
പപ്സെന്നൊരു പഴം, അതിനുണ്ടൊരു വിത്ത്
അർബൻ നാടോടിക്കവിതകൾ 1

മൃദുല്‍ വി എം
കാട് വെളുത്തു നാടാകുന്നത് പോലെ, നാടും വളരെപ്പെട്ടന്ന് നഗരത്തിലേക്ക് വെളുക്കുന്നുണ്ട്. അവസാനം, നഗരങ്ങൾ മാത്രം അവശേഷിക്കുന്ന ഇടത്തെയും നമ്മൾ നാടെന്നു പറയില്ലേ എന്ന തോന്നലിലാണ് അർബൻ നാടോടിക്കവിതകൾ
എന്ന ആശയമുണ്ടായത്. ഇന്നലെയും ഇന്നും കേട്ട കഥകൾ, നാടോടിത്തങ്ങൾ…
നാളെ ഒരു പൂർണ്ണ ‘അർബൻ’ ഘടനയുടെ ഭാഗമായാൽ അതിന്റെ ഫോൾക് പരിസരം എങ്ങനെയാകാം എന്ന ഭാവനയാണ് ഈ പൊടിക്കവിതകൾ.
പപ്സൊരു പഴമെന്ന്
കുഞ്ഞിനന്നേ തോന്നിയിരുന്നേ..
ഇതളിന്റെയിതളിന്റെ
യിതളിന്റെയുള്ളില്
പിളര്‍ന്നൊരു വിത്തൊളിപ്പിച്ച
പഴമെന്ന്
സന്ധ്യയിലേക്ക് നീട്ടിയ
പൊതിയുമായച്ഛന്‍
വന്നു പൊതിഞ്ഞുമ്മയോടെ
പറഞ്ഞുറപ്പിക്കുമായിരുന്നേ…
രാത്രിയില്‍ കത്തുന്നൊരു
ബള്ബുചെടിയുടെ കൂടെ
കുഞ്ഞ്,
പപ്സ് പഴത്തിന്റെ
ഇളം മഞ്ഞവിത്ത് നട്ട്,
കുപ്പിവെള്ളമൊഴിച്ച്,
മുളപൊട്ടിത്തെഴുത്ത്,
നടുനീര്‍ത്തി വളരുന്നതും
കാത്തു കാത്തിരുന്നേ…

‘എരിവുള്ളൊരു
പഴമുള്ളൊരു മരമുണ്ടെന് ചട്ടിയില്‍
വളരാന്‍ മുട്ടി നിക്കണേ..’യെന്ന്
പാടിപ്പാടിയിരിക്കും
ഒന്നും തിരിയാ കുഞ്ഞിന്
സങ്കട സഞ്ചി നിറഞ്ഞതു കണ്ടാ
വിത്തിനു വേരു പിടിച്ചേ…
കുഞ്ഞിന്റെ
കണ്ണു മിഴിയും പോലെ
മിഴിഞ്ഞും തെളിഞ്ഞും
തൈ വളര്ന്നുയര്ന്നേ…
ചില്ലകള്‍ വച്ചേ
ചില്ലയില്‍
പപ്സുകള്‍ പൂത്തേ
പൂത്തതിന്നൂറ്റത്തില്
പപ്സുകള്‍ കായ്ച്ചേ…
പപ്സുകള്‍ കൊത്തിപ്പറക്കുന്ന
പൈങ്കിളിത്തൂവലിന്
മുനവച്ച് മുനവച്ച്
കുഞ്ഞൊരു
പാട്ടെഴുതുന്നുണ്ടിപ്പോള്,
ചില്ലകളത് കേട്ടുലയുന്നുണ്ടേ…