
വിധേയപ്പെട്ടില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നതാണ് ജനാധിപത്യത്തിന്റെ “ന്യൂ നോർമൽ”

മനീഷ് നാരായണൻ
രണ്ടാം മോദിഗവണ്മെന്റ് വന്നപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതിലൂടെ, ബാബരി വിധി വന്നപ്പോൾ ക്ഷേത്രപൂജ നടത്താൻ രാജ്യത്തിൻറെ പ്രധാനമന്ത്രി തന്നെ പോകുന്നതിലൂടെ, CAA കൊണ്ടുവന്നതിലൂടെ. രാജ്യത്തിൻറെ പ്രതിപക്ഷമായി വിദ്യാർഥികൾ മാറിയ കാലമാണത്. ഭരണഘടന ഒരുനിലയ്ക്കും പരിഗണിക്കപ്പെടാത്ത പാർലമെന്ററി കാലഘട്ടത്തിലാണ് ക്രിയാത്മക പ്രതിപക്ഷമായി വിദ്യാർഥികൾ മാറിയത്. പശുവിന്റെ പേരിൽ ഉത്തരേന്ത്യയിൽ നടന്നിട്ടുള്ള കൊലകൾ ഇവിടെ കേരളത്തിൽ പോലും വളരെ സ്വാഭാവികമായി തോന്നുന്ന അവസ്ഥയിലേക്ക് നമ്മൾ അപ്പോഴേക്കും മാറിയിരുന്നു. ഒരാൾക്ക് കോവിഡ് എന്ന് പറയുമ്പോൾ ഉണ്ടായിരുന്ന ഞെട്ടൽ ഇന്ന് നമുക്കില്ലാത്തതുപോലെ, ഹിന്ദുത്വഭീകരതയും പഴയപോലെ നമ്മളെ ഞെട്ടിക്കുന്നില്ല. നമ്മൾ അതിനെ ഉൾക്കൊണ്ടുകഴിഞ്ഞു.
രാജ്യത്തെ ഇംഗ്ലീഷ്, ഹിന്ദി സ്പീകിംഗ് മീഡിയ നേരത്തേ തന്നെ ഭരണകൂട വിധേയത്വത്തിലേക്കോ, ഭരണകൂട ധാർഷ്ട്യത്തിലേക്കോ മാറിയിട്ടുണ്ട്. സർക്കാരിന്റെ മൗത്ത്പീസായി മാറുമ്പോഴാണ് ഇവർ ഗോഡി മീഡിയയാകുന്നത്. ഇന്ത്യയിലെ കാമ്പസുകളിൽ നടന്ന സമരങ്ങളെയും, CAA വിരുദ്ധ സമരങ്ങളെയും, ഒടുവിൽ കർഷക സമരത്തെയും കൈകാര്യം ചെയ്ത രീതി ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത്, ഹിന്ദുത്വ ശക്തികൾ ഈ സമരങ്ങൾക്ക് നേരെ ഉയർത്തിയ രാജ്യദ്രോഹവാദം അതിലും ശക്തമായി ഇത്തരം മീഡിയകൾ ഫീച്ചർ ചെയ്യുന്നു എന്നാണ്. രാജ്യം പൗരത്വപ്രക്ഷോഭങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴാണ് കോവിഡ് വരുന്നത്. ആ അവസരം മുതലെടുത്ത് വളരെയെളുപ്പം ഭരണകൂടം സമരങ്ങളെ തണുപ്പിച്ചുകളഞ്ഞു. ശേഷം മാധ്യമങ്ങളെല്ലാം കോവിഡിനു പുറകെ പോയി.

എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി Caravan പോലുള്ള മാധ്യമങ്ങൾ കൃത്യമായ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകളുമായി ഗ്രൗണ്ടിൽ തന്നെയുണ്ടായിരുന്നു. അതിൻറെ ഭാഗമായി Caravan ജേർണലിസ്റ്റുകൾ ആക്രമിക്കപ്പെട്ട വാർത്ത നമ്മൾ കണ്ടതാണ്. സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്നവർ അക്രമിക്കപ്പെടും എന്നതാണ് ഇന്നത്തെ യാഥാർഥ്യം. അത് സ്വാഭാവികമായ ഒന്നായി ആളുകൾ സ്വീകരിച്ചുകഴിഞ്ഞു. അതിൽ ഞെട്ടലൊന്നും ആളുകൾക്കിന്നില്ല. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ കർഷക സമരത്തിന് പിൻതുണ പ്രഖ്യാപിച്ചത്. എന്നാൽ ദേശീയതലത്തിൽ സിനിമാ സാഹിത്യ മേഖലകളിൽ നിന്ന് അത്തരം ഒരു പിൻതുണ സമരത്തിന് ലഭിച്ചിട്ടില്ല. അതിന്റെകൂടെ കൃത്യമായി വാർത്തകൾ ജനങ്ങളിലേക്കെത്തിക്കേണ്ട മാധ്യമങ്ങളും വേട്ടക്കാരനൊപ്പം നിൽക്കുമ്പോഴാണ് ഒരു ഭീതിതമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
ഇന്ത്യയിലെ ഏകദേശം എല്ലാ മുഖ്യധാരാ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് ഭരണകൂട വിധേയത്വം പുലർത്തുന്ന വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ്. കേരളത്തിലെ മാധ്യമങ്ങളിലും ഇത്തരം ഇടപെടലുകൾ കാണാം. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാടെടുക്കുമ്പോഴുള്ള തീവ്രതയോ വ്യക്തതയോ ഇവർക്ക് ദേശീയ വിഷയങ്ങളിലില്ല. സംഘ് പരിവാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരിന്റെ ഭാഗത്ത് തന്നെയാണോ മലയാളം മാധ്യമങ്ങൾ നിൽക്കുന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ പ്രൈം ടൈം ഡിബേറ്റുകളിലും പ്രത്യേക റിപ്പോർട്ടുകളിലും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ എത്രത്തോളം വരുന്നുണ്ട് എന്ന് പരിശോധിച്ചാൽ ഇത് മനസിലാക്കാം. കർഷക സമരത്തിന്റെ കാര്യമെടുത്താൽ തന്നെ, പൂർണ്ണമായ തലത്തിൽ അത് കവർ ചെയ്യാൻ ഇവിടെ പല മാധ്യമങ്ങളും ശ്രമിച്ചിട്ടില്ല എന്നു കാണാം. ഒരു സർവ്വാധിപത്യ സർക്കാർ സകല മേഖലയെയും വിധേയപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ചിലർ വളരെയെളുപ്പത്തിൽ അതിന് വഴങ്ങിക്കൊടുക്കും. നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന മറ്റൊന്ന് പരസ്യദാതാവിൻറെ രാഷ്ട്രീയമാണ്. അതിന് വിധേയപ്പെട്ടില്ലെങ്കിൽ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാകും. NDTV യുടെ ചരിത്രമൊക്കെ നോക്കിയാൽ അത് മനസ്സിലാക്കാവുന്നതാണ്. നിലനിൽക്കാൻ വേണ്ടി വിധേയപ്പെടുന്നു എന്നതാണ് ചുരുക്കം. അത് ദേശീയ മാധ്യമങ്ങൾ മാത്രമല്ല മലയാളത്തിലായാലും. കുറച്ചെങ്കിലും സ്വതന്ത്രമായ മാധ്യമ പ്രവർത്തനം നടത്തുന്നത് ഡിജിറ്റൽ മീഡിയയാണ്.

എന്നാൽ അവിടെയും നമ്മൾ ഗൗരവമായി കാണേണ്ട ചില പ്രശ്നങ്ങളുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് എന്നത് അവരുടെ പബ്ലിഷിംഗ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും യൂ ട്യൂബും ഗൂഗിളുമാണ്. അവിടെയും കാര്യങ്ങൾ മാറുകയാണ്. ഇപ്പോൾ പുതിയ വാർത്തകൾ വായിക്കുമ്പോൾ, ഫേസ്ബുക്കിന്റെ രാഷ്ട്രീയമെന്താണ്, എങ്ങനെയാണ് അവർ പലതിനെയും സെൻസർ ചെയ്യുന്നത് എന്നെല്ലാം നമ്മൾ ചിന്തിക്കേണ്ടിവരും. മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഭരണകൂടത്തിന് ഇത്തരം പബ്ലിഷിംഗ് പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാൻ കഴിയും എന്ന് നമ്മൾ ഇപ്പോൾ തിരിച്ചറിയുന്നു. ഇതിൽ നമ്മൾ പ്രത്യേകമായി പരിഗണിക്കേണ്ട മാധ്യമമാണ് Caravan. ഭയരഹിതമായും സത്യസന്ധമായും റിപ്പോർട്ട് ചെയ്യാൻ അവർക്ക് ധൈര്യം നൽകുന്നത് പരീക്ഷിച്ച് വിജയിച്ച സബ്സ്ക്രിപ്ഷൻ രീതിയാണ്. യഥാർത്ഥ വാർത്തകൾ അറിയണമെങ്കിൽ അതിന് നിങ്ങൾ മറ്റെന്ത് നിലവാരമുള്ള സാധനങ്ങൾക്കും നൽകുന്നതുപോലെ പൈസ നല്കണം എന്ന് തുടർച്ചയായി പറഞ്ഞ് ഗൗരവമുള്ള ഒരു വായനാ സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ അവർക്കു കഴിഞ്ഞതുകൊണ്ടാണ് ഇങ്ങനെ നിലപാടെടുക്കാൻ കഴിയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ Caravan എടുത്ത് നോക്കിയാൽ ഇന്നത്തെ ഇന്ത്യയെ കാണാം. അത്തരം സബ്സ്ക്രിപ്ഷൻ രീതിയിലേക്ക് മറ്റു സ്വതന്ത്ര മാധ്യമങ്ങൾക്കും കടക്കാൻ കഴിഞ്ഞാൽ അത് വലിയ മുന്നേറ്റമായിരിക്കും. വാർത്തയുടെ മൂല്യത്തിന് ആളുകൾ പണം മുടക്കിയാൽ മാത്രമേ ഇത്തരം ശ്രമങ്ങൾ തുടരാൻ കഴിയൂ. വലിയ പാരമ്പര്യമുള്ള പത്രസ്ഥാപനങ്ങൾ പലയിടത്തും അരാഷ്ട്രീയമാകുമ്പോഴാണ് ഇത്തരം ചർച്ചകൾക്ക് പ്രാധാന്യമുണ്ടാകുന്നത്.
ജനപ്രീയമാവുക എന്നതിനപ്പുറം രാഷ്ട്രീയമാവുക എന്നതാണ് ഇന്ന് പ്രധാനം. ഇത് വൈറലാകുമോ എന്ന് ചിന്തിക്കുന്നതിനപ്പുറം നമ്മൾ പറയേണ്ടതെന്താണ് എന്നും, അതിൻറെ വായനക്കാർ ആരാണെന്നും,അവരുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ചും അവിടെ ഒരു സുബ്സ്ക്രിപ്ഷൻ രീതി കൊണ്ടുവരുന്നതിനെപ്പറ്റിയുമാണ് ആലോചിക്കേണ്ടത്. അങ്ങനെയേ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾക്ക് നിലനിൽപ്പുണ്ടാകൂ. Caravan ആണ് ഏറ്റവും നല്ല ഉദാഹരണം. അവർ തുടരേ ഒരേകോണിൽ നിന്ന് ആക്രമിക്കപ്പെടുന്നത് അതുകൊണ്ടു തന്നെയാണ്. ഭിന്ന സ്വരങ്ങളെയെല്ലാം രാജ്യദ്രോഹമായി മുദ്രകുത്തുന്നത് നമ്മൾ 2014 മുതൽ കാണുന്നതാണ്. അങ്ങനെ ഭരണകൂടം ആകത്താക്കിയവരെ എടുത്ത് നോക്കൂ; വിദ്യാർഥികൾ, ആർട്ടിസ്റ്റുകൾ, അക്കാദമീഷ്യന്മാർ, ജേർണലിസ്റ്റുകൾ, ജെ എൻ യു പോലെയൊരു ക്യാമ്പസ്സിനെത്തന്നെ പൂർണ്ണമായും രാജ്യദ്രോഹികളുടെ ക്യാമ്പസായി മുദ്രകുത്തിയില്ലേ? ഹിന്ദുത്വവിരുദ്ധ നിലപാടെടുക്കുന്നവരെല്ലാം രാജ്യദ്രോഹികളാകുന്നത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. ജനാധിപത്യപരമായ എല്ലാ ചെറുത്തുനിൽപ്പുകളെയും രാജ്യദ്രോഹം ആരോപിച്ച് മറികടക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്.
(ദി ക്യൂ എഡിറ്റർ ആണ് ലേഖകൻ)