
പ്രയറിവോള് ജാരന്

ലിജിഷ എ. ടി
ഇതാ ഒരു പകല്‍ കൂടി സുകന്യാഭാരതിയുടെ മട്ടുപാവില്‍ അവസാനിക്കുന്നു. പടിഞ്ഞാറാകാശം ഇളംചുവപ്പ് റിബ്ബണ്‍ ചുറ്റി കരിമേഘമുടി വിതറിയിട്ട് നില്ക്കുന്നു. ചോല വെട്ടി നീക്കിയ മരങ്ങള്‍ ഇരുളുടുത്ത് പ്രപഞ്ചത്തിന്റെ ആ രഹസ്യത്തിനായി കാതോര്‍ത്തു നില്‍ക്കുകയാണ്. നീലപ്പൂക്കള്‍ വിരിയുന്ന വള്ളിപ്പടര്‍പ്പില്‍ മഴത്തുള്ളികള്‍ മരണം കാത്തു തൂങ്ങിക്കിടക്കുമ്പോള്‍ നാട്ടുബുള്ബുളുകള് പുതിയതായി കണ്ടെത്തിയ കാന്താരിച്ചെടിയിലെ പഴുത്ത മുളകുകള്‍ കൊത്തിത്തിന്ന് ആഹ്ലാദശബ്ദം പുറപ്പെടുവിക്കുന്നു. അവളുടെ മടിയില്‍, ലാവണ്ടര്‍ നിറമുള്ള പാവാട ഞൊറികളില് ഡോണ്‍ ശാന്തമായി ഒഴുകുകയാണ്. കൊസാക്കുകളുടെ ഗ്രാമവും മലനിരകളും മഞ്ഞും അതിലൂടെ ഒഴുകി വരുന്നു. അക്സീനിയയുടെ പ്രേമത്തിന്റെ ചൂട് സുകന്യാഭാരതിയുടെ തലയ്ക്കുള്ളില്‍ നിറഞ്ഞിരുന്നു.. ഡോണിനുമടിയില്, പാവാടഞൊറികള്ക്കടിയില് നിരാശ ബാധിച്ച രക്തപടലങ്ങളേയും കൊണ്ട് കട്ടച്ചുവപ്പില്‍ കലങ്ങിമറിഞ്ഞ് മറ്റൊരു നദിയൊഴുകുന്നുണ്ടായിരുന്നു.
ഈ സായാഹ്നം അവള്‍ക്കു നല്കുന്ന അനുഭുതിയെക്കുറിച്ച് അവളാലോചിച്ചുകൊണ്ടിരുന്നു. സന്തോഷമുള്ള ഒരു സായന്തനമോ!. അതോ സങ്കടത്തിന്റെ രക്തനിറം കലര്‍ന്ന സായന്തനമോ!. ചെമ്പുഴയൊഴുകുന്ന കാലങ്ങളില്‍, മഞ്ഞിറങ്ങിയ താഴ്വാരങ്ങള്‍ പോലെ അകത്ത് വിഷാദം കനത്തു കിടക്കുകയാണ് പതിവ്. മരവിപ്പ് പടര്‍ന്ന മനസില്‍ നിന്ന് വൈകാരികതകളെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കാതെ, ജാരന് വരുന്ന രാത്രിയാണിതെന്നു മാത്രം അവളോര്‍ത്തു. അവള് പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചതിനിടയിലൂടെയാണ് അവളുടെ ജാരന് വന്നുകൊണ്ടിരുന്നത്. മട്ടുപാവില്‍ കിഴക്കെ ഭാഗത്തു നിന്നാല്‍ അവള്‍ക്ക് ജാരന് വരുന്ന വഴിയിലെ, ചെമ്പകയിലകളെ തൊട്ടു തഴുകാനാവുമായിരുന്നു. ചെമ്പകത്തിനപ്പുറം പാരിജാതവും അതിനുമപ്പുറം പവിഴമല്ലിക്കാടുമായിരുന്നു. പവിഴമല്ലിക്കാടിനോട് ചേര്‍ന്ന് മൈലാഞ്ചിക്കാടും വലിയൊരു ഏഴിലംപാലയുമുണ്ടായിരുന്നു. അതിനുമപ്പുറമുള്ള കുറുങ്കാടുകളില് ലയിച്ച് പശ്ചിമഘട്ടത്തിന്റെ വന്യതയാര്ത്തു വളര്‍ന്നു നില്‍ക്കുകയാണ്. ജാരന് വരുന്ന വഴിയിലെ എല്ലാ സസ്യങ്ങളും ഒരുമിച്ച് പൂക്കുന്ന ഒരു കാലത്തിനു വേണ്ടിയാണ് സുകന്യാഭാരതി കാത്തിരിക്കുന്നത്.
ഇളംകറുപ്പ് നിറമായിരുന്നു സുകന്യാഭാരതിയ്ക്ക്. ചുണ്ടുകള്‍ നീല നിറം കലര്‍ന്ന ഇളംകറുപ്പ്. അവളുടെ ചുണ്ടുകളുടെ നിറമുള്ളൊരു കാച്ചില്ക്കിഴങ്ങിന്റെ സ്വാദിനെക്കുറിച്ച് ജാരന് അവളോട് പറയാറുണ്ടായിരുന്നു. കറ്റാര്‍വാഴയുടെ ജല്ലി തേച്ച് മിനുസപ്പെടുത്തിയ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കിക്കൊണ്ടാണ് ജാരന് അവളോട് സംസാരിക്കാറുണ്ടായിരുന്നത്. ഒരു നീലാമ്പലു പോലെ ജാരന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കൊണ്ട്, കാട്ടരുവിയുടെ ഒഴുക്കു പോലെ തന്നെ തഴുകി കടന്നു പോകുന്ന ജാരന്റെ വാക്കുകളില്‍ നനഞ്ഞ്, അടിവയറ്റിലെ വേദന മറന്ന്, ഹൃദയത്തിന്റെ നാലറകളിലും നിറഞ്ഞ വിഷാദത്തിന്റെ കനപ്പിനെ ഒഴുക്കി വിട്ട് സുകന്യാഭാരതി കിടക്കും. ജാരന് പോയിക്കഴിഞ്ഞാല്‍ സുകന്യാഭാരതി ഭര്‍ത്താവിനരികിലേക്ക് മടങ്ങിയെത്തി അയാളോട് ചേര്‍ന്നു കിടക്കും. മുടിയിഴകള്‍ കോതിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതുറക്കത്തിലായാലും അവളുടെ ഭര്‍ത്താവ് കൈ തട്ടി മാറ്റി ചുവരരുകിലേക്ക് നീങ്ങിക്കിടക്കുമായിരുന്നു. അപ്പോള്‍ പതിവുപോലെ അവള് ജാരന് വരുന്ന വഴിയിലേക്കുള്ള ജനല്‍ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കിടക്കും. ജാരന്റെ ചുംബനച്ചൂടില്‍ അകന്നു പോയ വേദനകള്‍ വയറിനകത്തേക്ക് പാത്തു പതുങ്ങി വരുന്നതപ്പോഴാണ്. അവയ്ക്ക് ഭര്‍ത്താവിനോടാണ് സാമ്യമെന്ന് കെറുവിച്ചു കൊണ്ട് അവള് മുറിത്തിങ്കളിന്റെ വിളര്‍ത്ത മഞ്ഞനിറം നോക്കിക്കിടന്ന് ഉറക്കത്തിലേക്കു വീഴും. പതിവ്രതയല്ലാത്ത ഒരുവളോട് ലോകത്തിന് തോന്നുന്ന വെറുപ്പ് ചുറ്റും നിറയുന്നതായും കരിമ്പടം പോലെ അത് തന്നെ ശ്വാസം മുട്ടിക്കുന്നതായും അനുഭവപ്പെട്ട് ഞെട്ടിവിറച്ചുണരുന്ന സുകന്യാഭാരതിയ്ക്ക് പിന്നീട് ഉറക്കം വരികയേയില്ല.

ജാരന് വരുന്ന മറ്റൊരു രാത്രി കൂടിയാണിതെന്നോര്ത്തപ്പോള് അവളുടെ നെഞ്ചിടിപ്പ് ചെറുതായി ഉയര്‍ന്നു. ഡോണിന്റെ ശാന്തതയെ അകത്തെ മുറിയിലെ മേശപ്പുറത്ത് വെച്ചതിനു ശേഷം അവള് അടുക്കളയിലേക്ക് നടന്നു. ചപ്പാത്തിയും മുട്ടക്കറിയുമുണ്ടാക്കി. പതിമുകമിട്ട് വെള്ളം തിളപ്പിച്ചു. പാത്രങ്ങള്‍ കഴുകിവെച്ചപ്പോഴേക്ക് അടിവയറ്റില്‍ വേദന കലശലായതിനാല്‍ കിടപ്പുമുറിയിലേക്ക് പോയി. എട്ടേകാലായപ്പോള്‍ അവളുടെ ഭര്‍ത്താവ് വന്നു. ഭര്‍ത്താവ് കുളി കഴിഞ്ഞു വരുന്നതു വരെ അവള് തീന്മേശയില് തല വെച്ചിരുന്നു. എന്തു പറ്റീ എന്ന് ഭര്‍ത്താവ് ചോദിക്കില്ലെന്നവള്ക്കുറപ്പായിരുന്നു. കുറച്ചുകാലമായി അവളുടെ ഉറപ്പുകളും അനുമാനങ്ങളും തെറ്റിയിട്ടില്ല. ഭര്‍ത്താവ് കുളി കഴിഞ്ഞു വന്നപ്പോള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അയാളെന്തൊക്കെയൊ പറഞ്ഞിരുന്നെങ്കിലും സുകന്യയൊന്നും കേട്ടില്ല. അവള് പാത്രങ്ങള്‍ കഴുകി വെച്ച് അടുക്കള ഒതുക്കിവെച്ച് മുറിയിലേക്കു നടന്നു. അമിതമായി മദ്യപിച്ചിട്ടില്ലാത്തതിനാല്‍ ഇന്ന് ആ ദുരന്തം ആവര്‍ത്തിക്കുകയില്ലെന്ന് അവള് ആശ്വസിച്ചു. ഫോണില്‍ കുത്തിയിരുന്ന് ഭര്ത്താവുറങ്ങാന് പതിനൊന്ന് മണിയെങ്കിലുമാവും. അതുവരെ സുകന്യാഭാരതിയ്ക്ക് ഡോണിനരികിലെ കൊസാക്കുകളുടെ ഗ്രാമത്തിലേക്ക് പോകാം. ഗ്രിഗറി പട്ടാളത്തിലേക്ക് പോവാന്‍ തീരുമാനിച്ച ദുഖത്തിലാണ് അക്സീനിയ. ഗ്രിഗറിയുടെ ഭാര്യയായ നതാലിയയോടാണോ സ്റ്റീഫന്റെ ഭാര്യയും ഗ്രിഗറിയുടെ കാമുകിയുമായ അക്സീനിയയോടാണോ തനിക്ക് പ്രിയമെന്ന് അവള് വെറുതെ ആലോചിച്ചു. രണ്ടുപേരും ഒരേവിധം സഹതാപമര്ഹിക്കുന്നവര് തന്നെയാണ്. ലോകത്തെ ഭൂരിഭാഗം സ്ത്രീകളെപ്പോലെ. സ്വപ്നം കാണാന്‍ വേണ്ടിയാണ് സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് സുകന്യ കരുതാറുണ്ടായിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് എന്തെന്തു മാത്രം വൈവിധ്യങ്ങളാണ്. പക്ഷേ ആ വൈവിധ്യങ്ങള്ക്കൊന്നും അധികം ആയുസുണ്ടാവാറില്ല.
സുകന്യാഭാരതിയുടെ ഭര്‍ത്താവ് ‘ദേവന് നന്ദവനം’ ഒരു പ്രമുഖ ജനപ്രിയമാസികയിലെ ഫോട്ടോഗ്രാഫറായിരുന്നു. വൈറലായൊരു ഷോട്ട്ഫിലിമിലെ പ്രധാന കഥാപാത്രമായ താടകയെ അവതരിപ്പിച്ച നടി എന്ന നിലയിലാണ് ദേവന് നന്ദവനവും മാലിനി എന്ന പെണ്‍കുട്ടിയും 4 വര്‍ഷം മുമ്പ് സുകന്യാഭാരതിയെ തേടി വന്നത്. വയലാറിന്റെ താടക എന്ന കവിതയുമായി ബന്ധപ്പെടുത്തിയുള്ള ഒരാശയമായിരുന്നു ഷോട്ട്ഫിലിമിന്റെ ഇതിവൃത്തം. പ്രേമിച്ച കുറ്റത്തിന് ആര്യരാജകുമാരനായ രാമനാല്‍ വധിക്കപ്പെട്ട ദ്രാവിഡരാജകുമാരിയോട് ഒരു പെണ്‍കുട്ടിയ്ക്കു തോന്നുന്ന എമ്പതിയും തുടര്‍സംഭവങ്ങളുമാണ് കഥ. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ശേഷം ഫോട്ടോ സെഷന് ആരംഭിച്ചു. ചിരിച്ചും കെറുവിച്ചും കോപ്രായം കാട്ടിയും സുകന്യാഭാരതി പല തരം ഫോട്ടോകള്‍ക്കു പോസ് ചെയ്തു. വിജനതയില്‍ അലയുമ്പോള്‍ മാത്രം ആനന്ദം ലഭിച്ചിരുന്ന സുകന്യാഭാരതിയുടെ ഏകാന്തജീവിതത്തിലേക്ക് ഭര്‍ത്താവിന്റെ വേഷത്തില്‍ ഫോട്ടോഗ്രാഫര്‍ ദേവന് നന്ദവനം രംഗപ്രവേശനം ചെയ്യുന്നത് ആ സംഭവത്തിനു ശേഷമാണ്. അതോടെ അഭിനയകലയോട് സുകന്യാഭാരതി വിട പറയുകയും മനുഷ്യബന്ധങ്ങളെക്കുറിച്ച് ആഴത്തിലാഴത്തില്‍ ചിന്തിക്കുന്ന, തത്വശാസ്ത്രജ്ഞയായി മാറുകയും ചെയ്തു. മനുഷ്യര്‍ തമ്മിലുണ്ടാകുന്ന ബന്ധത്തില്‍ അകലങ്ങളും അടുപ്പങ്ങളുമുണ്ടാകുന്ന ആകസ്മികതകളായിരുന്നു സുകന്യാഭാരതിയുടെ ഇഷ്ട ചിന്താവിഷയം. ഇഴയടുപ്പത്തില്‍ ചേര്‍ന്നുകിടന്നിരുന്ന നൂലുകള്‍ തുണിയില്‍ നിന്ന് അകലാന്‍ തുടങ്ങുന്നത് കാലപ്പഴക്കം കൊണ്ടും ശക്തമായൊരു ബാഹ്യബലം പ്രയോഗിക്കപ്പെടുമ്പോഴുമാണല്ലൊ. അതു പോലെത്തന്നെയാണോ മനുഷ്യബന്ധങ്ങളും എന്ന ചോദ്യമാണ് അവളെ ഏറെ അലട്ടിയിരുന്നത്. ആവാം. ആവാതിരിക്കാം. പരിശോധിക്കുന്നതിനായി ജീവിതാനുഭവങ്ങളില്‍ നിന്നു തന്നെയായിരുന്നു അവള് ഡാറ്റ ശേഖരിച്ചിരുന്നത്. വളരെ ചെറിയ സംഭവങ്ങളില്‍ നിന്നാണവള്‍ വിശകലനമാരംഭിച്ചത്. അവള്‍ക്കും ദേവനുമല്ലാതെ മറ്റാര്‍ക്കും നിസ്സാരമായി തോന്നുന്ന സംഭവങ്ങളില്‍ നിന്ന്.
കല്യാണം കഴിഞ്ഞ് ഏകദേശം ഒരു വര്ഷമായിക്കാണും. ഡിസംബര്‍ മാസത്തിലെ തെളിച്ചമുള്ളൊരു പുലര്‍ച്ച. മരങ്ങളേയും ചെടികളേയുമുലച്ച് ഉടലിലേക്ക് രോമാഞ്ചവുമായണയുന്ന തിരുവാതിരക്കാറ്റിന്റെ തണുപ്പ്. തണുപ്പില്‍ വെറുതെ ഉര്മാദിനിയാവുന്ന സുകന്യാഭാരതിയുടെ മനസ്. സുഖമുള്ള ഓര്‍മകളും കിന്നാരങ്ങളുമായണയുന്ന തിരുവാതിരക്കാറ്റിന്റെ ആലസ്യത്തില്‍ അവളാ തത്തപ്പച്ചയില് സ്വര്‍ണക്കരയുള്ള സാരിയും ചുവന്ന ബ്ലൌസുമെടുത്തണിഞ്ഞു. മുറപ്പെണ്ണിന്റെ കല്യാണത്തിന് പോവാന്‍ അവള്ക്കുമുന്നെയൊരുങ്ങി, ചായ കുടിച്ചുകൊണ്ടിരിക്കുന്ന ദേവന്റെ അടുത്തെത്തി അവള് കൊഞ്ചലോടെ ചോദിച്ചു. ”എങ്ങനെയുണ്ട് ഈ സാരി?”
ദേവന് തിരിഞ്ഞു നോക്കി. ”ആ കൊള്ളാം”.
”ഇതേതാ സാരീന്ന് ഓര്‍മയുണ്ടോ?”
”ആവോ, ഓര്‍മയില്ല.. ‘ ദേവന്റെ ഉദാസീനതയോടെയുള്ള മറുപടി കേട്ട് അവള് ചെറുതായി പിണങ്ങി മുഖം വീര്‍പ്പിച്ചു. ”ഇതു പോലും ഓര്മയില്ലല്ലേ.. കഷ്ടം. ഇങ്ങനെയാണെങ്കില്‍ ജീവിതമെത്ര ബോറായിരിക്കും!”
”ഒരു സാരി ഓര്‍ത്തു വെയ്ക്കുന്നതാണോ ജീവിതം?. ദേവന്റെ ശബ്ദത്തില്‍ അരിശം കലര്‍ന്നിരുന്നു.
”അതിനെന്തിനാ ദേഷ്യപ്പെടുന്നത്?”
”പിന്നെ ഇമ്മാതിരി കിന്നാരവും കൊണ്ടു വന്നാല്‍ ദേഷ്യം വരൂലെ!”
”കിന്നാരവും കൊണ്ടല്ലാതെ പിന്നെ എന്തും കൊണ്ടാ വരേണ്ടത്?. പറ!. കിന്നാരം എന്നു മുതലാ മോശമായിത്തുടങ്ങിയത്?. ലൈഫില്‍ കിന്നാരത്തിന് പ്രസക്തിയില്ലേ?”.
”എന്നു കരുതി ഏതു നേരവും കിന്നരിച്ചോണ്ടിരിക്കാന് പറ്റുമോ?”
”അതില്ല. പക്ഷേ കിന്നരിക്കുന്നത് മോശമാണെന്ന് പറയരുത്. എനിക്ക് കിന്നരിക്കാന്‍ തോന്നുമ്പോഴല്ലേ ഞാന്‍ കിന്നരിക്കാന്‍ വരുന്നത്. നിനക്ക് കിന്നരിക്കാന്‍ തോന്നുമ്പോള്‍ മാത്രമേ കിന്നാരം പാടുള്ളു എന്നുണ്ടോ. എനിക്കു തോന്നുമ്പോള്‍ ഞാന്‍ പിന്നെ ആരോട് കിന്നരിക്കാനാണ്?”.
”ആരോടെങ്കിലും പോയി കിന്നരിക്ക്. അല്ല പിന്നെ. ഒന്ന് വെറുതെ വിടാമോ!”
അവന് കൈകൂപ്പിക്കൊണ്ട് പുറത്തേക്ക് പോയി. ഏറെ നേരം അവള് കാത്തിരുന്നെങ്കിലും ദേവന് മടങ്ങി വന്നില്ല. കല്യാണത്തിന് ദേവന് ഒറ്റയ്ക്കു പോയിട്ടുണ്ടാകുമെന്നോര്ത്തപ്പോള് സുകന്യയ്ക്ക് വല്ലാത്തൊരു തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. അവള് മുറിയടച്ചിരുന്ന് വഴക്കിന്റെ കാര്യം ആലോചിച്ചും കീറി മുറിച്ചു പരിശോധിച്ചും സമയം നീക്കിക്കൊണ്ടിരുന്നു. ദേവന് ഏറ്റവും ഇഷ്ടമുള്ള നിറമായിരുന്നു തത്തപച്ച. ഏതോ ഒരു മോഡലിന്റെ കോസ്റ്റ്യൂം മനസില്‍ കണ്ട് അതു പോലെയൊരു സാരി വേണം എന്നു പറഞ്ഞ് നിരവധി കടകള്‍ കയറിയിറങ്ങി അവന് തന്നെ വാങ്ങിയതായിരുന്നു തത്തപ്പച്ചയില് സ്വര്‍ണക്കരയുള്ള ആ സാരി. ആ സാരിയും ചുവന്ന ബ്ലൌസും ധരിപ്പിച്ച് ഒരുപാട് ഫോട്ടോകള്‍ അവനെടുത്തിട്ടുണ്ടായിരുന്നു. ആദ്യത്തെ ഇണചേരലിന്റെ ഓര്‍മയ്ക്ക് ആ തത്തപ്പച്ച സാരിയുടെ നിറമായിരുന്നു സുകന്യാഭാരതിയുടെ മനസില്‍. അത്രയേറെ പ്രിയപ്പെട്ടൊരു ഓര്‍മയും നിറവും അവനെങ്ങനെയാണ് മറന്നുപോയത്! ഒരുപക്ഷേ അവനത് മറന്നതായിരിക്കില്ല. മറ്റെന്തെങ്കിലും മനസില്‍ അലട്ടുന്നതിനാല്‍ ഒഴിഞ്ഞുമാറിയതാവണം. ആദ്യത്തെ ഉത്തരത്തില്‍ത്തന്നെ അവന്റെ മൂഡ് ശരിയല്ലെന്നു മനസിലാക്കി മിണ്ടാതിരിക്കാമായിരുന്നില്ലേ തനിക്ക്. അവള് തന്നെത്തന്നെ കുറ്റപ്പെടുത്തി. മുറപ്പെണ്ണിന്റെ കല്യാണം കഴിഞ്ഞ് ദേവന് തിരിച്ചു വന്നപ്പോള്‍ യാതൊരു പരിഭവവുമില്ലാതെ അവളവനോട് പെരുമാറുന്നതില്‍ വിജയിക്കുകയും ആ പിണക്കം അവിടെ അവസാനിക്കുകയും ചെയ്തു. പക്ഷേ ഓരോ സംഭവങ്ങളിലും സംയമനം പാലിക്കുന്ന വ്യക്തി ഒരേയൊരാളായിക്കൊണ്ടിരിക്കുമ്പോള് അതിലൊരു നീതികേടിന്റെ പ്രശ്നമില്ലേ എന്നു സുകന്യയ്ക്ക് തോന്നിത്തുടങ്ങി. അതിനായി മറ്റൊരു പ്രശ്നത്തെ അവള് ഉദാഹരണമായി എടുത്തു പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തുടങ്ങി. നടിയാവുന്നത് ദേവന് ഇഷ്ടമില്ല എന്ന കാരണത്താലാണ് സുകന്യയവളുടെ പ്രൊഫഷന് ഉപേക്ഷിച്ച് വീട്ടിലൊതുങ്ങിക്കൂടാന്‍ തീരുമാനിച്ചത്. അതിലവള്‍ക്ക് ആദ്യകാലത്ത് വലിയ മനസ്താപമൊന്നും തോന്നിയില്ല. പക്ഷേ പിന്നീട് തോന്നിത്തുടങ്ങിയെന്നതാണ് വാസ്തവം. സുന്ദരിയായ ഒരു മോഡലുമായി ദേവനുള്ള ബന്ധമായിരുന്നു അതിനു കാരണം. മോഡലിനോടുള്ള മണിക്കൂറുകള്‍ നീണ്ട ഫോണ്‍വിളികള്‍, ചെറിയ ചെറിയ യാത്രകള്‍, ഡിന്നര്‍.. ഇതൊന്നും എനിക്കിഷ്ടപ്പെടുന്നില്ല എന്നു സുകന്യ ദേവനോട് പറഞ്ഞപ്പോള്‍ അത് തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നും തന്റെ സ്വകാര്യതകളിലിടപെടാന് സുകന്യാഭാരതിയ്ക്ക് അവകാശമില്ല എന്നുമാണ് ദേവന് പറഞ്ഞത്. ഒരു വ്യക്തിയുടെ സ്വകാര്യതകള്‍ എന്താണ് എന്നൊരു മറുചോദ്യമാണ് സുകന്യയുടെ നാവില്‍ വന്നതെങ്കിലും അതിനുത്തരം പറയാതെ പൊട്ടിത്തെറിച്ചു കൊണ്ട് സൈ്വര്യം നശിപ്പിക്കുന്ന ജീവി എന്ന ഒരു പദവി കൂടി സുകന്യയ്ക്ക് നല്‍കിക്കൊണ്ടാണ് ദേവന് കുളിക്കാന്‍ പോയത്. അവനിഷ്ടമില്ലാത്തതൊന്നും ചെയ്യാന്‍ തനിക്ക് അനുവാദമില്ലെന്നിരിക്കെ, തനിക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാന്‍ അവനും അനുവാദമുണ്ടാവാന് പാടില്ലല്ലോ എന്ന് അവള് അല്ഭുതത്തോടെ ഓര്‍ത്തു. എല്ലാ ബന്ധങ്ങളിലും ഏറിയും കുറഞ്ഞും സംഭവിച്ചുകൊണ്ടിരിക്കുന്നവ തന്നെയാണിവയെന്ന് മനസിലാക്കാന്‍ സുകന്യയ്ക്ക് വളരെ വേഗം സാധിച്ചിരുന്നു. സ്നേഹവും സന്തോഷവുമുണ്ടാക്കുന്ന പ്രക്രിയയില്‍ ഇരുവരും ഒന്നിച്ചു നിന്നില്ലെങ്കില്‍ അതൊരിക്കലുമുണ്ടാവുകയില്ലെന്നും അവള് തിരിച്ചറിഞ്ഞു. ഒരാള്‍ മറ്റൊരാളിലുണ്ടാക്കുന്ന പ്രതീക്ഷകള്‍ നില നിര്‍ത്താനാവാതെ വരുമ്പോള്‍, ഒരാള്‍ ഏകപക്ഷീയമായി ചിന്തിക്കാന്‍ മാത്രം ശീലിച്ചയാളെങ്കില് അവര്‍ പരസ്പരം അകന്നു തുടങ്ങുന്നുവെന്ന ലോകസത്യത്തെ സുകന്യ പതിയെ അംഗീകരിച്ചു തുടങ്ങി. പക്ഷേ ചിലതൊന്നും അത്ര പെട്ടന്ന് മറക്കാനും മായ്ക്കാനും കഴിയാത്ത വിധം അവളുടെ ഉടലിലും ഉയിരിലും കൊത്തി വെയ്ക്കപ്പെടുകയായിരുന്നു.

വിവാഹത്തിന്റെ ആദ്യകാലത്ത് ദേവനെ ഡയണീഷ്യസ് എന്നായിരുന്നു സുകന്യ സ്നേഹപൂര്‍വം വിളിച്ചിരുന്നത്. ഒരു ചുവന്ന ഋതുവിന്റെ കാലത്താണവള് ആ ഓമനപ്പേരിനെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത്. മദ്യത്തിന്റെയും വിയര്‍പ്പിന്റെയും മുഷിഞ്ഞ ഗന്ധവുമായി വരുന്ന ദേവനെ കാണുമ്പോള്‍ ഭയവും വേദനയും അവളുടെ നെഞ്ചില്‍ ആര്ത്തിരമ്പിയെത്താന് തുടങ്ങിയത് അന്നു മുതലാണ്. ചുവന്ന ഋതുവിന്റെ വിഷാദത്തിലകപ്പെട്ട് കുതിര്‍ന്നുപോകുന്ന രാവില്‍, എതിര്‍പ്പുകളും ചെറുത്തുനില്പുകളും വക വെയ്ക്കാതെ ആ മുഷിഞ്ഞ ശരീരത്തിന് കീഴിലമരേണ്ടി വരുമ്പോള്‍, രക്തനദിയില്‍ അണകെട്ടാനുപയോഗിച്ച പര്പിള്നിറമുള്ള സിലിക്കണ്കപ്പ് വലിച്ചെറിയപ്പെടുമ്പോള്, അടിവയറ്റില്‍ വേദനയുടെ കോളിളക്കങ്ങളുണ്ടാകുമ്പോള്, രക്തം കൊണ്ടു നനഞ്ഞ കിടക്കയില്‍ തളര്‍ന്നു കിടക്കുമ്പോള്‍, അതൊരു തുടര്‍ക്കഥയാവുമ്പോഴാണ് ഒരു പതിവ്രതയുടെ മനസില്‍ ആദ്യമായി ജാരന് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് എന്നാണ് സുകന്യയുടെ കണ്ടെത്തല്‍. തേജസും ഓജസും വൃത്തിയും മെനയുമുള്ള ജാരന് വെള്ളക്കുതിരയുടെ പുറത്തേറി ഉടവാള് വീശി പാഞ്ഞുവരികയും വാതിലുകള്‍ ചവിട്ടിത്തുറന്ന് പ്രണയിനിയെ കോരിയെടുത്ത് അകലങ്ങളിലെ അജ്ഞാതരാജ്യത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ജാരന്റെ കണ്ണുകളില്‍ സദാസമയം ശാന്തതയും അവസാനിക്കാത്ത മോഹവും വീര്യവും കരുതലും ഇടകലര്‍ന്നു നിറഞ്ഞൊരു നനവ് പറ്റിക്കിടപ്പുണ്ടാവും. ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ച് മുഴുവന്‍ സ്വന്തമാക്കുന്ന ഒരു ആര്‍ത്തിക്കാരനാണ് ഭര്‍ത്താവെങ്കില്‍, ഉള്ളതില്‍ പാതി പകുത്തു നല്കാനിഷ്ടപ്പെടുന്ന ശാന്തനായിരിക്കും ജാരന്. നിത്യാനുരാഗബദ്ധരായ പ്രയറി വോളുകളെ ഓര്മിപ്പിക്കുന്നവനായിരിക്കും ജാരന്. അത്തരമൊരു ജാരനെ കണ്ടെത്തുക എന്നത് മനുഷ്യസ്ത്രീയെ സംബന്ധിച്ച് അതിദുര്ഘടമായൊരു പ്രവര്‍ത്തിയാണ്. തിരഞ്ഞെടുപ്പില്‍ തെറ്റു പറ്റാതിരിക്കാന്‍ അതിസൂക്ഷ്മത ആവശ്യവുമാണ്. ഡോണ്നദിക്കരയിലെ അക്സീനിയയ്ക്കും ചാലിയാര്‍ നദിക്കരയിലെ സുകന്യാഭാരതിയ്ക്കും തെറ്റു പറ്റിയത് അവടെയാണ്. ആ തിരഞ്ഞെടുപ്പില്‍.
പ്രയറി വോളുകളെക്കുറിച്ച് സുകന്യാഭാരതി ആദ്യമായി കേള്‍ക്കുന്നത് ജാരനില്‍ നിന്നു തന്നെയായിരുന്നു. ”നമ്മള് പ്രയറി വോളുകളായി ജനിക്കേണ്ടതായിരുന്നു. എങ്കില്‍ എന്തു രസമായേനെ. പാറക്കൂട്ടങ്ങളിലെ ഇരുട്ടുകളില്‍ ഒരുമിച്ചൊരു കൂടുണ്ടാക്കി, ഇണ ചേര്‍ന്ന്, കുഞ്ഞുങ്ങളെ ഒരുമിച്ച് പരിപാലിച്ച് മധുരമുള്ള വേരുകളും കിഴങ്ങുകളും ചെറുപഴങ്ങളും തിന്ന് മദിച്ച് രസിച്ചങ്ങനെ മരണം വരെ ജീവിക്കാമായിരുന്നു. അനിശ്ചിതത്വമില്ലാത്ത പ്രണയത്തിന്റെ ശാന്തതയില്‍ മരണത്തിന്റെ അനിശ്ചിതത്വത്തെ മാത്രം ഭയന്ന് നമുക്കങ്ങനെ ജീവിക്കാമായിരുന്നു..” കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ ജാരന് അവളുടെ കാതില്‍ മന്ത്രിച്ചതാണത്. ഓക്സിടോസിന്റെയും വാസോപ്രസിന്റെയും വിതരണക്രമത്തിലെ പ്രത്യേകതകള്‍ കൊണ്ടാണ് പ്രയറി വോളുകള്‍ നിത്യാനുരാഗബദ്ധരായിത്തീരുന്നതെന്നും പെയര്ബോണ്ടിംഗിനെക്കുറിച്ച് പഠിക്കുന്നവരുടെ ഇഷ്ടവിഷയമാണ് പ്രയറി വോളുകളുടെ ദാമ്പത്യമെന്നും ജാരനവളോടു പറഞ്ഞു. അന്നു മുതലാണ് ആ ജീവികള്‍ അവളുടെ സ്വപ്നങ്ങളില്‍ കയറിക്കൂടിയത്. പ്രയറിവോളിനെപ്പോലെ ഇരുട്ടിന്റെ മറ പറ്റി വരുന്ന ജാരനെ കാത്തിരിക്കുമ്പോള്‍ മാത്രമാണ് താന്‍ ജീവിക്കുന്നതെന്ന് അവള് തിരിച്ചറിഞ്ഞതും അന്നുമുതലാണ്.
പതിനൊന്ന് മണി കഴിഞ്ഞതോടെ ഫോണ്‍ മാറ്റി വെച്ച് ഭര്ത്താവുറങ്ങാന് തുടങ്ങി. സുകന്യാഭാരതി പതുക്കെ മുറിയില്‍ നിന്നിറങ്ങി മട്ടുപ്പാവിലേക്കുള്ള വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍. നിറയാന്‍ തുടങ്ങിയ തിങ്കള്‍. രാത്രി വിരിയുന്ന പൂക്കളുടേയും പെരുന്തേനിന്റെയും മണം കൂടി വാരിയെടുത്ത് നിറച്ച് മലഞ്ചെരിവുകളില്‍ നിന്നു വരുന്ന തണുത്ത കാറ്റ്. വിഷാദത്തിന്റെ മഞ്ഞുവീഴ്ച്ചയില്‍ മരവിച്ചു പോയ ചില്ലകളില്‍ വസന്തം വരുന്നതു പോലെ നേരിയ സന്തോഷം കിളിര്‍ത്തു തുടങ്ങുന്നത് അവളറിഞ്ഞു. അടിവയറ്റില്‍ നിന്നുല്‍ഭവിച്ച ചുവന്ന നദി വേദന കുറച്ച്, ശാന്തത കൈവരിച്ച് പതിയെ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. വെള്ളക്കുതിരയെ ചെമ്പകച്ചോട്ടില്‍ നിര്‍ത്തി ചെമ്പകയിലകളെ ചാഞ്ചാട്ടിക്കൊണ്ട് ജാരന് മട്ടുപ്പാവിലേക്കു കയറി. തിങ്കള്വെളിച്ചത്തില് ജാരന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ സുകന്യാഭാരതിയുടെ ഹൃദയം കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ മിടിച്ചുയര്ന്നു. അവള് ഓടിച്ചെന്ന് ജാരനെ കെട്ടിപ്പിടിച്ചു. പേരറിയാത്തൊരു ഗന്ധത്തിന്റെ സുഖകരമായ അനുഭുതി അവളെ തഴുകി. മയില്‍പ്പീലി പോലെ ജാരന്റെ കൈകകള്‍ അവളെയുണര്‍ത്തി. ചുവന്ന നദിയുടെ ഉറവിടശബ്ദത്തിനായി ജാരന് അവളുടെ വയറ്റില്‍ കാതമര്‍ത്തി. നദിയുടെ രൌദ്രത ഇല്ലാതായതും തട്ടിയും തടഞ്ഞും കുണുങ്ങിയും അതൊഴുകാന്‍ തുടങ്ങിയതുമറിഞ്ഞ് ജാരന് പുഞ്ചിരിച്ചു. സുകന്യയുടെ കാതില്‍ ജാരനൊരു പാട്ടുപാടി. അവളുടെ മരവിപ്പുകളില്‍ ചൂടു നിറയുകയും കനത്തു നിന്ന വിഷാദം ഉരുകിയൊലിക്കുകയും ചെയ്തു.. പാറമടക്കുകളിലെ നേര്‍ത്ത ഇരുട്ടും മധുരവേരുകളും ചെറുപഴങ്ങളുമായിരുന്നു സുകന്യയുടെ മനസിലപ്പോള്‍.
അതേ സമയം പതിവിനു വിപരീതമായി നേരത്തെ ഉറക്കമുണര്‍ന്ന സുകന്യാഭാരതിയുടെ ഭര്‍ത്താവ് തുറന്നു കിടന്ന വാതിലുകളിലൂടെ അവളെത്തേടി വന്നുകൊണ്ടിരുന്നു.