
മുതിർന്ന ഒരാൺകുട്ടിയും പെൺകുട്ടിയും

മൃദുൽ വി എം
മുതിർന്നിട്ടും,
എന്നെങ്കിലുമൊരിക്കൽ
കനക്കെക്കനക്കെ
പോപ്കോൺ മഴ പെയ്യുമെന്നും
പരുത്തിസഞ്ചി നിറയെ
പെറുക്കിക്കൂട്ടി
കൊറിക്കാനില്ലാത്ത കാലത്തേക്ക്
ഒളിപ്പിച്ചുവെക്കാമെന്നും
കരുതുന്നൊരാൺകുട്ടിയും
മുതിർന്നിട്ടും,
എന്നെങ്കിലുമൊരിക്കൽ
കൊറേശ്ശേ കൊറേശ്ശേയായി
അതുവരെ വായിക്കാത്ത
കഥാപുസ്തകങ്ങളുടെ
മഴ പെയ്യുമെന്നും
ചാര നിറമുള്ള
റൊട്ടപ്പെട്ടി നിറയെ
വായിക്കാനില്ലാത്ത കാലത്തേക്ക്
ഒതുക്കി വെക്കാമെന്നും
കരുതുന്നൊരു പെൺകുട്ടിയും
ചെടിച്ചട്ടികൾ നിറച്ച
നീല ഫ്ലാറ്റിന്
അപ്പുറവുമിപ്പുറവുമായി
ആദ്യമായി കണ്ട ദിവസം
അവരുടെ മഴ പെയ്തു!

അന്ന്,
പരാതിയൊന്നുമില്ലാതെ
ആ മുതിർന്ന പെൺകുട്ടി
ബാൽക്കണിയിലേക്ക്
വീശിയടിച്ച
പോപ്കോൺ മണികൾ
ചാരനിറമുള്ള
പെട്ടിയിൽ നിറച്ചു വച്ചു
ആൺകുട്ടി,
പെയ്ത പുസ്തകങ്ങളിൽ
ഏറ്റവും പ്രണയമുള്ള
ഒരു കഥ
പരുത്തിസഞ്ചിയിൽ പൊതിഞ്ഞ്
ബാൽക്കണിയിലേക്ക് നോക്കി
ചിരിച്ചു 😊