
നാം പ്രണയത്തിലായപ്പോൾ സംഭവിച്ചത്

എം. ബഷീർ
സത്യത്തിൽ നാം തമ്മിലല്ല പ്രണയത്തിലായത്
നീ ഓർക്കുന്നുണ്ടോ
നമ്മളാദ്യം കണ്ട വൈകുന്നേരം പെയ്യണോ വേണ്ടയോ എന്ന്
മുഖം കറുപ്പിച്ചു നിന്ന
ആകാശത്തിനു ചുവട്ടിൽ ഔഷധോദ്യാനത്തിലെ
സിമന്റ് ബെഞ്ചിൽ
തൊട്ടും തൊടാതെയും നാമിരുന്നനേരം രണ്ടു ശലഭങ്ങൾ പാറിവന്ന്
ഒറ്റയിലയിൽ ഒരുടലായി
ഒരേ നിറമായി മാറിയത്
നീ എന്നെക്കുറിച്ചെഴുതിയ കവിതയിലെ നെല്ലി മരവും
എന്റെ കവിതയിലെ കാഞ്ഞിരവും ഒറ്റയാവാൻ വേണ്ടി മാത്രം
ഒന്നിച്ച് കടപുഴകിയത്
ചവർപ്പും മധുരവും
പിന്നെ കയ്പ്പും കൈമാറിയത്
നീ ഓർക്കുന്നുണ്ടോ
സത്യത്തിൽ നാം തമ്മിലല്ല പ്രണയത്തിലായത്
നമ്മൾ നടന്നുപോയ പാതവക്കിൽ അകറ്റി നട്ട മരങ്ങൾ
ചില്ലകൾ കോർത്ത്
പൂക്കളാൽ ചുണ്ട് ചേർത്തത്
നീ ഓർക്കുന്നുണ്ടോ
നിലാവിൽ നാമിരുന്ന പുഴയ്ക്കു മുകളിലെ നീലാകാശത്തിൽ രണ്ടുനക്ഷത്രങ്ങൾ എന്നെന്നേക്കുമായി ആലിംഗനത്തിലേർപ്പെട്ടത്
നീ ഓർക്കുന്നുണ്ടോ
സത്യത്തിൽ നാം തമ്മിലല്ല പ്രണയത്തിലായത്
ആദ്യമായി കടല് കാണാൻ ചെന്നനേരം പെട്ടെന്നൊരു കാറ്റു വീശിയതും അതുവരെ ശാന്തമായ തിരകൾ ഉടലുറഞ്ഞ് ഉന്മാദനൃത്തമാടിയതും
നീ ഓർക്കുന്നുണ്ടോ
ഹൃദയചിഹ്നം പതിച്ച ഉടുപ്പുകളിട്ട സ്കൂൾകുട്ടികൾ
പ്രണയഗാനം ഉച്ചത്തിൽ പാടി നമ്മെക്കടന്നുപോയത്
നീ ഓർക്കുന്നുണ്ടോ
ആളൊഴിഞ്ഞ സന്ധ്യയുടെ അടച്ചിട്ട പീടികക്കോലായിൽനമുക്ക് കേറി നിൽക്കാൻ വേണ്ടിമാത്രം
സ്വപ്നം പോലെ മഴപെയ്തത്
മണ്ണുപുരണ്ട രണ്ടുപൂച്ചകൾ
ഉടലുരസി ചൂട് പകർന്നത്
നീ ഓർക്കുന്നുണ്ടോ
സത്യത്തിൽ നാം തമ്മിലല്ല പ്രണയത്തിലായത്
നമ്മുടെ ജാലകങ്ങൾക്കിടയിലെ കിനാദൂരങ്ങളിൽ
തൊട്ടാവാടികൾ കാടുപിടിച്ചത്
തമ്മിൽ പിണങ്ങിയ രണ്ടു തുമ്പികൾ ഇലകളിൽ കൂടുകെട്ടിയത്
നമ്മുടെ കുട്ടിക്കാലങ്ങളിൽ നിന്ന് ഇലഞ്ഞിമരങ്ങൾ മുടിയഴിച്ചിട്ടയാടിയത് നീ ഓർക്കുന്നുണ്ടോ
നീ പഠിച്ച സ്കൂളിൽ നിന്ന് ഞാനും
എന്റെ പഴയ ക്ലാസ് മുറിയിൽ നിന്ന്
നീയും ഇറങ്ങി വന്നപ്പോൾ
താഴെ വീണ നമ്മുടെ പാഠപുസ്തകങ്ങൾ തമ്മിൽ ഉമ്മവെച്ചത്
നീ ഓർക്കുന്നുണ്ടോ
നമ്മുടെ തീവണ്ടികൾ രണ്ടുദിശകളിലേക്ക് കൂകിപ്പായവേ പ്രണയികളായ ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ പാറിവന്ന് നമുക്ക് വഴികാട്ടിയത്
നീ ഓർക്കുന്നുണ്ടോ
സത്യത്തിൽ
നാം പ്രണയത്തിലായപ്പോൾ
നാം മാത്രമല്ല പ്രണയത്തിലായത് അല്ലേ…..