
കാപ്പിപ്പൊടിയുടെ മണം

മഞ്ജു വി മധു
അടച്ചുപൂട്ടി അകത്തിരുന്നതിന്റെ ഒന്‍പതാം പക്കമാണ് താരയെ തേടി ആദ്യമായി ഒരു കൊറോണ വൈറസ് എത്തിയത്. ചുറ്റും കാപ്പിപ്പൊടിയുടെ മണം പരന്നതുകൊണ്ട്, താരയ്ക്ക് പെട്ടന്ന് തന്നെ ആളിനെ തിരിച്ചറിയാന്‍ പറ്റി. അവന്റെ ടെലിപ്പതി സന്ദേശത്തിന്റെ മറുപടിയെന്നോണം വരണ്ട ഒരു ചുമ അവളുടെ തൊണ്ടയില്‍ വന്നു തങ്ങി.
കോവിഡ് കാലത്തിന്റെ തുടക്കത്തില്‍, ഹെല്‍ത്ത് കെയര്‍ എന്ന യു-ട്യൂബ് ചാനലിന്റെ വീഡിയോയിലാണ് താര ഒരു കൊറോണ വൈറസിനെ ആദ്യമായി കണ്ടത്. രോഗം ബാധിച്ച ഒരു ഹൃദയത്തിലേക്ക് പതിയെ അവന് കടന്നു ചെല്ലുകയായിരുന്നു. രക്തം ഒഴുകാനാകാതെ മരവിച്ചു പോയ കുഞ്ഞു കോശങ്ങളെ ഉമ്മ കൊടുത്തുണര്‍ത്തി, ചങ്കിന്റെ ഉള്ളില്‍ പതിയെ വാസമുറപ്പിക്കുന്ന ജീവാണുവിന്റെ സൗമ്യസാന്നിധ്യം താരയ്ക്ക് ലഹരിയായി. മുറിവേറ്റ കോശങ്ങളില്‍ ബീറ്റ്റൂട്ട് പോലെ ചുമന്നു തുടുത്ത വിരലുകള്‍ കൊണ്ട് അവന് തൊട്ടു തലോടുന്നത് പല തവണ അവള് ഭാവന ചെയ്തു.
വൈറസ് വന്നിട്ടു പോയ അന്ന് രാത്രി താര അനീഷിനോട് കാപ്പിപ്പൊടി മണത്തിന്റെ കാര്യം പറഞ്ഞു. താരയുടെ ഏത് സംസാരത്തിനും അനീഷിന്റെ മറുപടിയായ ‘പ്രാന്തി’ ഇത്തവണ അവളുടെ കണ്ണുകളില്‍ മിന്നിനിന്ന തിളക്കത്തില്‍ മുങ്ങിപ്പോയി. കല്യാണം കഴിഞ്ഞ ആദ്യനാളുകളില്‍ ‘തണുക്കാതെ എന്റെ കയ്യില്‍ കിടത്തി ഉറക്കട്ടെ’ എന്ന് ചോദിക്കുമ്പോള്‍ മാത്രമേ താരയുടെ കണ്ണില്‍ ആ തിളക്കം അനീഷ് കണ്ടിരുന്നുള്ളു. അതിന് അയാള്‍ അവള്‍ക്ക് കൊടുത്ത മറുപടി സിഗരറ്റിന്റെ പൊള്ളല്‍ പാടായി കുറെ നാള് കിടന്നു.
ദിവസങ്ങള്‍ക്കപ്പുറം ഒരു വെള്ളിയാഴ്ച വീണ്ടും അവന് വന്നു. അനീഷ് താരയുടെ ടെഡിബിയര്‍ കീറിക്കളഞ്ഞത് അന്ന് ഉച്ചയ്ക്കായിരുന്നു. താരയുടെ കൂട്ടുകാരി നന്ദിനിയുടെ ആങ്ങള ജയ്ദേവ് അബുദാബിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്നതായിരുന്നു അത്.
അതോടൊപ്പം ജയ്ദേവ് താരയ്ക്ക് വൈറ്റ് ജിഞ്ചറിന്റെ ഒരു പെര്‍ഫ്യൂം കൂടി കൊണ്ടുവന്നിരുന്നു. ഏപ്രില്‍ ചൂടില്‍ പെട്ടന്ന് വീശിയ കാറ്റിന്റെ കുസൃതിക്കുളിരില് മടിയിലിരുന്ന കുഞ്ഞു പതുപതുപ്പിലേക്ക് ചേര്ന്നൊതുങ്ങുകയായിരുന്നു താര. ടെഡിബിയര്‍ തട്ടിയടുത്ത അനീഷിന്റെ നഖം കൊണ്ട് താരയുടെ കൈ നീളത്തില്‍ കീറി മുറിഞ്ഞു.
കൈയില്‍ പുരട്ടാന്‍ ബെറ്റാഡിന് തിരയുമ്പോള്‍ പിന്കഴുത്തിലെ ഇക്കിളികൂട്ടലായി അവനെത്തി. കാപ്പിപ്പൊടി മണമുള്ള ഇളംകാറ്റില്‍ മുറിവിന്റെ നീറ്റല്‍ കുറഞ്ഞുവരുന്നത് താരയറിഞ്ഞു. പടര്‍ന്നു പരക്കുന്ന ഗന്ധത്തരികളെ തന്നിലേക്ക് ചേര്ത്തണയ്ക്കാനെന്നപോലെ അവള് കൈകള്‍ നീട്ടി. അതോടൊപ്പം അമ്മ പണ്ട് മുറിവില്‍ കാപ്പിപ്പൊടി തേച്ചു തന്നതിന്റെ ഓര്‍മ്മയില്‍ വളരെ നാള് കൂടി അവളുടെ കണ്ണുകള്‍ നനഞ്ഞു.
ഏഴ് ദിവസങ്ങള്‍ കഴിഞ്ഞതോടെ താര പ്രതീക്ഷിച്ചതുപോലെ അവള്‍ക്ക് പനിയും ചുമയും തൊണ്ടവേദനയും തുടങ്ങി. പനിക്കിടക്കയുടെ സ്വപ്ന ജാഗരങ്ങളില് വേദനകള്‍ക്ക് മണമുണ്ട് എന്ന അതിശയത്തിലേക്കാണ് അവളെത്തിയത്. ഗന്ധങ്ങളുടെ പകര്ന്നാട്ടത്തിനിടയില് പുതിയ വേദനകളെ ഓരോന്നായി അവള് പിടിച്ചെടുത്തു. ഉണര്‍വ്വിന്റെ സമയങ്ങളില്‍, ഈ പനി തന്റെ ഏറ്റവും വലിയ സന്തോഷമാണല്ലോ എന്ന് പുളച്ചാര്ത്തു.
വേദനകള്‍ ഒഴിഞ്ഞുമാറിയ ഒരു രാത്രി കൈയ്യിലിരുന്ന ആപ്പിളിലേക്ക് നോക്കി കിടന്നപ്പോള്‍ അവന് വീണ്ടും വന്നു. ആപ്പിളിന്റെ കവിളിലെ കറുത്തപാട് ഒരു വവ്വാലിന്റെ ചുംബനത്തിന്റെ ശേഷിപ്പാണെന്ന് താര വെറുതെ ഓര്‍ത്തു. അതിലേക്ക് ചുണ്ടമര്‍ത്തുമ്പോള്‍ ജനാലയുടെ ബ്ലൈന്‍ഡ്സിന്റെ ഇടയിലുള്ള വലയില്‍ കൂടി അവന് അകത്തു കടന്നു. ‘വന്നോ’ എന്ന ചോദ്യം വരണ്ടുണങ്ങിയ തൊണ്ടയില്‍ നിന്ന് പുറത്തുവരുന്നതിന് മുന്‍പ് തന്നെ താരയെ തന്നോട് അവന് ചേര്‍ത്തൊതുക്കി. മാംസ്യപാളിയുടെ ചെറുചലനങ്ങള്‍ അവളുടെ പനി പൊള്ളുന്ന മാറിടങ്ങളില്‍ കുളിരിന്റെ ധാര കോരി ജീവന്റെ ആദിരൂപം പകര്‍ന്നു തന്ന ഉപാധികളില്ലാത്ത പ്രാചീന വന്യത താര പൂര്‍ണ്ണമായി തന്നിലേക്ക് ഏറ്റുവാങ്ങി.
പിന്നെ എപ്പോഴോ, കോവിഡ് സെന്ററിലെ മരവിച്ച തണുപ്പിലേക്ക് മയക്കം ഞെട്ടുമ്പോള്‍, കാപ്പിപ്പൊടിയുടേതൊഴികെ മറ്റെല്ലാ മണങ്ങളും തനിക്ക് അന്യമായതായി താര മനസ്സിലാക്കി.