
5 പ്രണയ കവിതകൾ

എം. ജീവേഷ്
1.
ഇല്ല
പറഞ്ഞില്ല
പൂമ്പാറ്റകളോടുപോലും.
നമ്മൾ ഗാഢമായി
പ്രണയിച്ചിരുന്നുവെന്ന
രഹസ്യത്തെ.
സ്വർഗത്തിലേക്ക്
പറക്കുമ്പോൾ
അയാൾ ചോദിച്ചു
എങ്ങോട്ടേക്കാണെന്ന്;
ഞാൻ നിൻ്റെ
വീട്ടിലേക്കുള്ള വഴി പറഞ്ഞു,
ക്ഷമിക്കണം.
2.രഹസ്യമാണ്.
സംശയമുണ്ടോ?
ഞാനെന്തൊക്കെ
എഴുതുന്നു
വേരുകൊണ്ട്;
പൂക്കളെന്നല്ലേ
നിനക്കിപ്പോഴും വായിക്കാനാവുന്നത്?
3.
ദു:ഖമുണ്ടോ?
എത്ര?
ഒരു ചെടിയ്ക്ക്
ഒരില നഷ്ടപ്പെട്ട
വേദന.
എന്തു ചെയ്യും?
അത് പൂക്കും കാലംവരെ
ഞാനതിനെ
നോക്കിക്കൊണ്ടേയിരിക്കും.
വസന്തം വരുമ്പോൾ
എൻ്റെ ദു:ഖം
ആ പുഴ മുറിച്ച്
നീന്തുകയാവും.
4.
ഒരിക്കൽ
വരൂ,
ഏറെക്കാലം കഴിഞ്ഞ്.
അപ്പോഴേക്കും
തരിശായിരുന്നെന്ന് പറഞ്ഞ്
നീ ഓടിപ്പോയ നിലമൊരു
കാടായി മാറും.
കയ്യിലുള്ള വിത്തുകളെ
അരിശത്താലെന്തിന്
നിലത്തെറിഞ്ഞു
എന്ന് ചോദിക്കും ഞാനപ്പോൾ;
നിവർന്നുനിന്ന്.
5.
വസന്തത്തെ
കൈക്കുമ്പിളിലാക്കി
തൻ്റെ ജീവിതത്തിലേക്ക്
കടന്നുവന്ന ആൾ
അവസാനത്തെ
കച്ചിത്തുരുമ്പാണെന്ന് കരുതി
ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?
അവരിലെ ശ്വാസവും ഗന്ധവും വാക്കും
കിട്ടാതെയാകുമ്പോൾ
നിലവിളിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിലതുമതി, ജീവിക്കാൻ;
നൃത്തം വെയ്ക്കാൻ.
അവരങ്ങ് ചത്തുപോയാലും ശരി.
നോക്കൂ,
ഒരിറ്റുറവ
ജീവിതത്തിൻ്റെ നെറുകയിൽ
ഓർമ്മപോലെ,
ഉമ്മപോലെ;
മരണംപോലെ.