
മരക്കാർ: സംഭവിച്ചത് പ്രിയദർശൻ ടീമിന്റെ റീയൂണിയൻ മാത്രം

അർജുൻ ഉണ്ണി
ഒരു മലയാള സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഹൈപ്പോടു കൂടിയാണ് മരക്കാർ പ്രദർശനത്തിന് എത്തിയത്. മോഹൻലാൽ ഒരു ബ്രാൻഡിനപ്പുറത്തേക്ക് മലയാളികളുടെ വികാരം തന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന കാഴ്ചകളാണ് റിലീസിനോടനുബന്ധിച്ച് കണ്ടത്. കോവിഡ് കാലത്തും 12 മണിക്കും 3 മണിക്കും സിനിമ കാണാൻ തീയറ്ററുകൾക്ക് മുൻപിലെ ആൾക്കൂട്ടം, പ്രീ ബിസിനസിലെ കോടിക്കിലുക്കത്തെ കുറിച്ചുള്ള പരസ്യ വാചകങ്ങൾ, റെക്കോഡ് തുകയ്ക്ക് വിറ്റു പോയ ടെലിവിഷൻ സംപ്രേണാവകാശം ഇതിനു പുറമെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കമുള്ള പുരസ്കാരങ്ങളുടെ തിളക്കം, മികച്ച കലാസൃഷ്ടി, മലയാള സിനിമ ഇന്നോളം കാണാത്ത ദൃശ്യവിസ്മയം എന്നിങ്ങനെ പിന്നണിയിലുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾ. അങ്ങനെ മലയാളം കണ്ട ഏറ്റവും വലിയ പ്രൊമോഷനോട് കൂടിയാണ് സിനിമ തീയറ്ററുകളിൽ എത്തിയത്. എന്നാൽ അത്ര കണ്ട് ശോഭ മരക്കാറിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
സിനിമ 2020 ൽ റിലീസിന് ഒരുങ്ങിയത് മുതൽ തന്റെ മനസ്സിലുള്ള കുഞ്ഞാലിയെയാണ് താൻ സ്ക്രീനിൽ പകർത്തിയതെന്ന് പ്രിയദർശൻ എല്ലാ അഭിമുഖങ്ങളിലും ആവർത്തിച്ചിരുന്നു. ഇത് ഓർമിപ്പിച്ചു കൊണ്ടാണ് മരക്കാർ ആരംഭിക്കുന്നത്. ചരിത്രത്തിനല്ല ഭാവനയ്ക്കാണ് പ്രഥമ പരിഗണന. കണ്ടു തുടങ്ങുമ്പോൾ അത് പ്രേക്ഷകന് ബോധ്യമാവുന്നത് കൊണ്ട് ചരിത്രത്തോട് നീതി പുലർത്തണമെന്ന് വാശി പിടിക്കേണ്ട കാര്യമില്ല. സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ചു നിൽക്കുന്ന സിനിമ എന്നതായിരുന്നു മറ്റൊരു അവകാശവാദം. എന്നാൽ, സാങ്കേതിക തികവ് ദൃശ്യമാവുന്ന വളരെ കുറച്ചു രംഗങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ. ഇടവേളയ്ക്ക് തൊട്ടുമുൻപുള്ള യുദ്ധരംഗം പ്രിയദർശൻ വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. മറ്റ് രംഗങ്ങളെല്ലാം തന്നെ മരക്കാർ പോലൊരു വലിയ സിനിമയുടെ നിലവാരത്തിൽ ഉള്ളവയല്ല എന്ന് മാത്രമല്ല അവയിൽ ചിലത് ട്രോയ്, ബ്രേവ്ഹാർട്ട് പോലുള്ള സിനിമകളെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊതുവേ വിദേശ സിനിമകളെ നമുക്ക് ദഹിക്കുന്ന രീതിയിൽ ദേശസാത്കരിക്കാറുള്ള പ്രിയദർശന് മരക്കാറിൽ അതിന് പോലും സാധിച്ചിട്ടില്ല എന്നുവേണം മനസിലാക്കാൻ. ആദ്യഭാഗത്തെ കടൽക്ഷോഭത്തിന്റെ രംഗങ്ങളിലെ വിഎഫ്എക്സ് വളരെ മോശം അനുഭവമായിരുന്നു. സാബു സിറിൾ എന്ന അതികായന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും കലാ സംവിധാനം ചില രംഗങ്ങളിൽ മാത്രമാണ് മുതൽമുടക്കിനോട് നീതി പുലർത്തിയത്. കുഞ്ഞാലിയുടെ കോട്ട മതിലും, യുദ്ധ സാമഗ്രികളുമെല്ലാം കൃത്രിമത്വം നിഴലിക്കുന്നവയാണ്. പ്രധാന കഥാപാത്രങ്ങളുടേതുൾപ്പെടെയുള്ള കോസ്റ്റ്യുമുകളുടെയും മേക്കപ്പിന്റെയുമെല്ലാം സ്ഥിതി ഇതു തന്നെ. മൊത്തത്തിൽ ഭക്തി സീരിയലുകൾ കാണുന്ന പ്രതീതി.
മരക്കാറിൽ മാസ് രംഗങ്ങൾക്കല്ല, ഇമോഷണൽ രംഗങ്ങൾക്കാണ് പ്രധാന്യമെന്നും ഇതിനെ ഇമോഷണൽ ഡ്രാമയായി കണ്ടാൽ മതിയെന്നും സിനിമ ഇറങ്ങും മുൻപേ സംവിധായകനും നായകനും പറഞ്ഞിരുന്നു. മരക്കാർ ഒരു വാർ മൂവിയുമല്ല, ഇമോഷണൽ ഡ്രാമയുമല്ല. സാധാരണ ഇത്തരം സിനിമകളിൽ കണ്ടു വരുന്ന പക, പ്രതികാരം, ചതി ഒക്കെ ചേരുന്ന ഒരു കഥയുടെ മോശം അവതരണമാണ് മരക്കാർ. കോമഡി ചിത്രങ്ങളിലെ പ്രിയദർശൻ കഥാപാത്രങ്ങൾക്ക് സംഭവിക്കാറുള്ള കൺഫ്യൂഷൻ ഇത്തവണ സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദർശന് സംഭവിച്ചിരിക്കുന്നു. ഇന്റർവെല്ലിന് ശേഷം ചിത്രത്തിന്റെ തിരക്കഥ കുറെ രംഗങ്ങൾ കൂട്ടിവെച്ച തരത്തിലാണ്. ഇമോഷണൽ രംഗങ്ങളൊന്നും പ്രേക്ഷകനുമായി കണക്റ്റ് ചെയ്യുന്നവയല്ല. ഡിസ്ക്ലയ്മറിൽ ഭാവനയുടെ കാര്യം പറഞ്ഞത് കൊണ്ട് ചരിത്ര പശ്ചാത്തലം നോക്കുകയും വേണ്ട. ചിത്രത്തിലെ പ്രണയ രംഗങ്ങളൊക്കെ പുതിയ പ്രേക്ഷകനെ ബോർ അടിപ്പിക്കുമെന്ന കാര്യം ഉറപ്പ്. തേന്മാവിൻ കൊമ്പത്തിലെയും കാലാപാനിയെയും ഒക്കെ ഓർമിപ്പിക്കുന്ന ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്. സംഭാഷണങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ പേരിൽ പലപ്പോഴും വിമർശന വിധേയരായിട്ടുള്ള പ്രിയദർശൻ-മോഹൻലാൽ ദ്വന്ദ്വം ഇത്തവണയും അതിന് വിധേയരാവും. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശൈലി നേർപ്പിച്ചെടുത്ത ‘മലബാർ’ സംഭാഷണ ശൈലിയെ സോഷ്യൽ മീഡിയ ട്രോളി തുടങ്ങിയിട്ടുണ്ട്. ഒരേ നാട്ടുകാർ വ്യത്യസ്ത ശൈലിയിൽ സംസാരിക്കുന്നതും പോർച്ചുഗീസുകാർ ഇംഗ്ലീഷ് സംസാരിക്കുന്നതുമടക്കം പല ചേരായ്കകൾ മരക്കാറിൽ കാണാം.
ചില മോശം സിനിമകളിൽ പോലും കാണാവുന്ന പ്രിയദർശൻ ടച്ച് മരക്കാറിൽ ഇല്ല. പകരം കണ്ടിന്യുവിറ്റി മിസ്റ്റേക്കുകളും, എഡിറ്റിങ്ങിലും, കലാ സംവിധാനത്തിലും ഒക്കെയുള്ള പിഴവുകളുമാണ് മരക്കാർ ബാക്കി വെക്കുന്നത്. തിരുവിന്റെ ഛായാഗ്രഹണം പലയിടത്തും നന്നായിരുന്നു. ടിപ്പിക്കൽ ഹോളിവുഡ് വാർ സിനിമകളുടെ ലൈറ്റിങ് ആണ് മരക്കാറിലും ഉപയോഗിച്ചിരിക്കുന്നത്. പിന്നെ മൊത്തത്തിൽ സിനിമയ്ക്കുള്ള ക്ഷീണം ഛായാഗ്രഹണത്തെയും ബാധിക്കുന്നുണ്ട്.
അഭിനേതാക്കളുടെ കാര്യമെടുത്താൽ പ്രിയദർശൻ ഗ്യാങിന്റെ റീയൂണിയൻ ആയിരുന്നു മരക്കാർ. മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, ഗണേഷ്കുമാർ, നന്ദു, സുരേഷ്കുമാർ എന്നിങ്ങനെ തുടങ്ങി ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടി വരെ ഇതിൽ പെടും. സിദ്ധിഖും മഞ്ജു വാര്യരുമൊക്കെ കോറം തികക്കാൻ വന്നു പോയി. അർജുൻ തന്റെ ഭാഗം മികച്ചതാക്കി. വിനീതിന്റെ ഡബ്ബിങ് നന്നായിരുന്നെങ്കിലും അർജുന്റെ ശബ്ദം ഫെമിലിയർ ആണെന്നത് പലർക്കുമൊരു ബുദ്ധിമുട്ടായി തോന്നാം. അശോക് സെൽവൻ, നെടുമുടി വേണു എന്നിവരും മോശമാക്കിയില്ല. കൈതേരി സഹദേവന്റെ ബാധ പൂർണ്ണമായും മാറിയില്ലെങ്കിലും ഹരീഷ് പേരടിയും തന്റെ റോൾ തെറ്റില്ലാതെ ചെയ്തു. രണ്ട് മണിക്കൂർ സ്ക്രീനിൽ ഉണ്ടെങ്കിലും ട്രെയ്ലറിലെ നോട്ടമൊഴികെ മോഹൻലാലിന്റേത് എന്ന് പറയാവുന്ന ഒരൊറ്റ രംഗം പോലും സിനിമയിൽ ഇല്ല. സിനിമയിലെ വലിയ പോസിറ്റിവ് പ്രണവിന്റെ പ്രകടനമാണ്. പ്രതീക്ഷ തരുന്നുണ്ട് പ്രണവ്. മോഹൻലാൽ അടക്കമുള്ള അഭിനേതാക്കൾക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ മാത്രമുള്ള സ്പേസ് തിരക്കഥ കൊടുക്കുന്നില്ല എന്നത് എടുത്തു പറയുക തന്നെ വേണം. മരക്കാർ പോലൊരു പ്രോഡക്റ്റ് ആളുകളിലേക്ക് എത്തിക്കാൻ ദേശീയ പുരസ്കാരം ഒരു മാർക്കറ്റിംഗ് ടൂൾ ആവുന്നതടക്കമുള്ള വിഷയങ്ങളും സിനിമക്കൊപ്പം ചർച്ച ചെയ്യേണ്ടതുണ്ട്.
കൊമേഴ്ഷ്യൽ ആയും അല്ലാതെയുമുള്ള ഒരു സിനിമയ്ക്ക് സാധ്യതകൾ ഏറെ ഉണ്ടായിരുന്നിട്ടും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്തതും. മുടക്ക് മുതലിനോട് നീതി പുലർത്താൻ സാധിക്കാത്ത മേക്കിങ്ങുമാണ് മരക്കാറിനെ പിന്നോട്ട് വലിക്കുന്നത്.