
ഭയം

മേഘമല്‍ഹാര്‍
‘ കനവ് തെറ്റിച്ച ,കൊളുത്തു കാണാതെ ആര്‍ത്തി കാണിച്ച ഓര്‍മ്മകള്‍. പകലും രാത്രിയും മാറി മാറി തിരഞ്ഞെടുക്കുന്ന വഴികള്‍ ….’.
‘ഞാറപ്പെണ്ണിന്റെ കുഞ്ചിയില്‍ ഇടയ്ക്ക് പൊട്ടുന്ന ചോപ്പിന്റെ തെളപ്പ്. കടുകെണ്ണ മണക്കുന്ന അവളുടെ കരിലാഞ്ചി വള്ളികള്‍……’
എന്താണ് ഇത്രയുമിങ്ങനെ പറയാനുള്ളത്! ഏറ്റവും സൗകര്യമായ ഏര്‍പ്പാടുകള്‍, മനോഹരമെന്ന് പറയപ്പെടുന്ന നുണകള്‍ എല്ലാം തന്നെ ലോകത്തോട് സംവദിക്കുന്നതെങ്ങനെയാണ്. ഒരു രാത്രിയുറങ്ങി വെളിച്ചപെടുമ്പോള് ലോകം കണ്ണ് ചിമ്മുന്നതെന്തിനാണ്! കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചുതിരുന്നു. തണല്‍ പറ്റി കിടക്കുന്ന കാറുകള്‍ക്കിടയിലൂടെ കുഞ്ഞിനെയും തോളത്തിട്ട് ഓടി പിടിച്ച് പോകുന്ന അച്ഛന് എത്ര ഭീകരമായ ചിത്രമാണല്ലേ?
എനിക്കിപ്പോള്‍ വീടിന്റെ വാതില്‍ തുറക്കാന്‍, അടുക്കളയിലേക്ക് നടക്കുവാന്‍, എന്റെ കുഞ്ഞുങ്ങളോട് സംസാരിക്കുവാന്‍, അവരെയൊരുക്കി സ്കൂളിലേക്ക് വിടുവാന്‍, മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങിക്കുവാന്‍ അങ്ങനെ എല്ലാത്തിനും ഭയമാണ്. കൂടെ കൂടെ ഓര്‍മ്മ തെറ്റുന്ന ദിവസങ്ങളില്‍ മുറിക്കുള്ളില്‍ തനിച്ചിരുന്ന് ഞാന്‍ എന്തൊക്കെ അപാകതകളിലാണ് ചേര്‍ന്ന് നില്ക്കാന് ഇഷ്ടപ്പെടുന്നത്!
അന്ന് അസാധാരണമായി മറ്റൊന്നും സംഭവിക്കാനില്ലാത്ത ദിവസമായിരുന്നു. കുട്ടികളെ ഒരുക്കി സ്കൂളില്‍ വിട്ടതിന് ശേഷം വാതില്‍ പൂട്ടി മീന്‍ വാങ്ങുവാനായി മാര്‍ക്കറ്റിലേക്കിറങ്ങി. അപ്പോഴാണ് വഴിയില്‍ മഞ്ഞ കോട്ടിട്ട ഒരു വൃദ്ധന് നില്‍ക്കുന്നത് കണ്ടത്. അയാള്‍ക്ക് നല്ല ഉയരമുണ്ടായിരുന്നു. ശരീരത്തില്‍ ധാരാളം ഉടുപ്പുകള്‍ വച്ചു കെട്ടുകയും വലിയൊരു തുണി സഞ്ചി തോളിലൂടെ പുറകിലേക്കെടുത്തു വയറ്റിലേക്ക് ചേര്‍ത്ത് വെച്ചിട്ടുമുണ്ട്. ഫാക്റ്ററിയിലെ പണിക്കാര് ഉപയോഗിക്കുന്നയിനം കറുത്ത ഷൂസ്, അതിലപ്പടി മണ്ണ്. ഷൂ മൗത്തില്‍ തുള വീണ് വിരലുകള്‍ പുറത്തേക്ക് നില്ക്കുന്നു. ചെളി പിടിച് കട്ടിയായ നഖങ്ങള്‍. എനിക്ക് വെറുപ്പ് തോന്നി. അയാളുടെ കൂര്‍ത്ത കണ്ണുകള്‍ വരണ്ടിരിക്കുന്നതായി തോന്നി. അത്തരമൊരു കാഴ്ചയില്‍ നിന്ന് വളരെ പെട്ടെന്ന് മാറി നടക്കണമെന്നും എനിക്ക് എന്റെ കുട്ടികളെ കാണണമെന്നും തോന്നി. സംഭവിക്കാനിരിക്കുന്ന അപാകതകളെ പറ്റി സംശയം തോന്നി.
ചേച്ചിയെ…. ഇങ്ങാട്ട് നോക്ക് ചേച്ചി.. നല്ല പെടക്കണ മീന്‍ കണ്ടാ…
തിരഞ്ഞു നോക്കിയപ്പോള്‍ വലത്തെ തുട ചൊറിഞ്ഞു കൊണ്ട് കുഞ്ഞ് വറീത്, മീനിന്റെ കഴുത്തില്‍ അമര്‍ത്തി തൊട്ട് പ്രത്യേകമായൊരു ചിരി ചിരിച്ചു. അപ്പോള്‍ കാറ്റിന് കരിഞ്ഞ മുടിയുടെ ഗന്ധമായിരുന്നു. വെള്ളം വറ്റിയ പാണ്ടി പുഴയുടെ ഓര്‍മ്മ എന്റെ മനസ്സിലപ്പോള്‍ പറ്റി നിന്നു.
ഓരോരോ കാരണങ്ങള്‍ മനുഷ്യര്‍ കണ്ടെത്തുന്നു, പല പല ആശങ്കകളില്‍ അവര്‍ ജീവിച്ചു തുടങ്ങുന്നു. ചുറ്റും നോക്കുമ്പോള്‍ ലോകം എത്ര ചെറുതാണ്, എത്രമാത്രം ഇരുണ്ടതാണ്. എന്റെ വിരല്‍ തുമ്പില്‍ നിന്ന് വിയര്പ്പുറ്റുവാന് തുടങ്ങി. അവ ഭീതിയോടെ ഭൂമിയെ സ്പര്‍ശിക്കുന്നതായി എനിക്കനുഭവപ്പെട്ടു.

2.
മാര്‍ക്കറ്റില്‍ നിന്ന് ഇടറോഡ് തെറ്റി വീട്ടിലേക്ക് നടക്കുമ്പോള്‍ പാന്‍പരാഗ് വില്‍ക്കുന്ന കടയുടെ അരികിലായി അയാള്‍…. ആ…മഞ്ഞകോട്ടിട്ട വൃദ്ധന്…..!
അയാളുടെ ഇടത്തെ കയ്യിലെ വിരലുകള്‍ക്ക് നടുവില്‍ സിഗരറ്റ് പുകഞ്ഞു കൊണ്ടിരുന്നു. കണ്ണുകളുടെ കൂര്‍മ്മത വീണ്ടും മൂര്ച്ചപ്പെട്ടത് പോലെ. നേരത്തെ കണ്ടതിലധികമായി ഒരു ചുവന്ന ബാഗ് അയാളുടെ ഉദ്ദേശങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു രഹസ്യ സന്ദേശം പോലെ പാന്‍പരാഗ് കടയ്ക്കരികില്‍ അയാള്‍ നില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ സാരി ഒതുക്കി പിടിച്ച് കൈയിലുള്ള പച്ചക്കറി കിറ്റ് മുറുക്കത്തില്‍ പിടിച്ച് തിരിഞ്ഞ് നോക്കാതെ നടന്നു. അയാള്‍ പിറകിലൂടെ വന്നാല്‍ എന്ത് ചെയ്യണമെന്നൊക്കെ ആലോചിച്ച് പ്ലാനുണ്ടാക്കി. പേടിക്കേണ്ടതില്ലെന്നും ധൈര്യത്തോടെ മുന്നോട്ട് നടക്കണമെന്നും പറഞ്ഞ് മനസ്സിന് ധൈര്യം കൊടുത്തു. കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ ചന്ദ്രേട്ടനെ ഏര്‍പ്പാടാക്കാം. വീടിന് മുന്നിലുള്ള കുരുക്കുത്തി മുല്ലയുടെ ചോട്ടിലെത്തിയിട്ട് തിരിഞ്ഞ് നോക്കി.പുറകില്‍ ആരെയും കണ്ടില്ല. കുറച്ച് സമാധാനം തോന്നിയെങ്കിലും അയാള്‍ എവിടെയോ പതിഞ്ഞിരിക്കുന്നുണ്ടെന്നത് ഒരു ഭയമായി വളര്‍ന്നു. വരാന്തയിലെത്തിയപ്പോള്‍ ഇടത് വശത്തെ ചുവരില്‍ തൂക്കിയിട്ട അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള ഫോട്ടോയില്‍ നിന്ന് കുറേയധികം ശകാരവാക്കുകള്‍ പുറത്തേക്ക് വരുന്നതായി തോന്നി.
‘ഒറ്റയ്ക്ക് നിക്കണ്ടാ എന്ന് എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലല്ലോ. എന്തെങ്കിലും സംഭവിച്ചാല്‍ ആരുണ്ട് കാണാന്‍. പ്രസാദിനോടുള്ള പിണക്കമെല്ലാം മറന്ന് തിരിച്ച് അവന്റടുത്തേക്ക് തന്നെ പോവാന്‍ എത്ര തവണ പറഞ്ഞതാണ്. അതും കേള്‍ക്കില്ല. എല്ലാം നിന്റെ തോന്ന്യാസം പോലെയായിരുന്നല്ലോ…. ഞങ്ങള്‍ടെ വാക്കിന് എന്നെങ്കിലും നീയ് വെല വെച്ചിര്ന്നെങ്കില് നിനക്കീ ഗതി വരുവായിരുന്നുവോ? എത്ര പ്രതാസില് ജീവിക്കണ്ടോളാ… നീ… ഇപ്പോ കണ്ടില്ലേ നരകിക്ക്ന്ന്… ‘
ചെവി പൊത്തി കാവി തേച്ച വരാന്തയിലിരുന്നു. മുറ്റത്തെ കൃഷ്ണ തുളസിയുടെ തണ്ട് ചെരിഞ്ഞ് നീര്‍ന്ന് എന്നെ നോക്കുന്നത് പോലെ തോന്നി. അമ്മയുടെ മണം, അതെന്നെ ശകാരിക്കുന്നു. സ്വയം ഉഷാറാവാതെ തരമില്ലെന്നറിയാവുന്നതിനാല് വരാന്തയുടെ ഗ്രില്‍ ഭദ്രമായി പൂട്ടി ചില കാര്യങ്ങള്‍ തീരുമാനിച്ച് അടുക്കളയിലേക്ക് നടന്നു. പച്ചക്കറി കിറ്റ് ഫ്രിഡ്ജിലേക്ക് എടുത്ത് വെച്ചിട്ട് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. വാതിലുകളെല്ലാം ഭദ്രമായി പൂട്ടിയിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി നോക്കണം. എന്നിട്ട് ചന്ദ്രേട്ടനെ വിളിക്കാം, കുട്ടികളെ കൂട്ടിക്കൊണ്ട് വരാന്‍ പറയാം. മുറിയിലേക്ക് നടന്നപ്പോള്‍ ജനാല തുറന്നിരിക്കുന്നു. ദൂരെ അക്കേഷ്യ മരത്തിന്റെയിടയിലൂടെ ഒരു മഞ്ഞ കോട്ട് തിളങ്ങുന്നുണ്ടോ ! മനസ്സ് പെട്ടെന്ന് പിടഞ്ഞു. ഭയം ഏതൊക്കെ വിധത്തിലാണൊഴുകുന്നതല്ലേ.. അല്ലെങ്കില്‍ തന്നെ ഞാനെന്തിനാണ് ആ മഞ്ഞക്കോട്ടിട്ട വൃദ്ധനെ ഭയക്കുന്നത്? ഭയം അങ്കുരിപ്പിക്കുന്ന എന്ത് തരം വികാരമാണ് അയാളെന്നിലുണ്ടാക്കുന്നത്?. അയാളെന്നെ അക്രമിക്കുമെന്നതിലാണോ, അതോ കുട്ടികളെ പിടിച്ചു കൊണ്ടു പോകുമെന്നതിലാണോ ഞാന്‍ അതിയായി ആശങ്കപ്പെടുന്നത്? എന്ത് തന്നെയായാലും നേരിടണം. ഉള്ളിലുള്ള ഭയത്തെയാണ് നേരിടേണ്ടത്, അതിന് കാരണമെന്ന് നമ്മള് വിശ്വസിക്കുന്നതിനെയല്ല. അടഞ്ഞുകിടന്നിരുന്ന ജനല്‍ പാളികള്‍ ശക്തിയോടെ തുറന്നു. അയാള്‍ കേള്‍ക്കട്ടെ. എന്നിട്ട് മുന്‍പിലത്തെ വാതില്‍ തുറന്ന് വരാന്തയിലിരുന്നു. കൃഷ്ണ തുളസികള്‍ വീണ്ടും നിവര്‍ന്ന് നോക്കി. അമ്മയുടെ ശകാരം.
ഡീ പെണ്ണെ.. ഇവള്ക്കിതെന്തിന്റെ കേടാണ്. ഏതോ ഒരു ഭ്രാന്തന് വരുന്നത് നീ കണ്ടില്ലേ…. ശ്ശോ…. മരിച്ച് മണ്ണടിഞ്ഞിട്ടും ഇവളെക്കൊണ്ടൊരു സമാധാനമില്ലല്ലോ മുത്തപ്പാ…
പണ്ട് ചെറുതായിരിക്കുമ്പോള്‍ താമസിച്ചിരുന്ന അശോക് നഗറിലേക്ക് ധാരാളം പ്രാന്തന്മാരും ഭിക്ഷക്കാരും വരുമായിരുന്നു. അച്ഛനപ്പോള്‍ കെ എസ് ഇ ബി യി ലായിരുന്നു ജോലി. വരുമ്പോള്‍ അര്‍ദ്ധരാത്രിയാകും. അമ്മയായിരുന്നു വീട് കാവല്‍. ദൂരെ നിന്ന് വരുന്ന ഭ്രാന്തന്മാരെയോ ഭിക്ഷക്കാരെയോ കണ്ടാല്‍ വാതില്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടും. ഞാനും അനിയനും ശബ്ദമില്ലാത്തവരെ പോലെ മിണ്ടാതെ കുറേ നേരം നില്‍ക്കണം. ജനാലയെല്ലാമടച്ച് വീട് മുഴുവന്‍ ഇരുട്ടാകും. ഇരുട്ടിലിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു, അനിയന് പേടിയും. അവന് കളിക്കോപ്പുകള്‍ ശേഖരിച്ചു വെച്ച ബാഗില്‍ നിന്ന് മെഴുകുതിരികള്‍ തപ്പിയെടുക്കും. എന്നിട്ട് കീശയില്‍ സൂക്ഷിക്കാറുള്ള സിഗര്‍ ലൈറ്റ് കൊണ്ട് കത്തിക്കും. ഇരുട്ടില്‍ ഒരു ചെറിയ സ്വര്ണത്തൊങ്ങല് പോലെയുള്ള ആ വെളിച്ചം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ പോലെയിഷ്ടമായിരുന്നു. പുറത്ത് വന്നിരിക്കുന്ന ഭ്രാന്തനോ, പിച്ചക്കാരനോ പോകുന്നത് വരെ ഞങ്ങളാ വെളിച്ചം നോക്കിയിരിക്കും. അമ്മ ചുവരില്‍ മേശ ചേര്‍ത്തിട്ട് അതിന് മുകളില്‍ രണ്ട് സ്റ്റൂളുകള്‍ അടുപ്പിച്ചിട്ട് വെന്റിലേറ്ററിലൂടെ പുറത്തേക്ക് നോക്കി നില്ക്കും. അങ്ങനെ നോക്കുന്നതില്‍ അമ്മയ്ക്ക് പ്രത്യേകമായൊരാനന്ദം ലഭിക്കുന്നുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിരുന്നു. ഒരു ദിവസം ഞാനും അമ്മയുടെ കൂടെ മേശയില്‍ വലിഞ്ഞു കേറി, സ്റ്റൂളില്‍ നിന്ന് വെന്റിലേറ്ററിലൂടെ പുറത്തേക്ക് നോക്കി. തവിട്ടും പച്ചയും ഇടകലര്‍ന്ന നിറമുള്ള കീറിയ പാന്റ്സും ഷര്‍ട്ടും ധരിച്ചിരിക്കുന്ന ഒരു ഭ്രാന്തന്. യുവാവാണ്, കൈയില്‍ ഒരു വെളുത്ത പ്ലാസ്റ്റിക് പൊതിയുണ്ട്. അയാള്‍ ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്തേക്ക് കയറി വരുന്നു. അമ്മയുടെ ഹൃദയം പടപടാ എന്നുയരുന്നത് ഞാന്‍ സാവധാനത്തില്‍ ശ്രദ്ധിച്ചു. അയാള്‍ വരാന്തയില്‍ കയറിയിരുന്നു. അശോക് നഗറിലെ വീടിന്റേത് തുറസ്സായ വരാന്തയായിരുന്നു. മറ്റൊന്നും ശ്രദ്ധിക്കാതെ തറയിലിരുന്ന് കൈയിലുള്ള പൊതിയഴിച്ചു. ഞങ്ങള്‍ രണ്ട് പേരും ശ്വാസം വിടാതെ ഹൃദയമിടിന്റെ ഉയര്ച്ചതാഴ്ചയെ അടക്കിപിടിച്ച് അയാളെ തന്നെ നോക്കി നിന്നു. നല്ല കട്ടി കാപ്പി നിറമുള്ള സ്പോഞ്ച് പോലത്തെ ചെറിയ തരികള്‍. അയാള്‍ വിസ്തരിച്ച് അതെല്ലാം കുഴച്ച് ചോറുരുളകള്‍ മാതിരി ഉരുട്ടി വെച്ചു. എന്നിട്ട് ഒരോന്നായി വായില്‍ വെച്ച് വിഴുങ്ങി. അതിന് ശേഷം കുറേ നേരം ഗേറ്റിനപ്പുറത്തേക്കുള്ള വഴിയിലേക്ക് കുറേ നേരം നോക്കിയിരുന്നു. പിന്നെ എഴുന്നേറ്റ് നടന്നു. അയാള്‍ കുറച്ച് ദൂരമെത്തിയപ്പോള്‍ അമ്മ നെടുവീര്‍പ്പുതിര്‍ത്ത് സ്റ്റൂളില്‍ നിന്ന് താഴെയിറങ്ങി. ഞാനും അതേ ചലനങ്ങള്‍ അനുകരിച്ചു.
3.
കുരുക്കുത്തി മുല്ലയുടെ ചോട്ടില് നിന്ന് മഞ്ഞക്കോട്ടിട്ട വൃദ്ധന് കാലിയായ പ്ലാസ്റ്റിക് കുപ്പിയുടെ മൂടി തുറന്ന് എനിക്ക് നേരെ നീട്ടി. അയാളുടെ വരണ്ട കണ്ണുകളിലെ തിളക്കം എന്നെയും വീടിനെയും ആകമാനം ഭയപ്പെടുത്തി. നേരിടുക തന്നെ ചെയ്യും, നേരിടുക തന്നെ ചെയ്യും എന്ന് പല്ലുകള്‍ കൂട്ടിയിറുമ്മി കൊണ്ട് ഞാന്‍ പറഞ്ഞു.കുരുക്കുത്തി മുല്ലകളെല്ലാം അടര്‍ന്ന് വീണിരുന്നു. കൃഷ്ണ തുളസിക്കാട് മുഴുവനും അനങ്ങാതെ നിന്നു.
ഞാന്‍ അതിനെക്കാള്‍ ക്രൂരമായി അയാളെ നോക്കി. ഭയം ഒന്നിനുമൊരു പരിഹാരമല്ലെന്ന് എനിക്കറിയാമായിരുന്നു. കണ്ണുകളില്‍ നിറഞ്ഞ പകയോടെ ഗ്രില്‍ തുറന്നു. അയാള്‍ അനങ്ങാതെ നില്ക്കുന്നുണ്ടായിരുന്നു.കൃഷ്ണ തുളസിക്കാടുകള്‍ പിന്നിട്ട് കുരുക്കുത്തി മുല്ലയുടെ ചുവട്ടിലെത്താറായപ്പോള് വൃദ്ധന്റെ കയ്യില്‍ നിന്ന് കുപ്പി താഴേക്ക് വീണ്ടു. എല്ലുകള്‍ പൊടിയുന്ന ശബ്ദം. അയാള്‍ നിന്ന നില്പില് ചെരിഞ്ഞു വീണു. കരിയിലകള്‍ക്കിടയില്‍ അമര്‍ന്ന് വീണ ഒരു ഒരു കാട്ടുകഴുകന്. മഞ്ഞിച്ച കണ്ണുകള്‍ പുറത്തേക്ക് തള്ളിവന്നു. ഞാനയാളെ വെറുതെ നോക്കി നിന്നു. ദൂരെ നിന്ന് ചന്ദ്രേനൊപ്പം കുട്ടികള്‍ ഓടി വരുന്നുണ്ടായിരുന്നു.