
കോൺഗ്രസ്സിന് നഷ്ടപ്പെട്ടത് ഐഡൻ്റിറ്റിയാണ്

അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ്
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കോൺഗ്രസ്സ് ഇനിയും കാരണങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. സർക്കാരിനെതിരെ ജനവികാരം ഉണ്ടായിരുന്നല്ലൊ പിന്നെ ഇലക്ഷൻ ഫലം എന്താണിങ്ങനെ ആയതെന്നാണ് അവർ ഇപ്പോഴും ചോദിച്ച് കൊണ്ടിരിക്കുന്നത്. സർക്കാരിൻ്റെ ഭരണമികവൊ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനമൊ വച്ച് ഒരു തിരഞ്ഞെടുപ്പ് വിശകലനത്തിനല്ല ഇവിടെ മുതിരുന്നത്. മറിച്ച് കേരള രാഷ്ട്രീയത്തിൽ എന്നും പ്രബലമായ ഇടതുപക്ഷ- വലതുപക്ഷ ഗ്രൂപ്പിംഗിൽ കോൺഗ്രസ്സ് ഇന്ന് എവിടെയാണ് നിൽക്കുന്നത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
സമരം ചെയ്യാൻ ഇടതുപക്ഷവും ഭരിക്കാൻ കോൺഗ്രസ്സും
മാർക്കറ്റിലുള്ള ഏത് പ്രൊഡക്ടിനും ഒരു ഐഡൻ്റിറ്റിയുണ്ടെന്ന് പറയാം. കൺസ്യുമേഴ്സ് ഒരു ഉപയോഗത്തിന് ആ പ്രൊഡക്ടാണ് ആവശ്യം എന്ന് കരുതുന്ന തരത്തിൽ ചിന്തിക്കുമ്പോൾ പ്രത്യേക പ്രൊഡക്ട് തങ്ങളുടെ സ്പെയ്സ് സുരക്ഷിതമാക്കി എന്ന് കാണാം. പിന്നെ ആ ആവശ്യത്തിന് മറ്റൊരു പ്രൊഡക്ട് വാങ്ങുക ഉപഭോക്താവിന് എളുപ്പമാവില്ല. ചിലപ്പൊൾ കമ്പനിയുടെ പേര് പ്രൊഡക്ടിൻ്റെ പേരായി തന്നെ മാറിപ്പോവും. ഫ്രിഡ്ജൊക്കെ ഒരു കമ്പനിയുടെ പേരായിരുന്നെന്ന് ഇന്നാരാണോർക്കുന്നത്.
ഈ യുക്തി കേരള രാഷട്രീയത്തിൽ അപ്ലൈ ചെയ്താൽ കേരളത്തിലെ രണ്ടു പബല പാർട്ടികൾക്കും മാർക്കറ്റിലെ രണ്ട് പ്രൊഡക്ടുകളെ പോലെ രണ്ട് സ്പെയ്സ് ഉണ്ടെന്ന് കാണാം. മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ ഈ രണ്ട് പ്രൊഡക്ടുകളെയും ഒരെ പോലെ ആവശ്യമാണെന്ന് ജനങ്ങൾ കരുതി വരുന്നു. കാരണം രണ്ട് സംവിധാനങ്ങൾക്കും രണ്ട് കാര്യമാണ് നാട്ടിൽ ചെയ്യാനുള്ളത്. രണ്ട് തരത്തിലുള്ള ഫംഗ്ഷഷനുകളാണ് ഇവർ നിർവ്വഹിക്കുന്നത്. ചീപ്പിൻ്റെ പണി അല്ല സോപ്പ് എടുക്കുന്നത്. എന്നാൽ രണ്ടുമില്ലാതെ ഒരു സ്ഥലത്തേക്ക് വൃത്തിയായി പോകാനും പറ്റില്ല.

ഇത് പോലെ രണ്ട് രാഷ്ട്രീയ മുന്നണികളും തങ്ങൾക്കാവശ്യമാണെന്ന് ജനങ്ങൾ കരുതി പോയത് കൊണ്ടാണ് ഇരു കൂട്ടർക്കും മാറി മാറി ഭരണം കൊടുത്തിരുന്നതും. എന്നാൽ ഇത്തവണ ഈ രീതി മാറിയിരിക്കുന്നു. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് ? ജനങ്ങൾക്ക് ഒരു പ്രൊഡക്ട് കൊണ്ട് രണ്ട് കാര്യവും ചെയ്യാം എന്ന തോന്നൽ ഉണ്ടായതാണൊ ? അതൊ ഏതെങ്കിലും ഒരു കാര്യം ഇനി ആവശ്യമില്ല എന്നവർ വച്ചൊ ? ഇതറിയണമെങ്കിൽ പൊതുബോധത്തിൽ സി.പി.എം നയിക്കുന്ന ഇടതു മുന്നണിക്കും കോൺഗ്രസ്സ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും എന്ത് സ്ഥാനമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കണം. എന്തായിരുന്നു രണ്ട് പ്രൊഡക്ടുകളുടേയും ഫംഗ്ഷനുകളായി ജനം കരുതിയിരുന്നതെന്ന് നോക്കാം.
സമരം ചെയ്യാൻ കൊള്ളാവുന്നവർ സി.പി.എം നയിക്കുന്ന ഇടതുപക്ഷമാണെന്നും ഭരിക്കാൻ നല്ലത് കോൺഗ്രസ്സ് മുന്നണിയാണെന്നും കേരളത്തിൽ പൊതുവെ നില നിന്ന ഒരു ധാരണയാണ്. ആ ധാരണ കൊണ്ടുള്ള ഗുണഭോക്താക്കൾ കോൺഗ്രസ്സായത് കൊണ്ട് അവരൊ അവരുടെ ഏക്കാലത്തെയും സംഖ്യകക്ഷികളായ വലതുപക്ഷ മാധ്യമങ്ങളൊ സൃഷ്ടിച്ച ഒരു മിത്താകാം അത്. പക്ഷെ അത് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നു. ഇതിന് ഒരു കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന ഇടതുപക്ഷത്തിന് ഭരണത്തിലെത്തിയതിന് ശേഷം സമരങ്ങൾ ഉപേക്ഷിക്കാനാവില്ല എന്നതായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭരിക്കുന്നവരുടെ കൂടെ കൂടിയ ജന്മി കുടുംബങ്ങളും അവരുടെ പരമ്പരയുമായിരുന്നു എല്ലായിടത്തെയും പോലെ കേരളത്തിലെയും കോൺഗ്രസ്സിൻ്റെ ചാലകശക്തി. അവർക്ക് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുള്ള മോചനം ആവശ്യമായിരുന്നെങ്കിലും തങ്ങളുടെ ഭൂമി കുറയുന്ന ഭൂപരിഷ്കരണം സ്വീകാര്യമാവില്ലായിരുന്നു. ഇത് കൊണ്ട് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ്സിന് ചെയ്യാനാവുന്ന ഏക കാര്യം ഭരണമായിരുന്നു. നിലവിലുള്ള സാമൂഹ്യ പ്രശ്നങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ മാത്രമെ അവർക്ക് പോംവഴിയായി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇടതുപക്ഷമാകട്ടെ സമരങ്ങളിലൂടെ ജനമനസ്സിൽ സ്ഥാനം നേടി കേരളത്തിൻ്റെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചുവെന്ന് മാത്രമല്ല, ഭരണത്തിൽ തന്നെ സാമൂഹ്യ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്ന ‘സമര’ സ്വഭാവമുള്ള നടപടികൾ എടുത്തും വന്നു. ഭരണവും സമരവും ഒരുമിച്ച് എന്നായിരുന്നു ഇ.എം.എസ് അതിനെ വിശദീകരിച്ചത് തന്നെ.

ആദ്യ കാലത്ത് ഇത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് ഈ രീതി കാര്യമായി എതിർക്കപ്പെട്ടു. ഇടതുപക്ഷം ‘സമര’ രീതിയിൽ നടത്തി വന്ന ഭൂപരിഷ്കരണം അടക്കമുള്ളതിൻ്റെ ഗുണഭോക്താക്കൾ തന്നെ പിന്നീട് ‘ഇനിയെന്തിന് സമരം ‘ എന്ന ലൈനിലേക്ക് എത്തി. എം. എൻ വിജയൻ മാഷ് പറഞ്ഞത് പോലെ തങ്ങൾക്ക് ബസ്സിൽ സീറ്റ് കിട്ടിയാൽ നിൽക്കുന്നവരെ നോക്കി ഇനി ലോകം ഇരിക്കാനുള്ളതാണെന്ന് ചിന്തിക്കുന്ന ഒരു തരം മാനസികാവസ്ഥയിലേക്ക് നല്ലൊരു ശതമാനം മധ്യവർഗവും എത്തിപ്പെട്ടു. ഇവർക്ക് ഇടതുപക്ഷത്തെ മിമിക്ക് ചെയ്യുന്ന കോൺഗ്രസ്സിനെ ആയിരുന്നില്ല, കുറച്ച് കൂടി വലതുപക്ഷ സ്വഭാവമുള്ള കോൺഗ്രസ്സിനെ ആയിരുന്നു വേണ്ടിയിരുന്നത്. ഇത് തിരിച്ചറിഞ്ഞ് കൂടിയാകണം കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് സി.പി.ഐ യും ഇടതുപക്ഷത്തെത്തുകയും കേരള രാഷ്ട്രീയം കോൺഗ്രസ്സ് നയിക്കുന്ന വലതുപക്ഷമായും സി.പി.എം – സി.പി.ഐ ഉൾപ്പെടുന്ന ഇടതുപക്ഷമായും വേർ പിരിയുകയും ചെയ്യുന്നത്. അതോടെ മലയാളി എന്ന കൺസ്യൂമർക്ക് തങ്ങളുടെ മുമ്പിലുള്ള പ്രൊഡക്ടുകളുടെ കാര്യത്തിൽ ഒരു ക്ലാരിറ്റി കിട്ടിയെന്നും പറയാം.
മലയാളിക്ക് ഭരണവും സമരവും വേണം
എൺപതുകളുടെ ഒടുവിലാണ് നിലവിലുള്ളത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നയിക്കുന്ന ഇടതുപക്ഷവും കോൺഗ്രസ്സ് നയിക്കുന്ന ഐക്യ മുന്നണിയും രൂപപ്പെടുന്നത്. ഈ രണ്ട് കൂട്ടർക്കും സ്ഥിരമായ ചില കൺസ്യൂമേഴ്സ് അഥവാ വോട്ട് ബാങ്ക് ഉണ്ടായിരുന്നു. ഒരു മതാചാരം പോലെ കൈപ്പത്തിക്ക് കുത്തിയും ഒരു വികാരമായി അരിവാളിന് കുത്തിയും അവരത് നിർവഹിച്ച് പോന്നു. എന്നാൽ ഇവരിൽ പെടാത്ത, കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ശേഷിയുള്ള ചാഞ്ചാട്ട സ്വഭാവമുള്ള സ്വിംഗ് വോട്ടുകളാണ് ഈ നാടിന് രണ്ടു കൂട്ടരെയും വേണം എന്ന തീർപ്പിലെത്തിയത്. ഇവർ രണ്ട് കൂട്ടർക്കും രണ്ട് കടമകൾ കൽപിച്ച് കൊടുക്കുകയും ചെയ്തു. സ്വയം മുഴുവനായി ഇടതുപക്ഷമാകാനൊ വലതുപക്ഷമാകാനൊ ഇവർ തയ്യാറായില്ല. രണ്ട് പ്രൊഡക്ടുകളും മാറി മാറി വാങ്ങുന്ന ഉപഭോക്താക്കളായി ഇവർ നില കൊണ്ടു.
കോൺഗ്രസ്സിന് ഐഡൻ്റിറ്റി നഷ്ടപ്പെടുന്നു
എൺപതുകളിൽ ഇടത്- വലത് മുന്നണികൾ രൂപീകരിക്കപ്പൊൾ ഇല്ലാത്ത ഒരു പ്രതിസന്ധി കോൺഗ്രസ്സിന് പിന്നീടുണ്ടായി. അത് തൊണ്ണൂറുകളിൽ കോൺഗ്രസ്സ് തന്നെ നയിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയോ ലിബറൽ നയങ്ങളായിരുന്നു. അത് വരെ ഉണ്ടായിരുന്ന ഭരണത്തിലെ സോഷ്യലിസ്റ്റ് സ്വഭാവവും ഇതോടെ നഷ്ടമായി. ഈ നയങ്ങളെ പിന്തുണക്കുകയല്ലാതെ കേരളത്തിലെ കോൺഗ്രസ്സിനും മറ്റ് മാർഗങ്ങളില്ലായി. ഇന്ത്യൻ ഭരണത്തിലേക്ക് വിദേശ മൂലധനത്തിൻ്റെ കടന്നു വരവും സ്വകാര്യവത്കരണവും പക്ഷെ മധ്യവർഗ മലയാളിക്കാദ്യം മനസ്സിലായില്ല. ഇത് കൊണ്ട് തങ്ങൾക്ക് കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ അവകാശമാണ് കിട്ടുക എന്നാണവർ ധരിച്ചത്. അത് കൊണ്ട് ഒരു മാറ്റവുമില്ലാതെ അവർ ഇടതുപക്ഷത്തെയും ഐക്യമുന്നണിയെയും ജയിപ്പിച്ച് കൊണ്ടിരുന്നു. 1987, 1991, 1996, 2001 എന്നീ തിരഞ്ഞെടുപ്പുകൾ എടുത്താൽ ഇടത്- വലത് മുന്നണികൾ ഒരു പോലെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നത് കാണാം. കേന്ദ്രത്തിലെന്ത് നടന്നാലും കേരളം കേരളമായിരിക്കും എന്നായിരുന്നു സന്ദേശം.

എന്നാൽ 2001 – 06 കാലത്തെ ഐക്യമുന്നണി സർക്കാരിൻ്റെ കാലത്താണ് മലയാളിക്ക് ആദ്യമായി സ്വകാര്യവത്കരണ നയങ്ങളുടെ ചൂടടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ കോളേജുകളുടെ കടന്ന് വരവ് മലയാളിയെ ഞെട്ടിച്ചു. വിദ്യാഭ്യാസം കച്ചവടത്തിന് വച്ച സ്ഥിതിക്ക് തങ്ങൾക്കിത് വരെ ലഭ്യമായി കൊണ്ടിരിക്കുന്ന പല അവകാശങ്ങളും നഷ്ടമാകും എന്നവർ ഭയന്നു. ഇത് വരെ ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിച്ച് കൊണ്ടുള്ള ആഗോളവൽക്കരണമായിരുന്നു അവരുടെ കിനാശ്ശേരി. ഇത് സാധ്യമാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഭരണം നിശ്ചയിക്കുന്ന മധ്യവർഗ മലയാളി ഇടത്തേക്ക് ചാഞ്ഞു. കോൺഗ്രസ്സിൽ അവരുടെ വിശ്വാസം നഷ്ടപ്പെട്ടു. അത്തരമൊരു അന്തരീക്ഷത്തിലാണ് 2006 ൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലേറുന്നത്.
1987 മുതലുള്ള രീതി അനുസരിച്ച് 2011 ൽ ഐക്യമുന്നണി വൻ ഭൂരിപക്ഷത്തോടെ തിരിച്ച് വരേണ്ടതാണ്. എന്നാൽ കഷ്ടിച്ച് ഭരിക്കാം എന്ന സ്ഥിതിയിലാണ് അവർ അധികാരം തിരിച്ച് പിടിക്കുന്നത്. അതായത് മധ്യവർഗ മലയാളി എന്ന കൺസ്യൂമർക്ക് കോൺഗ്രസ്സ് എന്ന പ്രൊഡക്ടിലുള്ള വിശ്വാസത്തിന് കാര്യമായ ഇടിവുണ്ടായി എന്ന സൂചന ആയിരുന്നു അത്. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് കൊണ്ട് വരുന്ന നയങ്ങളും ഫലത്തെ ബാധിച്ചിരിക്കണം.മാത്രവുമല്ല ‘ഭരിക്കാൻ കൊള്ളാത്തവർ ‘ എന്ന ടാഗ് ഇടതുപക്ഷം ഓരോ ഭരണം കഴിയുമ്പോഴും തിരുത്തിയും വന്നു.
വികസനം ഇടത് മുദ്രാവാക്യമാകുന്നു
വികസന വിരോധികൾ എന്ന പഴി ഏറ്റവുമധികം കേട്ടിരിക്കുക ഇടതുപക്ഷക്കാരായിരിക്കും. കാരണം വികസനം ഐകകണ്ഡമായി അംഗീകരിക്കപ്പെടേണ്ട ഒരാശയമല്ലെന്നും വികസനം നടക്കുമ്പോൾ ആരാണ് ശരിക്കും വികസിക്കുന്നതെന്നുമായിരുന്നു അവർ ചോദിച്ച് കൊണ്ടിരുന്നത്. പണമുള്ളവർ കൂടുതൽ പണക്കാരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നത് നീതിയല്ല എന്നായിരുന്നു അവരുടെ നിലപാട്. അത് നാടിൻ്റെ പൊതു സംവിധാനങ്ങളിലെ വികാസത്തോടുള്ള എതിർപ്പായിരുന്നില്ല. മാത്രവുമല്ല, പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുക ഇടതുപക്ഷത്തിൻ്റെ പ്രധാന കാര്യപരിപാടിയുമായിരുന്നു. എന്നാൽ സ്വകാര്യ കുത്തകകളോടുള്ള വിയോജിപ്പ് കൊണ്ട് ഇടതുപക്ഷം വികസന വിരോധികൾ എന്ന് സ്ഥാപിക്കാൻ കോൺഗ്രസ്സും പ്രധാന മാധ്യമങ്ങളും ശ്രമിച്ചു. ഈയടുത്ത കാലം വരെ അവരതിൽ വിജയിക്കുകയും ചെയ്തു.

‘ഇടതുപക്ഷം = വികസന വിരോധികൾ = സമരം മാത്രം അറിയുന്നവർ ‘എന്ന ആശയത്തിന് കോൺഗ്രസ്സ് ആദ്യം വെല്ലുവിളി നേരിടുന്നത് 2011 ലാണെന്ന് പറഞ്ഞല്ലൊ. കാരണം 2006-11 കാലത്തെ ഇടത് ഭരണത്തെ കുറിച്ച് മോശം അഭിപ്രായം രൂപീകരിക്കുന്നതിൽ കോൺഗ്രസ്സ് ഏറെക്കുറെ പരാജയപ്പെട്ടു. സ്വന്തം പാർട്ടിയുടെ തെറ്റുകൾ തിരുത്താൻ വരെ മെനക്കെടുന്ന വി.എസ്സിനെ പാർട്ടിക്കെതിരായത് കൊണ്ട് മാത്രം വാഴ്ത്തിയ മാധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമായി അയാളെ പഴിക്കാനുമാവില്ലല്ലൊ. അങ്ങനെ നേരിയ ഭൂരിപക്ഷത്തിൽ മാത്രം കോൺഗ്രസ്സ് അധികാരം പിടിച്ചു.
2011 – 16 കാലത്തെ ഭരണം തങ്ങൾക്ക് നഷ്ടപ്പെടുന്ന ഇമേജിനെ തിരിച്ചെടുക്കാൻ കോൺഗ്രസ്സ് വിനിയോഗിച്ചില്ലെന്ന് മാത്രമല്ല, അഴിമതിയുടെ പടു കുഴിയിൽ അവർ വീണു. ഇതുന്നയിച്ച് 2016 ൽ അധികാരത്തിലെത്തിയെ ഇടതുമുന്നണിയാവട്ടെ കൂടുതൽ ശ്രദ്ധ ഭരണത്തിൽ തന്നെ കേന്ദ്രീകരിച്ചു. സി.പി.എമ്മും അതിൻ്റെ ബഹുജന സംഘടനകളും ജീവകാരുണ്യ പ്രവർത്തനങ്ങൾ മുഖ്യ അജൻഡയാക്കുന്നതും ഇക്കാലത്താണ്. പ്രളയവും നിപയും കോറോണയും നാടിൻ്റെ വറുതി കൂട്ടി കൊണ്ടിരുന്നു. സർക്കാരിൻ്റെ കിറ്റിനും ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോറിനുമായി മനുഷ്യർ കാത്തിരുന്നു. ഉണ്ടുറങ്ങി വിവാദ രാഷ്ട്രീയത്തിനായി കാതോർത്തിരുന്നവർ ഭരണകൂടം ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞു. ഇക്കാലത്തെ സമരം പോലും സാലറി ചലഞ്ചും വാക്സിൻ ചലഞ്ചുമായി. സർക്കാരാകട്ടെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയർന്നു. ആശുപത്രിയിലും സ്കുളുകളിലും റോഡുകളിലും സർക്കാർ വികസനം കൊണ്ട് വന്നു. വികസനം സാധാരണക്കാർക്ക് വേണ്ടിയാണെന്ന തോന്നൽ ശക്തമായി. എല്ലാ ഇടത് ഫ്ളക്സുകളിലും വികസനം സ്ഥാനം പിടിച്ചു.
ഇക്കാലത്താണ് കോൺഗ്രസ്സ് അതിൻ്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ചെന്ന് പെടുന്നത്. തങ്ങൾ വികസന വിരോധികൾ എന്ന് വിളിച്ചവർ വികസനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കി തുടങ്ങിയതോടെ അവർ പെട്ടു പോയി എന്ന് പറയാം. തങ്ങളുടെ പണി എതിരാളികൾ കൂടുതൽ ന്നന്നായെടുത്താൽ ഉണ്ടാകുന്ന അങ്കലാപ്പാണത്. ഈ കൺഫ്യൂഷനിൽ പഴയ വി.എസ് ലൈനിൽ പ്രതിപക്ഷ നേതാവാകാനായിരുന്നു രമേശ് ചെന്നിത്തലയുടെ ശ്രമം. നിങ്ങൾ ഞങ്ങളുടെ സ്പെയ്സ് എടുത്താൽ ഞങ്ങൾ നിങ്ങളുടെ സ്പെയ്സിൽ കയറി കളിക്കും എന്ന ലൈൻ. പക്ഷെ ആ കളിയെങ്കിലും അറിഞ്ഞിരിക്കണമെന്ന കാര്യം കോൺഗ്രസ്സ് മറന്നു പോയി.
വി.എസ് കേരളത്തിലെ ഏറ്റവും ജനകീയനായ പ്രതിപക്ഷ നേതാവാകുന്നത് വലിയൊരു സമര -പാരമ്പര്യത്തിൻ്റെ തുടർച്ചയായാണ്. നെൽപാടം നികത്തുന്നതിനെതിരെ പതിറ്റാണ്ടുകൾ മുമ്പ് സമരം തുടങ്ങിയ ഒരു സി.പി.എം നേതാവ് അത് പിൽക്കാലത്ത് മറ്റ് സ്ഥാനത്തിരുന്ന് പറഞ്ഞാലും ജനം കേൾക്കും. അതായിരുന്നില്ല രമേശ് ചെന്നിത്തലയുടെ സ്ഥിതി. സി.പി.എമ്മിലെ വിഭാഗീയ കാലത്ത് പാർട്ടിക്കെതിരെ ഉന്നയിക്കപ്പെട്ട അമേരിക്കൻ ഗൂഡാലോചന സിദ്ധാന്തം ലൈനിൽ സ്പ്രിംകളർ ഉന്നയിച്ച് പ്രതിപക്ഷം നാണംകെട്ടു. ഇത്തരം വിവാദ താത്പര്യങ്ങളിൽ നിന്ന് ജനങ്ങൾ അകന്ന മഹാമാരിക്കാലത്താണിതെന്ന് കൂടിയോർക്കണം. അങ്ങനെ തങ്ങളാണ് യഥാർത്ഥ ഇടതുപക്ഷം എന്നവർ സ്ഥാപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.

ഇതേ കാലത്ത് തന്നെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാറിനൊപ്പം കോൺഗ്രസ്സും നില കൊണ്ടു. അത് കൊണ്ടാണ് 2019 ലെ ലോക്സഭാ ഇലക്ഷനിൽ തങ്ങൾ ജയിച്ചെതെന്നും അവർ കരുതി. ഇത് കൊണ്ട് പുതിയ സർക്കാർ വന്നാൽ ആചാര സംരക്ഷണ നിയമം കൊണ്ട് വരും എന്നവർ വാഗ്ദാനം ചെയ്തു. അതായത് ഒരെ സമയം പഴയ ഇടതുപക്ഷമായും തീവ്ര വലതുപക്ഷ മായും അവർ കളിച്ച് കൊണ്ടിരുന്നു. ‘ നീ എവിടെയെങ്കിലും ഒന്നുറച്ച് നിൽക്കടാ ‘ എന്ന മുന്നറിയിപ്പുകൾ അവർ ചെവി കൊണ്ടുമില്ല.
ഒരു മഹാമാരിക്കാലം പഴയ രീതിയിലുള്ള പ്രകടന സമരങ്ങളുടെ കാലമല്ല എന്ന തിരിച്ചറിവിൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയുമാണ് ഇടതുപക്ഷം ചെയ്തത്. വിപ്ളവമെന്ന സ്വപ്നം വയറെരിയുന്നവരോട് പെട്ടെന്ന് പറയാൻ പറ്റില്ലെന്ന് അവരുടെ പ്രവർത്തന പരിചയം കൊണ്ടവർക്കറിയാമായിരുന്നു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷം ചെയ്ത് കൊണ്ടിരിക്കുന്നത് കോൺഗ്രസ്സിൻ്റെ സുവർണ കാലത്ത് നെഹ്റു ചെയ്ത കാര്യമായിരുന്നു. അതിൽ കൂടുതൽ സ്വപ്നം കണ്ട് പോലും ശീലമല്ലാത്തത് കൊണ്ട് കൂടിയാവും പഴയ ഇടതുപക്ഷം + തീവ്ര വലതുപക്ഷം എന്ന സമവാക്യത്തിലേക്ക് അവർ മാറിയത്. അപ്പൊൾ നഷ്ടപ്പെടുന്നത് സ്വന്തം ഐഡൻ്റിറ്റിയാണെന്നാണ് അവർ മറന്ന് പോയത്.
കഥ തുടങ്ങിയത് രണ്ട് പ്രൊഡക്ടുകളെ കുറിച്ച് പറഞ്ഞ് കൊണ്ടാണല്ലൊ. ദൗർഭാഗ്യവശാൽ ഒരു പ്രൊഡക്ട് മറ്റെ പ്രൊഡക്ടിൻ്റെ സ്ഥലം കൂടി കയ്യേറിയിരിക്കുന്നു. ഗുണമേന്മ വർധിപ്പിച്ച് കൊണ്ട് കൂടിയാണി മാറ്റം. പിന്നെയെന്തിന് ഉപഭോക്താക്കൾ സെക്കൻറ് ക്വാളിറ്റിയുള്ള കോൺഗ്രസ്സ് എന്ന പ്രൊഡക്ട് വാങ്ങണം ? അത് കൊണ്ട് കൂടുതൽ ക്വാളിറ്റി കൂട്ടുകയല്ലാതെ അവർക്ക് മുമ്പിൽ വേറെ വഴിയില്ല.