
തഞ്ചാവൂരെ ശില്പങ്ങൾ

എം. പ്രശാന്ത്
കൊട്ടും കുരവയുമായി നൃത്തം വയ്ക്കുന്ന സംഘം ശവമഞ്ചമേറ്റി ജിതേഷിനെ കടന്നുപോയി. വാഹനങ്ങളുടെ അകമ്പടി ഒന്നടങ്ങി എന്നായപ്പോൾ അയാൾ നിരത്ത് മുറിച്ചുകടന്നു.
കെട്ടിടത്തിന് ചുറ്റും പല ട്രാക്കുകളിലായി കിടക്കുന്ന ബസ്സുകളെ കണ്ടപ്പോൾ ഏതോ തമിഴ് സിനിമയിലൂടെ താൻ കടന്നുപോവുകയാണോ എന്ന് തോന്നി.
“യാരടാ അങ്കെ, എൻ കൺമുന്നാടിയാ വെളയാട്ടം.” പോലീസുകാരൻ തൊപ്പി ശരിയാക്കിക്കൊണ്ട് തല്ലുകൂടുന്നവർക്കിടയിലേക്ക് പാഞ്ഞടുത്തു.
ആൾക്കൂട്ടത്തിനിടയിലൂടെ, ലഹളക്കിടയിലൂടെ, ബാഗ് നഷ്ടപ്പെടാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിച്ച്, ബസ്സ് നിൽക്കുന്നിടം ലക്ഷ്യമാക്കി ജിതേഷ് നടത്തം വേഗത്തിലാക്കി.
“എന്തൊരു ചൂടാണിത്. പകല് തുടങ്ങുന്നതേ തീകൊണ്ടാണ്.” ജിതേഷ് ഫോണിൽ സുനിതയോട് പരാതിപ്പെട്ടു.
“മാറ്റർ വേഗം അയച്ചോ, പുള്ളിക്കാരൻ ഇവിടെക്കിടന്ന് തുടല് പൊട്ടിക്കുന്നുണ്ട്.” സുനിത മറുതലക്കൽ ചിരിച്ചു.
ബസ്റ്റാന്റിന് അടുത്തായി തന്നെ മുറി എടുത്തതാണ്. ഒരുവട്ടം കൂടി ക്ഷേത്രത്തിൽ കറങ്ങിയിട്ടാണ് തിരിച്ചെത്തിയത്. മുറി പൂട്ടി ഇറങ്ങുമ്പോൾ വേഗം തിരുച്ചിറപ്പള്ളിയിലേക്ക് ബസ്സ് കയറണമെന്നും എട്ടുമണിക്കുള്ള ടിഗാർഡ് എക്സ്പ്രസ്സിൽ നാട് പിടിക്കണമെന്നുമേ ജിതേഷിന് തോന്നിയുള്ളു.
ബഹളക്കാരെ ഓടിച്ചു വിട്ടതിന് ശേഷം ചായക്ക് ഓർഡർ കൊടുത്ത് നിൽക്കുമ്പോൾ പോലീസുകാരൻ കിതച്ചു. ഇയാളിതെപ്പോഴാണ് തന്റെ അരികിലെത്തിയതെന്ന് അത്ഭുതമായി ജിതേഷിന്.
“അത് വന്ത് കോളേജ് സ്റ്റുഡന്റസ് സാർ” അയാൾ മീശയ്ക്കു കീഴെ ചിരി പടർത്താൻ ശ്രമിച്ചു: “കോളേജിന് വെളിയിലാ കലാട്ടെ?”
തനിക്കെന്തോ ഇതിലൊക്കെ പങ്കുണ്ടെന്ന മട്ടിലാണ് ആ ചോദ്യവും ഭാവവും. ജിതേഷ് ചൂടിക്കയറിൽനിന്നും സിഗരറ്റിനു തീകൊടുത്ത് പോക്കറ്റിൽനിന്ന് ഫോണെടുത്ത് നെറ്റ് ഓണാക്കി.
എഡിറ്ററുടെ മെസേജാണ് മൂന്നാമതായി കിടക്കുന്നത്.
“തഞ്ചാവൂർ മാറ്റർ ഇന്നുതന്നെ കിട്ടണം.”
ആ മെസേജ് ടൈപ്പ് ചെയ്യുമ്പോഴത്തെ എഡിറ്ററുടെ ഭാവം ഓർത്തപ്പോൾ മേലേക്ക് ഇരു കണ്ണും തുറിക്കുന്ന സ്മൈലി മറുപടി അയക്കണമെന്ന് അയാൾ മുഷിഞ്ഞു.
താഴെ സുനിതയുടെ മെസേജുണ്ട്: “എപ്പഴാ മടക്കം? വല്ലതും കഴിച്ചോ?”
രണ്ടാമത്തെ ചോദ്യത്തെ ദോശപരുവത്തിൽ സുനിതയ്ക്ക് സ്മൈലിയാക്കിക്കൊണ്ട് നെറ്റ് ഓഫാക്കി ഫോൺ പോക്കറ്റിലേക്ക് വച്ചു.

ചോദിച്ചറിഞ്ഞ പ്രകാരം ’13ബി’ ബസ്. “ആ നമ്പർ എവിടേയോ താൻ കണ്ടിട്ടുണ്ടല്ലോ” എന്നോർത്തപ്പോൾ ജിതേഷിന് നഗരത്തിന്റെ അപരിചിതത്വം ഏറെക്കുറെ കുറഞ്ഞുവന്നു; മേഘം മൂടിയ ഏകാന്തത ഓർമ്മകളെ കോടതിമുറിയിലേക്ക് കൂട്ടിയ്ക്കൊണ്ടുപോയി.
തഞ്ചാവൂർ ക്ഷേത്രത്തിലെ ശില്പകലയെ പറ്റി ഫീച്ചർ തയ്യാറാക്കുവാൻ വേണ്ടിയാണ് അയാൾ തഞ്ചാവൂർക്ക് പുറപ്പെട്ടത്. ബൃഹദീശ്വരക്ഷേത്ര കാഴ്ചകൾ ഓരോന്നും ഏറെ ഭംഗിയുള്ളതായിരുന്നു.
“എന്നിട്ടും ഒട്ടും പുതുമയില്ലാത്ത ഒരു കാഴ്ചാ വിവരണമാണല്ലോ താൻ എഴുതാൻ പോവുന്നത്.” അതോർത്തപ്പോൾ കുറ്റബോധം തോന്നി.
തിരുച്ചിറപ്പള്ളിയിലേക്ക് 13ബിയിൽ കയറുമ്പോൾ വലിയ തിരക്കൊന്നും അതിനകത്ത് ഉണ്ടായിരുന്നില്ല. ബസ് കുറെ നേരം വരണ്ട കാഴ്ചയിലെ ചിതൽ തിന്ന നിറങ്ങൾ നോക്കിനിന്നു.
ആളുകൾക്ക് ബസ്സു കാത്തുനിൽക്കാനായി ഉണ്ടാക്കിയ കെട്ടിടങ്ങൾക്കുള്ളിലെ മുറികളിൽ കച്ചവടക്കാരുടെ ബഹളമാണ്. മുറി വാടക കൊടുക്കാനില്ലാത്ത കച്ചവടക്കാർ നടവഴികളിൽ തൂണുകളോട് ഓരം ചാരി ഇരിപ്പുണ്ട്.
ബീഡി ചുവപ്പിച്ച് ബസ്സ് കാത്ത് നിൽപ്പുണ്ട് മെല്ലിച്ച മനുഷ്യൻ. തൊട്ടുമുൻപ് അയാൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അടുത്തേക്ക് വന്ന് ഗ്ളാസ് തട്ടിപ്പറിച്ച പെൺകുട്ടി അയാളുടെ പേരക്കുട്ടിയാവും. അയാൾ നിൽക്കുന്നതിന് എതിർവശത്തെ സ്ത്രീക്ക് അരികിൽനിന്നാണ് അവൾ ചാടി എഴുന്നേറ്റത്.
മുണ്ട് പൊക്കി ട്രൗസറിന്റെ പോക്കറ്റിൽനിന്നും അയാൾ അവൾക്ക് കാശെടുത്ത് കൊടുത്തപാടെ പൂക്കൾ വിൽക്കുന്ന വൃദ്ധയുടെ അടുത്തേക്ക് പാഞ്ഞു.
കീറി മുറിച്ച കക്കരിക്കയും വട്ടത്തിൽ അരിഞ്ഞ പൈനാപ്പിളും കുട്ടയിൽ അടുക്കിവച്ച് മധ്യത്തിലായി മുളകുപൊടി ചേർത്ത ഉപ്പുമായി ബസ്സുകൾക്ക് ചുറ്റും നടപ്പുണ്ട് രണ്ടുമൂന്നു സ്ത്രീകൾ.
‘ശബ്ദംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നതെന്ന് തോന്നും അവരുടെ വിളിച്ചാർക്കലുകൾ കേട്ടാൽ.’
ഉന്തുവണ്ടിയിൽ പുഴുങ്ങിയ കടലയും മസാലപ്പൊടിയുമായി ഒരാൾ ബസ്സുകൾക്ക് വൃത്തം വരയ്ക്കുന്നുണ്ട്. ഈച്ചകൾ വട്ടമിട്ട് പറക്കുന്നുണ്ട്.
ബസ്സിനെ പതിയെ തിരക്ക് വിഴുങ്ങാൻ തുടങ്ങിയിട്ടുണ്ട്. എന്നല്ല, സീറ്റുകളിൽ ആളായിത്തുടങ്ങി.
ഡ്രൈവർ സീറ്റിനരികിലെ ഡോർ തുറന്ന് കയറിയപ്പോൾ വണ്ടി ആകെയൊന്ന് കുലുങ്ങി. വണ്ടി സ്റ്റാർട്ടായതോടെ അതൊരു ഇരമ്പലായി മൊഴിമാറ്റപ്പെട്ടു.
അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. തല്ലുണ്ടാക്കിയവർ ഇപ്പോൾ ബസ്സിനകത്തുണ്ട്. അതിൽ രണ്ടു കുട്ടികൾമാത്രം ബസ്സിൽ ബാഗും തൂക്കി നിൽപ്പാണ്. സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അവർ ഇരിക്കുന്നുണ്ടായിരുന്നില്ല.
ഒരുപക്ഷെ കൺസഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരായിരിക്കും എന്നോർത്തു. അപ്പോഴും രണ്ടുകാര്യങ്ങൾ വൈരുധ്യമായി നിന്നു. അവർ തോളിൽ തൂക്കിയിരുന്നത് ട്രാവൽ ബാഗാണ്. പോരാത്തതിന് അവരോട് വഴക്കുണ്ടാക്കിയവരാവട്ടെ പിറകിലെ സീറ്റിൽ ഇരുന്ന് ഉറക്കെ പാടുകയാണ്.
‘ചെട്ടികുളങ്ങര ഭരണി നാളിൽ…’
അത് കേട്ടപ്പൊഴേ സംഘം മലയാളികളാണെന്ന് ഉറപ്പായി.
ജിതേഷ് ഫോണെടുത്ത് ബൃഹദീശ്വരനെപ്പറ്റി, അവിടത്തെ കാഴ്ചകളെ പറ്റി എഴുതാൻ തുടങ്ങി.
‘ചോള രാജവംശത്തിലെ രാജരാജ ചോഴനാണ് ബൃഹദീശ്വരിക്ഷേത്രം പണികഴിപ്പിച്ചത്.’ ആദ്യ വരി എഴുതിയപാടെ ഒരു ചോദ്യം മുന്നിൽ തെളിഞ്ഞു: രാജരാജ ചോഴനാണോ പണിയെടുത്തത്. അല്ല; ക്ഷേത്ര മതിലിൽ കൊത്തിവച്ച ശില്പിയുടെ പേരോർത്തു: “കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചൻ.”
ആദ്യ വരി തിരുത്തി: “രാജരാജ ചോഴൻ ഒന്നാമന്റെ കാലത്താണ് ബൃഹദീശ്വരക്ഷേത്രം പണിതത്.”
“തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടണത്തിലാണ് ഈ കരിങ്കൽ ക്ഷേത്രം കുടികൊള്ളുന്നത്. കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ് ക്ഷേത്ര ശില്പി. ഒരുപാട് ശില്പികളുടെയും മനുഷ്യരുടെയും വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ട് കെട്ടിപ്പൊക്കിയ ഈ ശിവക്ഷേത്രം ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇന്ത്യൻ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രം ശില്പകലയുടെ ഈറ്റില്ലംകൂടിയാണ്.”
അത്രയും എഴുതി നിർത്തിയപ്പോൾ ജിതേഷിന് അൽപ്പം ആശ്വാസമായി.
‘ഉറച്ച തറ പണിതുകഴിഞ്ഞാൽ പിന്നെ ഉയരത്തേക്ക് പടുക്കുക എളുപ്പമാണല്ലോ?’
സ്റ്റാന്റിൽനിന്ന് ബസ്സ് പുറത്തെ പ്രധാന നിരത്തിലേക്ക് കടന്നു. ബസ്സിലിപ്പോഴും സീറ്റൊഴിവുണ്ട്. എന്നിട്ടും ആ രണ്ടു കുട്ടികൾ നിൽക്കുകയാണ്. മൂന്നാൾക്കുള്ള സീറ്റിൽ താൻപോലും തനിച്ചാണല്ലോ ഇരിക്കുന്നത്.
കണ്ടക്ടർ വന്നു. തിരിച്ചറപ്പള്ളിയിലേക്ക് ടിക്കറ്റെടുക്കുന്നതിനിടെ ജിതേഷ് പറഞ്ഞു: ‘ആ കുട്ടികളോട് ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ പറയു, ആരെങ്കിലും വരുമ്പോൾ എഴുന്നേറ്റ് കൊടുത്താൽ മതിയല്ലോ.’
‘ഇരിക്ക സൊന്നത് സാർ, അന ഇരിക്കമാട്ടെ’. കണ്ടക്ടർ ടിക്കറ്റ് കീറിക്കൊണ്ട് വിസിലൊന്ന് നീട്ടിയടിച്ചു.
വെയിലിന് ചൂട് കുറവ് വന്നിട്ടില്ല. നേരം നാലുമണിയാവാറായി. പുറത്തെ കെട്ടിടങ്ങളുടെയും ഒഴിഞ്ഞ കുറ്റിമുൾകാടുകളുടെയും വരണ്ട കാഴ്ച്ചകൾ വേനലിനെ ഒന്നുകൂടി മുന കൂർപ്പിച്ചതുപോലെ തോന്നി.
‘ഒരു തലക്കെട്ട് വേണമല്ലോ.’ പരന്ന കെട്ടിടങ്ങൾക്ക് മുകളിലായി തെളിഞ്ഞ ഗോപുരത്തെ നോക്കി മനസൊന്ന് ശൂന്യമാക്കിയപ്പോൾ തെളിഞ്ഞു: “തഞ്ചാവൂരെ രാജ ശിൽപ്പങ്ങൾ.”
രണ്ടുപേരും തലതാഴ്ത്തി നിൽപ്പാണ്. അവർ പരസ്പരം സംസാരിക്കുന്നതുപോലുമില്ല. ഇനി അവർ സുഹൃത്തക്കളേ അല്ലെന്ന് വരുമോ? പേടിച്ചരണ്ട ആ മുഖങ്ങൾ ഒളിച്ചോടുകയാണോ?
മെലിഞ്ഞ് നീണ്ട് മീശ പൊടിക്കാൻമാത്രം പ്രായമായ ഒരുവനാണ് ഒന്നാമൻ. രണ്ടാമത്തെയാൾക്ക് അധികം ഉയരമില്ല.
ഏതായാലും ഒന്നന്വേഷിച്ചിട്ടുതന്നെ കാര്യം എന്നമട്ടിൽ ജിതേഷ് അവരെ കൈകൊട്ടി വിളിച്ചു. എന്നിട്ടും വരാൻ കൂട്ടാക്കാതെ ആ കമ്പിയിൽതൂങ്ങിക്കൊണ്ട് നിൽപ്പ് തുടർന്നപ്പോൾ ജിതേഷ് അവരുടെ അടുത്തേക്ക് ചെന്ന് വരാൻ പറഞ്ഞു. മടിച്ചുമടിച്ചാണെങ്കിലും ഒടുവിൽ അവർ ജിതേഷിനിരകിൽ വന്നിരുന്നു.
“പേരെന്താണ്? ഞാൻ ജിതേഷ്, അയാൾ അവർക്ക് കൈകൊടുത്തുകൊണ്ട് ചോദിച്ചു.
‘പ്രസാദ്, ഇവൻ മുഹ്സിൻ, മെല്ലിച്ച കുട്ടി ചിരിക്കാൻ ശ്രമിച്ചു.
വെയിലിന്റെ കനം കുറഞ്ഞു. കാറ്റ് ഈർപ്പം കുടിക്കാൻ തുടങ്ങി. ഓടയുടെ അവിഞ്ഞ ഗന്ധം ബസ്സിനകത്തേക്ക് ഇരച്ചതും അടിവയറ്റിലൂടൊരാളൽ പാഞ്ഞെന്ന് തോന്നി ജിതേഷിന്. വായിൽ നിറഞ്ഞ ഉമിനീര് തുപ്പിക്കളയുവാൻ ബസ് എവിടെയെങ്കിലുമൊന്ന് നിർത്തണ്ടേ…
“എങ്ങോട്ടാണ് യാത്ര?” ജിതേഷ് അവരെ അനുഭാവപൂർവ്വം നോക്കി.
പതുക്കെ എന്ന മട്ടിൽ മെല്ലിച്ച കുട്ടി കണ്ണടയാളം കാട്ടി: “നാട്ടിലേക്കാണ്.” ഭയത്തോടെ അവൻ തിരിഞ്ഞു നോക്കി ചുറ്റുപാടുകളെ വീക്ഷിച്ചു.
“കോളേജിൽ പിജി ചെയ്യാൻ വന്നതാണ് സാർ. കാര്യമായ മാർക്കൊന്നും ഡിഗ്രിക്ക് എനിക്കും ഇവനും ഉണ്ടായില്ല. എന്നല്ല, എഴുപത് ശതമാനക്കാരനൊന്നും കേരളത്തിൽ കെമിസ്ട്രി പിജിക്ക് സീറ്റ് കിട്ടില്ല സാർ.” തെല്ലിട എന്തോ ഓർത്തിട്ടെന്നപോലെ നിശബ്ദനായശേഷം ആരോടെങ്കിലും ഇതൊക്കെയൊന്ന് പറഞ്ഞാൽ മതി എന്നമട്ടിൽ അവൻ തുടർന്നു:
“ഇത്രനേരം സീറ്റുണ്ടായിട്ടും ഞങ്ങൾക്കത് കിട്ടാഞ്ഞതുപോലെ.”
“ക്ലാസ്സ് തുടങ്ങിയിട്ട് ഒരു മാസമായി, ഞങ്ങൾ ഉറങ്ങിയിട്ടും. റാഗിങ് എന്നൊക്കെ പറഞ്ഞാൽ അതിനൊക്കെ ഒരു മയം വേണ്ടേ?”
“സാധാരണ ഡിഗ്രി വരെയൊക്കെയല്ലേ അതുള്ളു? കാലമിത്ര കഴിഞ്ഞിട്ടും അധിനിവേശത്തിന്റെ മാലിന്യങ്ങൾ ദ്രവിച്ചിട്ടില്ല.” ദേഷ്യവും സഹതാപവും തന്നിലേക്ക് സംഘർഷമായി രൂപാന്തരപ്പെടുന്നത് ജിതേഷ് അറിഞ്ഞു.
“പക്ഷെ ഇവിടങ്ങിനല്ല സാർ. പുതുതായി വന്ന ഒരാളെയും സീനിയേഴ്സ് കിടത്തി പുറപ്പിക്കില്ല. എതിർത്താൽ പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കും. പിന്നെ തല്ലാണ്. തല പൊളിയുന്നതുവരെ തച്ചാലും ഇവരുടെ ചങ്ങാതിമാരായ ഗുണ്ടകൾക്ക് തൃപ്തി വരില്ല. മടുത്തു സാർ. ഞങ്ങൾ നാട്ടിലേക്ക് മടങ്ങാണ്. പിന്നീട് വന്ന് സർട്ടീഫിക്കറ്റ് കിട്ടുമോന്ന് അന്വേഷക്കണം.”
കണ്ടക്ടർ വിസിലൂതിയതും ബസ്സ് നിന്നു. അതൊരു ചെറിയ ബസ്റ്റാന്റാണെന്ന് അപ്പോഴാണ് ജിതേഷ് ശ്രദ്ധിച്ചത്.
“അതിനാണല്ലോ പ്രിൻസിപ്പാളും അധ്യാപകരുമൊക്കെ. അവർക്ക് പരാതി കൊടുക്കാമായിരുന്നില്ലേ?”
“കോളേജിന് അകത്തുവച്ചല്ല സാർ ഇവരുടെ വേലകൾ. ഹോസ്റ്റലിൽ വച്ചാണ്. മെസ്സിൽ സീനിയേഴ്സിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ഏതെങ്കിലും ഒരു മൂലയ്ക്ക് നിന്നുകൊള്ളണം. സീനിയേഴ്സിന് വെള്ളമടിക്കാനും ചീട്ടുകളിക്കാനും മുറി ഒഴിഞ്ഞുകൊടുത്ത് വരാന്തയിൽ കഴിച്ചുകൂട്ടണം. കോളേജിലേക്ക് പുതിയ വസ്ത്രം ധരിക്കാൻ അവകാശമില്ല. ഐസ്ക്രീം പാർലറുള്ള പ്രധാന ക്യാന്റീനിലേക്ക് ഫസ്റ്റ് ഇയേഴ്സ് കയറാൻ പാടില്ല. അവർ തീരുമാനിക്കുന്നതാണ് സാർ കോളേജിലെ നിയമം.”
“അതിനാണല്ലോ വാർഡൻ, നിങ്ങൾക്ക് അയാളെ കണ്ട് ബോധിപ്പിക്കാമായിരുന്നില്ലേ?”
“അവിടുന്നാണ് സാർ പ്രശ്നങ്ങളുടെ തുടക്കം.” പ്രസാദ് കഴുത്ത് ജിതേഷിന്റെ തോളിലേക്ക് ചായ്ച്ചുവച്ചുകൊണ്ട് തുടർന്നു: “ടെക്സ്റ്റ് ബുക്കുകൾ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഡിപ്പാർട്ടമെന്റ് ഹെഡ് സെന്തിൽസാർ പറഞ്ഞതനുസരിച്ച് ഞാനും മുഹ്സിനും കൂടി പുറത്തേക്കിറങ്ങി. കോളേജിന്റെ ഗേറ്റിന് എതിർവശത്തെ ഫോട്ടോസ്റ്റാറ്റു കടയിൽ കൊടുക്കാൻ ചെല്ലുമ്പോൾ സീനിയേഴ്സ് ഞങ്ങളെ തടഞ്ഞു. സമയം വൈകുമല്ലോ എന്നോർത്ത് ഞങ്ങൾക്ക് ആകെ പരിഭ്രമമായി. എട്ടുമണി കഴിഞ്ഞാൽ ഹോസ്റ്റലിൽ കയറ്റില്ല. തെരുവിളക്കുകൾക്ക് പ്രകാശം കൂടിയിരുന്നു.
“ഇവിടല്ല, അങ്ങ് പഴനിച്ചാമിയുടെ കടയിൽ.” കോളറിന് പിടിച്ച് മുഹ്സിനെ സീനിയേർസിലൊരുവൻ ഫൂട്ട്പാത്തിലേക്ക് തള്ളി. ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല.
കോളേജിന് പുറത്തെ കെട്ടിടങ്ങൾക്കിടയിൽ, ഒരു ഗലിയിലൂടെ ഞങ്ങൾക്ക് മുമ്പിലായി അവർ ധൃതിയിൽ നടന്നു: “വേഗം വരിനെടാ…” കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു പിന്നീട്.
“കെട്ടിടങ്ങൾ ഞങ്ങൾക്ക് പിറകിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഓരോ കെട്ടിടത്തെയും അവർ വിഴുങ്ങുന്നതുപോലെയായിരുന്നു ഞങ്ങൾക്ക് അവരുടെമേലുള്ള പേടി. നടന്ന് നടന്ന് തകരകൊണ്ട് ഭിത്തികെട്ടിയ ഓടിട്ട പുരയിൽ ഞങ്ങളെത്തി. കാലിൽ കരടികൂട്ട് രോമങ്ങളുള്ള പൊണ്ണത്തടിയൻ മീശപിരിച്ച് സീനിയേഴ്സിനോട് ചിരിച്ചു.”
“അണ്ണാ ഫോട്ടസ്റ്റാറ്റ് എടുക്കവേണം.” മുഹ്സിൻ അവന് അറിയാവുന്ന തമിഴുകൊണ്ട് പഴനിച്ചാമിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
“അതുകേട്ട് പഴനിച്ചാമി പൊട്ടിച്ചിരിക്കുമ്പൊ അയാളുടെ നാവിനും ചുണ്ടിനുമിടയിൽ ബീഡി തീകൊണ്ട് നൃത്തം വച്ചിരുന്നു.”
“എവളോം തമ്പി.” സീനിയേഴ്സിനെ നോക്കി അയാൾ ‘മറുപടി പുറകെ വരട്ടെ’ എന്നമട്ടിൽ വീടിന് അകത്തേക്ക് പോയി.

“അവരുടെ കൂത്തൊക്കെ കഴിഞ്ഞ് കുടിക്കടാ… എന്നും പറഞ്ഞ് ഞങ്ങളുടെ വായിലേക്ക് ചാരായം കമഴ്ത്തുമ്പോൾ കരച്ചിൽ നനഞ്ഞ് തളർന്നുപോയി.”
“ഒടുവിൽ രാത്രി പതിനൊന്ന് മണിക്കാണ് സാർ ഞങ്ങൾ തിരികെ ഹോസ്റ്റലിൽ എത്തുന്നത്. സമയം കഴിഞ്ഞതുകൊണ്ട് വാച്ച് മാൻ ഞങ്ങളെ അകത്തു കയറ്റിയില്ല. സീനിയേഴ്സ് എങ്ങോട്ട് പോയെന്ന് ഞങ്ങൾക്ക് ഒരറിവുമില്ല.”
“സാറേ പകലത്തെ ഈ ചൂട് കഴിഞ്ഞാൽ രാത്രിക്ക് ഒടുക്കത്തെ തണുപ്പാ ഇവിടെ. ആ തണുപ്പിലൊരു മഴപോലുമുണ്ടായില്ല ഞങ്ങളുടെ സങ്കടം മറയ്ക്കാൻ.”
“എന്നിട്ട്?” ജിതേഷ് ഇതിനിടയിൽ വോയിസ് റെക്കോർഡർ ഓണാക്കി വച്ചിരുന്നു.
“പിറ്റേന്ന് കാലത്തുതന്നെ ഞങ്ങൾ പ്രിൻസിപ്പാളിനെ ചെന്ന് കണ്ടു. അദ്ദേഹം ഡിപ്പാർട്മെന്റ് ഹെഡിനെയും ഹോസ്റ്റൽ വാർഡനെയും വിളിച്ചുവരുത്തി. ഓഫീസ് സെക്രട്ടറി മുനിയമ്മാ മാഡവും അദ്ദേഹത്തിൻറെ മുറിയിലേക്ക് വന്നു. മുനിയമ്മ മാഡമാണ് ഞങ്ങളുടെ ഫീസ് വാങ്ങിച്ചതും അഡ്മിഷൻ രേഖകൾ ശരിയാക്കി തന്നതും ഒക്കെ.” പ്രസാദ് ബാഗിൽനിന്ന് കുപ്പിയെടുത്ത് രണ്ടുകവിൾ വെള്ളം കുടിച്ച് മുഹ്സിന് നേരെ നീട്ടി.
ആ ദൃശ്യം മനസിൽ കണ്ടപ്പോൾ ഏതോ പലായന കാഴ്ചക്കിടയിലെ പത്രചിത്രംപോലെ തോന്നി ജിതേഷിന്. തഞ്ചാവൂർക്കിനി അധിക ദൂരമില്ല. നേരം ഇരുട്ടിക്കഴിഞ്ഞു. തെരുവിലും വീടുകളിലും ബൾബുകൾ തെളിഞ്ഞ് കഴിഞ്ഞു.
“വാർഡൻ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും റാഗിങ് കോളേജ് ഹോസ്റ്റലിലേ ഇല്ലെന്നും പറഞ്ഞു. പരാതിയുണ്ടെങ്കിൽ ഡിപ്പാർട്മെന്റിൽ അറിയിക്കാതെ നേരിട്ട് പ്രിൻസിപ്പാളിനടുത്ത് വന്ന് പറഞ്ഞത് ശരിയായില്ലെന്നു സെന്തിൽസാർ കയ്യൊഴിഞ്ഞു. ഒടുവിൽ പ്രിൻസിപ്പാളും എതിരായതോടെ കുറ്റക്കാർ ഞങ്ങളായി. കോളേജിന്റെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ചവരായി.”
“ഇന്നലെ രാത്രി ഹോസ്റ്റലിൽ കഴിച്ചുകൂട്ടിയത് എങ്ങിനെ എന്ന് ഇപ്പോഴും അറിഞ്ഞുകൂട. റൂമിന് പുറത്തെ വരാന്തയിലൂടെയുള്ള ഓരോ കാൽശബ്ദങ്ങളും എണ്ണി… അതൊക്കെ ഓർക്കാതിരിക്കുന്നതാ നല്ലത്. ഞങ്ങള് വീട്ടിലേക്ക് പോവാ സാറേ ജീവൻ തിരിച്ചു കിട്ടിയല്ലോ… വീട്ടുകാർക്കിത്തിരി വിഷമമൊക്കെ കാണും… സാരമില്ല. പതിയെ ശരിയായിക്കോളും.”
“അങ്ങിനെയങ്ങ് ഭയന്നാലോ, ഇവിടുത്തെ കുട്ടികളാണോ ഇത്തരത്തിൽ?” ജിതേഷ് പ്രസാദിനെ നോക്കി ശബ്ദമുയർത്താതെ ചോദിച്ചു.
“ഏയ് അല്ല സാർ. മലയാളികൾതന്നെയാണ് എല്ലാം ചെയ്യുന്നത്. ഇവിടുത്തുകാരൊക്കെ ക്ളാസുകഴിഞ്ഞാൽ വീട്ടിൽ പോവുന്നവരാണ്. ചുരുക്കം ചിലരേ ഹോസ്റ്റലിൽ തങ്ങു.”
“ഇത് നിയമമുള്ള നാടല്ലേ, നമുക്ക് പോലീസിൽ പരാതി കൊടുക്കാമെന്നേ.” ജിതേഷ് അവരെ ധൈര്യപ്പെടുത്താൻ എന്നോണം പറഞ്ഞു.
തിരുച്ചിറപ്പള്ളി ബസ്റ്റാന്റിലെത്താറായി. ആളുകൾ വാതിലുകൾക്കരികിലേക്ക് നീങ്ങിത്തുടങ്ങി.
“ഉത്സവം കണ്ടു മടങ്ങുമ്പോൾ…” പുറകിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ട്.
“അവർ ഞങ്ങളെ വിടില്ല സാർ.” പ്രസാദിന്റെ ശബ്ദം വിറച്ചിരുന്നു.
“ഫോൺ ശബ്ദിക്കുന്നുണ്ട്. എഡിറ്ററായിരിക്കും. തഞ്ചാവൂരെ കാഴ്ചകളെ ഇനിയെങ്ങിനെയാണ് എഴുതേണ്ടത്.” ജിതേഷിന് ഫോണെടുക്കാൻ തോന്നിയില്ല.
ബസ്റ്റാന്റ് എത്തിയപാടെ ജിതേഷ് അവരെയും കൂട്ടിയിറങ്ങി റയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു- വെളിച്ചത്തിലും ഇരുളിലും ഒളിച്ചുകൊണ്ട് ആ പാട്ട് പുറകിലുള്ളതുപോലെ…
വര: നിധിൻ വി.എൻ.