
ബട്ടർഫ്ലൈ എഫക്റ്റ്

മൃദുൽ വി.എം.
എന്നും
വെളിച്ചം കെട്ടൊരു
മേൽനിലയിൽ
ലിവിങ്റൂമിലെ
വെറും നിലത്ത്
അലസമായി വിരിച്ച ബോർഡിൽ,
വെള്ളിനാണയമിട്ട്
അയാൾ…
(ഏറ്റോം
ഏകാന്തനായൊരാൾ)
വിളിച്ചാൽ മാത്രം
തെളിഞ്ഞിറങ്ങി വരുന്ന
ആത്മക്കളുണ്ടായിരുന്നു
ദിനവും
“നല്ല ശലഭങ്ങളുടെ ആത്മാക്കളെ വരൂ…
നല്ല ശലഭങ്ങളുടെ ആത്മാക്കളെ വരൂ…”
എന്നയാൾ വിലപിക്കും
അത് കേൾക്കേണ്ട താമസം,
ഇളം നിറവും
കടും നിറവും തേച്ച്
പറന്നു മതിയാവാത്ത
ചിറകുകളൊക്കേം വന്ന്
മുറി നിറഞ്ഞ് നിൽക്കും…
സുതാര്യമായ
ഒറ്റയുടുപ്പിട്ട് കിടക്കുന്ന
അയാളെ പൊതിഞ്ഞ് പിടിച്ച്
പുറത്തേക്ക് പറന്ന്
നഗര ചതുരങ്ങളെ കടന്ന്
പതുക്കെ പതുക്കെ
ശലഭങ്ങളൊരു
പ്രദക്ഷിണം വയ്ക്കും,
അയാളും

ഇടവേളകളിൽ
മേലേക്ക് നോക്കുന്ന ചിലർ
അയാൾ പറന്നു പോകുന്നത് കാണാറുണ്ട്,
അയാളെ മാത്രം!
“അയാളൊരു ഉള്ളില്ലാത്ത
മനുഷ്യനാണ്,
അയാൾ പറന്നു കളയും”
എന്നവർ,
ഒട്ടും അതിശയമില്ലാതെ
പറഞ്ഞു മറയും…
ശലഭങ്ങളുടെ
ആത്മാക്കളന്നേരം
വേഗം കുറച്ച്
തങ്ങളുടെ അദൃശ്യതയിൽ
വിലാപമെന്ന പോലെ
ചിറകുകൾ താഴ്ത്തും