
പ്രതിജ്ഞാബദ്ധതയുടെ പുതിയ വാഗ്ദാനം

ഡോ. എസ് എസ് ശ്രീകുമാര്‍
അതീവപ്രസാദാത്മകമായ മലയാള കഥാസാഹിത്യത്തിന്റെ സമകാലികാവസ്ഥയില്‍ തികച്ചും പ്രസക്തമായ പ്രമേയങ്ങളും വ്യത്യസ്തങ്ങളായ പരിചരണവും സ്വീകരിച്ചു കൊണ്ട് വായനക്കാരെ സ്വാധീനിച്ച ഒരെഴുത്തുകാരനായാണ് ഞാന്‍ വി എച്ച് നിഷാദിനെ അടയാളെപ്പെടുത്താനാഗ്രഹിക്കുന്നത്.’മലാല ടാക്കീസ് ‘ എന്ന കഥാ സമാഹാരത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന കഥകള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നു. കഥയിലെ അങ്ങാടി നിയമങ്ങളുടെ പ്രലോഭനത്തിന് വശപ്പെടാത്ത ഒരെഴുത്തുകാരനെയാണ് ഈ കഥകള്‍ പ്രകടമാക്കുന്നത്.
‘മലാല ടാക്കീസ് ‘ എന്ന ആദ്യ കഥ തന്നെ ഇതിനേറ്റവും നല്ല ഉദാഹരണം. സ്വത്വരാഷ്ട്രീയത്തിന്റെ അതി തീവ്ര സ്വഭാവം ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിം ജനതയെ വിമര്‍ശനങ്ങളെ അസാധ്യമാക്കുന്ന ഒരു കേവലതയായി പരിഗണിച്ചു കാണാറുണ്ട്. മലയാള സാഹിത്യത്തിലെ മുസ്ലിം പ്രതിനിധാനത്തിന്റെ ഋണാത്മക സ്വഭാവത്തെ ചെറുത്തു നില്‍ക്കാനായി ബോധപൂര്‍വ്വം സാഹിത്യ രചനയാരംഭിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അതേ സമയം തന്നെ സ്വസമുദായത്തിന്റെ ആന്തരിക ജീര്ണ്ണതകളെന്നു താന്‍ കരുതിയ വിദ്യാഭ്യാസ പരാങ്മുഖത്വം,യാഥാസ്ഥിതികത,വ്യക്തി ജീവിതത്തെ ബാധിക്കുന്ന പൗരോഹിത്യത്തിന്റെ ഇടപെടല്‍,ധനത്തിനും അധികാരത്തിനും പ്രാമാണ്യം നല്കുന്ന പ്രവണത എന്നിവയ്ക്കെതിരെ തൂലിക ചലിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ മതനിരപേക്ഷതയുടെ ശക്തനായ വക്താവായിരുന്ന എന്‍ പി മുഹമ്മദും സമസ്വഭാവിയായ കഥകള്‍ മൂന്നോട്ടു വെച്ചിട്ടുണ്ട്. ഈ പാരമ്പര്യത്തിലുള്‍പ്പെടുന്ന പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് നിഷാദ് എന്ന് ‘മലാലാ ടാക്കീസ്’വ്യക്തമാക്കുന്നു. അതേ സമയം ബഷീറിന്റേയും എന്‍ പിയുടേയും കാലത്തില്‍ നിന്നു വ്യത്യസ്തമായി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുസ്ലിം സമുദായം അപരവല്‍ക്കരണങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും തുടരെ ഇരയായിക്കൊണ്ടിരിക്കുകയാണ്.
അതിനെതിരായ പ്രതികരണങ്ങളാല്‍ സ്വാഭാവികമായും മുഖരിതമാണ് സമകാലിക കഥാലോകം. സാമൂഹികതയുടെ ശക്തമായ തിരിച്ചറിവോടു കൂടി മാത്രമേ ഫലപ്രദമായി ഇതിനെ ചെറുത്തു നില്‍ക്കാനാവൂ എന്ന സത്യത്തെ മനസ്സിനെ അലട്ടുന്ന ഒരു അനുഭവമായി അവതരിപ്പിക്കുകയാണ് ‘മലാല ടാക്കീസ് ‘ എന്ന കഥയില്‍. പത്താംതരം കഴിഞ്ഞ് കംപ്യൂട്ടര്‍ ക്ലാസ്സുകളുമൊക്കെയായി കടന്നു പോകുന്ന ഒരു മുസ്ലിം യുവതിയുടെ വക്തൃ സ്ഥാനത്തു നിന്നാണ് ഈ കഥ രൂപപ്പെടുന്നത്. ഉമ്മയും രണ്ട് എളേമ്മമാരും മൂത്ത സഹോദരിയുമുള്പ്പെടുന്നതാണ് അവരുടെ കുടുംബം. ഉപ്പൂപ്പയും ഉപ്പയും ചെന്നൈയില്‍ വ്യാപാരികളാണ്. അവളെ ഇനിയും പഠിച്ചുയരണം എന്നു പ്രചോദിപ്പിക്കാറുള്ള ഹസ്സനെളേപ്പയ്ക്ക് സമയബന്ധിതമായി ഉന്മാദം പിടിപെടാറുണ്ട് എന്ന് നേരത്തെ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ആ വീട് സന്ദര്‍ശിക്കുമ്പോഴൊക്കെ ഉന്മാദവേളകളില് അയാളില്‍ നിറയുന്നത് തന്റെ സഹജീവികളായ സ്ത്രീകളെക്കൂടി പങ്കാൡകളാക്കി സര്‍ഗാത്മകതയുടെ ഊര്‍ജ്ജം അവര്‍ക്കായി കൂടി പങ്കിടുക എന്നതാണ്.
പൊതുബോധം ഉന്മാദമെന്ന് പരിഗണിക്കുന്ന ആ സര്ഗാത്മകോര്ജ്ജം ആ വീടിന്റെ മനുഷ്യസ്പര്ശമേക്കാതിരുന്ന മച്ചിനെ ആന്‍ഫ്രാങ്ക് യൂണിവേഴ്സിറ്റിയും കമലാ സുരയ്യാ ഗ്രന്ഥാലയവും മലാലാടാക്കീസുമായി പരിവര്‍ത്തിപ്പിക്കുന്നു. ഇംഗ്ലിഷ് ഭാഷാ പഠനത്തിലൂടെയും വായനയിലൂടെയും നല്ല ചലച്ചിത്രങ്ങളിലൂടെയും സാംസ്കാരികമായി പരിണമിച്ച ആ സ്ത്രീകള്‍ വല്ലപ്പോഴുമെത്തുന്ന പുരുഷ മേധാവികളായ പിതൃസ്വരൂപങ്ങളെ അസ്വസ്ഥരാക്കുന്നു.
അതിനു പിന്നിലവര് കണ്ടെത്തിയ ഹസ്സനെളേപ്പ എന്ന കലാപകാരിയെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെ സഹായത്തോടെ ഓരോ തവണയും മനോരോഗ ചികില്സാലയത്തിലെത്തിക്കാന് അവര്‍ക്കു കഴിയുന്നു. മച്ചിലോട്ട് ഒളിച്ചു കടത്തിയ ടെലിവിഷനും അനുബന്ധോപകരണങ്ങളുമുപയോഗിച്ച് നവീന ചലച്ചിത്രങ്ങളിലേക്ക് ആസ്വാദനപരമായി സഞ്ചരിച്ചിരുന്ന ആ പെണ്‍ലോകം ചെന്നൈയില്‍ മരിച്ച ഉപ്പൂപ്പായുടെ മൃതദേഹമെത്തുന്നത് അറിയുന്നില്ല. വാപ്പയും നാട്ടുകാരും ചേര്‍ന്ന് അടുത്ത തവണയും ഹസ്സനെ മനോരോഗ ചികില്സാലയത്തിലേക്ക് കൊണ്ടു പോകുമ്പോള്‍ വിലാപം കൊണ്ടതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന ആത്മബോധത്തിലേക്കുയര്‍ന്ന ഒരു ഗാര്ഹികസ്ത്രീസമൂഹത്തെ ചിത്രീകരിച്ചുകൊണ്ടാണ് നിഷാദ് ‘മലാല ടാക്കീസ ്’പൂര്‍ത്തിയാക്കുന്നത്.
മലയാള കഥയുടെ നവോത്ഥാന-പുരോഗമന കാലഘട്ടങ്ങളില്‍ ഇടതുപക്ഷോന്മുഖമായ പ്രതിജ്ഞാബദ്ധതയാണ് പ്രകടമായിരുന്നത്. എന്നാല്‍ പുതിയ മലയാള കഥയുടെ സജീവപ്രവണതയായ കക്ഷി രാഷ്ട്രീയ നിരപേക്ഷമായ യഥാര്‍ത്ഥ മാനവികതയോടുള്ള പ്രതിജ്ഞാബദ്ധതയാണ് പല മാനങ്ങളില്‍ പ്രകടമാകുന്നതെന്ന് നമുക്ക് കാണാം. നിഷാദിന്റെ കഥകള്‍ നില്ക്കുന്ന പൊതുസ്ഥാനവും ഇതു തന്നെ.
ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള പ്രതിജ്ഞാബദ്ധതകൊണ്ടനുഗൃഹീതരായിരുന്നു കവികളായിരുന്ന പാബ്ലോ നെരൂദയും ബെര്‍ടോള്‍ഡ് ബെഹ്തും. നിരര്‍ത്ഥകതയുടെ പ്രത്യയശാസ്ത്രമുയര്ത്തിപ്പിടിച്ചു കൊണ്ട് ആഗോളാധുനികത സര്വ്വംഗ്രാഹകമായ ഒരു സാഹിതീയ പ്രതിഭാസമായിരുന്ന കാലത്തു തന്നെ തങ്ങളെ മനുഷ്യ ലക്ഷങ്ങളോട് പ്രതിജ്ഞാബദ്ധമാക്കുന്ന മാനവിക ശക്തിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇരുവരും കണ്ടു. തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ച അവരുടെ സമസ്വഭാവിയായ കവിതകളുണ്ട്. തന്റെ നാട്ടിലെ പെണ്‍കുട്ടികളുടെ മാറിടം ഇപ്പോഴും ഊഷ്മളമായിരിക്കെ മുക്കുവരുടെ തകര്‍ന്ന വലക്കണ്ണികളും വെള്ളവലിക്കാരന്റെ കണ്ണിലെ ഭീതിയുമാണ് തന്നെ എഴുത്തിലേക്ക് നയിക്കുന്നതെന്ന് ബ്രെഹ്ത് എഴുതി. എന്തു കൊണ്ട് തന്റെ കവിത ചിലിയിലെ അഗ്നിപര്‍വ്വതങ്ങളെക്കുറിച്ചും നാട്ടിലെ ആപ്പിള്പഴങ്ങളെക്കുറിച്ചും എഴുതുന്നില്ല എന്നതിനുത്തരമായി ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’ എന്നാണ് നെരൂദ എഴുതിയത്.
പാര്‍ലമെന്ററി ജനാധിപത്യമെന്ന പന്നിക്കൂടിനോടൊത്തുതീര്പ്പു നടത്തി രാഷട്രീയാധികാരത്തിനു വേണ്ടി, ജനങ്ങളുടെ സമ്മതിക്കു വേണ്ടി സമ്മര്‍ദ്ദഗ്രൂപ്പുകളായി തീര്‍ന്ന പ്രതിലോമ ശക്തികളോട് നൈതികതയില്ലാതെ സന്ധി ചെയ്യുന്ന ഒന്നായിരുന്നില്ല അവരുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അന്ന് പ്രതിജ്ഞാബദ്ധത എന്ന പദത്തില്‍ സര്‍ഗാത്മകതയുടെ ഊര്‍ജ്ജമുണ്ടായിരുന്നു. ഇന്ന് ആ വാക്ക് ചീഞ്ഞഴുകിപ്പോയിരിക്കുന്നു. അതുകൊണ്ടായിരിക്കാം പുതിയ മലയാള കഥയുടെ ഏറ്റവും പുതിയ സവിശേഷതകളെ അടയാളപ്പെടുത്താന്‍ വാക്കുകള്‍ കിട്ടാതെ നാം ഇരുട്ടില്‍ തപ്പുന്നത്.
കക്ഷി രാഷ്ട്രീയത്തോട,് അതിന്റെ നിലപാടില്ലായ്മകളോട് ചെറുത്തു നിന്നുകൊണ്ട് അവഗണിത മനുഷ്യന്റെ ഒച്ചയായി മാറുകയാണ് പുതിയ എഴുത്തുകാരുടെ കഥകളിലെ നല്ലൊരു പങ്കും. കക്ഷി രാഷ്ട്രീയം മാത്രമല്ല, വ്യവസ്ഥാപിതമായിത്തീര്ന്ന സ്ത്രീവാദ രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയ പ്രവണതകളും വരെ പുതിയ കഥയില്‍ വിമര്‍ശന വിധേയാകുന്നു. അമലിന്റെ ‘മീശ പിരിച്ചവള്‍’ എന്ന കഥ ഓര്‍ക്കുക. പുതിയ കഥാകാരന്മാര്ക്കൊപ്പം ഈ സമരത്തില്‍ പങ്കെടുക്കുന്ന ഒരെഴുത്തുകാരനാണ് വി എച്ച് നിഷാദ്. പുതിയ പ്രതിജ്ഞാബദ്ധതയുടെ വ്യക്തമായ സന്ദേശം അയാളുടെ ചെറുകഥകള്‍ നല്കുന്നു. ദില്ലിയിലെ മുനിര്‍ക്ക എന്ന ഗലിയിലെ ഒരൊറ്റമുറി വാടകവീട്ടില്‍ കഴിയുന്ന ആറംഗങ്ങളുള്ള ഒരു കുടുംബത്തിലെ നവ വിവാഹിതനായ കുന്ദന്‍ അനുഭവിക്കുന്ന പ്രശ്നമാണ് ഭാര്യയുമായി സ്നേഹം പങ്കിടാന്‍ ഭൗതികസാഹചര്യങ്ങളനുവദിക്കുന്നില്ല എന്നത്.
വിവാഹപൂര്‍വം ദല്‍ഹിയിലെ കാമുകര്‍ തങ്ങളുടെ കാമുകിമാരെ വശപ്പെടുത്താനുപയോഗിക്കുന്ന വിലകുറഞ്ഞ അടവുകള്‍ കൗതുകപൂര്‍വം കണ്ടു നിന്ന കുന്ദന്‍ ഇന്നിപ്പോള്‍ തന്റെ ദാമ്പത്യ പ്രണയത്തിന്റെ നൈഷ്ഫല്യത്തിനിരയാകേണ്ടി വരുന്നു.
ഭൗതിക സാഹചര്യങ്ങളിലെ പരിമിതികളാണതിനു കാരണം. ചെരിപ്പു ഫാക്ടറിയിലെ തൊഴിലാളിയായ കുന്ദന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അതിനായി പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാവുകയാണ്. കുന്ദനെപ്പോലെയുള്ള അനവധി യുവാക്കള്‍ അനുഭവിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് ഭൗതിക സാഹചര്യങ്ങളിലെ ഇല്ലായ്മകള്‍ അവരുടെ നൈസര്‍ഗ്ഗിക മനുഷ്യചോദനകളെ ദമനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്നത്.
ദില്ലി തന്നെ കേന്ദ്രമാകുന്ന മറ്റൊരു കഥയാണ് ‘മുഷിഞ്ഞ കടലാസ് ‘. ഹിന്ദി ഭാഷ പഠിക്കാനുള്ള കഴിവില്ലായ്മകൊണ്ട് ആഖ്യാതാവിന്റെ മുറിയില്‍ അയാള്‍ക്കു പാചകം ചെയ്തു കൊടുത്ത് കഴിയുകയാണ് അരവിന്ദന്. മറ്റൊരു സുഹൃത്തിനൊപ്പം ദില്ലിയിലെത്തി തന്റെ പരിചയം ഉപയോഗിച്ച് മുറിയില്‍ കയറിക്കൂടിയ അരവിന്ദനോടയാള്ക്കു വെറുപ്പാണ്. വാരാന്ത്യങ്ങളില്‍ മറ്റു മലയാളിക്കമ്പനികളില് ചെന്നു പെട്ട് തിങ്കളാഴ്ച വീണ്ടും തന്റെ മുറിയിലേക്ക് മടങ്ങിയെത്തുന്ന അരവിന്ദനെ ഒരു തൊഴില്‍ തേടാന്‍ ആഖ്യാതാവ് നിര്‍ബന്ധിക്കുന്നു. പത്രപ്രവര്‍ത്തകനായ ആഖ്യാതാവ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞെത്തുമ്പോള്‍ തനിക്കും സെക്യൂരിറ്റിയായി ജോലി കിട്ടിയെന്നു പറഞ്ഞ് രണ്ടു കിലോ ചിക്കനുമായാണ് അരവിന്ദനെത്തിയത്.
ഒരു ദിവസം റിപ്പോര്‍ട്ടിംഗിനിടെ ഒരു പോഷ് കാറില്‍ അരവിന്ദന് സില്ക്കു ഷര്‍ട്ടിട്ട് ചീറിപ്പാഞ്ഞു പോകുന്നത് ആഖ്യാതാവ് കണ്ടു. പിറ്റേന്ന് ഒഴിവു ദിനത്തില്‍ വീടിനടുത്തു വന്നു നിന്ന കാറില്‍ നിന്ന് മുഷിഞ്ഞ കടലാസു പോലുള്ള മുഖവുമായി ഇറച്ചിപ്പൊതിയോടെ അരവിന്ദനെത്തി. ക്ഷീണിതനായി ഉറങ്ങുന്ന അവനെ പുതപ്പോടെ ചേര്‍ത്തു പിടിച്ച ആഖ്യാതാവിലാണ് കഥാന്ത്യം. ധ്വനി മര്യാദയോടെ അരവിന്ദന്റ രാത്രി ജീവിതത്തിന്റെ പിന്നാമ്പുറങ്ങള്‍ സൂചിപ്പിക്കപ്പെടുന്നു. രാത്രിയുടെ മുഷിഞ്ഞ കടലാസ് ഇനി ഒരിക്കലും അവന് കാണല്ലേ എന്ന് ആ പകലില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.
സാമൂഹികമായ ഇത്തരം ആകുലതകളില്‍ നിന്നകന്ന് തികച്ചും ഭാവാത്മകതയെ ഉപാസിക്കുന്ന ഒരു കഥയാണ് ഈ സമാഹാരത്തിലെ ‘പെണ്‍കുട്ടിയും തടാകവും’. താനോടിച്ചു വന്ന സ്കൂട്ടറുപേക്ഷിച്ച് വിവസ്ത്രയായി കാമുകഭാവമുള്ള തടാകത്തിലേക്ക് കൈ ഞരമ്പു മുറിച്ച് ഇറങ്ങിച്ചെല്ലുന്ന പെണ്‍കുട്ടി ഈ വരണ്ട പരാവര്‍ത്തന വാക്യങ്ങള്ക്കപ്പുറത്ത് തീക്ഷ്ണമായ വൈകാരികാനുഭവമാണ് സമ്മാനിക്കുന്നതെന്ന് അതീവ ഹ്രസ്വമായ ഈ കഥയിലേക്ക് കടന്നാലറിയാം. പുതു തലമുറയുടെ നവസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്പര സമ്പര്‍ക്കവും അതിലുളവാകുന്ന തെറ്റിദ്ധാരണകളും ‘ജുവതി’ എന്ന കഥയിലുണ്ട്.
അസംഘടിതരെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ കിടന്നു കൊണ്ട് നവ മാധ്യമങ്ങളിലൂടെ ഒന്നാകുന്ന പുതുതലമുറയിലാണ് ഞാന്‍ നൈതികതയുടെ അനുഗ്രഹീതത്വം കാണുന്നത്. സമ കാലത്ത് കേരളത്തിന്റെ അപകടനേരങ്ങളില്‍ നവ മാധ്യമങ്ങളുടെ തുറസ്സുകളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രോഗങ്ങള്‍ക്കെതിരെയുള്ള ശക്തമായ ചെറുത്തു നില്പും സാധ്യമാക്കിയ ഇവര്‍ തന്നെയാണ് സര്‍ക്കാരുകളുടെ മുന്‍ കയ്യില്‍ ലിപി പരിഷ്കരണത്തിലൂടെയും ചരടുകളുണ്ടായിരുന്ന ധനസഹായം കൈപ്പറ്റിയ സാങ്കേതിക ശബ്ദാവലി നിര്‍മ്മാണത്തിലൂടെയും നശിപ്പിച്ച മലയാള ഭാഷയെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ തന്നെയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തെ ഗുണപരമായും ജനാധിപത്യപരമായും മുന്നോട്ടു നയിക്കുന്നതും.
ആത്മ പരിഹാസത്തെ കരുവാക്കിക്കൊണ്ട് തങ്ങളുടെ നിര്‍ദാക്ഷിണ്യ സാമൂഹ്യ വിമര്‍ശനത്തെ സാധൂകരിക്കുന്ന ഇവര്‍ തങ്ങളെപ്പോലെ അസംഘടിതരായ കേരളത്തിലെ ദരിദ്ര കീഴാള ജീവിതങ്ങളേയും തകരുന്ന പരിസ്ഥിതിയേയും അധികാരത്തിന്റെ മൂലധനാസക്തികളേയും ചോദ്യം ചെയ്യുന്നു. ഒരു കൊച്ചു പെണ്‍കുട്ടി കേന്ദ്ര കഥാപാത്രമായി ചിത്രീകരിക്കാനുദ്ദേശിക്കുന്ന ചലച്ചിത്രത്തിലഭിനയിക്കാനെത്തിയ കവിമൊഴി എന്ന പെണ്‍കുട്ടി ചിത്രീകരണത്തിന്റെ അനിവാര്യതയായ റീ ടേക്കിനു വിസമ്മതിക്കുന്നതാണ് ‘ഒരു കുട്ടിപ്പടത്തിന്റെ ഷൂട്ടിംഗ് ‘ എന്ന കഥ. താന്‍ കണ്ട ഒരു ചിത്രത്തിലും ഒരു ഷോട്ടും ആവര്ത്തിക്കാതിരിക്കെ രണ്ടു തവണ നന്നായി സംഭാഷണമുരുവിട്ട താന്‍ ഇനി എന്തിനതു ചെയ്യണം എന്നാണ് കവിമൊഴിയുടെ നിഷ്കളങ്കമായ ചോദ്യം!
നഷ്ടമാകുന്ന സൗഹൃദങ്ങളേയും പൊതു ഇടങ്ങളേയും കുറിച്ച് വ്യാകുലപ്പെടുന്ന പത്മരാജനെന്ന പപ്പന് നഗരത്തിലെ സംഗീത വിരുന്നിനു ശേഷം തിരികെ വരും വഴി ഒരു പൊട്ടക്കിണറ്റിലേക്കു വീഴുന്നു.അവിടെ നിന്ന് പഴയ സൗഹൃദങ്ങളും ഒരുമിച്ചുള്ള ജീവിതവും അതില്‍ നിന്നോരുത്തരായി പിന്വാങ്ങുന്നതുമൊക്കെ ഓര്‍ക്കുകയാണ്.
ചാര്‍ജ് തീരാറായ ഫോണില്‍ നിന്ന് വിഫലമായി സുഹൃത്തുക്കളെ വിളിച്ച് പരാജയപ്പെടുന്ന പപ്പനെയാണ് ‘കിണര്‍ ഒരു മനുഷ്യന്റെ ആഴമാണ് ‘ എന്ന കഥ ചിത്രീകരിക്കുന്നത്. എഴുത്തുകാരന്റെ നിലപാട് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന കഥയാണിത്.
അണുകുടുംബങ്ങളിലെ സ്നേഹരാഹിത്യത്തില്‍ വേദനിക്കുന്ന ഒരു വ്യക്തിയെ ‘കരയുന്ന പൈപ്പ് ‘ എന്ന കഥ അവതരിപ്പിക്കുന്നു. ക്യു മെയില്‍ സമകാലിക സമൂഹത്തിലെ മനുഷ്യത്വ വിശോഷണത്തെ ആഴത്തില്‍ കോറിയിടുന്ന കഥയാണ്. അന്ധതയെ ആഘോഷമാക്കി ഒരു തീമാറ്റിക് റെസ്റ്റോറന്റ് നടത്തുന്ന രോഹിത്-നിള ദമ്പതിമാരെ അവതരിപ്പിക്കുന്ന കഥയാണ് ‘ഡാര്‍ക്ക് ഫാന്റസി’. ഒരു പത്രപ്രവര്‍ത്തകയായ സുഹാനിയാണ് ഇവിടെ കര്തൃ സ്ഥാനത്ത്.
ആത്മീയമായ വിഷാദം കറുത്തു നില്ക്കുന്ന ഒരു രാത്രിയുടെ ആദ്യ ഖണ്ഡത്തിലാണ് പത്രമോഫീസില്‍ നിന്ന് പാര്‍പ്പിടത്തിലേക്ക് പോകുന്ന തന്റെ കാറിനുമുമ്പില്‍ പെട്ട, കൗമാരത്തില്‍ നിന്നു യൗവനത്തിലേക്ക് തുലഞ്ഞുപോയ ഒരു തന്റേടിയെ പെണ്‍കുട്ടി രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ‘ഒറ്റ രാത്രിയുടെ രാജകുമാരന്’ എന്ന മനോഹരമായ കഥയില്‍ നാം ഈ വര്ണ്ണയിലേക്കാണ് വന്നുവീഴുന്നത്. ഇളകിയാടി റോഡില്‍ നിലകൊള്ളുന്ന ആ തന്റേടിയെ ‘റോഡിനു നടുവില്‍ വേഗത്തില്‍ ഒരു ബ്രാക്കറ്റു വരച്ചതുപോലെ’ വണ്ടി നിര്‍ത്തി വായില്‍ വന്ന പാതിവെന്ത തെറി വിഴുങ്ങി ഏതോ ഉത്കണ്ഠ ഏറ്റുപിടിച്ച മാതിരി എത്തിപ്പിടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന അവളെ ആഖ്യാനം ചെയ്യുന്നത് മേല്‍ സൂചിപ്പിച്ച ലളിതോപമകള് കൊണ്ടാണ്. അതീവ ലളിതമായ ഈ സാമ്യോക്തികളിലൂടെയാണ് അത്യന്തം ഭാവാത്മകമായ ഈ കഥ വാര്ന്നുവീഴുന്നത്.
ഒടിച്ചു വെച്ച കമ്പുപോലെ കാറിലിരിക്കുന്ന അയാള്‍, കഴുത്തിലെ ജീവിതാസക്തിയോടെ പിണഞ്ഞോടുന്ന രക്തം നിറഞ്ഞ ഞരമ്പുകള്‍.. എന്നിങ്ങനെ വീണ്ടും സാമ്യകല്പനകള് കടന്നുവരുന്നു.
ദാമ്പത്യം എന്ന സംവിധാനത്തെ വിചാരണ ചെയ്തുകൊണ്ട് കേന്ദ്രകഥാപാത്രമായ നിലീന ‘അപരിചിതയായ ഒരു സ്ത്രീയും അപരിചിതനായ ഒരു പുരുഷനും ആയിരിക്കുക എളുപ്പമാണ്. അതിനെതിരെയാണ് ദാമ്പത്യം’ എന്ന് ചിന്തിക്കുന്നു. ശൂന്യമായ റോഡരികില്‍ ഇരുമ്പില്‍ പണിത സ്തൂപങ്ങള്‍ പോലെ നില്ക്കുന്ന മരങ്ങള്‍ അവള്ക്കിന്നുവരെ അദൃശ്യമായിരുന്നു. ഏതായാലും മുറിയിലേക്ക് കൂടെ കൂട്ടിയ അവന് ഉറക്കമായെങ്കിലും നിലീന കുളിച്ച് വസ്ത്രങ്ങള്‍ മാറി അവനൊപ്പം ശയിക്കുന്നു. ആ വിഫലശയനത്തിനുശേഷം പിറ്റേന്നു രാവിലെ ജീവിതത്തില്‍ പുതിയൊരു പ്രസരിപ്പ് അകമ്പടിയായി വന്ന അവള് പേര് പോലും ചോദിക്കാതെ തലേന്നു കണ്ടിടത്ത് അയാളെ ഇറക്കിവിട്ട് കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഔപചാരികതകളില്ലാതെ പകല്‍ വീണ്ടും തുടങ്ങിയതു പോലെ അവള്‍ക്ക് തോന്നുന്നു. അവിടെയാണ് കഥാന്ത്യം.
അതീവഹ്രസ്വമായ ഈ കഥയും സൂക്ഷ്മഭാവങ്ങളുടെ അവതരണവും തനിക്കന്യമല്ല എന്നു സൂചിപ്പിക്കുന്നു. ‘മലാല ടാക്കീസ്’, ‘മുനിര്‍ക്കയിലെ ഒറ്റമുറി വീടുകള്‍’ എന്നിവയിലെന്നപോലെ തന്നെ വ്യവസ്ഥാപിതത്വത്തെ എതിര്‍ക്കുന്ന കഥയാണിതും. സത്യസന്ധരായ മനുഷ്യര്‍ക്ക് ചിരപരിചിതത്വത്തിന്റെ വൈരസ്യം സമ്മാനിക്കുന്ന ദാമ്പത്യം എന്ന അധികാരസ്ഥാപനത്തെയാണ് സൂക്ഷ്മമായി തന്റെ ഭാവാത്മകതയെക്കൊണ്ട് നിഷാദ് തകര്‍ത്തെറിയുന്നത്.
അന്തരീക്ഷസൃഷ്ടിയില്‍ വളരെയേറെ ശ്രദ്ധ വെച്ച മറ്റൊരു കഥയാണ് ‘ബോബനും മോളിയും’. ടോംസിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ അനശ്വരരായ ബോബനും മോളിയും ഈ കഥയില്‍ നല്ല വായനക്കാരായ ദമ്പതികളായി പുസ്തകശാലയില്‍ ഒരേ പുസ്തകത്തിന്റെ രണ്ടു പ്രതികള്‍ വീതം വാങ്ങി വായിക്കുന്ന അസാധാരണരാണ്. പുസ്തകശാലയിലെ മനോജെന്ന സെയില്‍സ് മാനേജരെ ആഖ്യാനകേന്ദ്രമാക്കിയാണ് ഈ കഥ മുന്നോട്ട് നീങ്ങുന്നത്. പുസ്തകങ്ങളെ അത്രമേല്‍ സ്നേഹിക്കുന്ന ആ യുവാവ് കൗമാരകാലത്തേ പുസ്തകങ്ങളുടെ ഒരു സമാന്തര ലോകം തന്റെ വീട്ടില്‍ പണിതിരുന്നു. പുസ്തകഭ്രമംകൊണ്ട് അയാളുടെ വിവാഹാലോചന സ്വീകരിച്ച ഭാര്യ കുടുംബകലഹവേളകളില് അയാളെ ആക്രമിക്കുന്നത് ഇതേ പുസ്തക സ്നേഹത്തെ ആധാരമാക്കിയാണ്. തുണിക്കവറില്‍ നിറച്ച് തലയിണയാക്കാന്‍ വരെ അവള്‍ക്കു തോന്നുന്ന ഈ പുസ്തകങ്ങളായിരുന്നു ആദ്യ പ്രേമത്തിന്റെ തകര്‍ച്ചയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മനോജിനെ താങ്ങിയത്. പ്രകാശഭരിതവും ദയാവായ്പ്പുള്ളതും സ്നേഹം നിറഞ്ഞതുമായ ഒരു ലോകം അവന് കാട്ടിക്കൊടുത്തു അവ.
പുസ്തകങ്ങളും സമൃദ്ധമാകരുത് എന്ന തത്വം അയാള്‍ നിരാകരിക്കുന്നു. അയാള്‍ക്കു മുന്നില്‍ പുസ്തക സ്നേഹം ദൃഢമാക്കിയ ദാമ്പത്യത്തിന് അപരമാതൃകയായി ബോബന്-മോളി ദമ്പതികള്‍ ദൃശ്യമാകുന്നു. അവരുമായുള്ള ബന്ധം ആ വായനാദമ്പതികളുടെ ഭൂതവര്‍ത്തമാനങ്ങള്‍ മനോജിനു മുന്പില് വ്യക്തമാക്കുന്നു. പഠനകാലത്ത് റീഡേഴ്സ് സര്‍ക്കിളിലൂടെ പരസ്പരം ബന്ധപ്പെട്ട അവര്‍ വിവാഹിതരായി കഴിയുമ്പോഴും വായന തുടരുന്നു. ഒരേ പുസ്തകത്തിന്റെ രണ്ടു പ്രതികള്‍ കയ്യിലെടുത്ത് അത് രാവിലെ കടല്ക്കരയിലെ ബെഞ്ചിലോ പാര്‍ക്കിലോ ഇരുന്ന് ഒരേ സമയം അവര്‍ വായിക്കുന്നു. കഥയവസാനിക്കുമ്പോള്‍ മോളി മാത്രമാണ് പുസ്തകശാലയിലെത്തുന്നത്. അരുന്ധതിയുടെ പുതിയ നോവല്‍ വായിച്ചുകൊണ്ടിരുന്ന അവരെ കടല്‍ക്കാറ്റ് വലിച്ചെടുത്തു. പാറിപ്പോയ പുസ്തകത്തിനു പിന്നാലെയോടിയ ബോബന് കടല്ത്തിരയില്പ്പെട്ടു മരിച്ചു. ആറാം നാളാണ് ശരീരം കിട്ടിയത്. മീനുകള്‍ വായിച്ചു തീര്‍ന്ന ശരീരമായിരുന്നു അയാളുടേത്. ഈ കഥകള്‍ പറഞ്ഞു തീര്‍ന്ന് വീണ്ടും രണ്ടു കോപ്പികളുള്ള പുസ്തകങ്ങളും വാങ്ങി അവയടങ്ങിയ സഞ്ചികള്‍ പേരക്കുട്ടികളെപ്പോലെ തൂക്കി മടങ്ങുകയാണ് മോളി മണവാളന്.മരിച്ചിട്ടും മണവാളനെ വായനയിലൂടെ ഓര്‍ത്തെടുക്കുന്ന മോളിയുടെ ദൂരെയകലുന്ന സുന്ദരദൃശ്യം കണ്ട് മനസ്സിലായതുപോലെ കണ്ണടച്ച് തലകുലുക്കി ആസ്വദിക്കുന്ന മനോജിലാണ് കഥാന്ത്യം. വ്യത്യസ്ത പ്രമേയങ്ങളും പരിചരണരീതിയും സ്വീകരിക്കുന്ന ഈ രണ്ടു കഥകളും സമകാലിക ദാമ്പത്യത്തെ വിചാരണ ചെയ്യുന്നതത്രേ. അതുകൊണ്ടു തന്നെ ഭാവാത്മകമായി രാഷ്ട്രീയ കഥകള്‍ എഴുതാനുള്ള തന്റെ സാമര്‍ത്ഥ്യം നിഷാദ് ഈ കഥകളില്‍ പ്രദര്‍ശിപ്പിക്കുന്നു.
സമകാലിക മലയാള ചെറുകഥയില്‍ തന്റെ സ്ഥാനം ഇളക്കിവെച്ചുറപ്പിക്കുകയാണ് ‘മലാലാ ടാക്കീസ്’ എന്ന പുതിയ കഥാ സമാഹാരത്തിലൂടെ വി എച്ച് നിഷാദ്. പുതിയ പ്രതിജ്ഞാബദ്ധത കൊണ്ട് അനുഗ്രഹീതമായ ഈ കഥകള്‍ മൂര്‍ത്തമായ ഭൗതിക ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. അതേ സമയം ഭാവാത്മകതയുടെ ഒരന്തരീക്ഷം പൊതുവേ ഈ കഥകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.