
ഞാൻ സംസാരിക്കുന്നത് കേരളത്തിന് വേണ്ടി…

എം. എൻ. കാരശ്ശേരി / ജിഷ്ണു രവീന്ദ്രൻ
കേരളത്തിൽ ഈ വിധത്തിൽ തുടർഭരണ സാധ്യത പറയുന്ന തിരഞ്ഞെടുപ്പ് ആദ്യമായാണ്. തുടർഭരണം അമിതാത്മവിശ്വാസമുണ്ടാക്കുമെന്നും, അത് ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും മാഷ് പറഞ്ഞ സ്റ്റേറ്റ്മെൻറ് ഈയടുത്ത് വിവാദമായി. എങ്ങനെയാണ് അത്തരം വിവാദങ്ങളോട് പ്രതികരിക്കുന്നത്?
ആദ്യമായി ഒരു കാര്യം പറയാം. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. എൽ ഡി എഫ് നു വേണ്ടിയോ യു ഡി എഫ് നു വേണ്ടിയോ സംസാരിക്കുന്ന ആളല്ല. ഞാൻ സംസാരിക്കുന്നത് കേരള സംസ്ഥാനത്തിനു വേണ്ടിയാണ്. ഞാൻ അതിനെ കാണുന്നത് വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലാണ്. കേരളത്തിൽ കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടായി എൽ ഡി എഫ് – യു ഡി എഫ് എന്ന് ഭരണം മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നതിൻറെ ഗുണമാണ് കേരളം അനുഭവിച്ചത്. ഇടതുപക്ഷത്തിന് പശ്ചിമ ബംഗാളിൽ തുടർഭരണം കിട്ടി. എന്റെ ഓർമ്മ ശരിയാണെങ്കിൽ 33 വര്ഷം അവർ ബംഗാൾ ഭരിച്ചു. എത്രയോ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് തുടർഭരണം കിട്ടി. അവർ കേന്ദ്രത്തിൽ എത്ര കാലം ഭരിച്ചു? തുടർഭരണം ജനാധിപത്യ വിരുദ്ധമാണെന്നൊന്നുമല്ല ഞാൻ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എപ്പോഴും ഭരണം മാറിക്കൊണ്ടിരുന്നു, അപ്പോൾ ജനങ്ങളാണ് മേലെ എന്ന് വരും.
ആരാണ് സർക്കാരിനെ ഉണ്ടാക്കുന്നത്? പാർട്ടി അണികളോ അനുഭാവികളോ അല്ല. ഇവിടെ നിഷ്പക്ഷ വോട്ടർമാരുണ്ട്. അവർ എൽ ഡി എഫ് ന്റെ കൂടെയോ, യു ഡി എഫ് ന്റെ കൂടെയോ അല്ല. അവർ നിഷ്പക്ഷ വോട്ടർമാരാണ്. ഏറ്റവും പുതിയ ഒരുദാഹരണം പറഞ്ഞാൽ, 2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫോ യു ഡി എഫോ എൻ ഡി എ യോ വിചാരിക്കാത്ത വിജയം യു ഡി എഫിന് കിട്ടി. തൊട്ടടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ആണ് ജയിച്ചത്. ഇത് നിഷ്പക്ഷ വോട്ടർമാർ വിജയിപ്പിക്കുന്നതാണ്. ഇതാണ് കേരളത്തിന്റെ വോട്ടിംഗ് രീതി.140 എം എൽ എ മാരുള്ള നിയമസഭയിൽ ഉമ്മൻചാണ്ടി ഭരിച്ചത് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. അതെല്ലാം തീരുമാനിക്കുന്നത് ഈ വോട്ടർമാരാണ്. അത് തുടരണമെന്നാണ് ഞാൻ പറഞ്ഞത്. തുടർഭരണമുണ്ടാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ് അമിത ആത്മവിശ്വാസം. അധികാരമങ്ങനെ സ്ഥിരമായി കിട്ടിയാൽ സിപിഎം ചീത്തയാകും, കോൺഗ്രസ്സും ചീത്തയാകും. ഇതൊന്നും എന്റെ അനുമാനങ്ങളോ പ്രവചനങ്ങളോ അല്ല. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കാണുന്ന ഉദാഹരണങ്ങളാണിതെല്ലാം. കോൺഗ്രസ് എത്ര കാലം ഭരിച്ച സ്ഥലമാണ് കർണാടകം? ഇടതുപക്ഷം എത്രകാലം ഭരിച്ച സ്ഥലമാണ് ബംഗാൾ? എൽ ഡി എഫിനെ സ്നേഹിക്കാത്തതുകൊണ്ടല്ല, കേരളത്തെ കൂടുതൽ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ അത് പറഞ്ഞത്. എനിക്ക് എൽ ഡി എഫിനോട് എന്തെങ്കിലും വിരോധമോ യു ഡി എഫിനോട് എന്തെങ്കിലും താല്പര്യമോ ഉള്ളതുകൊണ്ട് പറഞ്ഞതല്ല.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, കേരളത്തിൽ ഇടതുപക്ഷം തന്നെ ഭരണത്തിൽ വരേണ്ടതുണ്ട് എന്ന ഒരു കൌണ്ടർ ആർഗ്യുമെൻറ് ഉണ്ട്. ഹിന്ദുത്വത്തെ ചെറുക്കാൻ കോൺഗ്രസിന് എത്രത്തോളം കഴിയും എന്ന ചോദ്യം പ്രസക്തമല്ലേ?
യു ഡി എഫിലെ പ്രബലമായ രണ്ടാമത്തെ കക്ഷി മുസ്ലിം ലീഗ് ആണ്. അവരെന്തായാലും പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ കൂട്ടുനിൽക്കില്ലല്ലോ? കോൺഗ്രെസ്സിൻറെ ഭാഗത്ത് ഈ പറഞ്ഞ മൃദുഹിന്ദുത്വ സമീപനമുണ്ട് എന്നത് നമ്മൾ പലപ്പോഴും കണ്ടതാണ്. ’86 ൽ പള്ളി തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയാണ്. ’92 ൽ പള്ളി പൊളിക്കുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസ്സുകാരനായ നരസിംഹ റാവു ആണ്. ഇപ്പൊൾ ഏറ്റവും അവസാനം രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ തങ്ങളെ വിളിച്ചില്ല എന്നതാണ് കോൺഗ്രസിന്റെ പരാതി. അതിലൊന്നും തർക്കമില്ല. ഞാൻ എന്നെക്കൊണ്ട് ആവുന്നതുപോലെ ബി ജെ പി യെ എതിർക്കുന്ന ആളാണ്.
ഇവിടെ ഇടതുപക്ഷത്തിന് നമ്മൾ പ്രതീക്ഷിക്കുന്ന അളവിൽ ബി ജെ പി യെ എതിർക്കാനുള്ള പ്രാപ്തിയുണ്ടോ എന്നൊരു ചോദ്യമുണ്ട്. ഞാനൊരു ഉദാഹരണം പറയാം. രമൺ ശ്രീവാസ്തവയെ പറ്റിയും ലോക്നാഥ് ബഹ്റയെ പറ്റിയും അവർ സംഘ് പരിവാറിന്റെ ആളുകളാണെന്ന പരാതിയുണ്ട്. ഇവരെ വച്ചുകൊണ്ടാണോ ഒരു പോലീസ് ഫോഴ്സ് നടത്തുന്നത്? അത് ഇടതുപക്ഷമാണോ? അലൻ താഹ കേസിലെ യു എ പി എ യ്ക്ക് എന്താണ് അർത്ഥം? പാലത്തായി പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ബി ജെ പി ക്കാരനാണ് അയാൾ അധ്യാപകനാണ്. അയാൾക്ക് നിയമത്തിന്റെ ഭാഗത്തുനിന്ന് ലഭിച്ച പരിരക്ഷയ്ക്ക് എന്താണ് അർത്ഥം? അകഴിഞ്ഞ 5 വർഷങ്ങൾക്കിടയിൽ പിണറായി ഗവണ്മെന്റ് 8 മാവോവാദികളെ വെടിവച്ചു കൊന്നു. എന്റെ ഓർമയിൽ ഏറ്റവും കൂടുതൽ നക്സൽ വേട്ട നടത്തിയ ഗവണ്മെന്റ് പിണറായി ഗവണ്മെന്റാണ്. ഇവിടെ ഒരു പ്രശ്നവും ഇല്ലാതെയാണത്. ആദ്യത്തെ നക്സലേറ്റ് വേട്ട 1970 ഫെബ്രുവരി 18 ആം തീയ്യതി വർഗീസിനെ വെടിവച്ചു കൊന്നതാണ്. അന്നും പറഞ്ഞത് ഏറ്റുമുട്ടൽ എന്നാണ്. അന്ന് തൊട്ട് ഇന്നുവരെയുണ്ടായ അത്തരം വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. അന്ന് വർഗീസ് അവിടെ രണ്ട് കൊലപാതകങ്ങൾ നടത്തിയിരുന്നു. വാസുദേവ അടിക എന്ന ജന്മിയെന്നു പറയുന്ന ഒരു പാവം മനുഷ്യനെയും, പിന്നെ ചേക്കു എന്ന പോലീസിന്റെ ഒറ്റുകാരനെന്ന് സംശയിക്കുന്ന ഒരാളെയും. എന്നാൽ ഇവിടെ വെടിവച്ച് കൊന്ന ആരുടേയും കാര്യത്തിൽ അങ്ങനൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ഒരു പെറ്റി കേസെങ്കിലുമുണ്ടോ? ഇത് ആർക്കുവേണ്ടി ചെയ്തതാണ്? ഇടതുപക്ഷത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വച്ചിട്ടാണോ പിണറായി വിജയൻ പെരുമാറുന്നത്? ഇവർ ക്ലെയിം ചെയ്യുന്ന പോലെ സംഘ് പരിവാർ മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ ഭീകരവാദത്തെ എതിർക്കുന്ന പണി ഇവിടുത്തെ ഇടതുപക്ഷം എടുക്കുന്നില്ല.
പിന്നെ എന്ത് ഇടതുപക്ഷമാണ്? പി വി അൻവർ ആണോ ഇടതുപക്ഷം? അതോ കാരാട്ട് റസാക്കോ? അങ്ങനെ എത്ര പേർ. മലബാറിൽ പല മണ്ഡലങ്ങളിലും സീറ്റ് കിട്ടാതെ കോൺഗ്രസിൽ നിന്നോ ലീഗിൽ നിന്നോ പാർട്ടി മാറി വന്ന മുതലാളിമാർക്ക് സീറ്റ് കൊടുക്കുകയാണ് എൽ ഡി എഫ് ചെയ്തത്. പി വി അബ്ദുൾ വഹാബിന് മുസ്ലിം ലീഗ് സീറ്റ് കൊടുക്കുന്നതും, പി വി അൻവറിന് ഇടതുപക്ഷം സീറ്റ് കൊടുക്കുന്നതും ഒരേ മാനദണ്ഡം ഉപയോഗിച്ചുകൊണ്ടാണ്. അല്ലെ? അവർ നേതാക്കളാകുന്നത് പണമുള്ളതുകൊണ്ടു മാത്രമാണ്. കാരാട്ട് ഫൈസൽ കൗൺസിലറായിട്ടു മത്സരിച്ചു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത സ്ഥാനാർത്ഥിയായിരുന്ന. അയാൾ കള്ളക്കടത്തു കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇടതുപക്ഷത്തിന് വേറെ സ്ഥാനാർഥിയുണ്ടായി. പക്ഷെ ജയിച്ചത് കാരാട്ട് ഫൈസൽ തന്നെയാണ്. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷത്തിന്റെ വോട്ട് ആർക്കാണ് പോയത്? അപ്പോ ആരാണ് ഇടതുപക്ഷം? പാലോളി മുഹമ്മദ്കുട്ടി ഇടതുപക്ഷമാണെന്ന് പറഞ്ഞാൽ മനസിലാക്കാം. കല്പറ്റ എം എൽ എ ശശീന്ദ്രൻ ഇടതുപക്ഷമാണെന്ന് പറഞ്ഞാൽ മനസിലാക്കാം. എനിക്കതിൽ തർക്കമില്ല. പക്ഷേ പാലോളി മുഹമ്മദ്കുട്ടിയുടെയും, ശശീന്ദ്രന്റെയും കൂട്ടത്തിൽ പി വി അൻവറിനെയും, കാരാട്ട് റസാക്കിനെയും ഇടതുപക്ഷമായി കാണണമെന്ന് പറഞ്ഞാൽ എന്ത് ചെയ്യും?
ഇടതുപക്ഷം കൊണ്ടുവന്ന ആളായിരുന്നല്ലോ അൽഫോൺസ് കണ്ണന്താനം. അദ്ദേഹത്തിന്റെ ഐ എ എസ് രാജിവെപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണ്. അതേ അൽഫോൺസ് കണ്ണന്താനം ആണല്ലോ ബി ജെ പി യിൽ പോയത്? അപ്പൊൾ അയാളാണല്ലോ കുലംകുത്തി? അയാളെ കുലംകുത്തിയെന്ന് ആരെങ്കിലും വിളിച്ചോ? പാവപ്പെട്ടവർക്കുവേണ്ടി പണിയെടുത്തയാളായിരുന്നു ടി പി ചന്ദ്രശേഖരൻ. അയാളെയാണ് കുലംകുത്തിയെന്ന് കൊല്ലുന്നതിനു മുമ്പും കൊന്നതിനു ശേഷവും വിളിച്ചത്. ടി പി ചന്ദ്രശേഖരനെ കൊല്ലുന്ന പാർട്ടിയാണോ കമ്മ്യൂണിസ്റ്റ് പാർട്ടി? പൗരത്വഭേതഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കിയിട്ടുണ്ട് കേരള നിയമസഭയിൽ. മഅദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടിയും പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഇതിലൂടെയൊക്കെ നമ്മുടെ പ്രതിഷേധം കാണിക്കാം എന്നല്ലാതെ ഒരു നിയമം കേരളത്തിൽ നടപ്പാകില്ല എന്നു പറയാൻ നമുക്ക് കഴിയുമോ? പാസ്പോർട്ട് ഇഷ്യൂ ചെയ്യില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ എങ്ങനെയുണ്ടാകും? ചുരുക്കി പറഞ്ഞാൽ പൗരത്വം പാസ്സ്പോർട്ടിന്റെ പ്രശ്നം തന്നെയാണല്ലോ.

മറ്റൊരു കാര്യം കൂടി പറയാം, ശബരിമല വിഷയത്തിൽ ഇടതുപക്ഷം പിന്നോട്ടുപോയി എന്നത് ഉറപ്പല്ലേ? അത് ബി ജെ പി തുടങ്ങിവച്ചു, കോൺഗ്രസ് ഏറ്റുപിടിച്ചു, സിപിഎം അതിനു വഴങ്ങി. ഇത് മൃദുഹിന്ദുത്വമല്ലേ? ഹിന്ദുത്വമല്ലാതെ മറ്റെന്താണിത്? സ്ത്രീവിരുദ്ധമായൊരു നിലപാടാണത്. സുപ്രീംകോടതി പറഞ്ഞ ഒരു കാര്യം നടപ്പാക്കുന്നതിൽ യാതൊരു വകതിരിവുമില്ലാതെയാണ് പെരുമാറിയത്. ഈ വിധി മറ്റ് സംഘടനകളോടും ആളുകളോടും ആലോചിച്ചു നടപ്പിലാക്കാൻ സമയം ചോദിക്കേണ്ടതായിരുന്നു. അഭിപ്രായസമന്വയം ഉണ്ടാക്കി നടപ്പാക്കാനുള്ള സമയം ആവശ്യപ്പെട്ടിരുന്നെങ്കിൽ കോടതി അത് അനുവദിക്കുമായിരുന്നു. അങ്ങനെയല്ലേ സാമൂഹിക പരിഷ്കരണം നടപ്പിലാക്കേണ്ടത്? അല്ലാതെ പൊലീസിൻറെ സംരക്ഷണത്തോടെ രാത്രി മൂന്നുമണിക്ക് ഒരു സ്ത്രീയെ അവിടെ കയറ്റുന്നതാണോ സാമൂഹിക പരിഷ്കരണം? നവോത്ഥാനത്തിൽ ഇവർക്ക് വിശ്വാസമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശനെ ഉൾപ്പെടുത്തിയാണോ ഒരു കമ്മറ്റിയുണ്ടാക്കുക? നവോത്ഥാനത്തിനു വേണ്ടിയാണോ വനിതാ മതിൽ ഉണ്ടാക്കിയത്? ആ വനിതാ മതിലിൽ എങ്ങനെ മുഖം മൂടുന്ന സ്ത്രീ വന്നു? മുഖം പുറത്തു കാണിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഇവരാണോ മറ്റുള്ളവരുടെ അവകാശത്തെപ്പറ്റി പറയുന്നത്?
കേരളത്തിലെ മുസ്ലിം പള്ളികളിൽ മഹാഭൂരിപക്ഷവും സുന്നികളുടെ പള്ളിയാണ്. അവിടെ വെള്ളിയാഴ്ചപ്രാർത്ഥനയ്ക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. അത് വേണമെന്ന് ഇവിടെ ആരെങ്കിലുമൊന്ന് പറയട്ടെ. പറയുമോ? കോടതി പറഞ്ഞാൽ പോലും ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ ആരും ധൈര്യപ്പെടില്ല. അത് കോടതിയിൽ എത്താത്തത് എന്തുകൊണ്ടാണ്? ഒരാൾക്കും ധൈര്യമില്ലാത്തതുകൊണ്ടാണ്. സ്ത്രീ പുരുഷ സമത്വം പറയുന്ന ഏതെങ്കിലും ഇടതുപക്ഷക്കാരന് ഇത് പറയാൻ പറ്റുമോ?
ഇടതുപക്ഷം മുഴുവൻ കൊള്ളരുതാത്തവരാണ് എന്നല്ല ഞാൻ പറഞ്ഞത്. ഒരു മുന്മന്ത്രിയുടെ പേര് ഞാൻ പറഞ്ഞു, പാലോളി മുഹമ്മദ്കുട്ടി. അങ്ങനെ കൈക്കൂലി വാങ്ങാത്ത, ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ഒരുപാടുപേരുണ്ടതിൽ. അത് മറുവശത്തുമുണ്ട്. വി എം സുധീരനെപോലെ ഒരു നേതാവ് അപ്പുറത്തില്ലേ? എ കെ ആൻ്റണി കൈക്കൂലി വാങ്ങുമെന്ന് ആരെങ്കിലും പറയുമോ? എല്ലാ പാർട്ടിയിലും കുറച്ചെങ്കിലും മര്യാദക്കാരുള്ളതുകൊണ്ടാണ് ഇതൊക്കെ ഇങ്ങനെ നടന്നുപോകുന്നത്. ബി ജെ പി യെ പിടിച്ചുകെട്ടാൻ ഇടതുപക്ഷം വിചാരിച്ചാൽ കഴിയുമെന്നൊക്കെയുള്ളത് സ്വപ്നം മാത്രമല്ലെ? അവർക്ക് ഒരു കഴിവുമില്ലെന്നല്ല ഞാൻ പറയുന്നത്. കോഴിക്കോട് അവർ സംഘടിപ്പിച്ച CAA വിരുദ്ധ സമരത്തിൽ പങ്കെടുത്ത ആളാണ് ഞാൻ. പറ്റാവുന്ന കാര്യങ്ങളിലൊക്കെ അവരുമായി സഹകരിക്കാറുമുണ്ട്. പക്ഷെ ഈ വിഷയം ഞാൻ മറ്റൊരു രീതിയിലാണ് കാണുന്നത്. ചോദിക്കാനും പറയാനും ആളുണ്ട് എന്ന തോന്നൽ ഉണ്ടാകാൻ ഭരണം മാറേണ്ടത് ആവശ്യമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ എന്താണ് എന്നതാണ്. തുടർച്ചയായി പല പ്രസ്താവനകളിലൂടെയും നേതാക്കൾ അപഹാസ്യരാകുന്നത് നമ്മൾ കണ്ടു. ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥയെപ്പറ്റി മാഷിന് എന്താണ് തോന്നുന്നത്?
വളരെ ദയനീയമാണ്. പാളയത്തിൽ പട നടക്കുന്ന ഒരു കൂടാരമാണത്. ജയിക്കുന്നതിന് മുമ്പ് ആരാകണം മുഖ്യമന്ത്രി എന്ന് ആലോചിക്കാനുംമാത്രം പക്വതയില്ലാത്ത കൂട്ടരാണവർ. വിവേകമില്ല. ചെന്നിത്തലയാണോ ഉമ്മൻചാണ്ടിയാണോ മുഖ്യമന്ത്രിയാകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് ജയിച്ചിട്ടല്ലേ? അതിന് മുമ്പ് തീരുമാനിക്കാൻ പറ്റുമോ? അറബിയിൽ ഒരു ചൊല്ലുണ്ട്, സിംഹത്തെ കൊല്ലുന്നതിന് മുമ്പ് അതിൻറെ തൊലി ഓഹരി വയ്ക്കുന്നതിനെ ചൊല്ലി തർക്കിക്കരുത് എന്ന്. അത് ചാകുമോ ഇല്ലയോ എന്ന് തീർച്ചയില്ലാതെയിരിക്കുമ്പോൾ തൊലി ഓഹരി വയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല. ജനങ്ങൾക്കിടയിൽ നല്ല മതിപ്പുള്ള ആളാണ് വി എം സുധീരൻ. അദ്ദേഹത്തെ എന്താണ് രംഗത്ത് ഇറക്കാത്തത്? ഇവിടുത്തെ ചെറുപ്പക്കാരെ, കാമ്പുസുകളെ, യൂണിവേഴ്സിറ്റികളെ ആവേശം കൊള്ളിക്കാൻ കഴിയുന്ന ആളാണ് ശശി തരൂർ. എന്തുകൊണ്ട് അദ്ദേഹത്തെ ഉപയോഗിക്കുന്നില്ല?

ശശി തരൂർ ആണ് ഈ ക്യാമ്പയിൻ നയിക്കുന്നതെങ്കിൽ നല്ല വ്യത്യാസമുണ്ടാകുമായിരുന്നു. ശശി തരൂരിനെ ഉപയോഗിച്ചു എന്നു വരുത്തി, എന്നാൽ കാര്യമായി ഉപയോഗിച്ചുമില്ല. cultural politics ൽ മിടുക്കന്മാരാണ് ഇടതുപക്ഷക്കാര്. രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി, എഴുത്ത്, സിനിമ, സംഗീതം, സ്പോർട്സ്, നാടകം പോലുള്ള സംസാകാരിക മേഖലകളിലുള്ള ആളുകളെ അവരുടെ കൂടെ നിർത്താൻ ഇടതുപക്ഷത്തിന് നന്നായറിയാം. ഇതൊക്കെ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന കാര്യങ്ങളാണ്. കോൺഗ്രസ്സുകാർക്ക് അതറിയില്ല. സാംസ്കാരിക മേഖലയിൽ നിന്നുള്ള ആളുകളെ ആദ്യമായി ഉപയോഗപ്പെടുതത്തിയത് കോൺഗ്രസ്സ് ആയിരുന്നു എന്നവർ ഓർക്കുന്നില്ല. കോൺഗ്രസിന്റെ ഒരുകാലത്തെ വലിയ രണ്ട് ഐക്കണുകൾ; ഒന്ന് രബീന്ദ്രനാഥ് ടാഗോർ ആണ്. അദ്ദേഹം കവിയാണ്. രണ്ടാമത്തെയാൾ സരോജിനി നായിഡു ആണ്. അവരും കവിയാണ്. ഗാന്ധി ടാഗോറിനെ പോയി കണ്ട് ഗുരുദേവ് എന്നു വിളിക്കും. നെഹ്റു സുബ്ബലക്ഷ്മിയോട് പറയും, “നിങ്ങൾ സംഗീതസാമ്രാജ്യത്തിലെ ചക്രവർത്തിനിയാണ്, ഞാൻ വെറുമൊരു രാജ്യത്തിൻറെ പ്രധാനമന്ത്രി.” ഇവരൊക്കെ, എഴുത്തുകാരെ, പാട്ടുകാരെ, തത്വചിന്തകരെ, ഒക്കെ ബഹുമാനിക്കും. ഉദാഹരണത്തിന് എസ് രാധാകൃഷ്ണൻ, രാജ്യത്തിൻറെ രാഷ്ട്രപതിയായിരുന്നു. അദ്ദേഹം oxfordലെ പ്രൊഫസർ ആയിരുന്ന ആളാണ്. അല്ലാതെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയ ആളല്ല.
കോൺഗ്രസിൻറെ സംസ്കാരസാഹിതി എന്ന ഒരു ഫോറം ഉണ്ട്. അതിന്റെ പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് ആണ്. അല്ലാതെ ഇവിടുത്തെ ഒരെഴുത്തുകാരനല്ല. ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് പറഞ്ഞുകൊണ്ടേയിരുന്നു വൈലോപ്പിള്ളിയെ അവർ പുകസ യുടെ പ്രസിഡന്റ് ആക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിക്കലും അംഗമായിരുന്നിട്ടില്ലാത്ത എം എൻ വിജയനെ അതിന്റെ പ്രെസിഡന്റാക്കി 12 കൊല്ലം. കമ്മ്യൂണിസ്റ്റ്കാർക്ക് കാര്യമറിയാം. മലയാളത്തിൽ പ്രേം നസീറിനേക്കാൾ വലിയ താരമുണ്ടായിട്ടില്ലല്ലോ? പ്രേം നസീർ കോൺഗ്രസിൽ ചേർന്നിട്ട് അത് ഉപയോഗിക്കാൻ കഴിയാതെപോയ പാർട്ടിയുടെ പേരാണ് കോൺഗ്രസ്. അവരുടെ കൂടെയുണ്ടായിരുന്ന മിക്കവാറും പേര് കമ്മ്യൂണിസ്റ്റ് സഹയാത്രികരായി; തായാട്ട് ശങ്കരൻ, എം കെ സാനു, എം എൻ വിജയൻ, സുകുമാർ അഴീക്കോട്, അങ്ങനെ ആരൊക്കെ. ഇപ്പോഴും പോകാതെ നിൽക്കുന്ന ഒരാളുണ്ട്, ഡോ എം ലീലാവതി. അവരെന്താണ് എഴുതുന്നതെന്ന് മിക്കവാറും കോൺഗ്രെസ്സുകാർക്ക് നിശ്ചയമില്ല. ലീലാവതി ടീച്ചർ വലിയൊരാളാണ്. അവരെ ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലറാക്കാമായിരുന്നു. അവർ ഇടതുപക്ഷത്തായിരുന്നെങ്കിൽ വൈസ് ചാൻസലർ ആയിട്ടുണ്ടാകും. അവർ സാഹിത്യ അക്കാഡമി പ്രസിഡന്റ് ആയിട്ടില്ല. ഇതാണ് കോൺഗ്രസിന്റെ അവസ്ഥ. കോൺഗ്രസ് മെച്ചപ്പെട്ടതാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുമൊന്നുമില്ലാതെയാകരുത്. അത് ബി ജെ പി ക്കാണ് ഗുണം ചെയ്യുക. അത് തന്നെയാണ് ഒരുതരത്തിൽ സുധാകരനും പറഞ്ഞത്. ഒരിക്കലും ഒരു നേതാവ് പറയാൻ പാടില്ലാത്ത കാര്യമാണ് ആ പറഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട ഒരു എം പി യാണ് ഇത് പറയുന്നത്. കെപിസിസി യുടെ വർക്കിങ് പ്രസിഡൻറ്.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ പിണറായി വിജയൻറെ ഇമേജിൽ വന്ന ഒരു മാറ്റമുണ്ടല്ലോ, കർക്കശ്യക്കാരനായ, ധാർഷ്ട്യക്കാരനായ നേതാവ് എന്നതിൽ നിന്ന് ഒരു abled politician എന്ന ഇമേജിലേക്കുള്ള പിണറായിയുടെ വളർച്ച അത് വേണ്ടത്ര പ്രാധാന്യത്തോടെ പ്രതിപക്ഷം ശ്രദ്ധിച്ചോ? അത് അവർ ശ്രദ്ധിക്കേണ്ടിയിരുന്നതല്ലേ?
2016 ൽ വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് അദ്ദേഹത്തെ ഫിഡൽ കാസ്ട്രോ ആക്കി. ആ ഇലക്ഷൻ ജയിച്ച സമയത്ത് ഞാൻ ദുബായിൽ പോയിരുന്നു. അവിടെ കറിവേപ്പിലയ്ക്ക് കാസ്ട്രോ എന്നാണ് പറയുക. മലയാളികളുടെയിടയിൽ അത് വലിയ തമാശയായിരുന്നു.
ഒരു കാര്യം സത്യമാണ്, അനവധി വിഷയങ്ങൾ കാര്യപ്രാപ്തിയോടെ കൈകാര്യം ചെയ്യാൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നടന്നില്ല എന്നല്ല. നിപ പോലെ, കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ വരുമ്പോൾ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ പൊതുവിലും, ശൈലജ ടീച്ചറും ആരോഗ്യ വകുപ്പും പ്രത്യേകിച്ചും നല്ല രീതിയിൽ പ്രവർത്തിച്ചു. രണ്ടു പ്രളയങ്ങളും ഭേദപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തു. റേഷൻ സമ്പ്രദായം മുൻപ് കാണാൻ കഴിയാത്ത വിധത്തിൽ മെച്ചപ്പെട്ടു. എല്ലാ വീടുകളിലും റേഷൻ വാങ്ങണം എന്ന് തോന്നിക്കുന്ന വിധത്തിൽ അരിയുടെ നിലവാരം മെച്ചപ്പെട്ടു. ഈ കഴിഞ്ഞ അഞ്ചു വർഷം വൈദ്യുതി ഒരു ഭാരമായി അനുഭവപ്പെട്ടിട്ടില്ല. വല്ലപ്പോഴും കറണ്ട് പോയിട്ടുണ്ട് എന്നല്ലാതെ, എപ്പൊൾ വരും എന്നറിയാതെ കറണ്ട് വരുന്നത് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. എനിക്ക് പല എതിരഭിപ്രായവുമുള്ള ആളാണ് എം എം മണി, അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.

വിവാദങ്ങളും പ്രശ്നങ്ങളുമെല്ലാം ഒരുഭാഗത്തുണ്ടാകുമ്പോഴും പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തിയതിൽ വലിയൊരു മാർക്ക് പിണറായിക്ക് കിട്ടി. പ്രളയത്തിന്റെ സമയത്ത് ആയിരം വീടുകൾ നിർമിച്ചു നൽകുമെന്ന് കോൺഗ്രസ് പറഞ്ഞാൽ അത് കൃത്യസമയത്ത് പണിതീർത്ത് താക്കോൽ ദാനം നടത്താനുള്ള കാര്യപ്രാപ്തി അവർക്കില്ല. പിണറായി വിജയൻ, കിറ്റ് എത്തും എന്ന് പറഞ്ഞാൽ കിറ്റ് എത്തും. അതാണ് വ്യത്യാസം. അന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സർക്കാർചെയ്ത കാര്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ പ്രതിപക്ഷത്തിന്റെ ഇമേജ് ഇത്ര മോശമാകില്ലായിരുന്നു. ഇവർ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ വന്നു. സ്പ്രിങ്കളർ, ആഴക്കടൽ മൽസ്യബന്ധനവുമായിബന്ധപ്പെട്ട പ്രശ്നം, വ്യാജ വോട്ടുകളുടെയും ഇരട്ട വോട്ടുകളുടെയും പ്രശ്നം, ഇത്തരം വിഷയങ്ങളിൽ ചെന്നിത്തല വളരെ നന്നായി പെരുമാറി. നമുക്ക് ഓപ്പോസിറ്റ് നിൽക്കുന്നയാൾ മോശംകാര്യം ചെയ്യുമ്പോൾ മോശമാണ് എന്ന് പറഞ്ഞാൽ നല്ല കാര്യം ചെയ്യുമ്പോൾ നല്ലതാണ് എന്ന് പറയാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. ഇവരു പറയുന്നത് പോലെയല്ല, ഇവിടെ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നൊരു തോന്നൽ ജനങ്ങൾക്ക് വന്നു. അതിന്റെ രണ്ട് ഉദാഹരണങ്ങളാണ് ഞാൻ പറഞ്ഞത്, ഒന്ന് അരി, മറ്റൊന്ന് വെളിച്ചം.
ഈ അഞ്ചു വര്ഷം മാത്രമല്ല, കഴിഞ്ഞ സർക്കാരുകൾ ഈ മേഖലയിൽ ചെയ്ത കാര്യങ്ങളും വിസ്മരിക്കാൻ കഴിയില്ല. അതാണ് ഞാൻ പറഞ്ഞത് ഈ ഭരണമാറ്റങ്ങളുടെ ഗുണമാണിത്. എല്ലാ സർക്കാരുകളും അലെർട്ട് ആയിരുന്നു. ജനങ്ങൾ കണക്കു ചോദിക്കുമ്പോൾ പറയാൻ എന്തെങ്കിലും ചെയ്യണം. സർക്കാരുകൾക്കുള്ള ഈ ബേജാറ് കേരളത്തിലുള്ളതുപോലെ ഇന്ത്യയിലെ മറ്റെവിടെയുമില്ല. എതിരെ നിൽക്കുന്നയാളെ അംഗീകരിക്കേണ്ടിടത് അംഗീകരിച്ചില്ലെങ്കിൽ സംഭവിക്കുന്ന കാര്യത്തിന് ഞാൻ ഒരു ഉദാഹരണം പറയാം. ജയലളിത, എം ജി ആർ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുപോകുന്ന വണ്ടിയുടെ ഒരു മൂലയിൽ കയറിയിരുന്നു. അവരുടെ പാർട്ടിയിൽ തന്നെയുള്ള ആരോ അവരെ ചവിട്ടി താഴെയിട്ടു. ആ തവണ അവരും മറ്റു രണ്ടു മൂന്നു പേരും മാത്രമേ അവരുടെ പാർട്ടിയിൽ നിന്ന് ജയിച്ചുള്ളു. പിന്നീട് സഭയിൽ എന്തോ തർക്കമുണ്ടായപ്പോൾ, ജയലളിതയുടെ വസ്ത്രങ്ങൾ മുഴുവൻ കീറിയെറിഞ്ഞു. കൗരവസഭയിലെ ദ്രൗപദി വസ്ത്രാക്ഷേപമായി അത് വായിക്കപ്പെട്ടു.അടുത്ത തവണ അവര് മുഖ്യമന്ത്രിയായി. ജനാധിപത്യം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. പിണറായിക്ക് ഇപ്പോഴുള്ള ഇമേജ് ഉണ്ടാക്കിക്കൊടുക്കുന്നതിൽ പ്രതിപക്ഷത്തിന് കൃത്യമായ പങ്കുണ്ട് എന്നാണ് ഞാൻ പറഞ്ഞു വരുന്നത്.
പന്തീരാങ്കാവ് UAPA കേസ്, വാളയാർ സംഭവം, ഇതൊന്നും ചർച്ചയാക്കാൻ എന്തുകൊണ്ട് യു ഡി എഫ് ന് കഴിഞ്ഞില്ല? ശരിക്കും അവർ ടേക്ക് അപ്പ് ചെയ്യേണ്ടിയിരുന്ന വിഷയങ്ങളായിരുന്നില്ലേ അത്?
പന്തീരാങ്കാവ് കേസിലെ അലൻറെ അച്ഛൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അവിടെ ഒരു എതിർ സ്ഥാനാർത്ഥിയെ നിർത്താതെ അദ്ദേഹത്തിന് പിന്തുണ കൊടുക്കേണ്ടതല്ലേ കോൺഗ്രസ്? ധർമ്മടത്ത് സ്ഥാനാർത്ഥിയെ നിർത്താതെ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ കൊടുക്കേണ്ടതല്ലായിരുന്നോ? വടകരയിൽ രമയ്ക്ക് പിന്തുണ കൊടുക്കണമെന്ന് തോന്നിയ ഇവർക്ക് അലൻറെ അച്ഛനും വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്കും പിന്തുണ കൊടുക്കേണ്ടതിൻറെ രാഷ്ട്രീയം മനസ്സിലാകാത്തത് എന്തുകൊണ്ടാണ്? വാളയാർ പ്രശ്നത്തിൽ യു ഡി എഫ് ന്റെ നിലപാടായി ആളുകൾ അതിനെ കാണും. പിണറായി വിജയൻ ഈ തവണ മത്സരിക്കുമെന്നും, അത് ധർമ്മടത്തായിരിക്കുമെന്നും എല്ലാവർക്കുമറിയാവുന്നതാണല്ലോ, എന്നിട്ടും കോൺഗ്രസ് അവരുടെ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് പന്ത്രണ്ടാം മണിക്കൂറിലാണ്. ആ അമ്മയ്ക്ക് പിന്തുണ കൊടുക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്.
നമ്മൾ അധികം സംസാരിക്കാതെപോയ ഒരു കാര്യമാണ് ബി ജെ പി യുടെ ഇലക്ഷൻ തന്ത്രങ്ങളും സ്ഥാനാർത്ഥികളും. മാഷ് നേരത്തെ പറഞ്ഞ cultural politics ൽ കൃത്യമായി ഇടപെടാനുള്ള ശ്രമം ബി ജെ പി യുടെ ഭാഗത്തുനിന്നുണ്ട്. സിനിമാ താരങ്ങൾ, മുൻ പോലീസ് ഉദ്യോഗസ്ഥർ, ഇ ശ്രീധരനെപോലെയുള്ള ഒരു പേരുകേട്ട ടെക്നോക്രാറ്റ്, എന്താണവർ ലക്ഷ്യം വയ്ക്കുന്നത്.
ജനങ്ങളെ സ്വാധീനിക്കാനുള്ള എല്ലാവഴികളും ബി ജെ പി നോക്കുന്നുണ്ട്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, ഇ ശ്രീധരനെ പറ്റി മതിപ്പുണ്ട്. കാര്യപ്രാപ്തി എന്നൊരു സാധനം ഉണ്ടല്ലോ. അദ്ദേഹത്തെ പറ്റി ഒരു അഴിമതി ആരോപണം ആരെങ്കിലും ഉന്നയിക്കുമോ? അദ്ദേഹം ഇപ്പൊ പല വിഡ്ഢിത്തങ്ങളും വിളിച്ചുപറയുന്നുണ്ട്. അതല്ല ഞാൻ പറയുന്നത്. ഇ ശ്രീധരന് കാര്യപ്രാപ്തിയുണ്ട് അതുകൊണ്ട് ആളുകൾക്ക് മതിപ്പുമുണ്ട്. ആളുകളുടെ ഒരു മാറ്റിനി ഐഡൽ ആണ് സുരേഷ് ഗോപി. പിന്നൊരു സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ ആണ്. പഴയ പി എസ് സി ചെയർമാൻ, സംസ്കൃതം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന അബ്ദുൽ സലാം, അങ്ങനെയുള്ള ആളുകളെയാണ് അവർ പിടിക്കുന്നത്. കോൺഗ്രസിന് ഇതൊന്നും മനസ്സിലാകുന്നില്ല. സാംസ്കാരിക രംഗം എങ്ങനെയാണോ ജമാഅത്തെ ഇസ്ലാമി പിടിച്ചെടുക്കുന്നത് അതേ രീതിയാണ് സംഘ് പരിവാറും പിന്തുടരുന്നത്. ഇനിയും ആളുകൾ സാംസ്കാരിക രംഗങ്ങളിൽ നിന്ന് അവരുടെ കൂടെ പോകും എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ഒന്നോ രണ്ടോ സീറ്റിനപ്പുറത്തേക്ക് ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും മെച്ചമുണ്ടാക്കാൻ അവർക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.