
വിട

മേഘ രവീന്ദ്രൻ
പാതിയഴിഞ്ഞ മുടിയുമായ് നഗരം ചുറ്റവെ അതുവരെ കാണാത്തതെന്തോ അവളിൽ വന്നടുക്കുംപോലെ
വാതോരാതെ കുശലം ചോദിക്കും നഗരമിപ്പോൾ നിശബ്ദമാണ്. അവളുടെ കാലൊച്ചകൾക്കായവ കാതോർക്കുംപോലെ
ആശ്രിതരെ കാത്ത് കാത്ത് കണ്ണുചിമ്മനൊരുങ്ങിയ വഴിവിളക്കിലേക്കൽപ്പനേരമവളുറ്റുനോക്കി
പാതിയടഞ്ഞമിഴിയിലുമൊരു കുഞ്ഞുവെട്ടമവൾക്കായ് ജ്വലിക്കുന്നു, അവളെക്കണ്ട മാധുര്യമെന്നോണം.
പ്രണയമാണവൾക്കിന്നും, തന്നെ കൂട്ടുചേർക്കുമിരുളിനോടും, വേർപെടുത്തുമീ തൂവെള്ളിവെളിച്ചത്തോടും.
വറ്റാത്തനദിയാണവർക്കവളെങ്കിലും, വറ്റിത്തീർന്നൊരു പുഴയുണ്ടവൾക്കുള്ളിൽ കാലമലതല്ലി തീർത്തൊരു പുഴ !!
വിശപ്പും ദാഹവുമില്ലാത്ത കണ്ണിലേക്കോടിയടുക്കാനവളെ മോഹിപ്പിച്ച കാലത്തിനോടൊരു വാക്ക്, വിട.