
കവിതയുടെ സ്വതന്ത്ര വഴികൾ

എം.ആര്. രേണുകുമാര്‍ | ചിഞ്ചുറോസ
ചിഞ്ചുറോസ: എഴുത്തിന്റെ എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച്, അതായത് ബാലസാഹിത്യം, കവിതകള്‍, യാത്ര വിവരണം അങ്ങനെ എല്ലാ മേഖലയിലൂടെയും സഞ്ചരിച്ച് സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ നില്ക്കുമ്പോള് സ്വയം എങ്ങനെ കാണുന്നു? തിരിഞ്ഞു നോക്കുമ്പോള്‍ എങ്ങനെ വിലയിരുത്തുന്നു?
എം.ആര്. രേണുകുമാര്‍: എഴുത്തിന്റെ പല മേഖലകളിലും ഇടപെട്ടെങ്കിലും അവിടെല്ലാം പ്രാഗത്ഭ്യം തെളിയിച്ചോ ഇല്ലയോ എന്നറിയില്ല. ആരും ഇതുവരെ വലിയ തെറ്റൊന്നും ഒളിഞ്ഞോ തെളിഞ്ഞോ പറഞ്ഞുകേട്ടിട്ടില്ല. പിന്നെ എന്റെ എഴുത്തിനെ സാമാന്യം നന്നായി വിലയിരുത്താന്‍ എനിക്കാവുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ എഴുത്തിന് ഞാനിടുന്നതില് കൂടുതല്‍ മാര്‍ക്ക് ആരിട്ടാലും ഞാനതില്‍ അതിരുവിട്ട് സന്തോഷിക്കാറില്ല. കുറച്ചിട്ടാല്‍ അതിലങ്ങനെ വിഷമിക്കാറുമില്ല. വിമര്‍ശനങ്ങള്‍ സന്തോഷത്തെയും ആത്മവിശ്വാസത്തെയും തെല്ലുനേരം ബാധിക്കുമെങ്കിലും ഞാനവയെ നിസാരവല്ക്കരിക്കാറില്ല.
ജീവിക്കാനുള്ള അത്രയും സ്വാതന്ത്ര്യം എഴുതാനുമുണ്ട്; ഏതുതരം ആവിഷ്കാരത്തിനുമുണ്ട്. വിശപ്പിനെ അടക്കി ജീവിച്ചാല്‍ കരിഞ്ഞജീവിതമാവും ബാക്കിയുണ്ടാവുക. എഴുത്ത് ഉള്‍പ്പെടെയുള്ള ആവിഷ്കാരങ്ങളൊക്കെ ഒരോതരം വിശപ്പുകളാണ് അവയെ അടക്കിവെക്കേണ്ടതില്ല. ജനാധിപത്യപരമായി അവയെ പ്രകാശിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഏവര്‍ക്കുമുണ്ട്. ഓരോ ജീവിതവും അത്യന്തികമായി ഒരു ആവിഷ്കാരമാണ് മുമ്പോട്ടുവെക്കുന്നത്. അതിന്റെ സ്വീകാര്യതയും നിലവാരവും ഗുണങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ നിലവിലുള്ള സാമൂഹ്യഘടനയ്ക്കും പ്രിവിലേജുകള്‍ക്കും വലിയ പങ്കുണ്ടെങ്കിലും.
എനിക്ക് അക്കാദമി അവാര്‍ഡ് ലഭിച്ചിട്ട് ആറുമാസം കഴിഞ്ഞു. അക്കാദമി 2020 ലെ അവാര്‍ഡും പ്രഖ്യാപിച്ചു കഴിഞ്ഞു. അവാര്‍ഡ് ലഭിച്ച കവിയെന്ന നിലയില്‍ കുറച്ചുനാളുകളായി സാധാരണയില്‍ കവിഞ്ഞ സ്വീകാര്യതയും പൊതുസമ്മതിയും ഒക്കെ ലഭിക്കുന്നുണ്ട്. കവിയെന്ന പേരിനെ പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താനും പരത്താനും അവാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. എടുത്തുപറയത്തക്ക എഴുത്തുജീവിതമൊന്നും ഇല്ലെങ്കിലും എഴുത്തിലൂടെ എത്തിച്ചേര്‍ന്ന ഇടങ്ങള്‍ സന്തോഷവും അഭിമാനവും ഉണ്ടാക്കുന്നുണ്ട്. ഇനിയും കഴിയുന്നിടത്തോളം എഴുത്തില്‍ തുടരണമെന്നുതന്നെയാണ് ആഗ്രഹം. അവാര്‍ഡ് ഒരുപാട് സന്തോഷങ്ങളെ കൊണ്ടുവന്നെങ്കിലും ചിലരുടെ ഭാഗത്തുനിന്നുണ്ടായ മൗനവും ചിലരുടെ തണുത്ത പ്രതികരണങ്ങളും എന്നെ അത്ഭുതപ്പെടുത്തി. വ്യക്തികളെ എന്നപോലെ സമൂഹത്തെയും പഠിക്കാന്‍ ഈ അവാര്‍ഡ് അവസരമുണ്ടാക്കി. എന്റെ എഴുത്തിനെയും പ്രതിനിധാനത്തെയും പലനിലകളില്‍ പുന:പ്പരിശോധിക്കാന്‍ അത് വഴിയൊരുക്കുന്നുണ്ട്.
ചിഞ്ചുറോസ: കവിതയില്‍ ഉള്ള രാഷ്ട്രീയം ജീവിതത്തില്‍ നിന്നാണ് എന്നറിയാം; എങ്ങിനെയാണ് അങ്ങനെ ഒരു രാഷ്ട്രീയനിലപാട് ജീവിതത്തിന്റെ ഭാഗം ആയത് ?

എം.ആര്. രേണുകുമാര്‍: അനുഭവഭങ്ങളും അതിന്റെ അടിസ്ഥാനകാരണമായ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള തിരിച്ചറിവുമാണ് എന്റെ രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനം. കുറച്ചുകൂടി തുറന്നുപറഞ്ഞാല്‍ അംബേദ്കറിസത്തില്‍ ഊന്നിയ ദലിതാവബോധമാണ് അതിന്റെ അടിത്തറ. പ്രസ്തുത അവബോധം തുറന്നുതന്ന വാതിലിലൂടെയാണ് ഞാന്‍ കവിതയുടെ സ്കൂളിലേക്ക് വന്നത്. എന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്; എന്റെ കവിതകള്‍ എന്റെ ജീവിതത്തിന്റെയും. സാമൂഹികമായി വേര്തിരിക്കപ്പെട്ടവര് രാഷ്ട്രീയമായി വേര്തിരിയണമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട്, പ്രബലധാരാസാഹിത്യം ഒഴിവാക്കിയ/ഇകഴ്ത്തിയ/അപരവല്‍ക്കരിച്ച സാമൂഹ്യജീവിതങ്ങള് സര്‍ഗാത്മകമായും ഭാവുകത്വപരമായും വേര്തിരിയണമെന്ന് നിരീക്ഷിക്കാവുന്നതാണ്. നൈതികമൂല്യങ്ങളെ ജനാധിപത്യപരമായി അഭിമുഖീകരിക്കാത്ത മുഖ്യധാരാസാഹിത്യത്തെ പ്രശ്നവല്‍ക്കരിക്കുന്ന രാഷ്ട്രീയമാണ് എന്റെ കവിതയിലുടെയും ജീവിതത്തിലൂടെയും ഞാന്‍ മുമ്പോട്ടുവെക്കാന്‍ ശ്രമിക്കുന്നത്.
ചിഞ്ചുറോസ: രേണുവേട്ടന്റെ കവിതകള്‍ വായിക്കുമ്പോള്‍ അതിന്റെ ജീവിതപരിസരം നമ്മുടെ മുന്നില്‍ തെളിയും അത് പോലെ ഭാഷയും. വരേണ്യ ഭാഷയുടെ സ്വാധീനം ഇല്ലാതെ നാട്ടുഭാഷയില്‍ ഉള്ള എഴുത്തും പ്രകടമാണ്. ഉദാഹരണം പറഞ്ഞാല്‍ ‘വെഷക്കായ..’ അതൊരു ബോധ പൂര്‍വ്വമായ തിരഞ്ഞെടുപ്പാണോ?
എം.ആര്. രേണുകുമാര്‍: മുകളില്‍ സൂചിപ്പിച്ച സാമൂഹിക-രാഷ്ട്രീയ നിലപാടുകളുടെ വെളിച്ചത്തില്‍ എന്റെ അനുഭവ- പരിസരങ്ങളില്‍നിന്ന് ഞാന്‍ ‘പിടിച്ചെടു’ത്തവയാണ് എന്റെ കവിതകളും അതിലെ വാക്കുകളും ഇമേജറികളും. സൂചിതഭാവുകത്വം ബോധത്തിലെന്ന പോലെ എന്റെ അബോധത്തിലും ഒരുപരിധിവരെ എന്നോട് കലര്‍ന്നുകിടക്കുന്നു. അതുകൊണ്ട് എന്റെ കവിതകളെ വളരെ സ്വാഭാവികമായി പരിചരിക്കാന്‍ എനിക്കാവും. ദീര്‍ഘനാളത്തെ അധ്വാനവും വിചാരവും നിരീക്ഷണവും അലച്ചിലും അതിന് പിന്നിലുണ്ട്.
എന്റെ കവിത ഏന്റെ അനുഭവും ഭാവനയും കലര്‍ന്ന ജീവിതത്തിന്റെ ഭാഗമാകയാല്‍ അതെന്റെ ശരീരഭാഷപോലെ നൈസര്‍ഗികമാണ്. ശരീരവും ശരീരഭാഷയും തമ്മിലുള്ളതുപോലൊരു ബന്ധമാണ് എന്റെ ജീവിതവും കവിതയും തമ്മിലുള്ളതെന്ന് തോന്നുന്നു. കവിത അറിയാന്‍ കവിത വായിക്കാറും പഠിക്കാറുമുണ്ടെങ്കിലും, കവിതയെഴുതാന്‍ അതൊക്കെ മറക്കാറാണ് പതിവ്. പലകാലങ്ങളില്‍ വായിച്ച/പഠിച്ച കവിതകളുടെ മണമുണ്ടാകാമെങ്കിലും ജീവിച്ച ജീവിതവും അതെക്കുറിച്ചുള്ള അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മകളുമാണ് ഏന്റെ കവിതകളുടെ വിളനിലം.
ഞങ്ങള്‍ ‘വിഷം’ എന്നല്ല ‘വെഷം’ എന്നാണ് പറഞ്ഞിരുന്നത്. ഒതളത്തിന്റെ കായയായ ഒതളങ്ങയെ ‘വെഷ’മെന്ന വാക്കിനോട് ചേര്‍ത്ത് ‘വെഷക്കായ’ എന്ന് ഞാനെഴുതുകയായിരുന്നു. വെഷക്കായ എന്നവാക്ക് ഞാന്‍ എവിടെനിന്നെങ്കിലും കേട്ടെഴുതിയതല്ല. ആത്മഹത്യ ചെയ്യാനും ആത്മഹത്യാഭീഷണി മുഴക്കാനും കുട്ടിക്കാലത്ത് നാട്ടില്‍ ചിലര്‍ ഒതളങ്ങ ഉപയോഗിച്ചിരുന്നെങ്കിലും ആരുമതിനെ ‘വെഷക്കായ’ എന്നുവിളിച്ചിരുന്നില്ല. ഒതളങ്ങ മുഖ്യമായിവരുന്ന കവിതയില്‍ അതിനെ പോയറ്റിക്കായി അവതരിപ്പിക്കാന്‍ ഞാന്‍ ചേര്‍ത്തുവെച്ച പദമാണ് വെഷക്കായ.
ചിഞ്ചുറോസ: എഴുത്ത് എപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടോ? വിവാദങ്ങളില്‍ പെടുമ്പോള്‍ അല്ലെങ്കില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന തോന്നല്‍ അങ്ങനെ എന്തെങ്കിലും?
എം.ആര്. രേണുകുമാര്‍: എഴുത്തെന്നെ നിരാശപ്പെടുത്തിയിട്ടില്ല. വിവാദങ്ങളില്‍ പെട്ടിട്ടില്ല ഇതുവരെ. അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നതായാണ് തോന്നുന്നത്. എനിക്ക് എടുത്തുപറയത്തക്ക പരിഭവങ്ങളോ പരാതികളോ ഇല്ല. എത്ര പിന്തള്ളപ്പെട്ടുപോയാലും കാര്യങ്ങള്‍ എന്റെ വഴിക്കെത്തിക്കാന്‍ ഞാന്‍ മെല്ലെ ശ്രമിച്ചുകൊണ്ടിരിക്കും. എന്റെ പോക്ക് മുമ്പോട്ട് ആയിക്കൊള്ളണമെന്നില്ല പക്ഷെ ദിവസവും ഒരു ചുവടെങ്കിലും ഞാന്‍ എങ്ങോട്ടെങ്കിലും വെക്കും. എന്നാല്‍ ജീവിതമെന്നെ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്.
മൂര്‍ത്തമായൊരു കാരണമില്ലാതെ എനിക്ക് പലപ്പോഴും സങ്കടം വരാറുണ്ട്. എന്റെ സങ്കടം കൊടിഞ്ഞി പോലെയാണ്. ഇടയ്ക്കിടെ വരും, വന്നാല്‍ കുറേനരം നീണ്ടുനില്‍ക്കും. ഇനിയൊരിക്കലും പോകില്ലെന്ന് തോന്നും പക്ഷെ പോകും; വീണ്ടും വരുമെന്നുമാത്രം. പെണ്‍കുട്ടികളോട് ഈര്‍പ്പം പടരുന്നതുപോലെ പ്രണയം തോന്നാറുണ്ട്. അവരോട് തോന്നുന്ന ആരാധനയിലും വാത്സല്യത്തിലും അനുതാപത്തിലും ഒക്കെ ഏറിയും കുറഞ്ഞും പ്രണയനിലാവിന്റെ കൂട്ടുള്ളതായ് തോന്നിയിട്ടുണ്ട്. പ്രണയംപോലെ ആരാധനയും വാത്സല്യവും അനുതാപവും ഒക്കെ കണ്ണീരുകുടിക്കാന് കിട്ടുന്ന അവസരം പാഴാക്കാത്തവരാണ്. കാമനകളുടെ കടല്‍ ഒരു കാലത്തും അടങ്ങുന്നില്ല ഏന്നാവാം ഇതൊക്കെ സൂചിപ്പിക്കുന്നത്. ഒരു വേള ഇതൊക്കെയാവാം എഴുത്തില്‍ നില്‍ക്കുന്നിടത്ത് നില്ക്കാന് ഏന്നെ അനുവദിക്കാത്തത്.
ചിഞ്ചുറോസ: നിലവിളുള്ള മലയാളകവിത ഒരു നവീകരണത്തിലാണ്. ധാരാളം പുതിയ കവികള്‍ /പരീക്ഷണങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു? എന്താണ് അവരോട് പറയാനുള്ളത്?
എം.ആര്.രേണുകുമാര്‍: പുതിയ കാലത്തിന് പുതിയത് പലതും വേണ്ടിവരുന്നതുപോലെ പുതിയ കവിതയും വേണ്ടിവരുന്നു. പുതിയകാലം പഴയതിനെയെല്ലാം തള്ളിക്കളയുന്നില്ലെങ്കിലും കാലാനുസൃതമല്ലാത്തത് കാലഹരണപ്പെടാതിരിക്കില്ലല്ലോ. സ്വയം പുതുക്കിക്കൊണ്ടും പുതിയകാലത്തെ അഭിമുഖീകരിച്ചുകൊണ്ടും സമൂഹത്തെ കൂടുതല്‍ ജനാധിപത്യവല്ക്കരിക്കുന്നവിധം കാലികമായി ഇടപെടാന്‍ ഓരോ കവിയും ബാധ്യസ്ഥനാണ്. കാലഹരണപ്പെടാതിരിക്കാന്‍ മറ്റുവഴികളൊന്നും ഉള്ളതായി തോന്നുന്നില്ല.
പുതിയ കവികളെയും അവരുടെ കവിതകളെയും ആവുന്നവിധം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ചിലരൊക്കെ റഡാറില്‍ പെടാതെപോകുന്നുണ്ട്. ഒരു കവിത ഇഷ്ടപ്പെട്ടാല്പിന്നെ ആ കവിയുടെ മറ്റുകവിതകള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. എന്റെ ഭാവുകത്വവുമായി സംവദിക്കുന്ന കവിതയിലെ പരീക്ഷണങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ചരിത്രപരതയുള്ള പരീക്ഷണങ്ങള്‍ ഇഷ്ടവുമാണ്. ഹൃദയത്തെ മീട്ടിപ്പോകുന്ന ഒരു വാക്കോ, വരിയോ, ഇമേജറിയോ ഒരോ കവിതയിലുണ്ടാവണമെന്ന് തോന്നാറുണ്ട്. അത് ഓരോരുത്തര്‍ക്കും ഓരോന്ന് ആവാമെങ്കിലും.
പുതിയകാലത്തെ കവിതകളോട് തങ്ങളുടെ കവിതയെഴുതുക, ഹൃദയത്തെ പിന്തുടരുക എന്ന് മാത്രമാണ് പറയാനുളളത്. സ്വാതന്ത്ര്യത്തിലേക്കും സാമൂഹ്യനീതിയിലേക്കും എന്നപോലെ കവിതയിലേക്കും എളുപ്പവഴികളില്ലെന്ന് ഓര്‍ക്കാവുന്നത് നന്ന്.