
ബാത്ത് ടബ്ബിലെ മീൻ
അർബൻ നാടോടികവിതകൾ
ഭാഗം 6

മൃദുൽ വി എം
ഇനിയും വളരല്ലേ
ഇനിയും വളരല്ലേ…
കുഞ്ഞ് കരഞ്ഞു വിളിക്കുമ്പോ
വാലിന് ചെന്തീ വരയും
തലയിൽ വെള്ളിപ്പൊട്ടും
ഒതുങ്ങിയ മേൽച്ചിറകും
വിരിഞ്ഞ ചെകിളപ്പൂക്കളുമുള്ള
മീൻ,
ബാത്ത് ടബ്ബിൽ നിന്നും
കുഞ്ഞിനോളം വളർന്നു
തല പൊക്കും…
കണ്ണിളക്കി നോക്കും
ഒരു കുമ്പിളിൽ
കൊണ്ടു വന്ന്
അവൻ മാത്രം കുളിക്കുന്ന
ടബ്ബിൽ
ആരും കാണാതെ
ആരേം കാണിക്കാതെ
വളർത്താനിട്ടതാണതിനെ
മൂന്നാം നാൾ
മീൻ വളർന്ന് വളർന്ന്
പായലുകളുടെ ചിത്രമുള്ള,
പിങ്ക് പൊടിപ്പൂക്കളുള്ള
ബാത്ത് ടബ്ബ്,
നെറഞ്ഞു!
ഇനിയും വളരല്ലേ
ഇനിയും വളരല്ലേ… ന്ന്
കുഞ്ഞ്
ശാസിച്ചു പറഞ്ഞപ്പോൾ
ആ വലിയ മീൻ,
കണ്ണ് നിറച്ച്
ഒതുങ്ങിയ മേൽച്ചിറകും
വിരിഞ്ഞ കീഴ്ച്ചിറകും
വീശി വീശി
പതുക്കെ
മേൽത്തട്ടോളം ഒന്നുയർന്ന്…
തിരികെ താഴ്ന്നു!
അന്നു മുഴുവൻ
ടബ്ബിലെ
ഒഴിഞ്ഞ,
തെളിഞ്ഞ വെള്ളത്തിൽ
കഴുത്തോളം മുങ്ങി,
“എന്റെ മീൻ
എന്റെ മീൻ..” എന്ന്
കുഞ്ഞ് നിർത്താതെ കരഞ്ഞു..
