
മെറൂൺ നിറമുള്ള മഗ്ഗ്

മൃദുൽ വി. എം.
അർബൻ നാടോടി കവിതകൾ 5
ഒരുസം
ഫ്ലാറ്റുകാര് നോക്കി നിക്കുമ്പോഴുണ്ട്
ഇവരെല്ലാവരും,
” ഞങ്ങള് യുദ്ധത്തിന് പോകുവാ… “
എന്നും പറഞ്ഞിറങ്ങിപ്പോകുന്നു!
ഒച്ചയുണ്ടാക്കികൊണ്ട്,
സ്പൂണുകൾ
അരിപ്പകൾ
പാത്രങ്ങൾ
ഗ്ലാസുകൾ…
മിണ്ടാതെ
പതുക്കെയനങ്ങിയനങ്ങി പ്പോകുന്നുണ്ട്,
ധാന്യങ്ങൾ
ബിസ്കറ്റ് കൊട്ടകൾ
ന്യൂഡിൽസ് പൊതികൾ
തണുത്ത പഴങ്ങൾ
ബാക്കിവന്ന കറിക്കായകൾ..
അടച്ചിട്ടുമടച്ചിട്ടും
ഒഴുകിയിറങ്ങി മറയുന്നുണ്ട്,
ചാലുപോലെ
പൈപ്പ് വെള്ളം..
ഒരടുക്കളതന്നെയങ്ങ്
ഓളത്തിൽ
തീർന്നു പോകുന്നുണ്ട്!
സൂപ്പർഹീറോയുടെ
മിന്നുന്ന ചിത്രമുള്ള
മെറൂൺ നിറമുള്ള മഗ്ഗ്
പറയാതെ
യുദ്ധത്തിനിറങ്ങിപ്പോയത് കൊണ്ട്,
ഫൂട്ട്പാത്തു മുറിച്ച്
അതിർത്തിയിലേക്ക്
നടന്നു നീങ്ങുന്ന
പോരാളികളെ
കർട്ടൻ നീക്കി
കൗതുകത്തോടെ നോക്കുന്ന
ചാരകണ്ണുള്ള കുഞ്ഞിന്
അന്ന് മുതൽ
കുടിക്കാൻ പാലില്ല!
