല്ല, ബ്രിട്ടീഷ് പക്ഷപാതികളായ മുസ്ലീങ്ങളെയും ആക്രമിക്കുന്നുണ്ട്. ബ്രിട്ടീഷ് പക്ഷപാതിയായ ആത്മീയ നേതാവ് കൊണ്ടോട്ടി തങ്ങളെ ആക്രമിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അനുകൂലിയായ ഉദ്യോഗസ്ഥന് ഖാന് ബഹൂര്‍ ചേക്കൂട്ടിയെ കൊലപ്പെടുത്തി. മുസ്ലീം ജന്മിമാരെ ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് ഹിന്ദു വിരുദ്ധനായ മതഭ്രാന്തനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വാദം അസ്ഥാനത്താണ് എന്ന് കാണാന്‍ കഴിയും. ഞാന്‍ ഹിന്ദുക്കളുടെ രാജാവും മുസ്ലീങ്ങളുടെ അമീറും ഖിലാഫത്തിന്റെ കമാന്‍ഡറുമാണ് എന്ന് അദ്ദേഹം പറഞ്ഞതായാണ് കരുതുന്നത്. അദ്ദേഹത്തെ പിടികൂടി പൈശാചികമായി മര്‍ദ്ദിച്ചിട്ട് മാപ്പു പറഞ്ഞാല്‍ മക്കയിലേക്ക് വിടാം എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ‘മക്ക എനിക്കിഷ്ടമാണ്, എന്നാല്‍ ഞാന്‍ പൊരുതിവീണ ഈ മണ്ണില്‍ മരിക്കാനാണ് ഇഷ്ടം’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കണ്ണ് കെട്ടാതെ, എന്നെ വെടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹത്തെപ്പോലും ഭയപ്പെട്ട ബ്രിട്ടീഷുകാര്‍ മണ്ണെണ്ണയൊഴിച്ച് മൃതദേഹം കത്തിച്ച് എല്ലുകള്‍പോലും പുറത്തുകാണിച്ചില്ല എന്നും നാം ഓര്‍ക്കണം. ആലി മുസലിയാരെ സംബന്ധിച്ചിടത്തോളവും ഇതുതന്നെയാണ് സ്ഥിതി. എം.പി. നാരായണ മേനോന്, കാപ്പാട് കൃഷ്ണന് നായര്‍, പാണ്ടിയാട് നാരായണന് നമ്പീശന് എന്നിവരും ചേര്‍ന്നതാണ് സമരത്തിന്റെ നേതൃത്വം എന്ന് നാം കാണണം. മമ്പുറം വലിയപള്ളി വെടിവയ്ക്കാന്‍ പട്ടാളം വരുമ്പോള്‍ അതിനെ ചെറുത്ത് വെടിയേറ്റുവീണ ഒന്നാമത്തെ ആളുടെ പേര് തട്ടാന്‍ കുഞ്ഞന്‍ എന്നായിരുന്നു എന്നും ഓര്‍ക്കണം.
എന്നാല്‍ സമരം അതിന്റെ വ്യാപനഘട്ടത്തില്‍ മതപരമായ, വര്‍ഗ്ഗീയമായ ചില ഘടകങ്ങളിലേക്ക് വഴുതി വീണില്ല എന്ന് ഇതിനര്‍ത്ഥമില്ല. മതവിദ്വേഷമായ അംശങ്ങള്‍ ഇതിന് ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് വലിയ സമരങ്ങള്ക്കുണ്ടായിട്ടുള്ള അപഭ്രംശങ്ങള്‍ മാത്രമാണ്. ഇത്തരം വഴിതെറ്റലുകള്‍ പല സമരങ്ങളിലും കാണാം. നിസ്സഹകരണ സമരത്തിന്റെ കാലത്തുതന്നെ ഉണ്ടായ ചൗരിചൗര സംഭവത്തില്‍ 22 പോലീസുകാരെ കൊലപ്പെടുത്തിയ സംഭവം ഇതിനുദാഹരണമാണ്. അതുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനമാകെ അക്രമാസക്തമായിരുന്നു എന്ന് വിലയിരുത്താനാവില്ല. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നിരവധി പോലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും റയില്‍വേ സ്റ്റേഷനും തകര്‍ത്തിരുന്നു. എന്നാല്‍ ഇതിനര്‍ത്ഥം ക്വിറ്റ് ഇന്ത്യാ സമരം കലാപമാണെന്നും ഗാന്ധിയാണ് അതിന്റെ ഉത്തരവാദി എന്നും അല്ല. ഇത്തരം അപഭ്രംശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടു തന്നെയാണ് നാം മലബാര്‍ സമരത്തിന്റെ കാഴ്ചപ്പാടിനെ പിന്തുടരേണ്ടത്.
ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലായിരുന്നു ഖിലാഫത്തിന്റെ ഉദ്ദേശമെങ്കില്‍ ഗാന്ധിജിയെപ്പോലെ ഉള്ളവര്‍ അതിന് ഒരിക്കലും ആഹ്വാനം ചെയ്യുകയില്ലായിരുന്നു എന്ന് കാണാം. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന സ്ഥിതിയിലേക്കെത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാര് അത്തരമൊരു അവസ്ഥയിലെത്തുകയാണ് ഉണ്ടായത്. ഖിലാഫത്ത് കോണ്‍ഗ്രസ് ഐക്യത്തിനിടയില് ഉണ്ടായ വര്‍ഗ്ഗപരമായ വൈരുദ്ധ്യം മൂലം (കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗവും ജന്മി കളും കാണകുടിയാന്മാരും ഖിലാഫത്തില്‍ പാട്ടക്കുടിയാന്മാരും ആയിരുന്നു). ഈ സമരത്തെ പിന്തുണയ്ക്കുന്നതിനും അതിനെതിരെ ഉണ്ടായ കൊടിയ മര്‍ദ്ദനങ്ങളെ ചെറുക്കുന്നതിനും ദേശീയ പ്രസ്ഥാനത്തിന് സാധിച്ചില്ല.
കലാപകാരികള്‍ വിവരിക്കാനാവാത്ത പീഡനങ്ങള്‍ക്ക് വിധേയരായി. ആലി മുസലിയാരും കൂട്ടരും തൂക്കിലേറ്റപ്പെട്ടു. വാരിയംകുന്നത്ത്ഹാജി ഉള്‍പ്പെടെയുള്ളവരെ മൃഗീയമായി മര്‍ദ്ദിച്ച് വെടിവച്ചു കൊന്നു. നിരവധി സാധാരണക്കാര്‍ കൊലചെയ്യപ്പെട്ടു. ആയിരത്തോളംപേര്‍ കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് പട്ടാളം ആയിരങ്ങളെ ആന്‍ഡമാനിലേക്കും വിദേശങ്ങളിലേക്കും നാടുകടത്തി. പതിനാലായിരത്തോളം പേരെ ജയിലിലടച്ചു. തടവറകളില്‍ അനേകം പോരാളികളെ പൈശാചികമായ പീഡനങ്ങളില്‍ കാലങ്ങളോളം തളച്ചിട്ടു. മുസ്ലീം കുടുംബങ്ങളെ കുളംതോണ്ടി. പട്ടാള രാജിലൂടെ ഒരു സമൂഹത്തെയാകെ സംഭ്രമിപ്പിച്ചു.
പക്ഷേ ഇതല്ല പ്രചരിപ്പിച്ചത്. ഇതല്ല പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ കലാപമായിട്ടാണ്. അങ്ങനെ പറയേണ്ടത് ബ്രിട്ടീഷുകാരന്റെ ആവശ്യമായിരുന്നു. അത് ജന്മി-കുടിയാന് പ്രശ്നമാണ് എന്ന് കാണാതിരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ജന്മി ചൂഷണത്തെക്കുറിച്ച് ചര്‍ച്ച നടക്കാതിരിക്കേണ്ടത് ചൂഷകരുടെ ആവശ്യവുമായിരുന്നു. സമരസേനാനികള്‍ക്കെതിരെ നടന്ന കൊടിയ മര്‍ദ്ദനങ്ങളെയും വേട്ടയാടലുകളും കൂട്ടക്കൊലകളും മറച്ചുവയ്ക്കേണ്ടത് ഇതിലെ ജനവിരുദ്ധരുടെ ആവശ്യമായിരുന്നു. അതാണ് നമ്മുടെ സമൂഹത്തില്‍ വേരോടിയത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ടിപ്പു സുല്‍ത്താനെ മതഭ്രാന്തനാക്കി ചിത്രീകരിക്കുന്നതും ഇതേ തന്ത്രമാണ്. മലബാറില്‍ ജന്മിത്തത്തിന് പരുക്ക് പറ്റുന്ന ഒരു ചരിത്രഘട്ടം ടിപ്പുവിന്റെ ഭരണകാലമാണ് എന്ന് കാണണം. അതിന്റെ വിദ്വേഷം പില്ക്കാലത്തെ ടിപ്പുവിനെതിരായ ആക്ഷേപങ്ങളിലുണ്ട്. ജാതി വിവേചനത്തെയും മനുഷ്യത്വ വിരുദ്ധമായ അനാചാരങ്ങളെയും എതിര്‍ക്കുകയും ചെയ്ത ടിപ്പുവിനെ ക്ഷേത്രധ്വംസകനായും മതംമാറ്റുന്നവനായും ചിത്രീകരിച്ചത് ജന്മി നാടുവാഴി വിഭാഗമാണ് എന്ന് കാണേണ്ടതുണ്ട്.
ചൂഷിതന്റെ പക്ഷത്ത് നിന്നുള്ള ചരിത്രവായന
സമരത്തിന്റെ 100-ാം വാര്‍ഷികത്തില്‍ നാം ഈ ജനകീയ ചരിത്രത്തില്‍നിന്ന് ഊര്‍ജ്ജംകൊണ്ട് സാമ്രാജ്യത്വ വര്‍ഗ്ഗീയ ചരിത്ര വായനകളെ പുറംതള്ളാനുള്ള അവസരമായിട്ടാണ് ഉപയോഗപ്പെടുത്തേണ്ടത്. ചൂഷിതന്റെ പക്ഷത്തുനിന്നുള്ള ചരിത്ര വീക്ഷണം ഉയര്‍ത്താനാകണം.
ഈ സമരത്തെക്കുറിച്ച്
പറയുമ്പോള്‍ 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ 75-ാം വര്‍ഷമാണ് 2021 എന്നതുകൂടി ഓര്‍ക്കണം. തൊഴിലാളിവര്‍ഗ്ഗ വിപ്ലവ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനുള്ള സാഹചര്യം അപ്പോഴേക്കും കേരളത്തില്‍ രൂപപ്പെട്ടിരുന്നു എന്നുകാണാം. മാര്‍ക്സിസത്തിന്റെ രാഷ്ട്രീയ ദര്‍ശനം പുന്നപ്ര-വയലാര്‍ സമരത്തെയും മലബാറിലെ കര്‍ഷക സമരങ്ങളെയും സ്വാധീനിച്ചു. മലബാര്‍ സമരത്തിന്റെ ദൗര്‍ബല്യമായിരുന്ന മതപരമായ അപഭ്രംശങ്ങള്‍ ഇവയ്ക്കുണ്ടായില്ല എന്നു കാണാം.
ചൈനയിലെ കര്‍ഷക സമരങ്ങളെപ്പറ്റി പഠിച്ച ജാന്‍ ചെസനോ ചൂണ്ടിക്കാട്ടിയത് ഇക്കാര്യത്തില്‍ ഏറെ പ്രസക്തവുമാണ്. രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷിക സമരങ്ങള്‍ക്ക് പ്രചോദനമായിത്തീരും എന്നതാണ് അത്. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശക്തമായി രൂപപ്പെടാതിരുന്ന അക്കാലത്ത് ബ്രിട്ടീഷ് ഭരണമെന്ന ചെകുത്താനും ജന്മിത്തമെന്ന കടലിനും നടുവില്‍പ്പെട്ട മനുഷ്യരുടെ സമരങ്ങള്‍ക്ക് അത്തരം അപകടങ്ങള്‍ ഉണ്ടാകും എന്ന ധാരണയും സമരത്തെ വിലയിരുത്തുമ്പോള്‍ നമുക്കുവേണം. ചരിത്രത്തെ മാറ്റി മറിച്ചവര്‍ പലരും ഉണ്ടാവും. പക്ഷേ, ചരിത്രത്തെ മാറ്റി മറിച്ചവര്‍ ചരിത്രം എഴുതിയവരെപ്പോലെ ആരുമില്ല എന്ന് ഒരിക്കല്‍ നെഹ്റു പറഞ്ഞത് ചരിത്രത്തിന്റെ വളച്ചൊടിക്കലുകളെക്കുറിച്ചാണ്. മലബാര്‍ സമരത്തെ ഇത്തരം വളച്ചൊടിക്കലുകളില്നിന്ന് വീണ്ടെടുക്കാനുള്ള ശ്രമം മതനിരപേക്ഷ പക്ഷത്തുനിന്നുണ്ടായിട്ടുണ്ട്. അതിനെ ജനകീയവത്കരിക്കുക എന്നതായിരിക്കണം നമ്മുടെ ഈ വാര്‍ഷികാചരണത്തിന്റെ ഒരു ദൗത്യം
മലബാര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പല കരിനിയമങ്ങളും റദ്ദാക്കിയത് 1957-ല്‍ അധികാരത്തില്‍വന്ന
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. കലാപം അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന മാപ്പിള ഔട്ട് റേജസ് ആക്ട്, പുതിയ പള്ളി നിര്‍മ്മിക്കാന്‍ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന നിയമം, മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താതിരുന്നത് എന്നിവയെല്ലാം എടുത്തുകളഞ്ഞത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ശിഥിലമായ ഏറനാട് വള്ളുവനാട് താലൂക്കുകള്‍ ഉള്‍പ്പെടുത്തി രണ്ടാം ഇ എം എസ് സര്‍ക്കാരാണ് മലപ്പുറം ജില്ല രൂപീകരിച്ചത് എന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
മതമല്ല, മതനിരപേക്ഷതയാണ് സാമ്രാജ്യത്വ വിരുദ്ധ സമരത്തെ ശരിയായ വഴിക്ക് നയിക്കുക എന്ന് 1921 നമ്മളോട് വിളിച്ചു പറയുന്നുണ്ട്.
നിരക്ഷരരും നിരായുധരുമായ സാധു കര്‍ഷകര്‍ വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടി ബ്രിട്ടീഷ് ചെകുത്താന് ഭരണത്തെ വിറപ്പിച്ച ധീരതയെ നാം ഹൃദയത്തിലേറ്റുവാങ്ങുകയാണ്. ആ മര്‍ദ്ദക ഭരണത്തിനെതിരായ ഉശിരാര്‍ന്ന പോരാട്ടത്തിന്റെ ഇന്നലകളെ നാം ജ്വലിപ്പിക്കുകയും ചെയ്യുന്നു. അവയിലെ തെറ്റുകളെ തള്ളുകയും തിരുത്തുകയും ചെയ്ത് മുന്നോട്ടു പോവുകയും വേണം. 1921 മാപ്പിളമാരുടെ സ്വകാര്യ സ്വത്തല്ല. മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന് പറഞ്ഞത് മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബാണ്. അത് മലബാറിന്റെ മാത്രമല്ല, ധീരമായി പൊരുതിയ ഇന്ത്യയുടെ വീണ്ടും വീണ്ടും പഠിക്കേണ്ട സമരപാഠമാണ് എന്ന് മനസ്സിലാക്കേണ്ടതുമുണ്ട്. ഇന്ത്യ എന്ന ആശയത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രം ചരിത്രത്തില്‍ വിജയിച്ചിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നു. അതിനെതിരായ പുതിയ പോരാട്ടങ്ങള്‍ക്കുള്ള അനുഭവപാഠം കൂടിയാണ് 1921.