
പല്ലുകളുടെ കാട്

അർബൻ നാടോടിക്കവിതകൾ 3
ടെറസിൽ കേറി
ആകാശം തൊട്ട്
വെള്ളയുടുപ്പിൽ
നീലപ്പുള്ളികളിട്ട ഗ്രാൻമ,
പല്ലുകളുടെ കാട്ടിൽ
കണ്ണുപോലെ തുറന്നൊരു
പൂവും,
കാറ്റാടിയും
ചോരക്കായ്കളും കൊണ്ട്
താഴെയിറങ്ങി വന്ന്,
കുഞ്ഞിനെ തൊടുന്നു…
അവളുടെ പല്ലിന്റെ വിടവിൽ
വിരല് വച്ച്
തലമുറകളായ
തലമുറകൾ
മണ്ണിൽ മുക്കി
മേലേക്കെറിഞ്ഞ
കുഞ്ഞിപ്പല്ലുകൾ
പടർപ്പായും, വള്ളിയായും
കുറ്റിയായും മരമായും
കാടായും കവിതയായും
ഇളകിക്കൊണ്ടിരിക്കുന്നതിലെ
രഹസ്യം
മിനുക്കി മിനുക്കി വെക്കുന്നു…
ടെറസ്
ഒരദൃശ്യവനത്തെ
നഗരത്തിന്റെ
അനക്കത്തിൽ നിന്ന്
മറച്ചു വെക്കുന്ന പോലെ!
