
ഉച്ചക്കുളി

മണിക്കുട്ടന്.ഇ കെ
ഇളം പച്ച നീരൊഴുക്ക്,
കാട്ടു കൈതകള്‍
തളം കെട്ടിനില്‍ക്കുന്നു ചുറ്റിലും
കരക്കാറ്റിനാല്
ഇലകളുടെ നിഴലും വെളിച്ചവും
വെള്ളത്തില്‍
മര്മ്മരം കൊണ്ടു
തണുത്ത അലകളില്‍
ചെറുമീനുകള്‍ നൃത്തം ചെയ്തു
രണ്ട് മൂന്ന് അടക്കാ കുരുവികള്‍
വെള്ളത്തില്‍
തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
പറന്നു കളിച്ചു

മാളത്തില്‍ നിന്ന്
നീര്‍ക്കോലി
കാഴ്ചകള്‍ കണ്ടിരുന്നു
നേരം നട്ടുച്ചയായപ്പോള്‍
ഒരു കാട്ടുപൂവ്
വഴി വക്കിലൂടെ
ബക്കറ്റില്‍ തുണികളുമായി
അലക്കാന്‍ വന്നു
ഒഴുകി ഒഴുകിയൊരു
വെള്ളാരം കല്ല്
കുളിക്കാനും