
ഊണ്മേശ

മനോജ് കാട്ടാമ്പള്ളി
നമ്മള്
ഒരു ഊണ്മേശയുടെ മുന്നിലാണ്
വലിയൊരു ഹോട്ടല്‍ അല്ലാത്തതിനാല്‍
കഴിച്ചുതീരും മുമ്പേ
മറ്റൊരാള്‍ നമ്മുടെയരികില്‍
വന്നുനില്ക്കുമ്പോള്
തീര്‍ച്ചയായും നീ
അസ്വസ്ഥയാകുന്നുണ്ട്

കഴിക്കാതെ പാതിയും ബാക്കിയായ
നിന്റെ ഊണിലയില്‍ നോക്കി
ഞാന്‍ തമാശയില്‍ പറഞ്ഞു:
‘നാം ബാക്കിയാക്കുന്ന
ഒരുമണി വറ്റിനുപോലും
പിന്നീട് വിഷമിക്കേണ്ടിവരും.’
‘ബാക്കിയാവുന്ന ചോറ്
പന്നിഫാമിലേക്കുള്ളതാണ്’
കൂടെയിരുന്ന് കഴിക്കുന്ന
ഒരാള്‍ എന്നെ നോക്കി പറഞ്ഞു.
പറഞ്ഞുതീരും മുമ്പെ
അവളുടെ കൈ തട്ടി
വെള്ളം കുടിച്ചുകൊണ്ടിരുന്ന
എന്റെ ചില്ലുഗ്ലാസ്
നിലത്തുവീണ് ചിതറിപ്പോകുന്നു
ഹോട്ടലിലെ തമിഴനായ പണിക്കാരന്
പൊളിഞ്ഞ ഗ്ലാസെടുത്ത്
പന്നികള്‍ക്ക് കൊടുക്കാനുള്ള
എച്ചിലിട്ടുവെച്ച ബീപ്പയിലേക്ക്
വലിച്ചെറിയുന്നത്
ഒരു നടുക്കത്തോടെ കണ്ടു
വിശക്കുമ്പോള്‍
കുപ്പിച്ചില്ല് തിന്ന് മരിച്ച
ഭ്രാന്തനായ ഒരു മനുഷ്യനെ
ഞാനപ്പോഴോര്‍ത്തു.
അയാളിപ്പോഴും
ഒരുടഞ്ഞ ഗ്ലാസിന്റെ ശബ്ദത്താല്‍
എന്നെ ശ്വാസംമുട്ടിക്കുന്നു.