
ലക്ഷദ്വീപിൽ നിന്ന്…

മുഹമ്മദ് ഹിമ്പത്തുള്ള എം. പി
ഇന്ത്യമഹാരാജ്യത്തിന്റെ തെക്കു പടിഞ്ഞാറ്, കേരളക്കരക്ക് ഏതാണ്ട് സമാന്തരമായി, അറബിക്കടലിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു പറ്റം ദ്വീപുകളുടെ കൂട്ടായ്മയാണ് ലക്ഷദ്വീപ്. ഈ ദ്വീപ് സമൂഹത്തിൽ ഏറ്റവും വടക്കു കിടക്കുന്ന ദ്വീപ് ചെത്ത്ലാത്ത് ഏലിമലക്ക് നേർ നെർപടിഞ്ഞാറായും ഏറ്റവും തെക്കു കിടക്കുന്ന ദ്വീപ് ആണ് മിനിക്കോയ്, തിരുവനന്തപുരത്തിന് നേർ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
കേരളത്തിൽ കൊച്ചി, കോഴിക്കോട് എന്നീ തുറമുഖങ്ങളിൽ നിന്നും കർണാടകയിൽ മംഗലാപുരം തുറമുഖത്തുനിന്നും ഈ ദ്വീപുകളിലേക്ക് പോയിവരാവുന്നതാണ്. അതിന് കപ്പൽ, വിമാനം, ഹെലിക്കോപ്റ്റർ സർവീസുകൾ ലഭ്യമാണ്. വൻക്കരയോട് ഏറ്റവും അടുത്തുകിടക്കുന്ന ദ്വീപിലേക്ക് (ആന്ത്രോത്ത് ) കൊച്ചിയിൽ നിന്ന് 293 കി. മി. ദൂരവും കോഴിക്കോട്ടു നിന്ന് 228 കി. മി. ദൂരവുമുണ്ട്. ഏറ്റവും അകലെ കിടക്കുന്ന ദ്വീപിലേക്ക് (അഗത്തി) കൊച്ചിയിൽ നിന്ന് 459 കി. മി. ദൂരവും കോഴിക്കോട്ട് നിന്ന് 383 കി. മി. ദൂരവുമുണ്ട്. ഒരു ദ്വീപിൽനിന്ന് മറ്റൊരു ദ്വീപിലേക്ക് കപ്പൽ മാർഗവും, സ്പീഡ് വെസ്സലിലൂടെയും, ബോട്ടുകളിലൂടെയും ചെന്നുചേരാവുന്നതാണ്.
ലക്ഷദ്വീപ് സമൂഹത്തിൽ മൊത്തം 36 ദ്വീപുകളാണ് ഉള്ളത്. എന്നാൽ പരമ്പരാഗതമായി ജനങ്ങൾ താമസിച്ചുവരുന്നത് പത്തു ദ്വീപുകളിൽ മാത്രമാണ്. അവ വടക്കുനിന്ന് തെക്കോട്ട് ചെത്ത്ലാത്ത്, കിൽത്താൻ, ബിത്ര, കടമത്ത്, അമിനി, കവരത്തി, അഗത്തി, ആന്ത്രോത്ത്, കൽപ്പെനി, മിനിക്കോയ് എന്നിങ്ങനെയാണ്. കവരത്തിയാണ് ഈ ദ്വീപുകളുടെ തലസ്ഥാനം. ജനങ്ങൾ താമസിക്കുന്ന ദ്വീപുകളോട് ചേർന്നുകിടക്കുന്ന 20 ചെറുദ്വീപുകൾ ഉണ്ട്. തെങ്ങുകൃഷിക്കും മത്സ്യബന്ധനത്തിനും മറ്റുമായി ആ ദ്വീപുകൾ പ്രയോജനപ്പെടുത്തി വരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രാജസ്ഥാൻ, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നീണ്ടു നിവർന്നു കിടക്കുന്ന ആരവ്വലി പർവതങ്ങളുടെ തുടർച്ചയായി അറബിക്കടലിനടിയിൽ കുടികൊള്ളുന്ന പർവതങ്ങളുടെ മുകളിൽ പവിഴക്കല്ലുകൾ വളർന്നും മണലടിഞ്ഞും രൂപപ്പേട്ടതാണ് ഈ ദ്വീപുകൾ. അതുകൊണ്ട് ഇവയെ പവിഴദ്വീപുകൾ എന്നും വിളിച്ചുവരുന്നുണ്ട്.
ലക്ഷദ്വീപ്കാർ തികച്ചും സമാധാനം ഇഷ്ടപ്പെടുന്നവരാണ്. ഇവിടെ വന്നു പോയവർക്കറിയാം ഇവിടുത്തെ ജനതയുടെ നന്മയും സ്നേഹവും കരുതലും എന്താണെന്ന്. ഞങ്ങളെ ഭീകരവാദികൾ എന്ന് ചിത്രികരിക്കാൻ ശ്രമിക്കുന്നവരോട് ഒരപേക്ഷ മാത്രമേയുള്ളൂ, സന്തോഷത്തോടെയും സമാധാനത്തോടെയും സാഹോദര്യത്തോടെയും മാതൃകാപരമായി ജീവിച്ചുപോവുന്ന ആ ചെറുതുരുത്തുകളെ നശിപ്പിക്കാത്തിരുന്നുകൂടെ…
പുതിയ അഡ്മിസ്ട്രേറ്ററുടെ തുഖ്ലക്ക് മോഡൽ പരിഷ്ക്കാരങ്ങൾക്കെതിരെ ദ്വീപിലും കരയിലും വ്യാപകരമായ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോന്നും പരിശോധിക്കാം.
Standard Operating procedure (SOP) എടുത്ത് കളഞ്ഞു
അഡ്മിസ്ട്രേറ്റർ വന്നയുടനെ ചെയ്തത് ലക്ഷദ്വീപ്പിൽ നിലനിന്നിരുന്ന Standard Operating procedure (SOP) എടുത്ത് കളഞ്ഞു. അത് മൂലം സംഭവിച്ചത് എന്താണ് ?
കൊച്ചിയിൽ ഏർപ്പെടുത്തിയ Quarantine സംവിധാനത്തിൽ 7 ദിവസം ഇരുന്ന്, 7 ആം ദിവസം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിൽ പ്രത്യേകം വാഹനത്തിൽ കൊണ്ടുവന്നു കപ്പലിൽ കയറ്റി, ദ്വീപിൽ എത്തുമ്പോൾ 7 ദിവസം Quarantine ഇരുന്ന് ഒരു പ്രശ്നവും ഇല്ലെങ്കിൽ പുറത്തിറങ്ങാൻ അനുവദിക്കുന്ന നിയമം ദ്വീപിൽ ഉള്ളതുകൊണ്ടാണ് ഒരു വർഷം ലോകം മുഴുവൻ കൊറോണയിൽ മുങ്ങിയപ്പോഴും ലക്ഷദ്വീപ് പിടികൊടുക്കാതെ സമാധാനതീരമായി തുടർന്നത്.
ഇവിടെ എല്ലാ സംരംഭങ്ങളും തുറന്ന് പ്രവർത്തിച്ചിരുന്നു. വൈകുന്നേരം കടപ്പുറത്ത് കുട്ടികളും കുടുംബവും കളിച്ചും ഇരുന്നും പ്രകൃതി ആസ്വദിച്ചിരുന്നു. പള്ളികളിൽ ജമാഅത്ത് പ്രാർത്ഥനകളും ആണ്ട് നേർച്ചകളും അന്നദാനവും നടന്നിരുന്നു. സ്കൂളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നു. ക്വാറന്റൈൻ കാരണം യാത്രാ സമയം കൂടി എന്നതൊഴിച്ചു മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷെ, ലോകം അടച്ചിരുന്നു സമയത്തൊക്കെ ദ്വീപ് മുഴുവൻ സാധാരണ ജീവിതമായിരുന്നു.
ഗുണ്ടാ ആക്ട് (Lakshadweep Prevention of Anti- Social Regulation Act)
ഏതൊരു ദ്വീപ്കാരനെയും യാതൊരു വിചാരണയും കൂടാതെ (അതിൽ കുറ്റവാളി ആകേണ്ട കാര്യമില്ല, ആരെയും) 6 മാസം മുതൽ 1 വർഷം വരെ തടവിൽ ഇടാൻ പോലീസിന് അധികാരം കൊടുക്കുന്നു. മണി ലെൻഡേഴ്സ്, Dangerous പേര്സൺസ് തുടങ്ങി എന്താണ് എന്ന് നിർവചനങ്ങൾ ഇല്ലാത്ത കുറെ വാക്കുകൾ ചേർത്തൊരു കരിനിയമം.
ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ലിസ്റ്റിൽ ഏറ്റവും അവസാനമാണ് ലക്ഷദ്വീപ്. ഇന്ത്യയിൽ ഏറ്റവും സമാധാനപരമായ സ്ഥലം, സമാധാനപ്രിയരായ ജനങ്ങൾ, എന്നിവ ലക്ഷദ്വീപിൻ്റെ മാത്രം സവിശേഷതയാണ്. കൊള്ളയടിയോ, കവർച്ചയോ, പിടിച്ചുപറിയോ, കൊലപാതകമോ ഉണ്ടായിട്ടില്ല. ചരിത്രത്തിൽ ഇന്നോളം ഇവിടന്ന് ഒരിക്കൽ പോലും മാരക ആയുധങ്ങൾ പിടിച്ചെടുക്കുകയോ കണ്ടെടുക്കുകപോലും ചെയ്തിട്ടില്ല. ആകെ എഴുപതിനായിരത്തിൽ താഴെ വരുന്ന, കുടുംബ ബന്ധമുള്ള, എല്ലാവരും പരസ്പരം അറിയുന്ന, മുഖം കണ്ടാൽ ഇത് ഇന്നയാളുടെ മകനാണ്/ മകളാണ് എന്ന് തിരിച്ചറിയുന്ന സമാധാനപ്രിയരായ ജനങ്ങളാണ് ഇവിടെയുള്ളത്. ഇങ്ങനെയുള്ള ഒരു തുരുത്തിലേക്ക് ഇത്രയും ഭയാനകമായ ഒരു നിയമത്തിൻ്റെ ആവശ്യമില്ല.
യഥാർത്ഥത്തിൽ ദ്വീപിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന എല്ലാ ജനാധിപത്യ വിരുദ്ധ നിയമങ്ങളും ഇവിടെ എളുപ്പം നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രധാന ആയുധമാണ് ഗുണ്ടാ ആക്ട്. പ്രതികരണശേഷി അടിച്ചമർത്തുകയാണ് ലക്ഷ്യം. ആരും പ്രതികരിക്കാതിരുന്നാൽ എന്ത് നിയമവും എളുപ്പം കൊണ്ടുവരാമല്ലോ ! അതിനാണ് ഏറ്റവും ആദ്യം ഈ നീയമത്തിൻ്റെ കരട് പ്രസിദ്ധീകരിച്ചതും അത് നടപ്പിലാക്കാൻ ശ്രമിക്കുന്നതുമെന്ന കാര്യം വ്യക്തമാണ്.
ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ
ലക്ഷദ്വീപിൽ പുതിയതായി നിയമിക്കപ്പെട്ട അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കരണങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ. ഈ ഒരു കരട് നിയമത്തിനെ നാം ഭയക്കേണ്ടതുണ്ട്. ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ എന്ന കരട് നിയമത്തിൻ്റെ ജനദ്രോഹപരമായ വശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏത് ഭൂമിയും ഉടമസ്ഥൻ്റെ സമ്മതം കൂടാതെ പിടിച്ചെടുക്കാനുള്ള അധികാരം ഇതിലൂടെ അവർ നേടുന്നു. അതായത് വികസനത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ കൂടിയൊഴിപ്പിക്കാൻ സാധിക്കുമെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാം.
ലക്ഷദ്വീപ്പിലെ എല്ലാവരുടെയും ഭൂമി സർക്കാർ ഏറ്റെടുക്കാൻ പോകുന്നു. എന്നാൽ ഏറ്റെടുത്തതിന് ശേഷവും ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒരു പ്രത്യേക പെർമിറ്റിൻ്റെ പുറത്ത് അവിടെ തുടരാൻ സർക്കാർ അനുവാദം നൽകുമത്രെ. പ്രശ്നം അതു മാത്രമല്ല, കൃത്യസമയത്ത് പെർമിറ്റ് പുതുക്കിയില്ലെങ്കിൽ 2 ലക്ഷം രൂപയാണ് ആദ്യത്തെ പിഴ. നിശ്ചിത കാലാവധിക്കകം പിഴ അടച്ചില്ലെങ്കിൽ തുടർന്നങ്ങോട്ട് പ്രതിദിനം 20,000 രൂപ വീതം അഡ്മിനിസ്ട്രേഷന് നൽകിയിരിക്കണം. അതായത് ഭൂനികുതി ഒടുക്കിയില്ലെങ്കിൽ ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും കൊടിയ പലിശയും പിഴപ്പലിശയും ഇടത്തട്ടുകാരും മുക്കുവരുമായ ദ്വീപ് വാസികളിൽ നിന്നും ഈടാക്കും എന്നർഥം !
സ്വന്തം ഭൂമിയിൽ ഉള്ള വീട്ടിൽ താമസിക്കാൻ ചീഫ് ടൗൺ പ്ലാനർ എന്ന അധികാരിയിൽ നിന്നും അനുമതി നേടണം. അതും 3 വർഷം കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കണം. അത് തരാനും തരാതിരിക്കാനും ഉള്ള അധികാരം CTP യ്ക്ക് ഉണ്ട്. ഇതിൽ ആരാധനാലയങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിട്ടില്ല. അതായത് പള്ളികൾ പൊളിച്ചുകളയാൻ വരെ അവർക്ക് വളരെ എളുപ്പം സാധിക്കും.
അനിമൽ പ്രെസെർവഷൻ റെഗുലേഷൻ (Animal Preservation Regulation)
പശു, കാള, പോത്ത്, എരുമ എന്നിവയെ ഈ നിയമത്തിത്തിന്റെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയെ അറുക്കാൻ പാടില്ല. ഇനി അറുക്കണമെങ്കിൽ പ്രത്യേകം അനുമതി വേണം. അതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം.
ഒരാളും ബീഫോ, ബീഫ് ഉത്പന്നങ്ങളോ കൈവശം വെക്കാനോ, വിൽക്കാനോ, വാങ്ങാനോ, കടത്താനോ, കടത്താൻ കാരണമാകാനോ പാടില്ല. ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ അതിന് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും ഉണ്ടാവും. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നുവരെ ബീഫ് എടുത്തുമാറ്റിയിരിക്കുന്നു എന്നതാണ് അതിശയം. അധികാരികൾ പറയുന്ന ന്യായീകരണം ബീഫ് ദ്വീപിൽ സുലഭമായി ലഭിക്കാത്തത് കൊണ്ടാണെന്ന്. ഒരു സ്ഥലത്ത് ഒരു ഭക്ഷണ സാധനം സുലഭമായി ലഭിക്കാത്തതിന്റെ പേരിൽ അത് നിരോതിക്കുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും.
പഞ്ചായത്ത് റെഗുലേഷൻ
ഇത് ദ്വീപ് സമൂഹത്തെ എങ്ങിനെ ബാധിക്കും എന്ന് നമുക്ക് നോക്കാം. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പാടില്ല. അയോഗ്യത കൽപ്പിച്ച് മൽസരത്തിൽ നിന്ന് തന്നെ ഒഴിവാക്കും. ദ്വീപിലെ രാഷ്ട്രീയ രംഗത്തുള്ള ഒരുവിധം എല്ലാവരെയും ഈ നിയമം വഴി പൊതുജന സേവന രംഗത്ത് നിന്നും ഒഴിവാക്കും. അനുഭവ സമ്പത്തുള്ള നേതാക്കൾ പൊതുരംഗത്ത് പ്രത്യേകിച്ച് അധികാരത്തിൽ ഉണ്ടാവില്ല.
ദ്വീപിലെ ജനാധിപത്യം നാമമാത്രമാണ്. ജനപ്രതിനിധികളേക്കാൾ പവർ ഉദ്യോഗസ്ഥർക്കാണ്. ദ്വീപിൽ ആകെ ഉള്ളത് രണ്ട് ജനഹിതം ആണ്, ഒന്ന് പാർലമെൻ്റ് എംപി എന്ന ശബ്ദവും, മറ്റൊന്ന് പഞ്ചായത്ത് സംവിധാനവും. പുതിയ നിയമത്തോടെ രണ്ടാമത്തേത് ക്ഷയിക്കും. സമൂഹത്തിൻ്റെ ആവശ്യങ്ങൾ ആരായാതെ, ഉദ്യോഗസ്ഥ മേധാവികൾക്ക് തോന്നുന്ന എന്തും നടപ്പാക്കാനുള്ള പവർ കൂടും. ലക്ഷദ്വീപിൽ ഒരു മിനി – അസംബ്ലി ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ അപകട സാഹചര്യത്തിൽ ആഗ്രഹിച്ചുപോകുന്നു.
ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ നിലനിൽക്കെ പാതിരാത്രിയിൽ പകരം സംവിധാനം പോലും ഒരുക്കാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു മാറ്റിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
എയർ ആംബുലൻസ്
അവസാനമായി വന്നതാണ് എയർ ആംബുലൻസിന്റെ വിഷയം. നേരത്തെയൊക്കെ എയർ ആംബുലൻസിൽ ഒരാളെ അഗത്തി ദ്വീപിലേക്കോ കവരത്തി ദ്വീപ്പിലേക്കോ വൻകരയിലേക്കോ ചികിത്സാവശ്യാർത്ഥം അത്യാഹിത ഘട്ടത്തിൽ കൊണ്ടുപോവണമെങ്കിൽ ഡോക്ടറിന്റെയും മെഡിക്കൽ സുപ്രന്റിന്റെയും അനുമതി മതിയായിരുന്നു. പക്ഷെ, ഇപ്പോഴത് നാലംഗ ഡോക്ടർസ് ഉള്ള ഒരു സംഘത്തിന്റെ അനുമതിയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അവരുടെ ചർച്ചകൾക്കൊടുവിൽ രോഗിയെ കൊണ്ടുപോവാൻ തീരുമാനിക്കുമ്പോഴേക്കും രോഗി ജീവനോടെ ഉണ്ടാവുമോയെന്ന് കണ്ടറിയണം.
ചുരുക്കത്തിൽ ഇസ്രായേൽ മാതൃകയിൽ ഒരു ജനതയെ അവർ താമസിച്ചു വന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനും സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്കാനും എതിർത്താൽ ഭീകരവാദിയാക്കാനുമാണ് അധികാരികൾ ചുട്ടെടുത്ത നിയമത്തിലൂടെ വഴിയൊരുക്കാൻ പോകുന്നത്.