
ന്യൂനപക്ഷങ്ങളിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ

എം. എസ്. ഷൈജു
പ്രവചനങ്ങൾക്കതീതമായൊരു വിജയം സമ്മാനിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പായിരുന്നു ഇടതുപക്ഷത്തെ സംബന്ധിച്ചടുത്തോളം 2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ്. രാഷ്ട്രീയം പ്രാഥമികമായി വിശകലനം ചെയ്യാൻ സാധിക്കുന്നവരൊക്കെ മുൻകൂട്ടി തന്നെ ഇടതുപക്ഷത്തിന്റെ വിജയം പ്രവചിച്ചിരുന്നു. പക്ഷെ, ചരിത്രത്തിൽ രേഖപ്പെടുത്തും വിധം ഇത്രമേൽ പളപളപ്പുള്ള ഒരു വിജയമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ഇടതുപക്ഷം പോലും ഒരു പക്ഷെ കരുതിക്കാണില്ല. നാല് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ശീലങ്ങളെയും നടപ്പ് രീതികളെയും ഒറ്റയടിക്ക് തിരസ്കരിച്ച് കൊണ്ട് ഇടതുപക്ഷം കേരളത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. അത് കൊണ്ട് വിജയത്തിലേക്ക് നയിച്ച ഒരു വലിയ കാരണം തിരക്കുന്നതിന് പകരം വിജയത്തിന് പിന്നിൽ ഒത്തുചേർന്ന അനേകം ചെറു കാരണങ്ങൾ പ്രത്യേകമായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.
അതിൽ ഏറ്റവും പ്രധാനമായത്, ഇടതുപക്ഷത്തിനും സി പി എമ്മിനും സംഭവിച്ചിട്ടുള്ള പരിണാമവും രാഷ്ട്രീയമായ വളർച്ചയുമാണ്. ഇതിലൂടെ പുതുതലമുറയിൽ ഒരു പുതിയ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്താൻ അവർക്ക് സാധിച്ചു. ഈ പരിണാമത്തെയും അതിന്റെ ഉത്പന്നമായ സാമൂഹിക വളർച്ചയെയും മുൻ നിർത്തി വേണം തെരഞ്ഞെടുപ്പ് ഫലത്തെയും സമീപിക്കാൻ.

ഇതിൽ ന്യൂനപക്ഷ വിഭാഗത്തിനും അവഗണിക്കാനാവാത്ത ഒരു പങ്കുണ്ട്. ചിലനിശബ്ദമായ അടിയൊഴുക്കുകൾ അവരിൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജാതിയും മതവും ഉപയോഗിച്ച് വോട്ട് പിടിക്കാനും അതിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുമുള്ള ഒരു പദ്ധതി ആസൂത്രിതമായി തന്നെ ഇവിടെ നടന്നിരുന്നു. ഹിന്ദു, മുസ്ലിം വോട്ടുകളെ മാതാത്മകമായി തന്നെ ഇടതുപക്ഷത്തിനെതിരെ തിരിച്ചു വിടാൻ വളരെ സ്ട്രാറ്റജിക്കലായ പദ്ധതികളും ആവിഷ്കരിക്കപെട്ടിരുന്നു. ശബരിമല പ്രശ്നവും, പിണറായി വിജയന്റെ സംഘപരിവാർ ദാസ്യതയെന്ന വ്യാജപ്രചരണവും അർദ്ധ സത്യങ്ങളുടെ മെമ്പൊടിയോടെ കേരളമെമ്പാടും പ്രചരിപ്പിക്കപ്പെട്ടു. ക്രിസ്ത്യൻ വിഭാഗങ്ങളും ലെഫ്റ്റും തമ്മിൽ നിലനിന്നിരുന്ന അകൽച്ചയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും രാഷ്ട്രീയമായി തന്നെ നടന്നു. ഇതിനൊക്കെ പിന്തുണ നൽകി കൊണ്ടുള്ള സ്ഥിരം വലതുപക്ഷനയം കേരളത്തിലെ മാധ്യമങ്ങൾ തുടർന്നു.
ഈയൊരു പ്രൊപ്പഗണ്ടയിലും, എൽ ഡി എഫ് കഴിഞ്ഞാൽ പിന്നെ യു ഡി എഫ് എന്ന നടപ്പ് ശീലത്തിലും മാത്രം വിശ്വാസമർപ്പിച്ചാണ് ഐക്യ ജനാധിപത്യ മുന്നണി ഇലക്ഷനെ നേരിട്ടത്. ഇതിനടയിൽ കേരളീയ ജനതയിൽ പതിയെ പതിയെ രൂപപ്പെട്ട് വന്ന ഒരു രാഷ്ട്രീയ പരിണാമത്തെയും അതിലേക്ക് അവരെ നയിച്ച സാമൂഹിക, രാഷ്ട്രീയ ഘടകങ്ങളെയും തിരിച്ചറിയുന്നതിലും വിശകലനം ചെയ്യുന്നതിലും യു ഡി എഫ് പരാജയപ്പെടുകയായിരുന്നു.

രാഷ്ട്രീയ ശക്തി ആയ മുസ്ലിം ലീഗിന്റെയും സാന്നിധ്യവും ഇടപെടലും ആയിരുന്നു അതിന്റെ പ്രധാന കാരണം. മതവിരുദ്ധത എന്ന ശക്തമായ ഭീഷണി ഉയർത്തി വിശ്വാസികളുടെ രാഷ്ട്രീയ വികാസത്തെ തടഞ്ഞ് നിർത്തിയിരിക്കുകയായിരുന്നു.1980 കളിൽ കേരളീയ മുസ്ലിം മണ്ഡലങ്ങളിൽ ഏറെ വിവാദമായ ശരീഅത്ത് വിവാദത്തോടെ ഒരു ഇടത്- മുസ്ലിം വിരുദ്ധത ഇവിടെ രൂപപ്പെടുകയും ചെയ്തിരുന്നു. ആ മുസ്ലിം – ഇടതുപക്ഷ വിടവിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു എന്നതാണ് 2021 ലെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സുപ്രധാനമായൊരു സവിശേഷത.
സമ്പ്രദായിക മതസംഘടനകൾ പൂർണമായും ഇത്തവണ ഇടതിനെതിരായിരുന്നു. മുസ്ലിം ലീഗും മതവിശ്വാസത്തെ മുൻനിർത്തിയാണ് ഇലക്ഷനെ നേരിട്ടത്. എന്നിട്ടുപോലും, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഗണ്യമായ മുന്നേറ്റം നടത്താൻ ഇടത്പക്ഷത്തിന് കഴിഞ്ഞു. അവരുടെ താല്പര്യങ്ങൾക്ക് എതിരെയായി ഇടതിനു വോട്ട് ചെയ്യാൻ കഴിയുന്ന വിധം ആളുകൾ വളർന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ നയങ്ങളിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു എന്നത് തന്നെയാണ് മുഖ്യമായ കാരണം.
സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ രാഷ്ട്രീയമായി നേരിടാൻ സാധിക്കുന്നത് ഇടതിനാണെന്ന ബോധ്യം രൂപപെട്ട മുസ്ലിം വിഭാഗങ്ങൾ പ്രത്യേകിച്ച് യുവജനങ്ങൾ അത്ഭുതപൂർവമായ ഒരു പിന്തുണയാണ് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇടതുപക്ഷത്തിനു നൽകിയത്. കേരളത്തിൽ NRC നടപ്പിലാക്കില്ല എന്ന പ്രഖ്യാപനവും ഉറപ്പും ന്യൂനപക്ഷങ്ങളിൽ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ മറ്റൊരുദാഹരണം പശ്ചിമബംഗാൾ ആണ്. പിണറായി വിജയൻ കേരളത്തിൽ സ്വീകരിച്ച ഒരു നിലപാടിന്റെ മറ്റൊരു പതിപ്പായിരുന്നു മമതാ ബാനർജി ബംഗാളിലും സ്വീകരിച്ചത്. ഹൈന്ദവ ഭൂരിപക്ഷമുള്ള ഈ ഇടങ്ങളിൽ BJP ക്ക് വർഗീയ ധ്രുവീകരണത്തിന് ഇടനല്കാത്ത വിധം സ്ട്രാറ്റജിക്കലായ ഒരു ന്യൂനപക്ഷ പരിഗണനയാണ് ഇരുവരും നൽകിയത്.

ഒരുകാലത്ത് മതാത്മക സമൂഹങ്ങളോട് നിഷേധാത്മകത പുലർത്തിയിരുന്ന പാർട്ടിയായിരുന്നു സി.പി. എം. സൂക്ഷമ ദർശനത്തിൽ, ആ മനോഭാവത്തിൽവന്നിരിക്കുന്ന ഒരു മാറ്റത്തെയും നമുക്ക് കാണാൻ സാധിക്കും. വർഗ സമരങ്ങളുടെ ആധുനിക ഭാഷ്യങ്ങളെ നിർണ്ണയിക്കുന്ന ഇടങ്ങളിൽ സ്വത്വ പ്രതിസന്ധി നേരിടുന്ന, ഫാസിസ്റ്റ് ശക്തികൾ ശത്രുക്കളായി കണക്കാക്കുന്ന ന്യൂനപക്ഷ സ്വത്വങ്ങളെ കൂടി പരിഗണിക്കാൻ സി പി എം ശ്രമിച്ചത് അവരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക പരിണാമത്തിന്റെ ഫലം തന്നെയാണ്.
കേരളീയ ജനതയിൽ കഴിഞ്ഞ രണ്ട് ദശകങ്ങൾക്കിടയിൽ സംഭവിച്ച സാമൂഹിക വളർച്ചയുടെ ഗുണഭോക്താക്കളാവാൻ സ്വയം അപ്ഡേഷനുകൾ നടത്തികൊണ്ട് സി പി എമിന് സാധിച്ചു എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ലിംഗപരവും സ്വത്വപരവുമായ നിരവധി പ്രശ്നങ്ങളിലും പ്രക്ഷോഭങ്ങളിലും താരതമ്യേന നൈതിക പരമായ നിലപാടുകൾ സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടിൽ, ലിംഗനീതിയിൽ, തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പുരോഗമന നിലപാടുകൾ പാർട്ടി വേദികളിൽ നിന്നുണ്ടായി. ഇതൊക്കെ സമുദായ ഭേദമന്യേ പുതുതലമുറയെ ഇടതിന്റെയും പാർട്ടിയുടെയും കൂടെ നിർത്തി.

ഒരു സ്വത്വ പാർട്ടിയായി ആരംഭിച്ച മുസ്ലിം ലീഗ് ഇതിനിടയിലെപ്പോഴോ തന്നെ ഒരു മതാത്മക പാർട്ടിയായി മാറിപ്പോയിരുന്നു. മതസംഘടനകളുടെ വികലമായ സാമൂഹിക നിലപാടുകൾ അവർ സമ്മർദ്ദപ്പെടുത്തി ലീഗിൽ അടിച്ചേൽപ്പിക്കുന്നത്തിലൂടെ അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ലീഗ് അകന്നെന്ന് കരുതുന്ന ധാരാളം പേരുണ്ടായി. പ്രത്യേകിച്ച്, മോഡറേറ്റ് നിലപാടുകൾ പുലർത്തുന്നവർ. ഒരു ഭാഗത്ത് സി പി എം ലിംഗനീതി, സാമൂഹിക നീതി, നവോത്ഥാനം എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ, ലീഗ് ഏറ്റവും കുടുസ്സായ സാമൂഹിക ബോധവും സ്ത്രീ വിരുദ്ധ നിലപാടുകളും കൊണ്ട് ഏറെ പിന്നിലേക്ക് പോയി. ഈയടുത്ത് മുസ്ലിം ലീഗിന്റെ യുവനേതാവ് തന്റെ മകൾക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ, ലീഗ് അണികൾ നടത്തിയ അഴിഞ്ഞാട്ടവും സോഷ്യൽ മീഡിയ ആക്രമണവും ഈയൊരു പരിതസ്ഥിതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
മതസംഘടനകൾ പകുത്തെടുത്തിരുന്ന മുസ്ലിം യുവത ഈയടുത്തായി കൂടുതൽ സ്വതന്ത്രമായിട്ടുണ്ട്. വിവിധ മുസ്ലിം സംഘടനകളിലെ കഴിഞ്ഞ കുറെ കാലങ്ങൾക്കിടയിൽ നടന്ന വിവിധ പിളർപ്പുകൾ ഒരു വലിയ വിഭാഗം മോഡറേറ്റ് മുസ്ലിങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. മതത്തിന്റെ മൗലിക ലക്ഷ്യങ്ങളെ സ്വയം വാഖ്യനിക്കാൻ ശീലിച്ച മറ്റു ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രസരിപ്പിച്ച ഇടതുപക്ഷ ബോധങ്ങൾക്കും കൂടുതൽ വായനകൾ ഉണ്ടായി. അതുപോലെ പല കാരണങ്ങളും കൊണ്ട് മതത്തോട് തന്നെ വിമുഖരായിപ്പോയ കുറെയേറെ ആളുകളും ഇവിടെയുണ്ട്. ഇവരെല്ലാം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം അധികാരത്തിൽ എത്തുന്നതാണ് നല്ലതെന്ന വീക്ഷണങ്ങളിൽ എത്തി ചേർന്നിരുന്നിരുന്നു.

ഈയൊരു മാറ്റം കാണാൻ യു ഡി എഫിന് കഴിഞ്ഞില്ല. കോൺഗ്രസിന് മുസ്ലിം സമുദായത്തിന്റെ പൾസ് അറിയാനുള്ള ഏക ടൂൾ ലീഗ് ആയിരുന്നു. അവരുടെ അവസ്ഥയാണ് നമ്മൾ നേരത്തെ സൂചിപ്പിച്ചത്. അവർ പകർന്ന് കൊടുത്ത വികലമായ ധാരണകളെയും വിശ്വസിച്ച് കൊണ്ടാണ് അവർ മുസ്ലിം വോട്ടുകൾക്കായി പദ്ധതികൾ തയാറാക്കിയത്. പിണറായി വിജയനെയും CPM നെയും ഇസ്ലാമോഫോബിയ പറഞ്ഞുകൊണ്ട് ആക്രമിക്കാനും ഒറ്റപെട്ട സംഭവങ്ങളെയും അർദ്ധ സത്യങ്ങളെയും പർവ്വതീകരിച്ചു ഇടതിന്റെ മുസ്ലിം വിരുദ്ധത എന്ന ആഖ്യാനത്തെ പ്രചരണ തന്ത്രമാക്കാനും അവർ ശ്രമിച്ചത് അവർക്ക് തന്നെ വിനയായി.
ജമാഅത്ത് ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി യു ഡി എഫ് നേരത്തെ ഉണ്ടാക്കിയ ബന്ധം അവർക്ക് വലിയ ക്ഷീണമുണ്ടാക്കി. ശരിക്ക് പറഞ്ഞാൽ, മുസ്ലിം ഭൂരിപക്ഷം അവരുടെ പൊതുമണ്ഡലത്തിന്റെ പുറത്ത് നിർത്തിയിട്ടുള്ള ഒരു കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യൻ മതേതര ജനാധിപത്യ സമൂഹത്തിൽ ഒട്ടും ഭൂഷണമല്ലാത്തതാണ് അവരുടെ മതരാഷ്ട്രവാദം. സ്വന്തം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജമാഅത്തും വെൽഫെയറും ഉണ്ടാക്കിയ ഒരു ഹൈപ്പിൽ കോൺഗ്രസ് വീണു പോയി എന്നുള്ളതാണ് സത്യം. വെൽഫെയർ പാർട്ടിക്ക് മുസ്ലിം സമുദായത്തിൽ ഉള്ള റോൾ അറിയാൻ അവർക്ക് ഇത്തവണ കിട്ടിയ തുലോം തുച്ഛമായ വോട്ട് ഷെയർ മാത്രം നോക്കിയാൽ മതി.

ഇതിനൊക്കെ ഉപരി ഒരു ജനതയുടെ പ്രതീക്ഷയാവാൻ കഴിഞ്ഞ അഞ്ച് വർഷത്തെ നയങ്ങളും നിലപാടുകളും കൊണ്ട് ഇടതുപക്ഷ സർക്കാറിന് സാധിച്ചു. വിവിധ വിഷയങ്ങളിൽ അവർ സ്വീകരിച്ച നിലപാടുകളും പ്രവർത്തന പരിപാടികളും അന്ധമായ ഇടത് പക്ഷ വിരുദ്ധതയില്ലാത്ത ആളുകളെ ഇടത് പക്ഷത്തേക്ക് അടുപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ആണ് ഒരു ജനത അവരുടെ നായകനെ തിരയുക. ജനതയ്ക്കൊപ്പം നിന്ന് അവരുടെ വിശ്വാസം ആർജ്ജിക്കാൻ പിണറായി വിജയൻ എന്ന രാഷ്ട്രീയം നേതാവിനും അദ്ദേഹം നേതൃത്വം കൊടുക്കുന്ന സർക്കാരിനും സാധിച്ചുവെന്നത് തന്നെയാണ് മറ്റെല്ലാ ഘടകങ്ങൾക്കും മീതെ വീണ്ടുമൊരിക്കൽ കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രാപ്തമാക്കിയത് എന്നതിൽ സംശയമില്ല.